പൊതു വിഭാഗം

ബാവസാറിന്റെ ഭാഷ

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ പതിനൊന്ന് മണിക്ക് പോകുന്ന ഒരു വിമാനമുണ്ട്. എല്ലാ ദിവസവും ഉണ്ടായിരുന്നോ എന്നറിയില്ലെങ്കിലും വിമാനത്തിന്റെ ഒച്ച എപ്പോൾ കേട്ടാലും മുറ്റത്തിറങ്ങി നോക്കിനിൽക്കും, വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും.

വിമാനം പോകുന്നത് പതിനൊന്നു മണിക്കായത് നന്നായി. ആ സമയത്താണ് ബാവസാറിന്റെ അറബി ക്ലാസ്സ്. മുസ്ലിങ്ങൾ അല്ലാത്ത കുട്ടികളാരും ആ ക്ലാസ്സിലിരിക്കാറില്ല. ആരാണ് മുസ്ലിങ്ങളെന്നോ എന്താണ് അവർ മാത്രം അറബി പഠിക്കുന്നതെന്നോ ഒന്നും അന്ന് മനസ്സിലായില്ല. വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ ആരും അറബി പഠിക്കണമെന്ന് പറഞ്ഞതുമില്ല.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയേഴിലെ ഭരണകാലത്താണ് സ്കൂളുകളിൽ അറബി പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കിയത്. അന്ന് അറബി പഠിപ്പിക്കാൻ കോളേജിൽ പഠിച്ച് ബിരുദം നേടിയ അധ്യാപകരെ ഒന്നും കിട്ടാനില്ലാത്തതിനാൽ അറബിയിൽ മുൻഷി യോഗ്യതയുള്ളവർക്ക് പഠിപ്പിക്കാം എന്ന് ഇളവ് കൊടുത്തു. അതിനെച്ചൊല്ലി നാട്ടിൽ വിവാദവും തമാശയും ഒക്കെയുണ്ടായി.

മുസ്ലിം ലീഗുകാരാണ് സ്കൂളിൽ അറബി പഠിപ്പിക്കാൻ അവസരമുണ്ടാക്കണമെന്ന് വാദിച്ചത്. അതുകൊണ്ടായിരിക്കണം അറബിയും ഇസ്ലാമും തമ്മിൽ മലയാളികൾ കൂട്ടിക്കെട്ടിയത്. വാസ്തവത്തിൽ അറബി എന്നത് അറബ് വംശജരുടെ ഭാഷയാണ്. ഇസ്ലാമിനു മുൻപേ അറബിക് ഭാഷയുണ്ടായിരുന്നു. കഥകളും കവിതകളും സിനിമകളും സീരിയലുകളുമൊക്കെയുള്ള മനോഹരമായ ഒരു ഭാഷ. ഇതിനെയാണ് നാം ഒരു മതത്തിന്റെ മാത്രം ഭാഷയായി കണ്ട് ഒതുക്കിക്കളഞ്ഞത്.

കമ്മ്യുണിസ്റ്റുകാർ നേതൃത്വം നൽകിയ മന്ത്രിസഭയായിരുന്നു അറുപത്തിയേഴിലെയും എഴുപതിലെയും. പാർട്ടിക്കപ്പുറം വ്യക്തികളായും ജനങ്ങളുടെ ബഹുമാനം പിടിച്ചുപറ്റിയവരായിരുന്നു മുഖ്യമന്ത്രിമാരായിരുന്നത്. അറബിക് എല്ലാവരും പഠിക്കണമെന്നോ ചുരുങ്ങിയത് അറബിക് മറ്റുള്ളവർക്കു കൂടി പഠിക്കാമെന്നോ ഒരു നിർദ്ദേശം അവർ വെച്ചിരുന്നെങ്കിൽ കേരളത്തിൽ അത് സാമൂഹ്യമായും സാമ്പത്തികമായും വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുമായിരുന്നു.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ കേരളത്തിലെ യുവാക്കൾ തൊഴിലന്വേഷിച്ച് അറബ് രാജ്യങ്ങളിലേക്ക്, പ്രധാനമായും ഗൾഫിലേക്കാണ് പോയത്. നമ്മൾ അറബിക് ഭാഷ വശമില്ലാതെ തന്നെ അവരുമായി സാമ്പത്തിക ബന്ധങ്ങൾ സ്ഥാപിച്ചുവെങ്കിലും ഭാഷയുടെ അപര്യാപ്തത മൂലം സാംസ്‌കാരിക ബന്ധങ്ങൾ കുറവായിരുന്നു. നിയമവും വൈദ്യവും ഉൾപ്പെടെ പല രംഗങ്ങളിലും സുഡാനിലും പലസ്തീനിലുമുള്ളവർക്ക് കൂടുതൽ അവസരം കിട്ടുകയും ചെയ്തു. ഇവിടെയെല്ലാം നമുക്ക് എത്രയോ അവസരങ്ങൾ ഉണ്ടായേനെ. കൂടാതെ ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള ടൂറിസ്‌റ്റുകളുടെ വരവ്, അധിക സാമ്പത്തികശേഷിയില്ലാത്ത അറബ് രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളുടെ വരവ് ഇതെല്ലാം പതിന്മടങ്ങായേനെ.

ഞാൻ പറഞ്ഞുവരുന്നത് ഭാഷ എന്നത് സാമ്പത്തിക സാമൂഹ്യ ബന്ധങ്ങളിലേക്കുള്ള ഒരു താക്കോലാണ്. ഇന്ത്യയിലെ ആളുകൾക്ക് അമേരിക്കയിലും ലണ്ടനിലും സിംഗപ്പൂരും കെനിയയിലും നൈജീരിയയിലും ഒക്കെ ജോലി കിട്ടുന്നതും അവിടെ സ്ഥിരതാമസമാക്കാൻ പറ്റുന്നതുമൊക്കെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നതു കൊണ്ടാണ്. ഇതേ ഇന്ത്യക്കാരന് ഫ്രാൻസും ജർമ്മനിയും ഐവറി കോസ്റ്റും ഒക്കെ അപ്രാപ്യമായിരിക്കുന്നതും ഇതേ കാരണം കൊണ്ടാണ്.

ഇനിയും വൈകിയിട്ടില്ല. ഭാഷാപഠനം നമ്മുടെ കരിക്കുലത്തിൽ കൂടുതൽ ശ്രദ്ധയോടെ ഉൾപ്പെടുത്തണം. കുട്ടികളെ പേരച്ചവും വിനയച്ചവും പഠിപ്പിച്ച് മുൻഷിയാക്കാനല്ല, നന്നായി സംസാരിച്ച് കാര്യം നേടാനുള്ള ഭാഷ പഠിപ്പിക്കാനാണ് വിദ്യാഭ്യാസത്തിൽ ഊന്നൽ കൊടുക്കേണ്ടത്. ഓരോ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഇംഗ്ലീഷ് കൂടാതെ ഏതെങ്കിലുമൊരു വിദേശഭാഷ നിർബന്ധമായും പഠിക്കേണ്ടത് അത്യാവശ്യമാണ്, അതിനുള്ള അവസരമൊരുക്കേണ്ടത് സർക്കാരിന്റെ കടമയും. നമ്മുടെ നഴ്സുമാരെ നന്നായി ഇംഗ്ലീഷും ജർമ്മനും ഒക്കെ കോളേജ് തലം മുതൽ പഠിപ്പിച്ചാൽ അവരുടെ അവസരങ്ങൾ ഇനിയും ഇരട്ടിക്കും.

പണ്ട് അറബിക്കിനെ മാറ്റി നിർത്തിയതു പോലെ ഇപ്പോൾ നാം മാറ്റിനിർത്തുന്ന ഒരു ഭാഷയാണ് ചൈനീസ്. ചൈന ഇന്ത്യയുമായി പണ്ടു ചെയ്ത ഒരു യുദ്ധത്തിന്റെ പേരും പറഞ്ഞാണിത്. അയ്യായിരം വർഷങ്ങൾ ചേർന്നുകിടന്ന സംസ്കാരങ്ങളാണ്. അതിൽ അഞ്ചു വർഷം പോലും യുദ്ധം ചെയ്തിട്ടില്ല. അതുകൊണ്ട് ചൈനയെ എല്ലാക്കാലത്തും ശത്രുവായി കാണേണ്ട ഒരു കാര്യവുമില്ല. ചൈന ശത്രുവാണോ അല്ലയോ എന്നതൊന്നും ഭാഷാ പഠനത്തിന് തടസ്സമാകേണ്ടതുമില്ല. ഈ നൂറ്റാണ്ട് ചൈനയുടേതാണ്. ചൈനീസ് പഠിക്കുന്നവർക്ക് വൻ അവസരങ്ങളാണ് ഇപ്പോഴുള്ളതും ഇനിയുണ്ടാകാൻ പോകുന്നതും. ഇപ്പോൾ കേരളത്തിൽ ചൈനീസ് പഠിപ്പിക്കാൻ പോയാൽ അത് കമ്മ്യുണിസം പ്രചരിപ്പിക്കാനാണെന്ന് പറഞ്ഞ് അതും കുളമാക്കും. അതുകൊണ്ട് പ്രൈവറ്റ് രംഗത്തെങ്കിലും ചൈനീസ് പഠിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഉണ്ടാക്കണം. പറ്റുന്നത്ര കുട്ടികൾ പഠിക്കുകയും വേണം.

Leave a Comment