സ്വാതന്ത്യ ദിനത്തിൽ ദുബായിൽ നിന്നും സിംഗപ്പൂർക്ക് ഇന്ത്യയുടെ മുകളിലൂടെ പറക്കുകയാണ്. ആകാശത്തുനിന്നും കാണുന്ന ഇന്ത്യ അതി മനോഹരിയാണ്, മനസ്സിലെ ഇന്ത്യ അതിലേറെയും. അതുകൊണ്ട് കണ്ണിലും മനസ്സിലും നിറയെ ഇപ്പോൾ ഇന്ത്യ തന്നെ.
സ്വതന്ത്ര ഇന്ത്യയിലാണ് ജനിച്ചതും വളർന്നതും. സ്വാതന്ത്ര്യമില്ലാതിരുന്ന ഇന്ത്യയെപ്പറ്റി കേട്ടറിവ് മാത്രമേയുള്ളൂ. ഏതു തരത്തിലാണ് അന്നത്തെ ഇന്ത്യ ഇന്നത്തെ ഇന്ത്യയിൽ നിന്നും വ്യത്യസ്തമായിരുന്നത് ?
അച്ഛൻ ജനിച്ചത് സ്വാതന്ത്ര്യത്തിനും ഏറെ മുൻപ് തിരുവിതാംകൂറിലാണ്. രാജഭരണത്തിൽ ജീവിക്കുന്നവർക്ക് അന്നും ഇന്നും ഒരു കുഴപ്പമുണ്ട്. തങ്ങൾ “സ്വാതന്ത്രരല്ല” എന്നൊരു ചിന്ത അവർക്ക് ഉണ്ടാവില്ല, കാരണം “പ്രജാ ക്ഷേമ”ത്തിനാണല്ലോ രാജാവ് ഭരിക്കുന്നത്. തലമുറകളായി ഭരിക്കാനുള്ള അവരുടെ അവകാശം ദൈവദത്തവും ആണ്. അപ്പോൾ അതൊരു അസ്വാതന്ത്ര്യം ആണെന്ന ചിന്ത ജനങ്ങളിലുണ്ടാകാതെ രാജാവിൻറെ സ്തുതിപാഠകർ നോക്കിക്കൊള്ളും. കൊളോണിയലിസ്റ്റുകളുടെ കയ്യിൽ നിന്നും “സ്വാതന്ത്ര്യം” വാങ്ങി ഏകാധിപതികൾ ഭരിക്കുന്ന രാജ്യങ്ങൾ ഇപ്പോഴും ഉണ്ട്. അവിടുത്തെ നാട്ടുകാരും സ്വാതന്ത്ര്യ ദിനം ഒക്കെ ആചരിക്കുന്നു എന്നത് ഇന്ത്യയിൽ ജീവിക്കുന്നവർക്ക് അത്ഭുതമായി തോന്നാം.
അച്ഛന്റെ ചെറുപ്പകാലത്ത് സമൂഹത്തിന്റെ പ്രധാന ശത്രു രോഗങ്ങൾ ആയിരുന്നു. വസൂരി പോലുള്ള മാരകരോഗങ്ങൾ നാട്ടിൽ പടർന്നു പിടിച്ചാൽ എല്ലാ വീട്ടിൽ നിന്നും ഒന്നും രണ്ടും പേരെ കൊണ്ടേ പോകൂ. നമ്മൾ നിസാരമായി കാണുന്ന ഒരു വയറിളക്കം മതി ആളെ കൊല്ലാൻ, പ്രത്യേകിച്ചും കുട്ടികളെ. സ്വാതന്ത്ര്യാനന്തരം ആരോഗ്യ രംഗത്തുണ്ടായ വൻ കുതിച്ചു ചാട്ടമാണ് തീവ്ര ദൈവ വിശ്വാസി ആയിരുന്നിട്ടും ആധുനിക വൈദ്യത്തിൽ അച്ഛന് അചഞ്ചലമായ വിശ്വാസം ഉണ്ടാക്കിയത്.
ആരോഗ്യ രംഗത്ത് കേരളത്തിന്റെ വളർച്ച സ്വാതന്ത്ര്യത്തിനു ശേഷം ഒന്നുമല്ല തുടങ്ങിയത്. വസൂരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ രാജഭരണകാലത്തേ ആരംഭിച്ചിരുന്നു. എന്നാലും കേരളത്തിൽ ഒരു മെഡിക്കൽ കോളേജ് വന്നത് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഒന്നിൽ ആണ്. ആയിരത്തി എണ്ണൂറ്റി ഇരുപത്തി മൂന്നിൽ ഫ്രഞ്ചുകാർ പോണ്ടിച്ചേരിയിലും ആയിരത്തി എണ്ണൂറ്റി മുപ്പത്തി അഞ്ചിൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിലും ചെന്നൈയിലും മെഡിക്കൽ കോളേജുകൾ തുടങ്ങിയിരുന്നു എന്ന് കൂട്ടി വായിക്കണം. അപ്പോൾ നിലവറകൾ നിറച്ചും സ്വർണ്ണം ഉണ്ടായിട്ടും ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കാൻ ഒരു കോളേജ് തുടങ്ങാൻ സ്വാതന്ത്ര്യം കിട്ടേണ്ടി വന്നു.
ഇത്തവണ സ്വാതന്ത്ര്യ ദിന ചിന്തകൾ ഉത്തർ പ്രദേശിൽ മരിച്ച കുട്ടികളെ പറ്റിയാണ്. ഉത്തർ പ്രദേശിൽ ഏറെ കാലം ജീവിച്ചിട്ടുള്ളതിനാൽ അവിടുത്തെ ആശുപത്രികളുടെ ഇപ്പോഴത്തെ അവസ്ഥ എന്നെ അതിശയപ്പെടുത്തുന്നില്ല. എന്നാൽ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ നൊമ്പരം എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട് താനും.
ഇതിനെ ഒരു സർക്കാരിന്റെ പിടിപ്പുകേടായി കണ്ട് അത്തരത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നത് കൊണ്ട് കാര്യമില്ല. വാസ്തവത്തിൽ ഉത്തർ പ്രദേശിലെ കുട്ടികളുടെ ദുരിതം ഇതിലും എത്രയോ വലുതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു പി യിലെ ശിശു മരണ നിരക്ക് ആയിരത്തിന് അറുപതിന് മുകളിൽ ആണ്. അതായത് ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ അറുപത് പേർ ഒന്നാം പിറന്നാൾ വരെ ജീവിച്ചിരിക്കുന്നില്ല. ഇരുപത് കോടി ജനസംഖ്യയുള്ള യുപിയിൽ ഒരു വർഷത്തിൽ ഏതാണ്ട് നാല്പത് ലക്ഷം കുട്ടികളാണ് ജനിക്കുന്നത്. അതിൽ രണ്ടു ലക്ഷത്തി അമ്പതിനായിരത്തോളം കുട്ടികൾ ഒരു വർഷത്തിന് മുൻപേ മരിക്കുന്നു എന്നാണ് കണക്കുകൾ.
ഇതേ ഇന്ത്യയിൽ തന്നെ കേരളത്തിൽ ബാലമരണ നിരക്ക് ഏകദേശം ആയിരത്തിന് പത്താണ്. അപ്പോൾ കേരളത്തിലെ നിലവാരത്തിലേക്ക് യുപിയിലെ ശിശുമരണ നിരക്ക് എത്തിച്ചിരുന്നെങ്കിൽ അവിടെ വർഷം രണ്ടു ലക്ഷം കുട്ടികൾ കൂടി ജീവനോടെ ഇരിക്കുമായിരുന്നു !!. ഈ കണക്കാണ് യു പി യിലെ ശിശു മരണങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നമ്മെ ശരിക്കും നടുക്കേണ്ടത്.
ആരോഗ്യ രംഗത്ത് കേരളത്തിനുള്ള വളർച്ച നമ്മുടെ ഭാഗ്യം കൊണ്ട് ഉണ്ടായതൊന്നുമല്ല, ഒരു വർഷം ആരോഗ്യരംഗത്ത് കേരളം ആളോഹരി ഏഴായിരം രൂപയിൽ കൂടുതൽ മുടക്കുമ്പോൾ യുപി ചിലവാക്കുന്നത് അഞ്ഞൂറ് രൂപയിൽ താഴെയാണ്. സ്വാതത്ര്യത്തിന് മുൻപൊരു കാലത്ത് രാജ്യത്തെ കുതിരകളുടെ ചിലവ് പൊതുജനാരോഗ്യത്തിനുള്ള ചിലവിലും ഉയർന്നതായിരുന്നു. പക്ഷെ സ്വാതന്ത്ര്യത്തിനു ശേഷം മാറി മാറി വന്ന നമ്മുടെ സർക്കാരുകൾ എല്ലാം ആരോഗ്യ രംഗത്ത് തുടർച്ചയായി നാന്നായി പണം ചിലവാക്കിയതിന്റെ ഗുണഫലമാണ് നമ്മൾ അനുഭവിക്കുന്നത്.
കോൺഗ്രസും എസ് പി യും ബി എസ് പിയും ബി ജെ പിയും ഒക്കെ ഭരിച്ചിട്ടുള്ള സ്ഥലമാണ് യു പി. അവിടുത്തെ ആരോഗ്യ രംഗത്തിന്റെ അവസ്ഥക്കും കുട്ടികളുടെ ജീവനും അവരെല്ലാം ഉത്തരവാദികളും ആണ്. ഇപ്പോൾ ഉണ്ടായ കുട്ടികളുടെ കൂട്ടമരണം ഇതിലും എത്രയോ വലുതായ ഒരു പ്രശ്നത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാൻ എല്ലാ രാഷ്ട്രീയ കക്ഷികളെയും പ്രേരിപ്പിച്ചിരുന്നെങ്കിൽ ?
ശിശുമരണത്തിൽ നിന്നുള്ള ആസാദിയും നമ്മുടെ കുട്ടികളുടെ അവകാശമല്ലേ ?
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ…
Leave a Comment