പൊതു വിഭാഗം

ഫിന്നിഷ് വിദ്യാഭ്യാസത്തിൽ നിന്നും പഠിക്കുന്പോൾ…

സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ പറ്റി പഠിക്കുന്നവർക്കെല്ലാം അറിയാവുന്ന ഒരു വിജയകഥയാണ് ഫിൻലണ്ടിന്റേത്.
 
വിപ്ലവകരമായ പരീക്ഷണങ്ങളാണ് അവർ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്നത്. ഇന്നത് ലോക മാതൃകയായി. സമൂഹത്തിൽ ഏത് തലത്തിൽ ജനിച്ചാലും ഉയരങ്ങളിലേക്ക് പോകാനുള്ള അവസരം ഇന്ന് ഏറ്റവും കൂടുതലുള്ള മൂന്നു രാജ്യങ്ങളിൽ ഒന്നാണ് ഫിൻലൻഡ്.
 
ഫിൻലൻഡിലെ വിദ്യാഭ്യാസ രീതികൾ ഞാൻ കേരളത്തിൽ പറയുന്പോൾ പൊതുവെ കിട്ടുന്ന പ്രതികരണമാണ്, “അതൊരു വികസിത രാജ്യമാണ്, അവർക്ക് ഏറെ പണമുണ്ട്, അവർ ചെയ്യുന്നതൊക്കെ നമുക്ക് ചെയ്യാൻ പറ്റുമോ?” എന്ന്.
 
സംഗതി നേരെ തിരിച്ചാണ്. വലിയ സാന്പത്തികസ്ഥിതി ഇല്ലാതിരുന്ന രാജ്യമാണ് ഫിൻലൻഡ്‌. കോളനിവാഴ്ചയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ രാജ്യമാണ്. എന്നാൽ ജനങ്ങളുടെ ആരോഗ്യത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കി. വിദ്യാഭ്യാസം സർവത്രികവും സൗജന്യവുമാക്കി, അധ്യാപനം നല്ലൊരു തൊഴിലാക്കി. സാന്പത്തിക പുരോഗതി അതിൽ നിന്നുണ്ടായതാണ്, തിരിച്ചല്ല.
 
ലോകത്തെ അനവധി രാജ്യങ്ങൾ ഇപ്പോൾ ഫിൻലൻഡിലെ സ്‌കൂൾ വിദ്യാഭ്യാസത്തിലെ മാതൃകകൾ പഠിക്കുകയും അവരുടെ രാജ്യങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഫിൻലൻഡിലെ സ്‌കൂൾ വിദ്യഭ്യാസത്തിലെ നല്ല വശങ്ങൾ ഇന്ത്യയിലെത്തിക്കാൻ വേണ്ടി മാത്രമായി എൻറെ സുഹൃത്ത് അനുപ് ജിനദേവൻ ഒരു പ്രസ്ഥാനം നടത്തുന്നുണ്ട് (VentureVillage). ഹെൽസിങ്കിയിലും കൊച്ചിയിലും അവർക്ക് ബ്രാഞ്ചുകളുണ്ട്. കേരളത്തിൽ കുറച്ചു സ്‌കൂളുകളിൽ ചില പാഠങ്ങൾ അവർ നടപ്പിലാക്കുന്നുണ്ട്. ഒറീസ്സ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഫിൻലൻഡ്‌ രീതി പരീക്ഷിക്കാൻ ഇവരോട് സഹകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ലെവലിലും ഇത്തരം സഹകരണമുണ്ടാകുമെന്ന് കരുതാം.
 
കഴിഞ്ഞ തവണ ഹെൽസിങ്കിയിൽ പോയപ്പോൾ അനൂപിനെ കണ്ടിരുന്നു. ഇത്തവണ നാട്ടിൽ പോയപ്പോൾ വെഞ്ചർ വില്ലേജിന്റെ ഓഫീസിലും പോയി.
 
കേരളത്തിലെ കൂടുതൽ സ്‌കൂളുകളിൽ ഈ മാതൃകകൾ എത്തട്ടെ. വിജയാശംസകൾ..!
 
വെബ്‌സൈറ്റ് ഒന്നാമത്തെ കമന്റിൽ.
 
മുരളി തുമ്മാരുകുടി
 

Leave a Comment