പൊതു വിഭാഗം

പ്രളയ വാർഷികവും വാർഷിക പ്രളയവും !

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഇതേ സമയം തന്നെയാണ് കേരളത്തിൽ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വൻ പ്രളയമായത്. ഇത്തവണയും ആഗസ്റ്റ് പതിനാറിന് അത് സംഭവിക്കുമോ?. മിക്കവാറും മലയാളികളുടെ മനസ്സിലുള്ള ചോദ്യമാണിത്.
 
2018 ൽ കേരളത്തിൽ മഹാപ്രളയം ഉണ്ടായി. 2019 ൽ ഇതാ ചെറിയതാണെങ്കിലും പ്രളയം ഉണ്ടായിരിക്കുന്നു. “ഇതാണോ കാലാവസ്ഥ വ്യതിയാനം ?, ഇനി എല്ലാ വർഷവും ഇത്തരത്തിൽ കനത്ത മഴയും, മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകുമോ?” ആളുകൾ ഈ ചോദ്യവും ചോദിച്ചു തുടങ്ങി.
 
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അത്ര എളുപ്പമല്ല. ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ അളവ് എങ്ങനെയിരിക്കും എന്നതാണ് പ്രധാന മാനദണ്ഡം. അതിൻറെ പ്രവചനങ്ങൾ ശാസ്ത്രീയമായ കാര്യങ്ങൾ കൊണ്ട് തന്നെ ഇപ്പോഴും പൂർണ്ണമായും വിശ്വസനീയമല്ലാത്തതിനാൽ ലഭ്യമായ പ്രവചനങ്ങൾ ശ്രദ്ധിക്കുക, സർക്കാർ മുന്നറിയിപ്പുകൾ അനുസരിച്ചു പെരുമാറുക, മുൻകരുതലുകൾ എടുക്കുക എന്നതൊക്കെ മാത്രമേ ഇപ്പോൾ ചെയ്യാൻ പറ്റൂ. ഒരു കാര്യം മാത്രം ഉറപ്പായി പറയാം, പ്രകൃതിക്ക് ‘അഗസ്റ്റും’ ‘പതിനാറും’ ‘വാർഷികവും’ ഒന്നുമില്ല. ഈ ആഴ്ച തന്നെ മഴ കനത്തത് തികച്ചും ആകസ്മികമാണ്. അതുകൊണ്ട് ആഗസ്റ്റ് പതിനാറിനെ പ്രത്യേകിച്ച് പേടിക്കേണ്ട ഒരു കാര്യവുമില്ല.
 
രണ്ടാമത്തെ ചോദ്യം കൂടുതൽ കൃത്യമായി ഉത്തരം പറയാവുന്ന ഒന്നാണ്. ലോകത്തെവിടെയും പോലെ കാലാവസ്ഥ വ്യതിയാനം കേരളത്തിലും ഒരു യാഥാർത്ഥ്യമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു പ്രത്യാഘാതം മഴ കൂടുതൽ സാന്ദ്രതയിൽ പെയ്യും എന്നതാണ്. കൂടുതൽ സാന്ദ്രതയിൽ മഴ പെയ്യുന്പോഴാണ് പ്രളയം ഉണ്ടാകുന്നത്. ആ നിലക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രവചനങ്ങളുമായി യോജിച്ചുപോകുന്ന ഒന്നാണ്.
 
അടുത്തടുത്ത് രണ്ടു പ്രളയവർഷങ്ങൾ ഉണ്ടായി എന്നത് കൊണ്ട് മാത്രം അത് കാലാവസ്ഥ വ്യതിയാനം ആണെന്നോ രണ്ടു വർഷം പ്രളയം ഉണ്ടായത് കൊണ്ട് മൂന്നാമത്തെ വർഷം ഉണ്ടാകുമെന്നോ പറയാൻ പറ്റില്ല. 99 ലെ പ്രളയം എന്ന 1924 ലെ പ്രളയം നിങ്ങൾ മിക്കവരും കേട്ടിട്ടുണ്ടാകാം. പക്ഷെ 1923 ലും വലിയ പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. 1924 പ്രളയം അതിലും വലുതായിരുന്നതിനാൽ ആളുകൾ1923 ലെ പ്രളയം മറന്നതാണ്. 1924 ന് ശേഷം കേരളത്തിൽ വലിയൊരു പ്രളയം ഉണ്ടായത് 1962 ൽ ആണ്. അതായത് കാലാവസ്ഥ വ്യതിയാനം വരുന്നതിന് മുൻപും അടുത്തടുത്തുള്ള പ്രളയവർഷങ്ങൾ ഉണ്ടായിരുന്നു. രണ്ടു വർഷം അടുപ്പിച്ച് വലിയ മഴ ഉണ്ടായത് കൊണ്ട് മൂന്നാമത്തെ വർഷമോ വർഷം തോറുമോ ഉണ്ടാകണം എന്നുമില്ല.
 
തൽക്കാലം നമ്മൾ 2020 നെ പറ്റി പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രശ്നത്തെ ധൈര്യമായി കൈകാര്യം ചെയ്യുക. കണ്ടിടത്തോളം കേരളത്തിലെ ബഹുഭൂരിപക്ഷം പ്രദേശത്തിലും കഴിഞ്ഞ വർഷത്തെ അത്രയും ഉയരത്തിലും വ്യാപ്തിയിലും വെള്ളം എത്തിയിട്ടില്ല. മരണം കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ കൂടുതൽ നടന്നത് ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ആണ്. അതുകൊണ്ടു തന്നെ അപായ സാധ്യത ഉള്ള പ്രദേശത്തുള്ളവർ സർക്കാർ നിർദ്ദേശം അനുസരിച്ചു മാറി താമസിക്കുക, മറ്റുള്ളവർ സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കുക ഇതൊക്കെയാണ് വേണ്ടത്.
 
മഴക്കാലം കഴിയുന്പോൾ പ്രളയത്തെപ്പറ്റിയും ഉരുൾ പൊട്ടലിനെ പറ്റിയും കാലാവസ്ഥ വ്യതിയാനത്തെ പറ്റിയും മറക്കുന്ന രീതി നമ്മൾ മാറ്റിയേ തീരൂ. പ്രളയത്തേയും ഉരുൾ പൊട്ടലിനേയും മണ്ണിടിച്ചിലിനെയും സുസ്ഥിരമായി നേരിടാൻ വേണ്ടത് പരിസ്ഥിതി സംരക്ഷണവും ദുരന്ത സാധ്യതകളേയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രവചങ്ങളേയും അറിഞ്ഞുള്ള ഭൂവിനിയോഗ നയങ്ങളും നിയമങ്ങളും പ്ലാനുകളും ആണ്. അതിന് കൂടുതൽ കൂടുതൽ സാമൂഹ്യ പിന്തുണ കിട്ടുകയാണ്. അത് ഉപയോഗിക്കണം, സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ തിരിച്ചുവിടാൻ പറ്റിയ അവസരമാണിത്. ആ കാര്യങ്ങൾ വഴിയേ പറയാം.
 
മുരളി തുമ്മാരുകുടി
 
ആഗസ്റ്റ് 10, 2025 hrs
 

Leave a Comment