പൊതു വിഭാഗം

പ്രളയത്തിന് സ്മാരകം ഉണ്ടാക്കുന്പോൾ..

പ്രശ്നങ്ങളെല്ലാം തൽക്കാലം മലയിറങ്ങിയതു കാരണം ദുരന്തം സീരിസ് തുടരാം…
 
ദുരന്തങ്ങളുടെ ഓർമ്മ യുദ്ധങ്ങളുടേത് പോലെ സമൂഹം കൊണ്ടുനടക്കാറില്ല എന്നും തലമുറകൾക്ക് കൈമാറാറില്ല എന്നതുമാണ് സത്യം. ആയിരവും രണ്ടായിരവും വർഷങ്ങൾക്ക് മുൻപ് നടന്ന യുദ്ധങ്ങളുടെ ചരിത്രവും വൈരവും നമ്മൾ തലമുറകളിലേക്ക് പകരുന്പോൾ അൻപത് വർഷം മുൻപത്തെ ദുരന്തത്തിന്റെ ഓർമ്മ അതിൽക്കൂടി കടന്നുപോയവർ പോലും മറക്കുന്നു. അൻപത് പേർ മരിക്കാത്ത കുളച്ചൽ യുദ്ധവും അഞ്ഞൂറ് പേർ മരിക്കാത്ത പ്ലാസി യുദ്ധവും നമ്മൾ സ്‌കൂളിൽ പഠിക്കുന്പോൾ, അയ്യായിരവും അന്പത്തിനായിരവും ആളുകളെ കൊന്നിട്ടുള്ള ഗുജറാത്തിലെ ഭൂകന്പങ്ങളും ഒറീസ്സയിലെ ചുഴലിക്കാറ്റും ഒന്നും പാഠ്യവിഷയം അല്ല. അതേസമയം ഒരു പ്രദേശത്ത് ഒരിക്കൽ സംഭവിച്ചിട്ടുള്ള പ്രകൃതി പ്രതിഭാസങ്ങൾ, കാറ്റോ മഴയോ ഭൂകന്പമോ സുനാമിയോ വീണ്ടും ഉണ്ടാകുമെന്നത് സ്റാറ്റിസ്റിക്കലായി ഉറപ്പാണ്. ദുരന്തത്തിന്റെ ഓർമ്മകൾ ഇല്ലാതാകുന്നത് വീണ്ടും ദുരന്തങ്ങളിലേക്കുള്ള വഴിയാണ്.
 
ഈ പ്രശ്നത്തെ ലോകത്തെ വിവിധ രാജ്യങ്ങൾ വിവിധ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ജപ്പാനിൽ ഒരു സുനാമി വന്നുകഴിഞ്ഞാൽ ആ സുനാമി കരയിൽ എവിടെ വരെ എത്തിയോ അവിടെ ഒരു ശിലാഫലകം സ്ഥാപിക്കും. ‘സുനാമിക്കല്ല്’ എന്നാണതിന്റെ പേര്. ഈ കല്ലിനും കടലിനുമിടക്കുള്ള ഭൂമി വീടുവെക്കാൻ യോഗ്യമല്ല എന്ന് പിൻതലമുറക്ക് മുന്നറിയിപ്പ് നൽകുന്ന പണിയാണിത്. ജപ്പാനിൽ അനവധി സ്ഥലങ്ങളിൽ ഇത് കാണാം. സെണ്ടായ് എന്ന നഗരത്തിൽ ഇതൊരു ക്ഷേത്രം തന്നെയാണ് (Nami Wake shrine). ആയിരത്തി ഒരുനൂറ്‌ വർഷം മുൻപുണ്ടായ സുനാമിയുടെ ഓർമ്മകളാണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്.
 
കേരളത്തിൽ ഇത്തരം സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് രണ്ടായിരത്തിനാലിൽ സുനാമി വന്നപ്പോൾ നമുക്ക് ഒരു അന്തവും കുന്തവും ഇല്ലാതായിപ്പോയത്. ഇപ്പോൾ പോലും സുനാമി എവിടെവരെ വന്നു, എത്ര ഉയരത്തിൽ വന്നു എന്നൊക്കെ ചോദിച്ചാൽ ശരാശരി മലയാളിക്ക് ബ ബ്ബ ബ്ബ ആണ്. അത്രയേ ഉള്ളൂ നമ്മുടെ സാമൂഹ്യപാഠം.
 
വെള്ളപ്പൊക്കത്തിന്റെ കാര്യത്തിലും ദുരന്തത്തിന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. സ്ഥിരം പ്രളയം ഉണ്ടാകുന്ന ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിൽ സ്‌കൂളുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം എത്ര ഉയരത്തിൽ എത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി വീടുവെക്കുന്പോൾ അവർ ആ കാര്യം ശ്രദ്ധിക്കുന്നു. വിയറ്റ്‌നാം മുതൽ ബ്രൂണെ വരെയുള്ള അനവധി രാജ്യങ്ങളിൽ സാധാരണയായി പ്രളയം എത്തുന്ന ഉയരത്തിനും മുകളിൽ വീടിന്റെ തറ വരാൻ പാകത്തിന് കുറ്റികൾക്ക് മുകളിലാണ് ആളുകൾ വീടുവെച്ചിരുന്നത്.
 
പ്രളയങ്ങൾ നമുക്കും അപൂർവ്വമല്ല. 1923 ലും 24 ലും 61 ലും കേരളത്തിൽ പ്രളയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും അപൂർവ്വം സ്ഥലങ്ങളിൽ ഒഴിച്ച് നമ്മുടെ സമൂഹം അത് എവിടെയും കോറിവെച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ പെരിയാറിന്റെയും പന്പയുടെയും ചാലക്കുടിയാറിന്റെയും തീരങ്ങളിൽ നമ്മൾ എവിടെയൊക്കെ വീടുവെക്കുമായിരുന്നു എന്നതിലും എങ്ങനെയൊക്കെ വീടുവെക്കുമായിരുന്നു എന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടായേനെ. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എൻറെ വീട്ടിൽ ഒരിക്കലും വെള്ളം കയറില്ല എന്ന് പറഞ്ഞുകൊണ്ട് ആളുകൾ മുന്നറിയിപ്പുകൾ അവഗണിക്കില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആളുകൾ വീടിന് കൂടുതൽ ഇൻഷുറസ് എടുക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ മുപ്പത്തിനായിരം കോടിയുടെ നഷ്ടം പകുതിയോ അതിൽ താഴെയോ ആകുമായിരുന്നു.
 
നമ്മുടെ പഴയ തലമുറക്ക് പറ്റിയ അബദ്ധം നമുക്ക് പറ്റരുത് എന്ന താല്പര്യത്തോടെയാണ് ഇത്തവണത്തെ വെള്ളപ്പൊക്കത്തിന്റെ സമയത്തുതന്നെ വെള്ളം എത്ര ഉയരത്തിലെത്തി എന്ന് മാർക്ക് ചെയ്യണമെന്ന് ഞാൻ പറഞ്ഞത്. അന്നൊക്കെ ആളുകൾ അതൊരു നല്ല ആശയം ആയി സ്വീകരിച്ചു. പക്ഷെ ഇത്തവണ നാട്ടിൽ ചെന്നപ്പോൾ വെള്ളം പൊങ്ങിയുണ്ടായ മാർക്കുകൾ വരെ മാച്ചു കളഞ്ഞതാണ് കണ്ടത്. “സാറേ വന്നത് വന്നു, പക്ഷെ അതൊക്കെ ആരെങ്കിലും കണ്ടാൽ പിന്നെ സ്ഥലത്തിന് വില കിട്ടില്ല.” ഇതാണ് കാരണം. സത്യമാണ്. പക്ഷെ നിങ്ങളുടെ മക്കൾക്കും കൊച്ചു മക്കൾക്കും വിലയുള്ള ഭൂമിയോടൊപ്പം ഒരു മരണവാറണ്ടും കൂടിയാണ് കൈമാറുന്നതെന്ന് ഓർത്താൽ മതി.
 
വ്യക്തികളുടെ സ്വാർത്ഥത മാറ്റി ദുരന്ത സാധ്യതകളെ അടുത്ത തലമുറക്ക് കൈമാറുക എന്നത് ഇപ്പോഴും സാധ്യമല്ലാത്തതിനാലാണ് ആധുനിക സമൂഹങ്ങൾ ദുരന്തത്തെക്കുറിച്ച് മ്യൂസിയങ്ങൾ ഉണ്ടാക്കുന്നത്. ഇതിൽ ഏറ്റവും പ്രശസ്തമായത് ജപ്പാനിലെ കോബെ എന്ന സ്ഥലത്തെ ഭൂകന്പത്തിന്റെ മ്യൂസിയമാണ്. 1995 ൽ കോബെയിൽ നടന്ന ഭൂകന്പത്തിന്റെ അവശിഷ്ടങ്ങളും ദൃശ്യങ്ങളുമാണ് അവിടെയുള്ളത്. ഒരു സിമുലേറ്ററിൽ കയറി ഭൂമികുലുക്കം എങ്ങനെയായിരുന്നു എന്ന് അനുഭവിച്ചറിയാനുള്ള സംവിധാനവും അവിടെയുണ്ട്.
 
ചൈനയിൽ 2008 ലെ ഭൂകന്പത്തിൽ ബെയ്ച്ചുവാൻ എന്ന നഗരം ഏതാണ്ട് പൂർണ്ണമായിത്തന്നെ നശിച്ചു. ഒരു ലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന നഗരത്തിൽ നാല്പത്തിനായിരത്തോളം ആളുകൾ മരിച്ചു. മലകൾ പിളർന്ന് കെട്ടിടത്തിന്റെ മുകളിൽ പതിച്ചതിനാൽ ആയിരങ്ങളുടെ ശവശരീരം പോലും കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ആ നഗരം പുനർനിർമ്മിച്ച് ഭാവി തലമുറക്ക് അപകടം ഉണ്ടാകാതിരിക്കാനും വരും തലമുറയ്ക്ക് ഭൂകന്പത്തിന്റെ ഭീകരത മനസ്സിലാക്കി കൊടുക്കാനുമായി ചൈനീസ് ഗവണ്മെന്റ് ആ നഗരം ഭൂകന്പത്തിന്റെ ഒരു ഓർമ്മ മ്യൂസിയമായി പ്രഖ്യാപിച്ചു. ഇപ്പോൾ അവിടെ എത്തുന്നവർക്ക് തകർന്നുകിടക്കുന്ന നഗരം ഭൂകന്പത്തിന്റെ ഭീകരത മനസ്സിലാക്കിക്കൊടുക്കും.
 
തായ്‌ലൻഡിലെ ഫുക്കറ്റിൽ വൻ സുനാമി വന്ന കാഴ്ച്ച നമ്മൾ എല്ലാവരും കണ്ടതാണ്. അവിടെ അതിൻറെ ഓർമ്മക്കായി ഒരു സുനാമി മെമ്മോറിയൽ പാർക്ക് ഉണ്ടാക്കിയിട്ടുണ്ട്. സുനാമിയുടെ ഭീകരത, അതുണ്ടാക്കിയ നഷ്ടങ്ങൾ, അതിനെ ജനങ്ങൾ നേരിട്ട രീതി ഇതൊക്കെ അവിടെ തലമുറകൾക്ക് കാണാനായി ഉണ്ടാക്കിവെച്ചിട്ടുണ്ട്.
 
ഐസ്‌ലന്റിലെ അഗ്നിപർവത മ്യൂസിയം, ഇഡാഹോയിലെ കാട്ടുതീ മ്യൂസിയം, ടെക്‌സാസിലെ ചുഴലിക്കാറ്റിന്റെ മ്യൂസിയം എന്നിങ്ങനെ ദുരന്തങ്ങൾ ഉണ്ടായ അനവധി നാടുകളിൽ അടുത്ത തലമുറയെ അതേപ്പറ്റി ഓർമ്മിപ്പിക്കാനായി ദുരന്തസ്മാരകങ്ങൾ ആയ മ്യൂസിയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
 
കേരളത്തിൽ ഇത്തവണ ഉണ്ടായ പ്രളയം നമ്മുടെയെല്ലാം ആശങ്കകൾക്കും ചിന്തകൾക്കും അതീതമായിരുന്നല്ലോ. രണ്ടുമാസം കഴിഞ്ഞതോടെ അതൊക്കെ നമ്മൾ മറന്നും കഴിഞ്ഞു. അടുത്ത തലമുറ ആകുന്പോഴേക്കും ഇതിന്റെ വിശദാംശങ്ങളൊക്കെ നമ്മൾ മറന്നിരിക്കും. ഈ സാഹചര്യത്തിൽ ഞാനൊരു ആശയം പറയാം.
 
ആലുവയിൽ പെരിയാറിന്റെ തീരത്ത് പ്രളയത്തെപ്പറ്റി നമുക്കൊരു അടിപൊളി മ്യൂസിയം ഉണ്ടാക്കണം. പഴയ രാജാവിന് കുളിച്ചു താമസിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കെട്ടിടവും വേണ്ടത്ര സ്ഥലവും ഒക്കെ പുഴയുടെ തീരത്ത് തന്നെ കിടപ്പുണ്ട്. അവിടെ പെരിയാറിന്റെ ചരിത്രം, പ്രളയങ്ങളുടെ ചരിത്രം, പ്രളയത്തിന്റെ കാഴ്ചകൾ, പ്രളയം ഉണ്ടാക്കിയ നാശങ്ങൾ, അവ നമ്മൾ നേരിട്ട രീതി ഇതൊക്കെ ചിത്രീകരിച്ച് നല്ല ഒരു മ്യൂസിയം ഉണ്ടാക്കണം. കേരളത്തിലെ സാധാരണ മ്യൂസിയങ്ങൾ പോലെ പത്രങ്ങളും ഫോട്ടോകോപ്പിയും വെച്ചുള്ള മ്യൂസിയം അല്ല, മറിച്ച് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, കന്പ്യൂട്ടർ സിമുലേഷനിലൂടെയും സൗണ്ട് ആൻഡ് ലൈറ്റ് ഷോയിലൂടെയും സന്ദർശകർക്ക് പ്രളയത്തിന്റെ രൂക്ഷത മനസ്സിലാക്കി കൊടുക്കുന്ന ഒന്ന് ആയിരിക്കണം അത്. ടിപ്പു സുൽത്താൻ തിരുവിതാംകൂർ കീഴടക്കാൻ ആലുവ വരെ വന്നു എന്നും പുഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സൈന്യത്തിനും പടക്കോപ്പിനും നാശനഷ്ടം ഉണ്ടായി എന്നുമൊക്കെ ചരിത്രം ഉള്ളതാണല്ലോ. അതൊക്കെ നമുക്ക് കുറച്ചു പൊലിപ്പിച്ചു കാണിക്കാം. ഏറെ കാലത്തെ ചരിത്രമുളള നഗരമാണ് ആലുവ എങ്കിലും അവിടെ വരുന്നവരെ കാണിച്ചു കൊടുക്കാനായി തൽക്കാലം ഒന്നുമില്ലാത്ത സ്ഥിതിയാണ്. അത് മാറട്ടെ. നവ കേരളത്തിൽ ആലുവക്ക് പുതിയൊരു ചരിത്ര സ്ഥാനം ഉണ്ടാകട്ടെ.
 
മുരളി തുമ്മാരുകുടി.

Leave a Comment