പൊതു വിഭാഗം

പ്രണയത്തിലും Y2K

എന്റെ ബന്ധുവും സുഹൃത്തുമായ ശ്രീ മഞ്ഞപ്ര ഉണ്ണികൃഷ്ണന്റെ ‘പ്രണയത്തിലും Y2K’ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ഇന്ന്. സാങ്കേതികവിദ്യകൾ സമൂഹത്തിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളാണ് കവിതയുടെ വിഷയം. പ്രണയത്തിൽ പോലും വൈറസുകൾ എത്തുന്നു എന്ന ആകുലത.
 
ഈ വർഷം തുടങ്ങിയത് തന്നെ ഇത്തരം സംഭവങ്ങളോടെയാണ്. പ്രണയിക്കുന്ന പെൺകുട്ടിയെ കൊണ്ടുപോയി കുത്തിക്കൊന്ന കേസ് ഒരു വശത്ത്, പ്രണയ നൈരാശ്യത്തിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേല്പിച്ചിരിക്കുന്ന സംഭവം മറുവശത്ത്. പ്രണയിക്കുന്നത് തന്നെ ഒരു ‘ഹൈ റിസ്ക്’ ആക്ടിവിറ്റി ആകുന്നു. ഇതാണ് പഞ്ചായത്ത് പ്രസിഡണ്ട്‌ തുളസി ടീച്ചർ പറഞ്ഞത്.
 
മതവും രാഷ്ട്രീയവും അച്ഛനമ്മമാരിൽനിന്നും കുട്ടികളിലേക്ക് പകർന്നു പോകുന്ന ഒരു സംസ്ഥാനത്തിൽ പുതിയൊരു സമൂഹവും സംസ്കാരവും ഉണ്ടാകണമെങ്കിൽ പ്രണയവിവാഹങ്ങൾ വ്യാപകമാകണമെന്നും അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും ഞാൻ പറഞ്ഞു. പ്രണയിച്ചവരെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നവരെ നിയമം മൂലം കർശനമായി നേരിടണം. പ്രണയത്തിൽ ‘സമ്മതം’ എന്നതിന്റെ അർത്ഥം കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. പ്രണയവിവാഹങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിയമപരമായ സഹായവും വേണ്ടിവന്നാൽ സുരക്ഷിതത്വവും സർക്കാർ ഉറപ്പു വരുത്തണം. പ്രണയത്തിന്റേതാകണം ഭാവി.
 
പതിവ് പോലെ നിർമ്മിത ബുദ്ധിയും ഞാൻ ഇവിടെ വിഷയമാക്കി. നിർമ്മിതബുദ്ധി തൊഴിലുകൾ ഇല്ലാതാക്കുകയും പണിയെടുക്കാതെ ജീവിക്കാൻ മനുഷ്യന് സാധിക്കുകയും ചെയ്യുന്ന കാലത്ത് കവിതക്ക് വലിയ സ്കോപ്പ് ഉണ്ട്. അതേസമയം കവിതയുടെ രചനയും നിർമ്മിതബുദ്ധി ഏറ്റെടുക്കും (വേദിയിൽ ഉണ്ടായിരുന്ന സാഹിത്യകാരന്മാർ മൊത്തം ഇതിനെ എതിർത്തു, അനുഭവങ്ങൾ ഇല്ലാതെ എങ്ങനെയാണ് കലാസൃഷ്ടി ഉണ്ടാകുന്നത് എന്നതായിരുന്നു അവരുടെ സംശയം). അതെന്താണെങ്കിലും താൽക്കാലമെങ്കിലും കവിത എഴുതാനല്ലാതെ ആസ്വദിക്കാൻ കംപ്യൂട്ടറിന് ആകില്ല എന്നും, മനുഷ്യനും കന്പ്യൂട്ടറും എഴുതിയ കവിതകൾ റോബോട്ട് പണിയെടുത്ത് നമ്മൾ നോക്കുകൂലി വാങ്ങി ജീവിക്കുന്ന കാലത്ത് നമുക്ക് ആസ്വദിക്കാൻ കഴയട്ടെ എന്നും ഞാൻ ആശംസിച്ചു.
 
പതിവുപോലെ സെൽഫി ഹാർവെസ്റ്റ് ഉണ്ടായി
 
മുരളി തുമ്മാരുകുടി
 

Leave a Comment