പൊതു വിഭാഗം

പ്രകൃതിയോട് ചേർന്ന് നിൽക്കുന്പോൾ…

കാബൂളിൽ നിന്നും ദുബായിലേക്കുള്ള വിമാനം മൂന്നു മണിക്കൂർ വൈകിയതിനാൽ ഇന്നലെ ദുബായിൽ പ്ലാൻ ചെയ്തിരുന്ന പദ്ധതികൾ ഒന്നും നടന്നില്ല. നേരിട്ട് ഫ്യൂജിറയിലേക്ക് പോയി. അവിടെ ഒരു മലമുകളിൽ കിരൺ കണ്ണന്റെ നേതൃത്വത്തിൽ ഒരു സംഘം ഇന്നലെ രാത്രി കുബൂസും ചർച്ചകളുമായി ചിലവഴിക്കാൻ പ്ലാനിട്ടിരുന്നു.

ദുരന്ത സ്ഥലങ്ങളിൽ ടെന്റ് കെട്ടി താമസിക്കുന്നതും സ്ലീപ്പിങ് ബാഗിൽ ഉറങ്ങുന്നതും പരിചയമുണ്ടെങ്കിലും ആദ്യമായിട്ടാണ് സമാധാനമുള്ള സ്ഥലത്തും സമയത്തും രാത്രി ക്യാംപിങ്ങ് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തി അഞ്ചോളം പേരുണ്ടായിരുന്നു. അറുപത് വയസ്സ് കഴിഞ്ഞ മുത്തശ്ശി മുതൽ അഞ്ചു വയസ്സാകാത്ത പേരക്കുട്ടി വരെ എല്ലാ പ്രായക്കാരുംഅടങ്ങിയ സംഘം. എല്ലാ തവണയും അബുദാബിയിൽ കാണുന്ന ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി സുഹൃത്തുക്കളെ കൂടാതെ ദുബായിൽ നിന്നും ഫ്യൂജിറയിൽ നിന്നുമുള്ള പുതിയ ഒരു പറ്റം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പരിചയപ്പെടേണ്ടതും പരിചയപ്പെടുത്തേണ്ടവരും ആയി പലരുമുണ്ടായിരുന്നു. അവരെപ്പറ്റി ഒന്നൊന്നായി വഴിയേ പറയാം.

കഥയും കാര്യവും, വലിയ വർത്തമാനവും കൊച്ചു വർത്തമാനവും ആയി സമയം പോയതറിഞ്ഞില്ല. പറഞ്ഞതിലും കൂടുതൽ കേൾക്കാനുള്ള അവസരമായിരുന്നു. നമ്മുടെ മറുനാടൻ മലയാളികളുടെ സംഘം എത്രമാത്രം അനുഭവസന്പത്ത് ഉള്ളവരാണ്, കേരളത്തോട് എന്തുമാത്രം സ്നേഹവും കൂറും ഉള്ളവരാണ്, എന്നതൊക്കെ അറിയാമായിരുന്നിട്ട് കൂടി ഓരോ തവണയും അത് നേരിട്ടനുഭവിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു, ആനന്ദിപ്പിക്കുന്നു.

ഏറെ സന്തോഷിപ്പിച്ച മറ്റൊന്ന് കൂടിയുണ്ട്. പ്രകൃതിയുടെ നടുക്ക്, ചന്ദ്രന്റെ വെളിച്ചത്തിൽ, ചുറ്റിയിരുന്ന് വർത്തമാനം പറയുന്നതിൽ, ഒരു സ്ലീപ്പിങ് ബാഗ് മാത്രമായി ആകാശം നോക്കി കിടക്കുന്നതിൽ, ഒരു ജീവൻ പോലും ഇല്ല എന്ന് തോന്നുന്ന കരിങ്കൽ മലനിരകളുടെ നടക്കും വലുതും ചെറുതും ആയ ജീവികളുടെ ഒച്ച കേട്ട് ഉണരുന്നതിൽ ഒക്കെ നമുക്ക് കിട്ടുന്ന ആനന്ദം അപൂർവ്വമാണ്, അറിഞ്ഞിരിക്കേണ്ടതാണ്, നമ്മുടെ കുട്ടികളെ പരിചയപ്പെടുത്തേണ്ടതാണ്. കേരളത്തിൽ ഇതിന് വൻ സാധ്യതയാണ്. വെങ്ങോലയിൽ ഒരു ടെൻറ് ക്യാന്പ് ഉണ്ടാക്കണം എന്ന എൻറെ പ്ലാൻ ഒന്നുകൂടി ഉഷാറായി.
ഏറെ ജനസാന്ദ്രതയുള്ള കേരളത്തിൽ ടെന്റ് കെട്ടി താമസിച്ച വിദേശികളെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്ത ദിവസം തന്നെയാണ്, വിദേശത്ത് കിലോമീറ്ററുകൾക്കുള്ളിൽ ജനവാസമില്ലാത്ത ഒരു സ്ഥലത്ത് മലയാളികൾ സുരക്ഷയെക്കുറിച്ച് ഒരു പേടിയുമില്ലാതെ ടെന്റ് കെട്ടി കിടന്നുറങ്ങിയത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

(ഈ ക്യാന്പിങ്ങിൽ പങ്കെടുത്തവർ ഈ ലേഖനത്തിൽ ഒന്ന് ടാഗ് ചെയ്യണം, വേണമെങ്കിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ആകാം. പുസ്തകത്തിന്റെ ചിത്രങ്ങൾ തൽക്കാലം വേണ്ട, അതിന് വേണ്ടി പ്രത്യേകം ഒരു പോസ്റ്റ് വരും).

മുരളി തുമ്മാരുകുടി

Leave a Comment