പൊതു വിഭാഗം

പൊങ്കാല ദുരന്ത നിവാരണം.

“ചേട്ടനിപ്പോൾ മൂന്ന് റൌണ്ട് പൊങ്കാല കിട്ടിയ സ്ഥിതിക്ക് ഇനി പൊങ്കാല ദുരന്ത നിവാരണത്തെപ്പറ്റി ഒരു പോസ്റ്റിടണം” എന്ന് കഴിഞ്ഞ പൊങ്കാല വാരത്തിൽ കുറച്ചുപേർ കാര്യമായിട്ടും, കുറെ പേർ തമാശയായിട്ടും പറഞ്ഞതാണ്.
 
ഇതൊരു തമാശക്കാര്യമല്ല, വൻ ബിസിനസ്സ് സാധ്യത ആണ്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും നേരെ ആസൂത്രിതമായോ അല്ലാതെയോ ഒറ്റക്കോ കൂട്ടമായോ ആക്രമണം ഉണ്ടാകാം. സാമ്പത്തിക താല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും സൽപ്പേരും ഒക്കെ ചീത്തയാകാനും നശിക്കാനുമൊന്നും അധിക സമയം വേണ്ട. ഇത് സോഷ്യൽ മീഡിയയിലെ തലതൊട്ടപ്പന്മാരായ ഫേസ്‍ബുക്കിന് മുതൽ ഫേസ്‌ബുക്കിൽ മുഖം കാണിക്കാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വരെ സംഭവിക്കാം. എങ്ങനെയാണ് ഇത്തരം ദുരന്തങ്ങളെ നേരിടുന്നതെന്നതിന് അധികം മാർഗ്ഗരേഖകളില്ല. ഓരോരുത്തരും സ്വന്തം മനോധർമ്മം അനുസരിച്ച് പ്രതിരോധം തീർക്കുന്നു. ചിലത് വിജയിക്കും, ചിലത് പാളും.
 
ലോകത്തെ വൻകിട കമ്പനികൾക്കും സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർക്കും വേണ്ടി പൊങ്കാല ദുരന്ത പ്രതിരോധവും നിവാരണവും ചെയ്യുന്ന ഒരു സ്ഥാപനം നടത്തുന്നത് എന്റെ അടുത്ത സുഹൃത്താണ്. തമ്മിൽ കാണുമ്പോഴൊക്കെ ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. തങ്ങളുടെ കക്ഷികളുടെ പേരിൽ എന്തെങ്കിലും ചീത്ത വാർത്തകൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് 24 മണിക്കൂറും സമൂഹമാധ്യമത്തിന്റെ ലോകം മുഴുവൻ ബിഗ് ഡേറ്റയും കൃത്രിമ ബുദ്ധിയുമായി നോക്കിയിരിക്കുന്ന കണ്ട്രോൾ റൂം തൊട്ട് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതിനെതിരെ ഉടൻ സജ്ജമാകുന്ന വാർ റൂം വരെയുള്ള ഭൗതിക സൗകര്യങ്ങളും, മീഡിയ മാനേജർ മുതൽ വക്കീലുമാർ വരെയുള്ള മനുഷ്യശക്തിയും സംയോജിപ്പിച്ചാണ് എന്റെ സുഹൃത്തിന്റെ കമ്പനി ഈ തൊഴിൽ ചെയ്യുന്നത്. ഇതൊന്നും വ്യക്തിപരമായി നമുക്ക് സാധ്യമല്ല. എന്നാലും ചില അടിസ്ഥാന തത്വങ്ങൾ പറഞ്ഞു തരാം.
 
1. ദുരന്തം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതല്ല: റോഡപകടം തൊട്ട് ചുഴലിക്കാറ്റ് വരെയുള്ള ദുരന്തങ്ങൾ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന മിഥ്യാധാരണയിലാണ് മലയാളികൾ ജീവിക്കുന്നത്, ഇത് സത്യമല്ലെന്നതിന്റെ എത്രയോ തെളിവുകൾ നമുക്ക് ചുറ്റുമുണ്ടായിട്ടും. സമൂഹ മാധ്യമ പൊങ്കാലയുടെ കാര്യവും ഇതുപോലെയാണ്. സാമ്പത്തികമായോ സാമൂഹ്യമായോ എന്തെങ്കിലും നഷ്ടപ്പെടാനുള്ള എല്ലാവരും (അവർ സമൂഹ മാധ്യമത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും) സമൂഹ മാധ്യമ പൊങ്കാലയ്ക്ക് വിധേയരാകാൻ സാധ്യതയുണ്ട്. നമ്മൾ ഡീസന്റാണെന്നോ നമുക്ക് സൈബർ ഗുണ്ടകളുണ്ടെന്നോ ചിന്തിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. നിങ്ങളുടെ ഊഴവും വരും.
 
2. മുന്നൊരുക്കമാണ് പ്രധാനം: പൊങ്കാലക്ക് കലം അടുപ്പിൽ കയറിയിട്ടല്ല, അതിനെ എങ്ങനെ നേരിടണം എന്ന ചിന്തിച്ചു തുടങ്ങേണ്ടത്. നമുക്ക് സാമൂഹ്യമായോ സാമ്പത്തികമായോ നഷ്ടപ്പെടാൻ കാര്യമായി എന്തെങ്കിലും ഉണ്ടാകുമ്പോൾ തന്നെയാണ്.
 
3. ഒഴിവാക്കാവുന്നവ ഒഴിവാക്കുക എന്നതാണ് എളുപ്പം: കള്ളുകുടിച്ച് പുഴയിൽ നീന്താൻ പോകുന്നത് പോലെ അപകടകരമാണ് ലക്കില്ലാതെ പോസ്റ്റ് എഴുതാൻ പോകുന്നതും. ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും നമ്മൾ ഉടൻ കമന്റിടാത്തതു കൊണ്ട് ലോകത്ത് വലുതായൊന്നും സംഭവിക്കാൻ പോകുന്നില്ല. ഫേസ്‌ബുക്കിൽ ശരാശരി മലയാളി നടത്തുന്ന മിക്ക യുദ്ധങ്ങളും സ്വന്തം ഈഗോയുടെ ബലൂൺ പറപ്പിക്കലാണ്, അല്ലാതെ ഡിജിറ്റൽ സ്വാതന്ത്ര്യ സമരമല്ല. ഇത് മനസ്സിലാക്കി വേണം വിഷയം തെരഞ്ഞെടുക്കാനും എപ്പോൾ എന്ത് എഴുതണമെന്ന് തീരുമാനിക്കാനും.
 
4. ലോകം മുഴുവൻ ഇന്ത്യയെ പോലെ അല്ലെ. ഓരോ ലോക രാജ്യങ്ങളിലും സമൂഹ മാധ്യമത്തെപ്പറ്റി ഓരോ നിയമങ്ങളാണ്. അതിനാൽ നാം ഏത് സ്ഥലത്തിരുന്നാണ് പോസ്റ്റിടുന്നത് ആ സ്ഥലത്തെ നിയമങ്ങൾ ശരിക്ക് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചില രാജ്യങ്ങളിൽ പോസ്റ്റിട്ടാൽ ചന്തിക്ക് അടി കിട്ടും, മറ്റിടങ്ങളിൽ ജയിൽ ശിക്ഷയോ സാമ്പത്തിക നഷ്ടമോ എന്തും ആകാം. ഇതൊന്നും അറിയാതെ കേരളത്തിലെ പോലെ ആണ് എന്ന് കരുതി എവിടെ ഇരുന്നും പോസ്റ്റരുത്. കേരളത്തിൽ ഇരുന്ന് പോസ്റ്റുന്നവരും ആയി മത്സരിക്കുകയും ചെയ്യരുത്.
 
5. കമ്പനി പോളിസി വായിച്ചു നോക്കണം : ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ സമൂഹ മാധ്യമത്തിലെ ഇടപെടലുകളെപ്പറ്റിയുള്ള സ്വന്തം കമ്പനിയുടെ പോളിസി മനസ്സിലാക്കിയിരിക്കണം. യു എന്നിനും ആഗോള കമ്പനികൾക്കും ഇത് വ്യക്തമായി എഴുതപ്പെട്ടവ ആയിരിക്കും. കേന്ദ്ര – സംസ്ഥാന സർക്കാരുകളും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം പോളിസികൾ ഉണ്ടെങ്കിൽ അത് മുഴുവൻ വായിച്ച് മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. ഫേസ്ബുക്കിലെ നാലാളുകളുടെ കൈയടി വാങ്ങാനായി സ്ഥാപനത്തിന്റെ നിയമത്തിന്റെ പരിധി വിട്ട് പ്രവർത്തിച്ചാൽ പണി പാളും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
 
6. പോളിസി ഇല്ലാത്തവരുടെ പോളിസി: ചെറിയ സ്ഥാപനങ്ങളിലും ധാരാളം സ്വകാര്യ സ്ഥാപനങ്ങളിലും പ്രത്യേക പോളിസി ഉണ്ടാകില്ലെങ്കിലും അവരുടെ പോളിസി ലളിതമാണ്. ‘നിങ്ങളായി സ്ഥാപനത്തിന് ചീത്തപ്പേര് ഉണ്ടാക്കിയാൽ നിങ്ങളുടെ പണി കട്ടപ്പൊക’ വലിയ സ്ഥാപനങ്ങളിൽ ഒരു ഗ്രിവൻസ് പ്രൊസീജിയർ എങ്കിലും കാണും. നാട്ടിലെ മുതലാളിക്കെന്ത് ഗ്രിവൻസ് പ്രൊസീജിയർ..!
 
7. മുന്നറിയിപ്പ് പ്രധാനം: ചുഴലിക്കറ്റ് പോലെയാണ് പൊങ്കാലയും: എത്ര മുന്നറിയിപ്പ് കിട്ടുമോ അത്രയും നന്നായി നമുക്ക് അതിനെ നേരിടാൻ സാധിക്കും. നമ്മുടെ പോസ്റ്റിന്റെ ചുറ്റിലും അരികിലുമായി ചില പൊട്ടലും ചീറ്റലും നടക്കുന്നുണ്ടെങ്കിൽ ഒരു പൊങ്കാല അധികം ദൂരത്തല്ല എന്ന് അനുമാനിക്കാം. അതനുസരിച്ച് നമ്മുടെ പോസ്റ്റുകൾ അല്പം തണുപ്പിക്കാം, വേണമെങ്കിൽ കുറച്ചുനാൾ സമൂഹമാധ്യമത്തിൽ നിന്നും മാറിനിൽക്കാം.
 
8. മാനത്തിന്റെ കാവലാളുകൾ വേണം: സമൂഹമാധ്യമം എന്നാൽ ഒരു 24/7 പ്രസ്ഥാനമാണ്. നമ്മുടെ സൽപ്പേരിന് എതിരെയുള്ള യുദ്ധം ഏത് സമയത്ത് ഏത് നാട്ടിൽ നിന്ന് തുടങ്ങുമെന്ന് പറയാനാവില്ല. എന്നാൽ നമുക്ക് പാര വരുന്നതും നോക്കി 24 മണിക്കൂറും ഉണർന്നിരിക്കാനും പറ്റില്ല. നമുക്കെതിരെയുള്ള പോസ്റ്റുകൾ വന്നാൽ പകലോ രാത്രിയോ നമ്മളെ വിളിച്ചറിയിക്കാൻ സ്വാതന്ത്ര്യമുള്ള കുറച്ചുപേരെ നമുക്ക് ചുറ്റും ഉണ്ടാക്കണം.
 
9. ആദ്യത്തെ മണിക്കൂറുകൾ നിർണ്ണായകം: റോഡപകടം പോലെ തന്നെയാണ് പൊങ്കാല ദുരന്തവും. ആദ്യമണിക്കൂറുകളാണ് നിർണ്ണായകം. യുദ്ധം തുടങ്ങുന്ന സമയത്ത് തന്നെ നമ്മൾ അറിയുന്നതും, മുൻകൂട്ടി തയ്യാറാക്കിയ ദുരന്ത നിവാരണം നടപ്പാക്കുന്നതും പ്രധാനമാണ്. ആദ്യമണിക്കൂറുകളിൽ നമ്മുടെ ലക്‌ഷ്യം പൊങ്കാലക്ക് കാറ്റുപിടിക്കാതെ നോക്കുക എന്നതാണ്. കുറേ ആളുകൾ അവരുടെ അടുപ്പിലോ നമ്മുടെ അടുപ്പിലോ വന്നു വെറുതെ തിളച്ചാലും തിളപ്പിച്ചാലൂം വലിയ കുഴപ്പം ഇല്ല, പക്ഷെ അത് വൈറൽ ആയാൽ ആണ് പ്രശ്നം കൂടുതൽ വഷളാവുന്നത്. എന്ത് തന്ത്രം ഉപയോഗിച്ചാണെങ്കിലും പൊങ്കാല വൈറൽ ആകുന്നത് തടയുക എന്നതായിരിക്കണം പൊങ്കാല ദുരന്ത നിവാരണത്തിന് ലക്‌ഷ്യം.
 
10. ഓടരുതമ്മാവാ, ആളറിയാം: ഒരു പൊങ്കാല വന്നാൽ ഉടനെ പോസ്റ്റും ഡിലീറ്റ് ചെയ്ത് ഓടരുത് കാരണം നമ്മുടെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഒക്കെ പൊങ്കാലക്കാരുടെ അടുത്ത് കാണും. പകരം നിങ്ങൾക്ക് നിങ്ങളുടെ പോസ്റ്റിനെ പറ്റി എന്തെങ്കിലും കൂടുതൽ വ്യക്തമാക്കാനുണ്ടങ്കിൽ അത് പറയുക. മാപ്പു പറയാൻ ഉദ്ദേശം ഉണ്ടെങ്കിൽ കുന്നംകുളത്തിന്റെ മാപ്പ് പ്രയോഗിക്കാതിരിക്കുന്നതാണ് ഭംഗി.
 
11. ഉത്തോലകത്തിന്റെ ശക്തി: ഉത്തോലകം എന്ന വാക്ക് അധികം പേർക്ക് പരിചയമുണ്ടാകില്ല. ഇംഗ്ലീഷിൽ lever എന്ന വാക്കിന്റെ മലയാളമാണ്. നീണ്ട ഒരു ഉത്തോലകവും അതുറപ്പിക്കാൻ ഒരു സ്ഥലവുമുണ്ടങ്കിൽ ഭൂമി തന്നെ ഉയർത്താം എന്നാണല്ലോ. ഇതിനെയാണ് leverage എന്ന് പറയുന്നത്. സമൂഹമാധ്യമത്തിൽ നമ്മുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ഉത്തോലകമാണെന്ന് പലർക്കും അറിയില്ല. നമുക്കെതിരെ ഫേസ്‌ബുക്കിന്റെ ഏതെങ്കിലും മൂലയിലിരുന്ന് വലിയ പ്രസിദ്ധിയൊന്നും ഇല്ലാത്ത ഒരാൾ ഒരു പോസ്റ്റ് ഇടുന്നു എന്ന് കരുതുക. സാധാരണ അത് പത്തോ അമ്പതോ പേരാണ് കാണുന്നത്, അതിൽ ഭൂരിഭാഗവും നമ്മളുമായി ഒരു ബന്ധവും ഇല്ലത്തവർ ആയിരിക്കും. പക്ഷെ നമ്മൾ അതിനെ മൈൻഡ് ചെയ്‌താൽ (ദേഷ്യപ്പെട്ടുള്ള ഇമോജി ഇട്ടാൽ പോലും) നമ്മുടെ പതിനായിരക്കണക്കിന് ഫോളോവേഴ്‌സിന്റെ ടൈംലൈനിൽ അതെത്തും . സ്വയം കുഴി തോണ്ടുന്ന പണിയാണിത്. ആയിരത്തിൽ താഴെ ഫോളോവേഴ്‌സുള്ള ആരെങ്കിലും നമുക്കെതിരെ കമന്റിട്ടാൽ ആദ്യത്തെ മണിക്കൂറുകളിൽ പൂർണ്ണമായും അവഗണിക്കണം.
 
12. ബ്ലോക്ക് നല്ലതാണ്: നമ്മളോട് വ്യക്തിപരമായി വിരോധം ഉളള ചിലർ ഫേസ്ബുക്കിൽ കാണും. നമ്മളെ നേരിട്ടറിയാത്തവർ ആണെങ്കിൽ അസൂയയോ രാഷ്ട്രീയ മത കാരണങ്ങളാൽ ഉള്ള വിദ്വേഷമോ ആയിരിക്കും അതിന് കാരണം. ഇങ്ങനെ ഒരു കാരണവും ഇല്ലാതെ നമ്മളെ ഒരാൾ തുടർച്ചയായി ചൊറിയാൻ വന്നാൽ അവരെ ബ്ലോക്കാൻ മടിക്കേണ്ട. നമുക്കെതിരെ പൊങ്കാല വരുമ്പോൾ അവർ ചുമ്മാ നോക്കിയിരിക്കുമോ? എന്നാൽ ഒരു കാര്യമുണ്ട്. നമ്മൾ ഒരിക്കൽ ബ്ലോക്കി വെച്ചിരിക്കുന്നവർ വേറെ ആരെങ്കിലും പറയുന്നത് കേട്ടോ, അവരുടെ ഫേക്ക് ഐ ഡി വഴിയോ, നമ്മുടെ പ്രൊഫൈൽ കണ്ടിട്ട് നമുക്കെതിരെ കമന്റ് ചെയ്താൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എളുപ്പമാണ്. കാരണം, നാം അവരോട് ബന്ധപ്പെടാഞ്ഞിട്ടും അവർ നമുക്കെതിരെ നിഴൽ യുദ്ധം നടത്തുന്നത് അവർക്ക് ദുരുദ്ദേശം ഉള്ളത് കൊണ്ടാണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടില്ല.
 
13. ഇനിയുള്ള കാലത്ത് കൂടെ ഒരു വക്കീൽ വേണം: ഇന്ത്യയിലെ സാഹചര്യത്തിൽ നമുക്കെതിരെ നടക്കുന്ന പൊങ്കാലയുദ്ധത്തെ നിയമം കൊണ്ട് നേരിട്ട് നീതി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ പോലീസ് നിയമസംവിധാനങ്ങളുടെ കുരുക്കിനെ എല്ലാവർക്കും ഒരു പേടിയുണ്ട്. നമുക്കെതിരെ അസത്യമോ അശ്ലീലമോ പറഞ്ഞു വരുന്നവരെ നിയമ നടപടികളെടുക്കുമെന്ന് പറഞ്ഞ് നമുക്ക് വിരട്ടാം. അത് നമ്മുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നമ്മൾ തന്നെ പറഞ്ഞാൽ പോരാ. കാരണം ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ആളുകൾക്ക് അത്ര പേടിയുണ്ടാകില്ല, അതാണ് മൊബ് മെന്റാലിറ്റിയുടെ പ്രത്യേകത. പകരം അവരുടെ ജി മെയിലിൽ, ഒരു വക്കീലിനെ കൊണ്ട്, ‘നിങ്ങൾ എന്റെ കക്ഷിയെപ്പറ്റി അപകീർത്തികരമായ പോസ്റ്റ് / കമന്റ് ഇട്ടത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് ഉടനടി പിൻവലിച്ചില്ലെങ്കിൽ ഞങ്ങൾ സിവിലായും ക്രിമിനലായും ഐ ടി ആക്ട് പ്രകാരം കേസ് കൊടുക്കു’മെന്ന് പറഞ്ഞാൽ ബഹുഭൂരിപക്ഷം പൊങ്കാലക്കാരും കലവുമെടുത്ത് സ്ഥലം വിട്ടോളും. കേസുകൊടുക്കാനൊന്നും പോകേണ്ട, കൊടുത്തിട്ടും വലിയ കാര്യം ഒന്നുമില്ല.
 
14. സുഹൃത്തുക്കളെ സൂക്ഷിക്കുക: ഒരു പൊങ്കാല വരുമ്പോൾ നമ്മുടെ നിരപരാധിത്വം തെളിയിക്കുക ഒന്നുമല്ല പ്രധാനം എന്ന് പറഞ്ഞല്ലോ. പൊങ്കാല വൈറൽ ആക്കാതെ നോക്കുകയാണ്. അതേസമയം നിങ്ങളെ നാട്ടുകാർ തെറി പറയുമ്പോൾ – അതും തികച്ചും അനാവശ്യമായി, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വൈരാഗ്യബുദ്ധിയോടെ ചെയ്യുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് സ്വാഭാവികമായും ദേഷ്യം വരും. അവരിൽ ചിലർ പൊങ്കാലക്കാരുടെ പോസ്റ്റിന് കീഴിൽ മറുപടിയുമായി എത്തും. ഇത് മുമ്പുപറഞ്ഞ ഉത്തോലകത്തിൻ്റെ ശക്തി കാരണം നിങ്ങളുടെ സുഹൃത്തിന് എത്ര മാത്രം ഫോളോവേഴ്‌സുണ്ടോ അത്രയും പാരയായി വരും. പതിനായിരം ഫോളോവേഴ്‌സുള്ള സുഹൃത്ത് ആയിരം സുഹൃത്തുക്കൾ മാത്രമുള്ള പൊങ്കാലക്കാരന്റെ പോസ്റ്റിൽ പ്രതികരിക്കുമ്പോൾ പൊങ്കാലക്കാരന് അത്രയും കൂടി വിസിബിലിറ്റി കിട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എടുത്തുചാടി പ്രതികരിച്ച് നമുക്ക് കൂടുതൽ പണിയുണ്ടാക്കരുതെന്ന് സുഹൃത്തുക്കളോട് പ്രത്യേകം പറയണം.
 
പൊങ്കാല കാലം കഴിഞ്ഞു രണ്ടാമത് പോയി എല്ലാ പൊങ്കാല നിവേദ്യങ്ങളും നോക്കുക. ഏറെ പേരും വ്യക്തി ഹത്യയോ അനാവശ്യമോ ഒക്കെ ആയിരിക്കും പറഞ്ഞിരിക്കുന്നത്, പക്ഷെ അതിനിടയിൽ നല്ല വിമർശനങ്ങളും കാണും, അവ ഉൾക്കൊള്ളണം, അങ്ങനെ പറഞ്ഞവരോട് സംവദിക്കണം. മറ്റുള്ളവരുടെ ഫീഡ്ബാക്കിൽ നിന്നാണ് നമ്മൾ പുരോഗമിക്കുന്നത്, അതിനുള്ള ഒരു അവസരവും വെറുതെ കളയരുത്.
 
മുരളി തുമ്മാരുകുടി

Leave a Comment