ലോകമെന്പാടും കൂടുതൽ പ്രചാരത്തിൽ എത്തിക്കൊണ്ടിരിക്കുന്ന മിയാവാക്കി വനങ്ങളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകണം. ജപ്പാനിലെ യോക്കോഹോമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ ആയിരുന്നു പ്രൊഫസ്സർ മിയാവാക്കി. വനങ്ങളുടെ ആവാസവ്യവസ്ഥ ആയിരുന്നു അദ്ദേഹത്തിന്റെ സ്പെഷ്യലിറ്റി.
അക്കാലത്താണ് അദ്ദേഹം ഏതൊരു നഗരമധ്യത്തിലും ഒന്നോ രണ്ടോ സെൻറ് സ്ഥലം ഉണ്ടെങ്കിൽ പോലും അവിടെ വളരെ ജൈവ വൈവിധ്യം ഉളള ഒരു വനം നിർമ്മിക്കാം എന്ന സിദ്ധാന്തവുമായി വരുന്നത്. അതിപ്പോൾ ജപ്പാനിലെ അതിർത്തിയെല്ലാം കടന്ന് ലോകത്തെന്പാടും പ്രശസ്തമായി, പ്രയോഗത്തിലായി.
കോവിഡിന് മുൻപ് ഒരിക്കൽ പാലക്കാട് പുതിയ ഐ.ഐ.ടി. കാണാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി മിയാവാക്കി വനങ്ങളെ പറ്റി കേൾക്കുന്നത്. അന്നവിടെ വനം വച്ച് പിടിപ്പിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ഇന്നിപ്പോൾ നിബിഢമായിക്കാണണം. അതാണ് മിയാവാക്കി വനങ്ങളുടെ രീതി. പുതിയ ജോലിയുടെ ഭാഗമായി ഇപ്പോൾ ഔദ്യോഗികമായി ഈ വിഷയത്തെ പറ്റി പഠിക്കുകയാണ്. ലോകത്തെവിടെയും ഓരോ നഗരത്തിലും, ഓരോ ഹൗസിങ്ങ് ഏരിയയിലും ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും മിയാവാക്കി വനങ്ങൾ ഉണ്ടാക്കണം എന്നാണിപ്പോഴത്തെ പദ്ധതി. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.
അപ്പോഴാണ് ഞാൻ തിരുവാനാനന്തപുരത്തെ ഹരിയെ പരിചയപ്പെടുന്നത്. പുളിയറക്കോണത്ത് രണ്ടേക്കർ പാറപ്പുറം പോലെ കിടന്നിരുന്ന മല വിലക്ക് വാങ്ങി അതിനെ മിയാവാക്കി വനമാക്കി മാറ്റിയ ആളാണ് എന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്.
അപ്പോഴല്ലേ രസം. ഞാൻ ബ്രൂണെയിൽ ജോലി ചെയ്യുന്ന കാലത്ത്, അതായത് 1995-96 സമയത്ത് ഞാൻ ഇദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്.
ഇൻവിസ് മൾട്ടീമീഡിയയുടെ സ്ഥാപകൻ ആണ്. അന്ന് “The Green Symphony” എന്ന പേരിൽ അദ്ദേഹം കേരളത്തെ പറ്റി അതിമനോഹരമായ ഒരു സി ഡി റോം ഇറക്കിയിരുന്നു. ലോക നിലവാരത്തിൽ ഉള്ള ഒന്ന്. അതുകണ്ട് ഞാൻ അദ്ദേഹത്തിന് ഒരു മെയിൽ അയച്ചു. ഉടൻ മറുപടിയും വന്നു. പിന്നീടും വളരെ ഡോകുമെന്ററികൾ അദ്ദേഹം കേരളത്തെപ്പറ്റിയും കേരള ടൂറിസത്തിന് വേണ്ടിയും ചെയ്തിട്ടുണ്ട്. ഇന്നിപ്പോൾ അദ്ദേഹം സ്ഥാപനം മറ്റുള്ളവരെ ഏല്പിച്ച് കൂടുതൽ മെന്റർഷിപ്പ് റോളിൽ ആണ്. കൂടുതൽ സമയം ചിലവാക്കുന്നത് മിയാവാക്കി വനങ്ങൾ കേരളത്തിനകത്തും പുറത്തും പ്രചരിപ്പിക്കാനാണ്.
പുളിയറക്കോണത്ത് പാറനിറഞ്ഞ രണ്ടേക്കർ വരുന്ന ഒരു മല വാങ്ങി. ചുറ്റിനും എവിടെ നോക്കിയാലും ക്വാറികൾ ആണ്. അപ്പോൾ സ്വർണ്ണഖനിയാണ്! പക്ഷെ അവിടെ വനം വച്ചു പിടിപ്പിക്കുകയാണ് കഴിഞ്ഞ കുറച്ചു നാളുകളായി. യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന സ്ഥലം. ഇപ്പോൾ വനമായി.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ തിരുവനന്തപുരത്ത് പോയി ഞാൻ അദ്ദേഹം വളർത്തിയെടുക്കുന്ന മിയാവാക്കി വനം കണ്ടു. ഇപ്പോഴത് ഒരു ഗവേഷണ സ്ഥലവും ടൂറിസ്റ്റ് ആകർഷണവും ആണ്. ധാരാളം വിദ്യാർഥികൾ അവിടെ വരുന്നുണ്ട്. കണ്ടിരിക്കേണ്ടതാണ്. മിയാവാക്കി വനങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടതുമാണ്. കേരളത്തിൽ ഇപ്പോൾ ഇതിന്റെ പ്രചാരം കൂടി വരുന്നു. ഇനിയും കൂടും. തുമ്മാരുകുടിയിൽ തന്നെ ഒരു മിയാവാക്കി ഉണ്ടാക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്.
ലോകത്തെന്പാടും ഉള്ള സ്കൂളുകളിൽ ഫിസിക്സിനും കെമിസ്ട്രിക്കും ലാബുള്ളത് പോലെ പ്രകൃതിയെപ്പറ്റി പഠിക്കാനുള്ള ഒരു ലാബ് ഉണ്ടാക്കണം എന്നതാണ് ചിന്ത. സ്കൂളിന്റെ ചുറ്റുമുള്ള മണ്ണും മരവും വായുവും വെള്ളവും പഠനോപാധികളും പാഠ്യവിഷയവും ആകും. മഴ പെയ്യുന്നതും മണ്ണൊലിപ്പും കാറ്റും വായു മലിനീകരണവും എല്ലാം കുട്ടികൾ പഠിക്കണം. കാന്പസിൽ ഉള്ള ജൈവ വൈവിധ്യം അറിയണം. മാറിവരുന്ന കാലങ്ങളെ അറിയണം.
ഇതിന്റെ ഭാഗമായി സ്കൂൾ കാന്പസിന്റെ മൂലയിൽ ഒരു ചെറിയ റെസ്റ്റോറേഷൻ പ്ലോട്ട്. സാധിക്കുന്നിടത്ത് മിഴാവാക്കി വനം. മരുഭൂമിയിലോ മഞ്ഞുള്ളിടത്തോ ആണെങ്കിൽ മറ്റു രീതികൾ. ഇതൊക്കെയാണ് സങ്കല്പം.
ഹരി എന്നെ പ്രൊഫസർ മിയാവാക്കിയുടെ കൂടെ ജോലി ചെയ്ത സീനിയർ ശാസ്ത്രജ്ഞരുമായി പരിചയപ്പെടുത്തി. ഹരിയും എല്ലാ കാര്യങ്ങൾക്കും ഉപദേശങ്ങൾ നൽകുന്നുണ്ട്.
എങ്ങനെയാണ് ഇതുമായി സഹകരിക്കുന്നത് എന്നുള്ളതിനെ പറ്റി അടുത്ത ഒരു മാസത്തിനകം എഴുതാം.
ഹരിയുടെ മിയാവാക്കി വനത്തെ പറ്റി കൂടുതൽ അറിയണമെങ്കിൽ വീഡിയോ ഒന്നാമത്തെ ലിങ്കിൽ ഉണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment