പൊതു വിഭാഗം

പുതിയ സർവ്വകലാശാലകൾ: സ്വകാര്യവും വിദേശിയും

ഈ വർഷത്തെ ബജറ്റിലെ സുപ്രധാനമായ രണ്ടു നിർദ്ദേശങ്ങൾ സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കാൻ നടപടി എടുക്കും, വിദേശ സർവ്വകലാശാലകളുടെ കാന്പസുകൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ പരിശോധിക്കും എന്നിവയാണ്. അല്പം വൈകിപ്പോയെങ്കിലും നല്ല തീരുമാനമാണ്.

ഇന്ത്യയിൽ 2023 ലെ ഹയർ എഡ്യൂക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ നിലവിൽ 24 യൂണിവേഴ്സിറ്റികൾ ഉണ്ട്. ഓൾ ഇന്ത്യ സർവ്വേ ഓഫ് ഹയർ എഡ്യൂക്കേഷൻ (2021-22) അനുസരിച്ച് കേരളത്തിൽ 25 യൂണിവേഴ്സിറ്റികളാണുള്ളത്. ആ ഒരു ചെറിയ വ്യത്യാസം തൽക്കാലം നമുക്ക് വിടാം.

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നത് ബിരുദം നേടാനാണ്. 2020-2021 ൽ ഇത് 1087978 ആയിരുന്നത് 2021- 2022 ആയപ്പോൾ 1016386 ആയി കുറഞ്ഞു, ഏകദേശം എഴുപതിനായിരത്തോളം കുട്ടികളുടെ കുറവ്. കഴിഞ്ഞ വർഷം (2022-23) നമ്മുടെ സർവ്വകലാശാലകളിലെ കോളേജുകളിൽ ഒരുപാട് സീറ്റുകൾ കാലിയായിരുതാണല്ലോ വാർത്ത. അപ്പോൾ ഇത് പഴയതിനേക്കാൾ കുറഞ്ഞിരിക്കാനാണ് സാധ്യത. ഇനിയങ്ങോട്ട് അതായിരിക്കും ട്രെൻഡ്.

25 സർവ്വകലാശാലകൾ ഉണ്ടായിരിക്കുകയും അതിൽത്തന്നെ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ സർവ്വകലാശാലകളുടെ, അത് സ്വദേശി ആയാലും വിദേശി ആയാലും സ്വകാര്യം ആയാലും, എന്താണ് പ്രസക്തി?

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഉടച്ചുവാർക്കേണ്ട ഒന്നാണെന്ന് കഴിഞ്ഞ പത്തുവർഷമായി അനവധി പ്ലാറ്റ്ഫോമുകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തിൽ ഇപ്പോഴും മാറ്റമില്ല. ഗവർണറുമായുള്ള സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഉടക്കൽ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വാർക്കലിന്റെ കാര്യത്തിൽ അത്ര പുരോഗതി കാണുന്നില്ല.

കേരളത്തിലെ ഇപ്പോഴത്തെ സർവ്വകലാശാല സംവിധാനത്തിലെ അടിസ്ഥാന രീതികൾ  അതുപോലെ നിലനിർത്തി നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം നവീകരിക്കാൻ പറ്റുമെന്ന ഒരു പ്രതീക്ഷയും എനിക്കില്ല. അതുകൊണ്ടാണ് പുതിയ ആളുകൾ രംഗത്തേക്ക് വരുന്നതിനെ ഞാൻ പിന്തുണക്കുന്നത്. അതേ സമയം തന്നെ വിദേശിയാണെങ്കിലും സ്വകാര്യമാണെങ്കിലും അനവധി സർവ്വകലാശാലകൾ കേരളത്തിലേക്ക് വരുമെന്നുള്ള പ്രതീക്ഷയും എനിക്കില്ല.

ഉദാഹരണത്തിന് വിദേശ സർവ്വകലാശാലകളുടെ ഉപഗ്രഹ ക്യാന്പസുകൾ വരുന്ന രീതി ലോകത്ത് പലയിടത്തും പരീക്ഷിച്ചിട്ടും വിജയിക്കാത്ത ഒന്നാണ്. ഗൾഫ് രാജ്യങ്ങളും മലേഷ്യയും ഒക്കെ ക്യാംപസും കെട്ടിടങ്ങളും അധ്യാപർക്കുള്ള ദീർഘകാല വിസയും മറ്റുള്ള രാജ്യങ്ങളിൽ നിന്നും വന്നു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിസയും താമസവും അറേഞ്ച് ചെയ്തിട്ടും ലോകത്തെ ഏറ്റവും നല്ല സ്ഥാപനങ്ങൾ ഒന്നും അങ്ങോട്ട് എത്തിയില്ല എന്ന് മാത്രമല്ല, എത്തിയവയിൽ തന്നെ അല്പം പേരുള്ള പലതും പേര് ചീത്തയാകുന്നതിന് മുൻപ് അവ നിർത്തി പോകാനുള്ള ശ്രമത്തിലുമാണ്. ഇതിന് പല കാരണങ്ങൾ ഉണ്ട്, അതിപ്പോൾ പറയുന്നില്ല. വിദേശത്ത് പോയി കാന്പസുകൾ തുടങ്ങുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ മാതൃരാജ്യങ്ങളിൽ തന്നെ വലിയ എതിർപ്പുണ്ട് എന്നതും ഒരു കാരണമാണ്.

ഇങ്ങനെ സർവ്വ സഹായങ്ങളും ചെയ്യുന്ന, ഉയർന്ന ഫീസ് കൊടുക്കാൻ കഴിവുള്ള ജനങ്ങളുള്ള, നിയമത്തിന്റെ നൂലാമാലകൾ അധികമില്ലാത്ത രാജ്യങ്ങളിൽ പോലും വിദേശ സർവ്വകലാശാലകൾ പച്ചപിടിച്ചില്ലെങ്കിൽ പിന്നെ കേരളത്തിൽ ലോകത്തെ മുൻ നിര സർവ്വകലാശാലകൾ എത്താനുള്ള സാധ്യത എന്താണ്?

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കാന്പസുകൾ സ്ഥാപിക്കാനുള്ള യു.ജി.സി. യുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഞാൻ വായിച്ചു. യു.ജി.സി. പോലുള്ള ഒരു സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ, പത്തു വർഷത്തെ മാത്രം ലൈസൻസുമായി എത്ര സ്ഥാപനങ്ങൾ വരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. വലിയ പ്രതീക്ഷ വേണ്ട എന്നുതന്നെയാണ് എൻറെ അഭിപ്രായം.

(എന്നാൽ ഇത്തരം സർവ്വകലാശാലകൾ വരുന്നതിൽ എനിക്ക് വ്യക്തിപരമായി സന്തോഷമേ ഉള്ളൂ. റിട്ടയർ ചെയ്താൽ ഒരു പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി നാട്ടിൽ കൂടാമല്ലോ).

സാധ്യതയുള്ളത് അധികം പേരുകേൾക്കാത്ത വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹ്രസ്വകാല കോഴ്‌സുകളും എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഒക്കെയായി വരിക എന്നതാണ്. ബിരുദപഠനത്തിന് പത്തുലക്ഷം വിദ്യാർത്ഥികൾ ഉള്ളതിൽ ഒരു ശതമാനം പോലും അടുത്ത പത്തുവർഷത്തിൽ കേരളത്തിലെ വിദേശ സർവ്വകലാശാലകളിൽ പഠിക്കും എന്ന് ഞാൻ കരുതുന്നില്ല. പിന്നെ ഉള്ളത് സ്വകാര്യ സർവ്വകലാശാലകൾ ആണ്.

ഇന്ത്യയിൽ മൂന്നുതരം സ്വകാര്യ സർവ്വകലാശാലകൾ ഉണ്ട്.

ഒന്ന്, അതിസന്പന്നരായ ആളുകൾ അവരുടെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ പേരിൽ ഒട്ടും ലാഭേച്ഛ ഇല്ലാതെ സ്ഥാപിച്ച സർവ്വകലാശാലകൾ. ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയും ഡൽഹിയിലെ ശിവ് നാടാർ യൂണിവേഴ്‌സിറ്റിയും എല്ലാം അതിൽ പെടും.

ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിലും വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിന് ലാഭേച്ഛയില്ലാത്ത മുതലാളിമാർ വേണം. നമ്മുടെ സംസ്ഥാനത്തുള്ള ശതകോടീശ്വരന്മാർ അവരുടെ പണം ഉന്നത വിദ്യാഭ്യാസരംഗത്ത് ചിലവാക്കാൻ തയ്യാറാകുമോ?

രണ്ടാമത്തേത് ഇന്ത്യയിൽ ഇപ്പോൾ ഉള്ള സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായ ലിബറൽ ആർട്സ് യൂണിവേഴ്സിറ്റികൾ ആണ്. ഹരിയാനയിലെ അശോക യൂണിവേഴ്സിറ്റിയാണ് ഇതിൽ ഏറ്റവും പേരുകേട്ടത്. പക്ഷെ ഇവിടെ ഫീസ് വളരെ കൂടുതൽ ആണ്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങളും കേരളത്തിൽ വരണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷെ അവക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ സംവിധാനങ്ങൾ നൽകുമോ, നൽകിയാലും ഇത്ര കൂടിയ ഫീസ് കൊടുത്ത് കേരളത്തിൽ തന്നെ പഠിക്കാൻ കുട്ടികൾ ഉണ്ടാകുമോ? നമുക്ക് നോക്കാം.

ഈ രണ്ടു തരം യൂണിവേഴ്സിറ്റികളിലും കുട്ടികളുടെ എണ്ണം കുറവാണ്. അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 1500 ൽ താഴെയാണ്, അശോക യൂണിവേഴ്സിറ്റിയിൽ അയ്യായിരത്തോളവും. അപ്പോൾ ഇത്തരം യൂണിവേഴ്സിറ്റികൾ വന്നാലും നമ്മുടെ മൊത്തം വിദ്യാർത്ഥികളുടെ ആവശ്യത്തിൽ വലിയ മാറ്റം ഉണ്ടാകില്ല.

പിന്നെ ഉള്ളത് ഇന്ത്യയിൽ പലയിടത്തും കാന്പസുകൾ ഉള്ള കൂടുതൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ഉദാഹരണത്തിന് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിക്ക് നാലു കാന്പസുകളിലായി എൺപത്തിനായിരത്തിലധികം വിദ്യാർത്ഥികൾ ഉണ്ട്. മണിപ്പാലിനും അമിറ്റിക്കും എല്ലാം ഇത്തരത്തിൽ കൂടുതൽ വിദ്യാർത്ഥികളുള്ള പല കാന്പസുകൾ ഉണ്ട്.

ഇതിന് കേരളത്തിൽ വലിയ സ്കോപ്പ് ഉണ്ട്. ഉദാഹരണത്തിന് ഇപ്പോൾ വി.ഐ.ടി. കേരളത്തിൽ ഒരു കാന്പസ് തുടങ്ങുകയും അവിടെ കന്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കന്പ്യൂട്ടർ സയൻസ് വിത്ത് റോബോട്ടിക്‌സ് എന്നീ രണ്ടു സ്പെഷ്യലൈസേഷൻ മാത്രം ഓഫ്ഫർ ചെയ്യുകയും ചെയ്താൽ കേരളത്തിൽ നിന്നും ഒരു പതിനായിരം കുട്ടികളെ എങ്കിലും അവിടെ പഠിക്കാൻ കിട്ടും. മാർക്കറ്റിൽ ഡിമാൻഡ് ഉള്ള കോഴ്‌സുകൾ നടത്തുന്നത്, മാർക്കറ്റിൽ അറിയപ്പെടുന്ന ബ്രാൻഡ് ഉളളത്, സമയത്തിന് അഡ്മിഷൻ, സമയത്തിന് പരീക്ഷ, പരീക്ഷ കഴിഞ്ഞാൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് എന്നിങ്ങനെ മിനിമം കാര്യങ്ങൾ എങ്കിലും ഗ്യാരന്റി ചെയ്യുന്ന സ്വകാര്യ സർവ്വകലാശാലകൾക്ക് കേരളത്തിൽ എത്ര വേണമെങ്കിലും സ്കോപ്പ് ഉണ്ട്. വിദ്യാഭ്യാസം (അഡ്മിഷൻ മുതൽ ഡിഗ്രി നൽകുന്നത് വരെ) കാര്യക്ഷമമായി നടക്കുന്ന സ്വകാര്യ സർവ്വകലാശാലകൾ വന്നാൽ കേരളത്തിലെ കോളേജുകളിലും സർവ്വകലാശാലകളിലും ഉള്ള വിദ്യാർത്ഥികൾ മൊത്തമായി കൂടുവിട്ടു കൂടുമാറും.

ഇത് സംഭവിക്കുമോ എന്നറിയില്ല. കേരളത്തിലെ ഹർത്താൽ സമര രീതികൾ ഒക്കെ മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും നമുക്ക് ഒരു റെപ്യൂട്ടേഷൻ ലാഗ് ഉണ്ട്. ഇവിടെ എപ്പോഴും സമരവും കുഴപ്പവും ആണെന്നാണ് മറ്റുള്ളവർ കരുതുന്നത്. പോരാത്തതിന് നമ്മുടെ വിദ്യാർത്ഥികൾ വെല്ലൂരിലും ഭോപ്പാലിലും ഒക്കെ പോയി വി.ഐ.ടി. യിൽ തന്നെ പഠിക്കുന്നുമുണ്ട്, അപ്പോൾ കേരളത്തിലേക്ക് കാംപസുമായി വന്നു തലവേദന ഉണ്ടാക്കേണ്ട എന്നവർ കരുതാനും മതി.

വിദേശ സർവ്വകലാശകൾ വന്നാലും വന്നില്ലെങ്കിലും, സ്വകാര്യ സർവ്വകലാശാലകൾ വന്നാലും കേരളത്തിൽ സർവ്വകലാശാലകൾ മാറേണ്ട സമയം പണ്ടേ കഴിഞ്ഞു. വിഷയങ്ങൾ അടിസ്ഥാനമാക്കിയുണ്ടാക്കിയ ആരോഗ്യ, കാർഷിക, മെഡിക്കൽ, സാങ്കേതിക സർവ്വകലാശാലകൾ എല്ലാം ചേർത്ത് ഒറ്റ യൂണിവേഴ്സിറ്റി ആക്കണം. തൊഴിൽ കന്പോളത്തിൽ ആവശ്യമുള്ള കോഴ്‌സുകളും സ്കില്ലുകളും പഠിപ്പിക്കണം. ആവശ്യമില്ലാത്തവ നിർത്തണം.  കേരളത്തിൽ ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഉള്ളവർക്ക് മറ്റ് ഏതൊരു സ്ഥാപനത്തിലും ഏതൊരു വിഷയവും ഓൺലൈൻ ആയും ക്ലാസിൽ ഇരുന്നും പഠിക്കാനുള്ള ഫ്ലെക്സിബിലിറ്റി ഉണ്ടാകണം, പരീക്ഷ സമയത്ത് നടക്കണം, പരീക്ഷ കഴിഞ്ഞാൽ സമയത്തിന് റിസൾട്ട് വരണം, സർട്ടിഫിക്കറ്റ് ലഭിക്കണം, വിദ്യാർത്ഥികളെ കുട്ടികകളായല്ലാതെ യങ്ങ് അഡൾട്സ് ആയി കാണണം. ഇതൊന്നും ആസ്‌കിങ് ഫോർ ടൂ മച്ച് ഒന്നുമല്ല.

“മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താൻ” എന്ന് എഴുതിയ മഹാന്റെ നൂറാമത് ചരമവാർഷികം ആണ്. ആ വരികൾ ഓർക്കാൻ പറ്റിയ സമയം കൂടിയാണ്.

മുരളി തുമ്മാരുകുടി

Leave a Comment