പൊതു വിഭാഗം

പി ജെ ജോസഫിന്റെ അസംബ്ലി പ്രസംഗം…

എനിക്ക് നേരിട്ട് പരിചയമുള്ള ഒരാളല്ല ശ്രീ. പി ജെ ജോസഫ് എങ്കിലും ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്, രാഷ്ട്രീയമായത്തിനപ്പുറത്ത് അദ്ദേഹം ചെയ്യുന്ന കൃഷിയും, കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളും.
 
കേരളത്തിൽ ഇപ്പോഴത്തെ രീതിയിലുള്ള കൃഷിക്ക് ഒരു ഭാവി ഉണ്ടെന്ന് ചിന്തിക്കുന്ന ആളല്ല ഞാൻ. നാച്ചുറൽ ഫാർമിംഗ്, ഓർഗാനിക് ഫാർമിങ്ങ് തുടങ്ങിയ രീതികൾ ലോകത്തിന് ഭക്ഷ്യസുരക്ഷ നല്കാൻ പര്യാപ്‌തമാണെന്ന ചിന്തയുമില്ല. എങ്കിലും പ്രസംഗത്തിനപ്പുറം പ്രവർത്തി ചെയ്യുന്ന ആളുകളെ എപ്പോഴും ബഹുമാനനമാണ്.
 
കൃഷി വിഷയത്തിൽ ശ്രീ. പി ജെ ജോസഫിനുള്ള അറിവ് നിയമസഭയിൽ എല്ലാവർക്കും അറിയാവുന്നതിനാൽ ഓർഗാനിക് കൃഷി തൊട്ട് ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്‌മെന്റ് വരെയുള്ള ഓരോ കാര്യങ്ങളും അദ്ദേഹം പറയുന്പോൾ മറ്റുള്ളവർ ശ്രദ്ധിച്ചു കേൾക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. ഒച്ചപ്പാടും സംഘർഷവുമുള്ള അസംബ്ലി സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായി നമുക്ക് അഭിമാനിക്കാവുന്ന ചർച്ചയാണത്. കേട്ടില്ലെങ്കിൽ അരമണിക്കൂർ ചിലവാക്കി കേൾക്കൂ, ഒരു നഷ്ടവും വരില്ല.
 
ഒരു അഭിപ്രായം കൂടി പറയട്ടെ. വാസ്തവത്തിൽ ഇത്തരത്തിലുള്ള ചർച്ചകളൊന്നും അസംബ്ലി ചർച്ചയാക്കി പതിനഞ്ചു മിനുട്ടിലേക്ക് ഒതുക്കി, “സാർ വേഗം നിറുത്തണം” എന്ന് ചെയറിൽ നിന്നും പറഞ്ഞ് ഓടിച്ച് നടത്തരുത്. നിയമസഭ സമ്മേളനത്തിന് പുറത്ത് ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്ത് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണം. ശേഷം അസംബ്‌ളിക്കകത്ത് നയത്തെപ്പറ്റി ഫോക്കസ് ഉള്ള ചർച്ച നടത്താമല്ലോ. കൃഷി മാത്രമല്ല സൈബർ സെക്യൂരിറ്റി മുതൽ ക്രിപ്റ്റോ കറൻസി വരെ നമ്മുടെ നിയമസഭാ സാമാജികർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിൽ മാസത്തിൽ ഒരിക്കലെങ്കിലും ലെക്ച്ചറുകൾ നടത്തണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment