ശങ്കരാചാര്യരുടെ ചെറുപ്പ കാലത്ത് അദ്ദേഹത്തിന് സന്യാസത്തിന് പോകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അമ്മ അതിന് സമ്മതിച്ചിരുന്നില്ല എന്നും പിന്നീടൊരിക്കൽ കാലടി പുഴയിൽ കുളിക്കുന്പോൾ ശങ്കരനെ മുതല പിടിച്ചു എന്നും “എന്നെ സന്യാസത്തിന് പോകാൻ അനുവദിച്ചാൽ മുതല പിടി വിടും” എന്ന് ശങ്കരൻ പറഞ്ഞുവെന്നും, അങ്ങനെ ശങ്കരനെ പോകാൻ അമ്മ അനുവദിച്ചു എന്നും ഒരു ഐതീഹ്യം അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. കാലടിയിൽ മുതലക്കടവ് എന്നൊരു കടവ് പോലും ഉണ്ടെന്നാണ് എൻറെ ഓർമ്മ. ഞാൻ പല വട്ടം അവിടെ പോയിട്ടുണ്ട്. മുതല പോയിട്ട് ഒരു മുഴുത്ത മീനിനെ പോലും അവിടെ കണ്ടിട്ടില്ല.
എൻറെ ചേച്ചി കാലടി ശ്രീ ശങ്കര കോളേജിലാണ് ഡിഗ്രിക്ക് പഠിച്ചത്. ഒരു അവധി ദിവസം ചേച്ചിക്ക് സ്പെഷ്യൽ ക്ലാസ്സ് ഉള്ളപ്പോൾ എന്നെക്കൂടി ചേച്ചി കോളേജിൽ കൊണ്ടുപോയി. അന്ന് ഞാൻ ആറിലോ ഏഴിലോ പഠിക്കുകയാണ്. കോളേജിലെ പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിലുള്ള ഒരു ടാങ്കിൽ ഒരു മുതലയുണ്ട് എന്നും അത് ശ്രീ ശങ്കരനെ പിടിച്ച മുതലയാണെന്നും ചേച്ചി എന്നെ പറഞ്ഞു മനസ്സിലാക്കി. ഞാൻ പല പ്രാവശ്യം പോയി നോക്കിയെങ്കിലും മുതല അന്ന് കുളത്തിൽ മുകളിൽ വന്നില്ല. എനിക്കാകെ നിരാശയായി.
പിൽക്കാലത്ത് ഞാൻ കാലടിക്കോളേജിൽ ആണ് പഠിച്ചത്. പലപ്പോഴും ആ മുതലയെ ഞാൻ കണ്ടിട്ടുണ്ട്. ശങ്കരനെ പിടിച്ച മുതലയല്ല അത് എന്നൊക്കെ അപ്പോഴേക്കും എനിക്ക് മനസ്സിലായിരുന്നു. എതിർവശത്തുള്ള ഓഫീസിൽ ഇരുന്ന ആളെക്കാളും ശാന്തശീലനായിരുന്നു ആ മുതല എന്ന് ഞാൻ ഓർക്കുന്നു.
കഴിഞ്ഞ ദിവസം കാലടി കോളേജിൽ പഠിച്ച സുഹൃത്തുക്കളുമായി ഞാൻ അതിരപ്പിള്ളി വഴി പോയിരുന്നു. ചാലക്കുടി പുഴയുടെ തീരത്തിലൂടെ വണ്ടി ഓടിക്കുന്പോൾ എന്റെ സുഹൃത്ത് ബെന്നി പറഞ്ഞു
“ഈ പുഴയിൽ നിറയെ മുതല ഉണ്ട് കേട്ടോ?”
എനിക്ക് അതൊരു വാർത്തയായിരുന്നു. മുതലകളുള്ള പുഴകൾ ഞാൻ ഏറെ കണ്ടിട്ടുണ്ട്. മസായി മാരയിൽ പോകുന്പോൾ നദിയിലും കരയിലും നിറയെ മുതലകളാണ്. അതുകൊണ്ട് ആരും മാര നദിയിൽ നീന്താറില്ല. ബ്രൂണൈയിലെ മിക്കവാറും നദികളിൽ മുതലകളുണ്ട്, ഇടക്കൊക്കെ ആരെയെങ്കിലും മുതല പിടിക്കാറുമുണ്ട്. മൃതാവസ്ഥയിൽ നിന്നും ഞാൻ രക്ഷിച്ചെടുത്ത സുങ്കൈ ബേരയിൽ നിന്നും ഒരു മുതല എന്നെ ഓടിച്ചത് ഞാൻ പറഞ്ഞിട്ടുണ്ട്. അര നൂറ്റാണ്ടോളം ബോർണിയോവിൽ ആളുകളെ കൊന്നൊടുക്കിയിരുന്ന ബജംഗ് സനങ് എന്ന മുതലയെപ്പറ്റിയും ഞാൻ എഴുതിയിട്ടുണ്ട്. ബുറുണ്ടിയിലെ റുസിസി നദിയിൽ മുന്നൂറിലധികം ആളുകളെ കൊന്നിട്ടുണ്ടെന്ന് പേര് കേട്ട ഗുസ്താഫ് എന്ന മുതലയെ ഇനിയും പിടികിട്ടിയിട്ടില്ല !
എന്നാൽ ഇവിടെ നാട്ടിൽ തൊട്ടടുത്ത് പുഴയിൽ മുതലയുണ്ടെന്നത് പുതിയ വാർത്തയായിരുന്നു. പെരിയാറിലെ മുതല ശങ്കരനെ പിടിച്ചത് കഥയാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ബെന്നിയുടെ ചാലക്കുടിപ്പുഴയിലെ മുതലയുടെ കഥയും കഥ തന്നെയെന്ന് കരുതി.
കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ മുതലയുടെ പടം വന്നപ്പോഴും അത് വേറെ എവിടെ നിന്നോ വന്ന വാട്സ്ആപ് കഥയാണെന്നാണ് കരുതിയത്. ഇന്നിപ്പോൾ വീഡിയോയും പത്ര വാർത്തയും കണ്ടപ്പോൾ ഒന്ന് ഞെട്ടി.
കൂടുതൽ ഞെട്ടിയത് അപ്പോഴല്ല, മുതലയെ തിരിച്ചു കൊണ്ട് വിട്ട വാർത്ത വായിച്ചിട്ടാണ്.
“വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം ചീങ്കണ്ണികളുടെ ആവാസമേഖലയാണ്. ഇവിടെ ചില സമയങ്ങളിൽ ചീങ്കണ്ണികൾ വെയിലിൽ കിടന്നത് വിനോദ സഞ്ചാരികൾക്കുള്ള കാഴ്ചയായിട്ടുണ്ട്”
(മനോരമ, ഡിസംബർ ഒന്പത്).
പുഴയിൽ മുതലയും ചീങ്കണ്ണിയും ഉണ്ടാകുന്നത് പുഴയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്. അധികം മാലിന്യം ഒന്നുമില്ലാതെ, അത്യാവശ്യം ഭക്ഷണത്തിന് വേണ്ട ജീവികൾ ജലത്തിലുള്ള സ്ഥലത്തേ മുതലക്ക് ജീവിച്ചു പോകാൻ പറ്റൂ.
എന്നാൽ മനുഷ്യരുടെ ആരോഗ്യത്തിന് അതത്ര നല്ലതല്ല.
മുതലകളും ചീങ്കണ്ണികളും ഏറെയുള്ള പ്രദേശങ്ങളിൽ എല്ലാം ആളുകൾ “ഇതത്ര വലിയ റിസ്ക്” അല്ല എന്ന് കരുതും.
“ഞങ്ങളുടെ കടവിലെ മുതല ഞങ്ങളുടെ കാവൽക്കാരനാണ്, കുട്ടികളെ പോലും പിടിക്കില്ല” എന്ന അന്ധവിശ്വാസമുള്ള നാടുകളും ഞാൻ കണ്ടിട്ടുണ്ട്.
മുതല വരാതെയിരിക്കാൻ പുഴയിൽ ഇറങ്ങി മന്ത്രവാദം നടത്തുന്ന ഒരാളെ മുതല പിടിച്ചുകൊണ്ടു പോകുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ ഉണ്ട്.
മുതലയെ കാണാൻ ടൂറിസ്റ്റുകൾ പരമാവധി ശ്രമിക്കും, മുതലയെ കാണിക്കാൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കുന്നവരും.
ഐവറി കോസ്റ്റ് എന്ന രാജ്യത്തിൻറെ തലസ്ഥാനമായ യാമാസുക്രോയിൽ പഴയ പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള കിടങ്ങിൽ കുറച്ചു മുതലകൾ ഉണ്ടായിരുന്നു. അത് കാണാൻ ടൂറിസ്റ്റുകൾ വരും. അവരെ കാണിക്കാൻ വേണ്ടി കോഴിയും ഇറച്ചിയുമായി ടൂറിസ്റ്റ് ഗൈഡുകൾ കൂടെക്കൂടും. ആ കൊട്ടാരത്തിലെ കാവൽക്കാരന് കിടങ്ങിലുള്ള മുതലകളെ നേരിട്ടറിയാമായിരുന്നു. ഓരോന്നിനും ഓരോ പേരും അദ്ദേഹം കൊടുത്തിരുന്നു. ടൂറിസ്റ്റുകൾ വരുന്പോൾ അദ്ദേഹം മുതലകൾക്ക് നടുക്കേക്ക് ഇറങ്ങും, അവയെ പേരെടുത്തു വിളിക്കും, അവയോടൊപ്പം പോസ് ചെയ്യും. ഒരിക്കൽ ടൂറിസ്റ്റുകൾക്ക് വേണ്ടി കിടങ്ങിൽ ഇറങ്ങിയ ഇറങ്ങിയ പാവം കാവൽക്കാരനെ മുതല പിടിച്ചു ശാപ്പിട്ടു.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്.
അതിരപ്പിള്ളിയിൽ മുതല ഉണ്ടെന്നത് എനിക്കൊരു പുതിയ വാർത്തയാണ്. പുഴ അത്യാവശ്യം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതിന്റെ സൂചനയാണിതെങ്കിലും ടൂറിസ്റ്റുകളും നാട്ടുകാരും ഇനി വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ, പ്രത്യേകിച്ചും മുതലകളെ കാണാൻ ടൂറിസ്റ്റുകൾ ശ്രമം തുടങ്ങിയാൽ, ആളുകളെ മുതല പിടിക്കുന്ന നിർഭാഗ്യകരമായ വാർത്തകൾ നമ്മൾ കേൾക്കേണ്ടി വരും. സന്യാസത്തിന് പൊക്കോളാം എന്നൊന്നും പറഞ്ഞാൽ ഇപ്പോഴത്തെ മുതലകൾ മൈൻഡ് ചെയ്യില്ല.
ഇപ്പോൾ തന്നെ വേണ്ടത്ര മുൻകരുതലുകൾ എടുക്കുക.
മുരളി തുമ്മാരുകുടി
Leave a Comment