പൊതു വിഭാഗം

പിന്നിലുണ്ട്…

ഐ ടി, ടെലികോം തുടങ്ങിയ മേഖലകളിൽ നടത്തിയ വിപ്ലവകരങ്ങളായ ഇടപെടലുകളുടെ പേരിലാണ് ശ്രീ. രാജീവ് ഗാന്ധി മുഖ്യമായി അറിയപ്പെടുന്നത്. ഐ. ടി രംഗത്തെ ആഗോള ശക്തിയും സാന്നിദ്ധ്യവുമാകാൻ അതെത്ര മാത്രം ഇന്ത്യയെ സഹായിച്ചു എന്ന് ഇന്ന് നമുക്കറിയാം.
എന്നാൽ അതിലും വിപ്ലവകരമായ ഒരു സമൂഹമാറ്റത്തിന് അദ്ദേഹം വിത്തിട്ടിരുന്നു. അത് പക്ഷെ നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.
ഗ്രാമപ്രദേശത്തുനിന്നുള്ള കുട്ടികൾക്ക് റെസിഡൻഷ്യൽ ആയി നല്ല വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ ഓരോ ജില്ലയിലും ഓരോ നവോദയ വിദ്യാലയങ്ങൾ സ്ഥാപിച്ചത്. ഇന്നിപ്പോൾ ഐ. ഐ. ടി. ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെടുത്താലും ആപേക്ഷികമായി നവോദയ വിദ്യാലയത്തിലെ കുട്ടികൾ ഏറെ കൂടുതലാണ് അവിടെ പ്രവേശനം നേടുന്നത്. അത് പിന്നീട് തൊഴിൽ രംഗത്തും പ്രതിഫലിക്കുമല്ലോ. ഇന്ത്യയിലെ സർക്കാർ സംവിധാനങ്ങളിലെയും സ്വകാര്യമേഖലയിലെ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് ഗ്രാമങ്ങളിലെ നവോദയയിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികൾ എത്തുന്ന ഒരു കാലം വരും. ഒപ്പം അന്ന് നവോദയ ഉണ്ടാക്കുന്ന സാമൂഹ്യ ശൃംഖല കൂടി ആകുന്പോൾ പതുക്കെപ്പതുക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ അത് സാന്പത്തികവും, വിദ്യാഭ്യാസപരവും, സാമൂഹ്യവുമായ ഉണർവ്വ് ഉണ്ടാക്കും, കെട്ടുറപ്പും.
ഇതൊരു ചെറിയ കാര്യമല്ല. 1986 ന് ശേഷം ഇത്രത്തോളം വ്യാപകവും ദാർശനികവുമായ ഒരു നീക്കം ഇന്നുവരെ ഞാൻ വിദ്യാഭ്യാസ രംഗത്ത് കണ്ടിട്ടില്ല.
ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണമുണ്ട്. എൻറെ സുഹൃത്ത് വി. ടി. ബൽറാം തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. എം. എൽ. എ. ആയതിന് ശേഷമാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം നവോദയ വിദ്യാലയത്തിന്റെ സൃഷ്ടി ആണ്. അദ്ദേഹത്തിൽ നിന്നാണ് നവോദയ വിദ്യാഭ്യാസത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കിയത്.
നവോദയ വിദ്യാലയത്തിൽ നിന്നും കോളേജിലെത്തി അദ്ദേഹം പഠിക്കാത്ത ബിരുദങ്ങൾ ഇല്ല. ബി. എസ്. സി, ബി. ടെക്ക്., എൽ. എൽ. ബി., എം. ബി. എ. എല്ലാം ഉണ്ട്. ഒപ്പം കോളേജ് കാലം തൊട്ടേ രാഷ്ട്രീയവുമുണ്ട്. 2011ൽ രാഹുൽ ഗാന്ധി ‘ബ്രിഗേഡിൻറെ’ ഭാഗമായിട്ടാണ് അദ്ദേഹം ആദ്യം നിയമസഭയിൽ എത്തുന്നത്. രാജീവ് ഗാന്ധി വിതച്ച ഒരു ആശയത്തിൽ നിന്നും വളർന്നു വന്ന യുവ പ്രതിഭയെ രാഹുൽ ഗാന്ധി കൈ പിടിച്ചുയർത്തിയത് ചരിത്രത്തിന്റെ യാദൃശ്ചികത തന്നെയാണ്.
പത്രങ്ങളിൽ വായിച്ച് അടുത്തറിയണമെന്ന് ആഗ്രഹിച്ച് പരിചയപ്പെട്ട ഒരാളാണ്. നേരിട്ടറിയുന്പോൾ കൂടുതൽ ബഹുമാനം തോന്നുന്ന ആളും. പുതിയ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ള, ഏറ്റവും പുതിയ പുസ്തകങ്ങൾ വായിച്ച് എനിക്ക് റഫറൻസ് തരുന്ന ആളാണ്. എപ്പോൾ കണ്ടാലും രാഷ്ട്രീയം ഒഴിച്ച് മറ്റെല്ലാം ചർച്ച ചെയ്യാറുണ്ട്. ഇപ്പോൾ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്.
തൻറെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പിലൂടെയാണ് ശ്രീ. ബൽറാം കടന്നു പോകുന്നത്. യുവാക്കളും പ്രതിഭാശാലികളുമായ യുവാക്കൾ തമ്മിൽ ഇത്തവണ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃത്താല. ഇത്തരം വെല്ലുവിളികൾക്ക് കൂടിയുള്ള തയ്യാറെടുപ്പായിരുന്നു ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം.
എല്ലാ ആശംസകളും!
മുരളി തുമ്മാരുകുടി
May be an image of 3 people, beard and road

Leave a Comment