പൊതു വിഭാഗം

പാലം വലിക്കുന്നതിന് മുൻപ്.

അച്ഛൻ പറഞ്ഞുകേട്ട കഥയാണ്.
 
പണ്ടൊക്കെ ഞങ്ങളുടെ നാട്ടിലും കാടുണ്ടായിരുന്നു. കാട്ടുപന്നി മുതൽ ചെറിയ പുള്ളിപ്പുലി വരെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
 
അക്കാലത്ത് കൃഷി നശിപ്പിക്കാൻ വരുന്ന പന്നികളെ കെണിവെച്ച് പിടിക്കുന്നത് സാധാരണമായിരുന്നു. അങ്ങനെ പന്നി കെണിയിൽ വീണാൽ അതിനെ കൊന്ന് വീട്ടുകാരും അടുത്ത വീട്ടുകാരും ഇറച്ചി പങ്കിട്ടെടുക്കും.
 
ഒരിക്കൽ നാട്ടിലെ ഒരു വീട്ടിൽ അങ്ങനെ ഒരു പന്നി കെണിയിൽ വീണു. കാരണവർ നോക്കിയപ്പോൾ മുഴുത്ത പന്നിയാണ്, അതിന്റെ ഇറച്ചി അടുത്ത വീട്ടുകാരുമായി പങ്കിടാൻ പുള്ളിക്ക് വലിയ താല്പര്യവുമില്ല.
 
ഗ്രാമത്തിലൂടെ ഒഴുകുന്ന തോടിനപ്പുറത്താണ് കാരണവർ താമസിക്കുന്നത്. അടുത്ത വീട്ടിലേക്ക് പോകാനായി ഒരു താൽക്കാലിക മരപ്പാലം ഉണ്ട്.
 
പന്നിയെ കണ്ടതും കാരണവർ മരുമക്കളോട് പറഞ്ഞു “എടാ പോയി ആ പാലം ഇങ്ങോട്ട് വലിച്ചു മാറ്റിയിട്ടേരെ.”
 
പിന്നീട് മക്കളും മരുമക്കളും കൂടി കെണിയിൽ നിന്നും പന്നിയെ പുറത്തിറക്കാൻ നോക്കി. വലുപ്പമുള്ള പന്നിയായതിനാൽ അത് കുരുക്ക് പൊട്ടിച്ച് എടുത്ത് ചാടി കാരണവരുടെ പള്ളക്ക് കുത്തിയിട്ട് പാഞ്ഞു പോയി.
 
അന്ന് വൈദ്യന്റെ അടുത്തുപോകണമെങ്കിൽ ആളെ എടുത്തുകൊണ്ട് പോകണം. അതിന് അടുത്ത വീട്ടിലെ ആളുകൾ കൂടി വേണം.
 
പള്ളക്ക് കുത്ത് കിട്ടി ചോര ഒലിച്ചു ജീവൽഭയം വന്നപ്പോൾ കാരണവർ പറഞ്ഞുവത്രേ
“എടാ വേഗം പോയി ആ പാലം തിരിച്ചു വെക്കൂ !!”.
 
ഇന്നത്തെ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങ് കേട്ടപ്പോൾ അച്ഛൻ പറയാറുള്ള ഈ കഥ ചേട്ടൻ ഓർമ്മിപ്പിച്ചു.
 
കർണ്ണാടകം കേരളത്തിൽ നിന്നും അങ്ങോട്ടേക്ക് ആളുകൾ ചെല്ലാതിരിക്കാൻ മണ്ണിട്ട് റോഡുകൾ തടസ്സപ്പെടുത്തിയത്രെ !
പെട്ടെന്നുള്ള തീരുമാനങ്ങളാണ്, ലോക്കൽ ആയി എടുത്തതുമാകാം. നമ്മുടെ ചീഫ് സെക്രട്ടറി അവിടുത്തെ ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് ഇത്തരം നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. നല്ലത്.
 
പക്ഷെ ലോകമെന്പാടും ഇത്തരം മതിലുകളുയരുകയാണ്. ചൈനയിൽ വൈറസുണ്ടായ കാലത്ത് അവിടെ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കളിൽ കൂടി വൈറസ് ഉണ്ടാകുമെന്ന് പേടിച്ച് ഇറക്കുമതി നിർത്തിയവർ തന്നെയുണ്ട്.
 
ഈ കൊറോണക്കാലം സംസ്ഥാനം, രാജ്യം, അതിർത്തി, ശത്രു, മിത്രം, എന്നൊക്കെയുള്ള സങ്കല്പങ്ങൾ മാറ്റിയെഴുതാൻ പോവുകയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി പേടിച്ച ലോകം ഇപ്പോൾ ചൈന ഏറ്റവും വേഗത്തിൽ എല്ലാ മേഖലയിലും ഉത്പാദനം പഴയപടിയാക്കുമെന്നും പറ്റുമെങ്കിൽ വർദ്ധിപ്പിക്കുമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലുമാണ്. അതില്ലാതെ അടിസ്ഥാന സാമഗ്രികളായ മാസ്കുകളുടെ കാര്യത്തിന് പോലും ലോകത്തിന് പിടിച്ചു നിൽക്കാൻ പറ്റില്ല. പാലങ്ങൾ നിലനിന്നേ പറ്റൂ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കാര്യവും ഇതുപോലെയാണ്. പ്രധാനമന്ത്രി വളരെ വ്യക്തമായാണ് പറഞ്ഞത്.
എല്ലാ ആളുകളും സഹകരിക്കണം, ആളുകൾ എവിടെയാണോ അവിടെ തന്നെ നിൽക്കണം. പക്ഷെ സാധനങ്ങളുടെ മൂവ്മെന്റ് തസ്സമില്ലാതെ ഉണ്ടാകണം. അതില്ലെങ്കിൽ കൊറോണയെത്തുന്നതിന് മുൻപ് ഉല്പാദിപ്പിക്കുന്നിടത്തും ഉപഭോഗം നടക്കുന്നിടത്തും പട്ടിണിയുണ്ടാകും. അത് കൊറോണയിലും വലിയ ദുരന്തമാകും.
 
ഭാഷയും രാഷ്ട്രീയവും മറന്ന് ഒരുമിച്ച് നിൽക്കാനുള്ള സമയമാണ്. പാലങ്ങളും റോഡുകളും തുറന്നു തന്നെ ഇരിക്കട്ടെ.
 
മുഖ്യമന്ത്രി പറഞ്ഞ മറ്റു കാര്യങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മറ്റു രാജ്യങ്ങളിലെ പോലെ നൂറു കടന്ന കൊറോണയുടെ പോക്ക് അതി വേഗതയിലാണ്. ഇനി ആയിരം എത്താൻ അധികം സമയം വേണ്ട. പത്തനംതിട്ടയും കാസർകോടും കഴിഞ്ഞ് പന്ത് ഇപ്പോൾ ഇടുക്കിയിലെ ചേട്ടന്റെ കയ്യിലാണ്. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ചില്ലിട്ടു വെക്കേണ്ടതതാണ്. ഇനി ഈ യുദ്ധം നിയന്ത്രണത്തിലാക്കാൻ നമുക്ക് ഒരാഴ്ച പോലും സമയമില്ല. അതിന് ആളുകൾ ഉത്തരവാദിത്തം കാണിക്കുമോ അതോ വീണ്ടും പോലീസുമായി വാഗ്വാദത്തിന് പോകുമോ എന്നതാണ് നാം വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടത്.
 
സുരക്ഷിതരായിരിക്കുക
 
#weshallovercome
 
മുരളി തുമ്മാരുകുടി
 
(ഈ പോസ്റ്റിൽ ദയവ് ചെയ്ത് കുത്തിത്തിരിപ്പ് കമന്റുകൾ വേണ്ട. കേന്ദ്രം സംസ്ഥാനം, മുഖ്യമന്ത്രി, പ്രധാനമന്ത്രി, നമ്മൾ, അയൽസംസ്ഥാനങ്ങൾ ഇവർക്കൊക്കെ ഇനി ഒറ്റ ലക്ഷ്യമേ ഉള്ളൂ, രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടുവരിക. രാഷ്ട്രീയവും പ്രാദേശികവും അതുകഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ മാത്രം മതി).

Leave a Comment