പൊതു വിഭാഗം

പാറമടയിൽ നിന്നും ഫ്ലാറ്റ് സമുച്ചയത്തിലേക്ക്?

എന്റെ ഗ്രാമമായ വെങ്ങോല, കുന്നത്തുനാട് താലൂക്കിലാണ്. പണ്ട് ഞങ്ങളുടെ നിയോജക മണ്ഡലവും അതായിരുന്നു. ഇന്ന് ആർക്കും അറിയില്ലാത്തൊരു കാര്യമുണ്ട്. വെറും ഇരുന്നൂറ് വർഷം മുൻപ് തിരുവിതാംകുറിന്റെ നെല്ലറയായിരുന്നു കുന്നത്ത് നാട് താലൂക്ക്. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ ഇരുപത് വർഷങ്ങളിൽ കുന്നത്തുനാട് ആകെ മാറി. നെൽകൃഷി കുറഞ്ഞു. കുന്നായ കുന്നെല്ലാം കുത്തിക്കുഴിച്ച് മണ്ണും പാറയും എല്ലാം ടിപ്പറിൽ അടിച്ചുകയറ്റി പണം എണ്ണിവാങ്ങുന്നതാണ് എളുപ്പമെന്ന് നാട്ടുകാർക്ക് മനസ്സിലായി. കൊച്ചി എയർപോർട്ട് തൊട്ട് കണ്ടെയിനർ റോഡുവരെയുള്ള വികസനങ്ങൾ നടന്നത് കുന്നത്തുനാട്ടിലെ “മണ്ണിലാണ്.”

ഈ നൂറ്റാണ്ടിൽ കാര്യങ്ങൾ വീണ്ടും വഷളായി. എറണാകുളത്തെ ഫ്ലാറ്റുകൾ, മെട്രോ, ഇതിനെല്ലാം ആവശ്യമായ കല്ലും എം സാൻഡും മറ്റും ഞങ്ങളുടെ ഉത്തരവാദിത്തമായി മാറി. ചുണ്ടമല ചുണ്ടക്കുഴിയായി, കുന്നത്തുനാട്ടിൽ കുന്നില്ലാതെയായി.

ഇതോടൊപ്പം പ്ലൈവുഡ്മുതൽ ബിറ്റുമിൻ പ്ലാന്റ് വരെയുള്ള അതിമലിനീകരണം ഉണ്ടാക്കുന്ന സംരംഭങ്ങൾ  വെങ്ങോലയിലേക്ക് എത്തിത്തുടങ്ങി. എറണാകുളം ജില്ലയിൽ സ്ഥലവില ഏറ്റവും കുറഞ്ഞ പ്രദേശമായി വെങ്ങോല മാറി. ഈ സമയത്താണ് റിട്ടയർ ആയാൽ വെങ്ങോലയിൽ താമസിക്കണം എന്ന പരിപാടി ഞാൻ ഉപേക്ഷിക്കുന്നത്. ക്രഷറുകളുടെ ശബ്ദമാണ് ഇവിടെ  ഇരുപത്തിനാലുമണിക്കൂറും. പ്ലൈവുഡ് കന്പനികളിൽ നിന്നുള്ള ജലമലിനീകരണം വേറെ. ബിറ്റുമിൻ പ്ലാൻറ്റുകളിൽ നിന്നും കാൻസറിന് പോലും കാരണമാകാവുന്നത്ര വായു മലിനീകരണം. വേണ്ട!

പക്ഷെ കോവിഡാനന്തരം മറ്റൊരു കാര്യം ശ്രദ്ധിച്ചു. വെങ്ങോലയിലും ചുറ്റും “ഗേറ്റഡ് കമ്മ്യൂണിറ്റികൾ” വരികയാണ്. സ്ഥലവില കുറവായതിനാൽ എറണാകുളം ജില്ലയിൽ ഏറ്റവും വിലക്കുറവിൽ വില്ലകൾ കിട്ടുന്നത് വെങ്ങോലയിലാണ്. തുമ്മാരുകുടിക്ക് അഞ്ഞൂറു മീറ്ററിനുള്ളിൽ വരെ ഗേറ്റഡ് കമ്യൂണിറ്റിയായി. ഒരു കിലോമീറ്ററിനുള്ളിൽ ഫ്ലാറ്റുകളും. വിവിധ നാടുകളിൽ നിന്നുള്ള ആളുകൾ വെങ്ങോലയിൽ താമസമായിതുടങ്ങി. വെങ്ങോലയുടെ ഭാവി ഇനി ഈ രണ്ടു വ്യവസായങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ ഫലം അനുസരിച്ചിരിക്കും. 

മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികൾ ഒരു വശത്ത്. ഗേറ്റഡ് കമ്യൂണിറ്റികളും ഫ്ലാറ്റുകളും മറുവശത്ത്. ഇവ രണ്ടും ഒരുമിച്ച് പോകില്ല. മലിനീകരണം കൂടുന്ന ഗ്രാമത്തിലേക്ക് മറുനാട്ടുകാർ താമസിക്കാൻ വരില്ല. മറുനാട്ടുകാർ വില്ലയും ഫ്ലാറ്റും വാങ്ങി സ്ഥലവില കൂടിയാൽ ഫാക്ടറികൾക്ക് പിന്നെ ആ ഗ്രാമം ആകർഷകമാകില്ല. ഇതിൽ ആരു ജയിക്കും?

ഇംഗ്ലീഷിൽ മനുഷ്യൻറെ ഉള്ളിൽ ജീവിക്കുന്ന രണ്ടു മൃഗങ്ങളുടെ കഥയുണ്ട്. തിന്മയുടേയും നന്മയുടെയും. ഇതിൽ ആരാണ് ജയിക്കുന്നത്? “നമ്മൾ ആർക്കാണോ അധികം ഭക്ഷണം കൊടുക്കുന്നത്, അവർ.”

മുരളി തുമ്മാരുകുടി

May be an image of text

Leave a Comment