പൊതു വിഭാഗം

പാറമടക്കും ഇൻസ്റ്റിട്യൂട്ടോ?

പണ്ടുകാലത്ത് വെങ്ങോലയിൽ എന്റെ വീടിന് ചുറ്റും മലകളും കുന്നുകളും ആയിരുന്നു. ചുമ്മാതല്ല ഞങ്ങളുടെ താലൂക്കിന് കുന്നത്തുനാട് എന്ന് പേര് വന്നത്.

ഇപ്പോൾ പക്ഷെ കുന്നൊന്നും ബാക്കി ഇല്ല. നെടുമ്പാശ്ശേരി തൊട്ടുള്ള ‘വികസനം’ എല്ലാം വന്നത് ഞങ്ങളുടെ മണ്ണിലാണ്. മെട്രോക്കുള്ള കരിങ്കല്ലും, എറണാകുളത്ത് കെട്ടിപ്പൊക്കുന്ന ഫ്ളാറ്റുകളിലേക്കുള്ള കോൺക്രീറ്റും വരുന്നത് ഇവിടുന്ന് തന്നെ.

എന്റെ വീടിന്റെ തൊട്ടടുത്തുള്ളതിൽ ഏറ്റവും ഉയർന്ന മലയായിരുന്നു ചുണ്ടമല. ഒരു കാലത്ത് അതിന്റെ മുകളിൽ നിന്നാൽ മലയാറ്റൂരിലെ പള്ളിയിലെ വെളിച്ചവും കൊച്ചി റിഫൈനറിയിലെ ഫ്ലെയറും കാണാമായിരുന്നു. ഇന്ന് അതൊരു കുളമാണ്, ഇപ്പോൾ ആ കുഴിയിൽ നിന്നും നോക്കിയാൽ ചുറ്റും മണ്ണും കല്ലും മാത്രമാണ്. (ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ കല്ല്, ഞങ്ങളുടെ മല, ഞാൻ ഇമോഷണമാകും).

അതുകൊണ്ടു തന്നെ ക്വാറിയിലേക്കുള്ള ദൂരം നൂറു മീറ്ററിൽ നിന്നും അന്പത് മീറ്റർ ആക്കുന്നത് എന്റെ ഉറക്കം കെടുത്തുന്നില്ല. ഞങ്ങളുടെ ക്വാറി പ്രശ്നം എല്ലാം പണ്ടേ തീർന്നതാണ്. വാസ്തവത്തിൽ ക്രഷറിൽ നിന്നുള്ള ഒച്ച തുമ്മാരുകുടിയിലെ പാശ്ചാത്തല സംഗീതത്തിന്റെ ഭാഗമാണ്, അതില്ലാതെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്. ഇനി ഏതെങ്കിലും വലിയ മഴക്കാലത്ത് അവിടെ ഇളകിക്കിടക്കുന്ന മണ്ണെല്ലാം താഴേക്ക് ഉരുൾ പൊട്ടുന്നതു പോലെ ഒഴുകിവരണം, കുറച്ചു വീടുകളോ ആളുകളോ അതിന്റെ അടിയിൽ പെടണം, പാടങ്ങൾ നിരന്നു പോകണം. ഇത്രയൊക്കെ സംഭവിച്ചാൽ ഒരുപക്ഷെ അന്ന് ചിലപ്പോൾ ക്വാറികൾ പൂട്ടിയെന്നു വരും. ടാക്സ് അടക്കാൻ വേണ്ടി ഗൃഹനാഥൻ തൂങ്ങിച്ചാവേണ്ടി വരുന്ന നാട്ടിൽ പ്രകൃതി സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഒന്നുരണ്ടു വീടുകൾ മണ്ണിന് അടിപ്പെട്ട് പോകേണ്ടി വരുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.

ക്വാറിയെപ്പറ്റി എന്തെങ്കിലും കുറ്റം പറയുമ്പോൾ ആളുകൾ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട് ‘അപ്പോൾ കെട്ടിടം പണിയാൻ കല്ലും മണ്ണും ഒന്നും വേണ്ടേ?, അതില്ലാതെ എങ്ങനെയാണ് വികസനം ഉണ്ടാകുന്നത്?’.

ചോദിക്കേണ്ടതായ, ന്യായമായ ചോദ്യമാണ്. കെട്ടിടം പണിയാൻ വാസ്തവത്തിൽ കല്ല് വേണമെന്ന് നിർബന്ധമില്ല, അഥവാ കല്ല് വേണമെങ്കിൽ അത് ക്വാറിയിൽ നിന്നുതന്നെ വേണമെന്നില്ല, ക്വാറി വേണമെങ്കിൽ അത് വെങ്ങോലയിൽ തന്നെ വേണമെന്നില്ല. എന്നിട്ടും വെങ്ങോലയിൽ നിന്ന് തന്നെ കല്ലും മണ്ണും എറണാകുളത്തേക്ക് പോകുന്നത് അതേറ്റവും ലാഭകരം ആയതുകൊണ്ടാണ്. അതിന്റെ കാരണം ക്വാറി നടത്തുന്നതിന്റെ ചിലവും വണ്ടിക്കൂലിയും മാത്രമാണ് ഇപ്പോൾ കല്ലിനും മണ്ണിനും ഈടാക്കുന്നത് എന്നതാണ്.

എന്നാൽ അങ്ങനെയൊന്നുമല്ല പ്രകൃതി വിഭവങ്ങളെ വില വെക്കേണ്ടത്. സുസ്ഥിര വികസനം എന്നാൽ ‘Sustainable development is development that meets the needs of the present without compromising the ability of future generations to meet their own needs’ എന്നതാണ്. കല്ലും മണ്ണും ഒരു തലമുറക്ക് മാത്രം അവകാശപ്പെട്ടതല്ല, വരും തലമുറക്കും കൂടി അവകാശപ്പെട്ടതാണ്. അപ്പോൾ ഈ തലമുറ മലകുഴിച്ചു കുളമാക്കുമ്പോൾ അടുത്ത തലമുറ കല്ലിന്റെ ആവശ്യം എങ്ങനെ നേരിടണമെന്നും മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നും മണ്ണൊലിപ്പിനെ എങ്ങനെ നേരിടുമെന്നും അപകട സാധ്യത ഇല്ലാതെ എങ്ങനെ ഇവിടെ ജീവിക്കും എന്നും ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അപ്പോൾ ഒരു പാറമട ഉണ്ടാക്കി പാറയുടെ വില നിശ്ചയിക്കുമ്പോൾ അത് പാറ പൊട്ടിച്ചു ഉപഭോക്താവിന്റെ അടുത്ത് എത്തിക്കാനുള്ള വില (ലൈസൻസ് ഫീയും പണിക്കൂലിയും കൈക്കൂലിയും വണ്ടിക്കൂലിയും ലാഭവും ഉൾപ്പെടെ) മാത്രമല്ല, അത് പ്രകൃതിക്കു ചെയ്യുന്ന നാശത്തിന്റെയും വരും തലമുറയുടെ ഓപ്പർചുനിട്ടി കോസ്റ്റും കൂടി ചേർത്തുവേണം കണക്കാക്കാന്‍.

അപ്പോൾ പാറയുടെ വില ഇപ്പോഴത്തേതിന്റെ ഇരട്ടിയോ അതിൽ കൂടുതലോ ആകും. ഈ കൂടുതൽ വരുന്ന പണം ഗവൺമെന്റ് പ്രത്യേക ഫണ്ട്‌ ആയി സ്വരൂപിക്കണം. ആ അധിക തുക നാട്ടുകാര്‍ക്ക് വെള്ളത്തിന്റെ മറ്റു സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും ഇടിച്ചു നിരത്തിയ ഭൂമി തിരിച്ച് പച്ച പിടിപ്പിക്കാനും പിന്നെ പുതിയ തരത്തിലുള്ള നിർമ്മാണ വസ്തുക്കൾ കണ്ടെത്താനും പ്രചരിപ്പിക്കാനും പുതിയ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിൽ നാട്ടുകാർക്ക് പരിശീലനം കൊടുക്കാനും ആയി ചെലവാക്കണം. വില കൂടുമ്പോൾ ആവശ്യം കുറയും, ലഭ്യമായ ചെലവ് കുറഞ്ഞ മറ്റു വസ്തുക്കൾ ഉപയോഗിക്കും. ഇതല്ലാതെ, നമ്മൾ ഇപ്പോൾ ചെയ്യുന്നതു പോലെ ആധുനികമായ നിർമ്മാണ രീതികൾ ഒന്നും പഠിക്കാതെ, തുറന്നു വച്ച മലകളിലെ പ്രകൃതി നാശവും അപകട സാധ്യതയും കുറക്കാൻ ഒന്നും ചെയ്യാതെ, കുന്നുള്ളിടത്തോളം കാലം അതെല്ലാം ഇടിച്ചു പാറ തുരന്നെടുത്ത് കിട്ടിയ വിലക്ക് വിറ്റ് താല്‍ക്കാലിക ലാഭം ഉണ്ടാക്കാം എന്ന് കരുതുന്നത് അടുത്ത തലമുറയോട് ചെയ്യുന്ന പാരയും സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരുമാണ്.

പാറയുടെ വില ശരിയായി നിശ്ചയിക്കുന്നതിൽ മാത്രമല്ല, ഒരു പാറമട നടത്തുന്നതിൽ തന്നെ നമുക്ക് ശാസ്ത്രീയമായി പലതും ചെയ്യാനുണ്ട്. കേരളത്തിലിപ്പോൾ രണ്ടായിരത്തിലധികം പാറമടകളുണ്ട്. ഓരോ പാറമടയും പാറപൊട്ടിക്കൽ തുടങ്ങുന്നതിനു മുൻപ് പരിസ്ഥിതി പഠനം നടത്തണമെന്നാണ് നിയമം. ഓരോ പാറമടയിലും സ്ഫോടകവസ്തുക്കളുടെ ശേഖരവും ഉപയോഗവുമുണ്ട്. സ്ഫോടകവസ്തുക്കൾ കൂടാതെ തന്നെ അപകടസാധ്യതകൾ അനവധി വേറെയുമുണ്ട്. അപ്പോൾ പാറമടയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് നാലുതരം കാര്യങ്ങളിലെങ്കിലും ആളുകൾക്ക് പ്രത്യേക പരിശീലനം കൊടുക്കേണ്ടതാണ്.

വെളിച്ചവും ഒച്ചയും കമ്പനവും കുറക്കുന്നത് ഉൾപ്പടെയുള്ള പരിസ്ഥിതി സംരക്ഷണം.
സ്ഫോടകവസ്തുക്കളുടെ ശേഖരണവും ഉപയോഗവും.
തൊഴിലാളികളുടെയും പരിസരവാസികളുടെയും ആരോഗ്യ സുരക്ഷ.
ശാസ്ത്രീയമായ പാറമട നിർമ്മാണവും ഉപയോഗവും.

ഇക്കാര്യത്തിലൊന്നിൽ പോലും കേരളത്തിലൊരു പരിശീലനവും ആർക്കും ലഭ്യമാക്കുന്നില്ല. പാറമടയെ പറ്റി പഠിക്കാനോ പഠിപ്പിക്കാനോ ഒരു സ്ഥാപനവും ഇതുവരെ കേരളത്തിൽ ഇല്ല.

‘ഈ ചേട്ടനെക്കൊണ്ട് തോറ്റു , പാറമടക്കും ഇൻസ്റ്റിറ്റ്യൂട്ട് ഒക്കെ വേണോ?’

വേണമല്ലോ?, അങ്ങനെ ഒന്നുണ്ടാക്കുന്ന ആദ്യത്തെ സ്ഥലം ഒന്നുമല്ല കേരളം. കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ മലേഷ്യയിൽ ഒരു അടിപൊളി ‘Institute of Quarrying’ ഉണ്ട്. മുൻ പറഞ്ഞ വിഷയങ്ങളിൽ അനവധി കോഴ്‌സുകളും അവിടെ ഉണ്ട്.

(http://www.iqm.com.my/courses.htm).

ഇങ്ങനെ ഒരു സ്ഥാപനം നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ പാറമടയെപ്പറ്റി പുതിയ നയവും നിയമങ്ങളും വരുമ്പോൾ അതിന്റെ ശരി തെറ്റുകൾ അവരോട് ചോദിക്കാമല്ലോ. അല്ലെങ്കിൽ പിന്നെ ഓരോ നയവും നിയമവും വരുമ്പോൾ നമ്മുടെ മനസ്സിലെ ധാരണകളും നമ്മുടെ രാഷ്‌ടീയ താല്പര്യങ്ങളും വച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടയില്ലാ വെടി വച്ച് കളിക്കാം എന്നേയുള്ളൂ.

തിരുവനന്തപുരത്ത് സർക്കാർ ഉത്തരവാദിത്തത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഉണ്ട്. അവിടെ പാറമടയെപ്പറ്റി ഒരു രണ്ടാഴ്ച കോഴ്സ് നടത്താവുന്നതേയുള്ളു. കേരളത്തിൽ എഞ്ചിനീയറിംഗ് കോളേജ് മുതൽ ഐ ടി ഐ വരെ സർക്കാരും സ്വകാര്യവുമായി ആയിരത്തോളം സ്ഥാപനങ്ങളുണ്ട്. അവർക്ക് ആർക്ക് വേണമെങ്കിലും പാറമടയിലെ സുരക്ഷയെപ്പറ്റിയോ സ്ഫോടകവസ്തുക്കളെപ്പറ്റിയോ ഒരു ഹ്രസ്വകാല കോഴ്സ് തുടങ്ങാവുന്നതേയുള്ളു.

ഇനിയിപ്പോൾ ക്വാറി മാനേജ്‌മെന്റിൽ പരിശീലനം ലഭിച്ച് ഒരാൾ കേരളത്തിലെത്തി എന്നു തന്നെ കരുതുക. അയാൾക്ക് യാതൊരു ജോലിസാധ്യതയും ഇവിടെയില്ല. പരിസ്ഥിതിയുടെയോ സുരക്ഷയുടെയോ ഭാഗമായി അതുമായി ബന്ധമുള്ള ആരെയെങ്കിലും നിയമിക്കണം എന്ന ഒരു നിർബന്ധവും പാറമടകൾക്കില്ല. നിയമമോ അധികാരികളോ അതിനായി അവരെ നിർബന്ധിക്കുന്നില്ല. പിന്നെയുള്ള ‘മനഃസാക്ഷി’ സാധാരണ കച്ചവടത്തിന്റെ ഭാഗവുമല്ലല്ലോ.

പാറമടക്കാർക്ക് കുറെ സൗജന്യങ്ങൾ അനുവദിച്ച സ്ഥിതിക്ക് ഒരു കാര്യം കൂടി ചെയ്യാമായിരുന്നു. ഓരോ പാറമടയിലും അതിനെപ്പറ്റി ശാസ്ത്രീയമായി പഠിച്ച ഒരാളുണ്ടായിരിക്കണമെന്നത് നിർബന്ധമാക്കുക. അതേസമയം തന്നെ കേരളത്തിൽ പത്തു സ്ഥാപനങ്ങളെങ്കിലും മലേഷ്യയിലെ സ്ഥാപനവുമായി ചേർന്ന് മൂന്നുമാസത്തെ കോഴ്സ് തുടങ്ങുക. അടുത്ത അഞ്ചു വർഷത്തിനകം ഇങ്ങനെ പരിശീലനം നേടിയവർ ഇല്ലാത്ത പാറമടകൾ പൂട്ടുമെന്നും കർശനമാക്കുക. ബാക്കിയെല്ലാം കമ്പോളം നോക്കിക്കൊള്ളും.

Leave a Comment