പൊതു വിഭാഗം

പശു പറ്റിച്ച പണി !

സത്യം പറഞ്ഞാൽ എനിക്കീ പശൂന്ന് പറയുന്ന വർഗ്ഗത്തെത്തന്നെ ഒട്ടും ഇഷ്ടമല്ല. കൃഷിപ്പണി പോലെതന്നെയാണ് പശുപാലനവും. കാലത്തുതന്നെ പശുവിനെ തൊഴുത്തിൽനിന്ന് പുറത്തിറക്കി പുല്ലുള്ള എവിടെയെങ്കിലും കൊണ്ടുപോയി കെട്ടണം. പിന്നെ ഇടക്കിടക്ക് അവിടെനിന്ന് മാറ്റിക്കെട്ടണം. കയറൂരി വിട്ടാൽ പറമ്പിലെ വാഴയും മറ്റു കൃഷികളും നശിപ്പിക്കും. അല്ലെങ്കിൽ കപ്പയുടെ ഇല കടിച്ചുതിന്ന് ചിലപ്പോൾ ചത്തുപോകാനും മതി. ഇടക്ക് പശുവിനെ കുളിപ്പിക്കണം, കൊണ്ടുപോകുന്ന വഴിയിൽ നമ്മെ വലിച്ചുകൊണ്ട് ഓടുന്നതിനാൽ തട്ടിവീഴാതെ നോക്കണം. പശുവിനെ കറക്കുന്ന സമയത്ത് തൊഴിക്കും, അങ്ങനെ ഒരിക്കൽ എന്റെ അമ്മയുടെ കൈയൊടിഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളൊക്കെ സഹിച്ച് രാവിലെ തൊട്ട് വൈകുന്നേരം വരെ പരിപാലിച്ചാലാണ് പിറ്റേന്ന് അല്പം പാല് കിട്ടുന്നത്. പിന്നെ അത് ശങ്കരപ്പിള്ളയുടെയും കൈമളിന്റെയും ചായക്കടയിൽ കൊണ്ടുപോയി കൊടുക്കണം. ഇത്തരം കാര്യങ്ങളിൽ ചിലതൊക്കെ ചെറുപ്പത്തിൽ എന്റെ ഉത്തരവാദിത്തമായിരുന്നു. അതിനാൽ പശു എന്നാൽ പാൽ എന്നല്ല “പണി” എന്നാണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്. ചുമ്മാതല്ല എനിക്ക് പശുവിനെ ഇഷ്ടമല്ലാത്തതെന്ന് മനസ്സിലായല്ലോ.

ഇനിയിപ്പോൾ അതും പറഞ്ഞിരുന്നാൽ പറ്റില്ല. ഇടത്തും വലത്തും ഉള്ളവരൊക്കെ എന്നെ ഗോസംഘത്തിൽ കെട്ടാനുള്ള പുറപ്പാടിലാണ്. അപ്പോൾപ്പിന്നെ ഗോമാതാവിനെപ്പറ്റി കുറച്ചൊക്കെ പഠിച്ചല്ലേ പറ്റൂ?

എനിക്ക് വ്യക്തിപരമായി മാത്രമല്ല, മനുഷ്യവംശത്തിനു തന്നെ പണി തന്ന കഥാപാത്രമാണ് പശു. മനുഷ്യനുണ്ടായിട്ട് ഏതാണ്ട് രണ്ടര ലക്ഷം വർഷങ്ങളായി എന്നാണല്ലോ കണക്കുകൂട്ടൽ. അതിൽ ബഹുഭൂരിഭാഗം സമയത്തും മനുഷ്യൻ ഒറ്റക്കായിരുന്നു. അതായത് പശുവുമില്ല, പട്ടിയുമില്ല കൂട്ടിന്. കൃഷിയോ കൃഷിഭൂമിയോ ഇല്ല. മനുഷ്യന് വേണ്ടതൊക്കെ തന്നെ ചുറ്റുവട്ടത്തുണ്ട്. മരത്തിൽ കയറി കായ് കനികൾ ഭക്ഷിക്കാം, ചെറിയ മൃഗങ്ങളെ ഓടിച്ചിട്ട് പിടിച്ചു തിന്നാം, വലിയ മൃഗങ്ങളെ മഴുവെറിഞ്ഞ് വീഴ്‌ത്തി അതിന്റെ ഇറച്ചിയും തിന്നാം. അന്ന് പിന്നെ നാളെക്കായി ഒന്നും ശേഖരിച്ചുവെക്കുന്ന പതിവില്ലല്ലോ. അന്നന്ന് കിട്ടുന്നത് അന്നന്ന് തിന്ന്, തിന്നത് മുഴുവൻ ദഹിച്ചു തൂറിക്കളയുന്നതു വരെ ഒരു പണിയും എടുക്കില്ല. ദിവസം ശരാശരി നാലു മണിക്കൂറാണത്രേ മനുഷ്യൻ പണിയെടുത്തിരുന്നത്. ബാക്കിയുള്ള മുഴുവൻ സമയവും വിശ്രമത്തിലാണ്. ഈ വിശ്രമം എന്നൊക്കെ പറയുമ്പോൾ ഇപ്പോൾ സിംഹം ഒക്കെ ചെയ്യുന്നതുപോലത്തെ റെസ്റ്റിംഗ് ആണ്. കാരണവർ തണലത്ത് അങ്ങനെയങ്ങ് കിടക്കും, മരുമക്കൾ സിംഹങ്ങളും സഖികളും ചുറ്റിനും കിടക്കും, പയ്യന്മാരും പയ്യത്തികളും സമീപത്ത് കളിച്ചുരസിക്കും. സിംഹികൾക്ക് മൂടാവുന്ന സമയം നോക്കി കാരണവരോടോ മറ്റു ചുള്ളൻ പയ്യന്മാരോടോ ഇണചേരും. ചിലപ്പോൾ ഒരു ദിവസം നൂറു തവണ വരെ! വേറെ പണിയൊന്നുമില്ലല്ലോ? പിന്നെയും റെസ്റ്റ് തന്നെ. മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ ഇത്രയും ആരോഗ്യത്തോടെയും പണിയെടുക്കാതെയും ജീവിച്ചവർ വേറെ ഒരു കാലഘട്ടത്തിലും ഉണ്ടായിരുന്നില്ലത്രേ. ഓർത്തിട്ട് കുളിരു കോരുന്നു !. (ദാ ഇത് കേട്ട് പ്രാകൃത ചികിത്സക്കാരൊക്കെ “ഞങ്ങൾ അപ്പോഴേ പറഞ്ഞില്ലേ” എന്നും പറഞ്ഞു വരരുത് കേട്ടോ. ഒരു മുയലിനെ എങ്കിലും ഓടിച്ചിട്ട് പിടിക്കാൻ വയ്യാത്തവരും ഒരു കരടി ഓടിച്ചാൽ ഓടി രക്ഷപെടാൻ പറ്റാത്തവരും അധിക കാലം ജീവിച്ചിരുന്നില്ല എന്നും ചിന്തിക്കണം കേട്ടോ).

അതിന്റെയിടക്കാണ് പശു വന്ന് മനുഷ്യന്റെ കൂടെ കൂടിയത്. പശുവിനെ മനുഷ്യൻ മെരുക്കിയെടുത്തു എന്നൊക്കെയാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ സത്യം അതല്ല. പശുവാണ് മനുഷ്യനെ ലൈനടിച്ച് വീഴ്‌ത്തിയത്. പശു വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. പണ്ടൊന്നും ആർക്കും സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല, പക്ഷെ പശു വന്നതോടെ സ്വകാര്യ സമ്പാദ്യമായി, എന്റേതും നിന്റേതും ആയി. നാലു മണിക്കൂർ പണിയും നാൽപ്പതു വട്ടം ലൈംഗികവുമായി നടന്ന മനുഷ്യൻ പിന്നീടങ്ങോട്ട് ഊണും ഉറക്കവുമുപേക്ഷിച്ച് പശുവിന്റെ എണ്ണം കൂട്ടാൻ പശുപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കായബലം കുറഞ്ഞവനെക്കൊണ്ട് പശുപാലനം നടത്തിച്ചാൽ കൈയൂക്കുള്ളവന് ചുമ്മാതിരുന്ന് പാലും കുടിക്കാം പെണ്ണും പിടിക്കാം എന്ന് മനസ്സിലാക്കിയതോടെ ഉടമകളും അടിമകളും ഉണ്ടായി. അധ്വാനിച്ച് പശുവിനെ സമ്പാദിച്ച സമൂഹത്തിൽ നിന്നും പണിയെടുക്കാതെ പശുവിനെ സ്വന്തമാക്കാനായി “cattle battle” ഉണ്ടായി, യുദ്ധമുണ്ടായി, രാജ്യമുണ്ടായി. എന്തിനേറെ പറയുന്നു, സുഖമായി മരത്തിനടിയിൽ സഖിയെയും കെട്ടിപ്പിടിച്ച്, കളിക്കുന്ന കുട്ടികളെയും കണ്ട്, അടുത്ത മരത്തിന്റെ തണലിൽ (നഗ്നയായി) കിടക്കുന്ന മറ്റ് സഖികളെ ഒളികണ്ണാൽ നോക്കിക്കിടന്ന മനുഷ്യൻ, ഇപ്പോൾ അതിരാവിലെ എണീറ്റ് കുളിച്ച് വേഷമിട്ട് നടന്നു പോയി ട്രെയിൻ പിടിച്ച് ഷെയർ ട്രേഡിങ്ങ് പോലെ അർത്ഥശൂന്യമായ തൊഴിൽ ചെയ്ത് തളർന്ന് തിരിച്ച് ട്രെയിൻ പിടിച്ച് വീട്ടിലെത്തുന്നു. കുട്ടികൾ അപ്പോഴേക്കും ഉറങ്ങിയിട്ടുണ്ടാകും, സഖിയുടെ അടുത്തു പോകാനുള്ള മൂഡോ ഊർജ്ജമോ കാണുകയുമില്ല. എന്നാൽ അടുത്ത വീട്ടിലെ സഖിയെ ഒന്ന് നോക്കാമെന്നു വെച്ചാൽ അതുമതി കുടുംബകലഹത്തിന്. അപ്പോൾപ്പിന്നെ ചുമ്മാ കട്ടിലിൽ കിടന്നുറങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല. പതിനായിരം വർഷങ്ങൾക്ക് മുൻപ് വെങ്ങോലയിൽ ജീവിച്ച എന്റെ പൂർവ്വികർ ഇപ്പോൾ മുംബെയിൽ ജീവിക്കുന്ന എന്റെ ബന്ധുക്കളെ കാണാനിടയായാൽ മൂക്കത്ത് വിരൽ വെച്ചേക്കും ‘ഈ പിള്ളേർക്ക് ഇതെന്തു പറ്റി’ എന്നോർത്ത്. എന്തു പറയാനാ അപ്പൂപ്പാ, ഒരു പശു പറ്റിച്ച പണിയാണ്.

എന്റെ കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ പശുവിനോടുള്ള ദേഷ്യം എല്ലാവർക്കും ഇല്ല കേട്ടോ. ലോകത്ത് ഏറെ സ്ഥലങ്ങളിലും ഇപ്പോഴും പശു എന്നാൽ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ആകാശവും ഭൂമിയുമായി ദൈവം (Nghai) പ്രപഞ്ചത്തെ രണ്ടായി തിരിച്ചപ്പോൾ ആലിന്റെ വേരിലൂടെ ലോകത്തുള്ള പശുക്കളെ മുഴുവൻ കെട്ടിയിറക്കി തങ്ങൾക്ക് നൽകി എന്നാണ് മസായ് വംശജരുടെ വിശ്വാസം. അതുകൊണ്ടുതന്നെ പശുക്കളെ പരിപാലിക്കുക, അതിന്റെ എണ്ണം വർധിപ്പിക്കുക എന്നതൊക്കെ അവരുടെ കർമ്മമാണെന്ന് അവർ വിശ്വസിക്കുന്നു. പശുവിനെ രക്ഷിക്കാൻ മസായികൾ ഇപ്പോഴും സിംഹത്തോടു പോലും വെറും ഒരു വടിയുമായി ഏറ്റുമുട്ടും, കാരണം പശു അവരുടേതാണ്, അതിനെ പരിപാലിച്ചു വർദ്ധിപിപ്പിക്കേണ്ടത് അവർക്ക് ദൈവം നൽകിയ കർമ്മം ആണ്. അത് കൊണ്ട് തന്നെ മസായി അല്ലാത്തവരുടെ പറമ്പിൽ കയറി പശുവിനെ പിടിച്ചു കൊണ്ട് വരുന്നതിൽ അവർക്ക് ഒരു മനസ്സാക്ഷിക്കുത്തും ഇല്ല, കാരണം ലോകത്തെ എല്ലാ പശുവിന്റെയും അവകാശം അവർക്ക് ദൈവദത്തമാണ്. (മസായിയുടെ അടുത്തുള്ള ഗോത്രക്കാർ അത് കൊണ്ട് പശുവിനെ സ്വന്തം വീടിനുള്ളിലാണ് സൂക്ഷിക്കുന്നത്).

ദക്ഷിണ സുഡാനിലെ മുണ്ടാരി വംശജർക്കും പശു പ്രധാനമാണ്. അവരുടെ ജീവിതം മൊത്തം പശുവിനെ ചുറ്റിപ്പറ്റിയാണ്. രാവിലെ പശുവിന്റെ മൂത്രത്തിൽ തല കഴുകിയാണ് ദിവസം ആരംഭിക്കുന്നത് തന്നെ. പ്രധാന തൊഴിൽ പശുപരിപാലനം. ചാണകവും ഗോമൂത്രവുമെല്ലാം ആചാരങ്ങളിലും ചികിത്സകളിലും പ്രധാന പങ്കുവഹിക്കുന്നു. പശുവിനെ കൊടുത്താലേ പെണ്ണ് കിട്ടു. വരൾച്ചക്കാലത്തൊക്കെ പശു ചത്ത് പോയാൽ ചെറിയ പെൺകുട്ടികളെ കെട്ടിച്ചു കൊടുത്തു പോലും അവർ കുറച്ചു പശുക്കളെ സമ്പാദിക്കും. അടുത്ത ഗ്രാമത്തിൽ പോയി പശുക്കളെ അടിച്ചുമാറ്റുക എന്നത് അവിടെ പതിവാണ്. (ഈ അടുത്ത രാജ്യത്തെ പശുക്കളെ അടിച്ചു മാറ്റാനുള്ള യുദ്ധം ഇന്ത്യയിലും ഉണ്ടായിരുന്നു കേട്ടോ. കർണ്ണനും കൗരവരും ഒക്കെ ഇങ്ങനെ പശു യുദ്ധത്തിന് വിരാടരാജ്യത്ത് വന്നപ്പോൾ ആണ് ബ്രഹന്നള ആയി അഭിനയിച്ചിരുന്ന അർജുനൻ ഒറ്റക്ക് അവരെ തോൽപ്പിച്ച് ഓടിച്ചത്. മഹാഭാരതത്തിൽ എനിക്ക് വായിച്ചാൽ മതിവരാത്ത ഭാഗങ്ങൾ ആണ് അജ്ഞാതവാസത്തിന്റേത്). കാലത്തിന്റെ മാറ്റം ഉണ്ടെന്നേയുള്ളു, പശു ഒരു യുദ്ധകാരണമാണ് അന്നും ഇന്നും.

പശുക്കളുമായുള്ള ഈ ആത്മബന്ധം ഇന്ത്യയിലും ആഫ്രിക്കയിലും മാത്രമല്ല കേട്ടോ. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്വിറ്റ്സർലാൻഡിലും പാലും പാൽക്കട്ടിയും ഒക്കെത്തന്നെയായിരുന്നു പ്രധാന ഭക്ഷണം. പശു വളർത്തലായിരുന്നു പ്രധാന തൊഴിൽ. ഇപ്പോഴും സ്വിസ് പശുക്കൾ പ്രശസ്തമാണല്ലോ. സ്വിസ് ഗ്രാമങ്ങളിൽ ഇപ്പോഴും വർഷത്തിലൊരിക്കൽ പശു ഫെസ്റ്റിവൽ ഉണ്ട്. വീട്ടിലെ എല്ലാ അംഗങ്ങളും നൂറ്റാണ്ടുകൾക്ക് മുന്നേയുണ്ടായിരുന്ന പരമ്പരാഗത വസ്ത്രങ്ങളുമണിഞ്ഞ് ഒരു പശുവിനെ ഒരുക്കി കഴുത്തിൽ മണിയൊക്കെ കെട്ടി പാൽപ്പാത്രവുമായി നഗരം ചുറ്റും. ഞങ്ങൾ ഒരിക്കൽ ഇത് കാണാൻ പോയി. അവരുടെ പശു പ്രേമത്തെ പറ്റി എഴുതണം എന്നൊക്കെ വിചാരിച്ചിരുന്നപ്പോൾ ആണ് അവർ മൊത്തം ഒരു പശുവിനെ കോലിൽ കുത്തി ഗ്രിൽ ചെയ്യുന്നത് കണ്ടത്. അന്ന് തീർന്നതാ തീരുമേനി…

സ്വിസ് ടെന്നീസ് ചാമ്പ്യനായ റോജർ ഫെഡറർക്കുമുണ്ട് ഒരു പശു. രണ്ടായിരത്തിമൂന്നിൽ ആദ്യമായി ഒരു സ്വിസ്സ്‌കാരൻ വിംബിൾഡൺ നേടിയപ്പോൾ രാജ്യം അദ്ദേഹത്തിന് സമ്മാനമായി നൽകിയത് ഒരു പശുവിനെയാണ്. പിന്നെ അതിന് വയസ്സായി കാലം കഴിഞ്ഞപ്പോൾ രണ്ടായിരത്തി പതിമൂന്നിൽ വീണ്ടും കൊടുത്തു മറ്റൊന്നിനെ. അതിന്റെ ചിത്രം ആണ് താഴെ.അപ്പോൾ ഞാൻ പറഞ്ഞുവരുന്നത് എനിക്ക് ജീവനുള്ള പശുവിനെ അത്ര ഇഷ്ടമല്ലെങ്കിലും പശു സാക്ഷരതയിൽ ഇപ്പോൾ ഞാൻ കേരളത്തിൽ ഒന്നാമനാണ്.

ഒരു ചോദ്യം ബാക്കി, എന്നെ എപ്പോഴാണ് തൊഴുത്തിൽ കയറ്റുന്നത്?

http://www.dailymail.co.uk/…/The-fascinating-tribe-uses-cow…
https://scontent.fdel1-2.fna.fbcdn.net/v/t1.0-9/20479788_10212517368464553_5600084788259194683_n.jpg?oh=88783180d3b755db80c540d3cf67c56a&oe=59F0E544

Leave a Comment