ഒരിക്കലെങ്കിലും വിമാനം കണ്ടിട്ടുള്ള എല്ലാവരുടെയും ഒരു സ്വപ്നമാണ് പൈലറ്റ് ആവുക എന്നുള്ളത്. കുറച്ചു പേരെങ്കിലും ആ സ്വപ്നത്തിന്റെ പുറകെ പോകും. ഇപ്പോഴും എനിക്ക് അനവധി കുട്ടികൾ എങ്ങനെയാണ് പൈലറ്റ് ആകുന്നതെന്ന് ചോദിച്ച് കത്തയക്കാറുണ്ട്. പക്ഷെ അതിൽ നിന്നും പിന്തിരിപ്പിക്കാറാണ് പതിവ്. അതിന് പല കാരണങ്ങൾ ഉണ്ട്.
1. പൈലറ്റ് എന്നത് വാസ്തവത്തിൽ ഒരു കരിയർ ഒന്നുമല്ല, ഒരു സ്കിൽ ആണ്. ഡ്രൈവിംഗ് പഠിക്കുന്നത് പോലെ അത്യാവശ്യം ആരോഗ്യവും ബുദ്ധിയും ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന ഒന്ന്. ഇപ്പോൾ വലിയ പണച്ചിലവ് ഉള്ളതിനാൽ അധികം പേർ അതിന് പോകാത്തതിനാലാണ് ഇതൊരു സംഭവമാണെന്ന് നമുക്ക് തോന്നുന്നത്.
2 . കേരളത്തിലെ കുട്ടികൾ രണ്ടു തരം പൈലറ്റുമാരെ മാത്രമേ കാണുന്നുള്ളൂ. ഒന്നുങ്കിൽ യാത്രാ വിമാനം പറത്തുന്ന വെളുത്ത ഷർട്ടും തൊപ്പിയും ഉള്ള പൈലറ്റിനെ, അല്ലെങ്കിൽ പടത്തിൽ കാണുന്ന യുദ്ധ വിമാനം പറത്തുന്ന പൈലറ്റിനെ. എന്നാൽ ഞാൻ പറമ്പിൽ പശുവിനെ ഓടിക്കാൻ വേണ്ടി ഹെലികോപ്റ്റർ പറത്തുന്ന പൈലറ്റിനെ വരെ കണ്ടിട്ടുണ്ട്. ആ പണി മോശം ആണെന്നല്ല. വാസ്തവത്തിൽ മനുഷ്യനെ കരയിൽ നിന്നും കടലിലേക്ക് കൊണ്ട് പോകുന്ന ഓയിൽ ഫീൽഡിലെ പൈലറ്റിനേക്കാളും കഴിവ് വേണം ആയിരം പശുവിനെ അൻപത് കിലോമീറ്റെർ ആട്ടിക്കൊണ്ടു പോകാൻ. പക്ഷെ ഇത് ഗ്ളാമർ പണി മാത്രമല്ല എന്ന് പറയാനാണ് ഇത് സൂചിപ്പിച്ചത്.
3. കയ്യിൽ പണം ഉണ്ടെങ്കിൽ ലോകത്ത് അനവധി സ്ഥലത്ത് പൈലറ്റാവാൻ പഠിക്കാം, പക്ഷെ ഓട്ടോ റിക്ഷ ഓടിക്കാൻ പഠിച്ചിട്ടും പണി ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം ഓട്ടോ മേടിച്ച് ജങ്ക്ഷനിൽ പോയി നിൽക്കുന്നത് പോലെയുള്ള പണി ഒന്നും പൈലറ്റുമാർക്ക് പറ്റില്ല. ബാങ്ക് ലോൺ എടുത്ത് ഫിലിപ്പൈൻസിൽ ഒക്കെ പോയി പരിശീലനം നടത്തി ഇപ്പോൾ വീട്ടിൽ ചുമ്മാതിരുന്നു നിരാശരാകുന്ന മലയാളിക്കുട്ടികൾ ഉണ്ട്.
4. ഓട്ടോമേഷൻ ഇല്ലാതാക്കാൻ വലിയ സാധ്യതയുള്ള ഒരു തൊഴിലാണ് പൈലറ്റിന്റേത്. ഇപ്പോൾ ഇതൊരു തൊഴിലായി എടുക്കുന്നത് വലിയ റിസ്ക് ആണ്.
അതുകൊണ്ടുതന്നെ എയർ ഫോഴ്സിലോ വിമാനക്കമ്പനികളിലോ ജോലിക്കു ചേരുകയും അതിന്റെ ഭാഗമായി വിമാനം പറത്താൻ പഠിക്കുകയും ചെയ്യുന്നതല്ലാതെ ആദ്യം പൈലറ്റായി അതിന് ശേഷം തൊഴിൽ അന്വേഷിക്കാം എന്ന് ചിന്തിക്കുന്നത് ഇനി വരുന്ന കാലത്ത് അത്ര നല്ല കാര്യം അല്ല. വേറെ എന്തെങ്കിലും തൊഴിൽ ചെയ്ത് കുറച്ചു കാശുണ്ടാക്കി വേണമെങ്കിൽ ഒരു വിമാനം മേടിക്കുകയും അതോടിക്കുകയും ചെയ്യാമല്ലോ. വെറുതെ പറഞ്ഞതല്ല, ആളോഹരി കണക്കിൽ ഏറ്റവും സ്വകാര്യ വിമാനങ്ങൾ ഉള്ള സ്ഥലമാണ് സ്വിറ്റ്സർലൻഡ്, ഒരു പുതിയ കാറിന്റെ വിലയില്ല പഴയ വിമാനത്തിന്.
ഒരു പശുപാലൻ പൈലറ്റിന്റെ വീഡിയോ കാണൂ
Leave a Comment