പത്തുവർഷം വടക്കേ ഇന്ത്യയിൽ ജീവിച്ചിട്ടും എനിക്ക് ഒട്ടും യോജിക്കാൻ കഴിയാത്ത ഒരു ആഘോഷമാണ് ഹോളി. ഇതിന് രണ്ടു കാരണങ്ങളുണ്ട്.
ഒന്നാമത് നമ്മുടെ പ്രൈവറ്റ് സ്പേസിലേക്ക് മറ്റുള്ളവർ കടന്നു കയറുന്ന ഒന്നാണ്. ഒരാഘോഷത്തിന്റെ പേരിൽ വഴിയേ പോകുന്നവരെ അവരുടെ ഇഷ്ടമോ സമ്മതമോ കൂടാതെ കളറടിച്ചു വിടുന്ന പരിപാടിയോട് എനിക്ക് ഒരിക്കലും യോജിക്കാൻ പറ്റിയിട്ടില്ല. കാൺപൂരിലും നാഗ്‌പൂരിലും ബോംബെയിലുമെല്ലാം ഹോളിയുടെ ദിവസം മുറിയിൽ അടച്ചിരിക്കുകയായിരുന്നു പതിവ്.
ഹോളി ഇഷ്ടമല്ലാത്തതിന് കൂടുതൽ വ്യക്തിപരമായ മറ്റൊരു കാരണം കൂടിയുണ്ട്. ഹോളി ആഘോഷം ആദ്യമായി നേരിട്ട് കാണുന്നത് കാൺപൂരിൽ ചെന്ന വർഷമാണ്. മാർച്ച് മാസത്തിലാണെങ്കിലും അല്പം തണുപ്പൊക്കെ ഉണ്ട്. രാവിലെ ഒരു സ്വെറ്ററുമിട്ട് മുണ്ടുമുടുത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന എന്നെ മെസ്സിലെ ജീവനക്കാരും മറ്റുള്ളവരും കൂടി എടുത്തു പൊക്കി കളർ കലക്കിയ ഒരു ടാങ്കിലേക്ക് ഇട്ടു. മെസ്സിൽ ഭക്ഷണം കഴിക്കാൻ വരുന്നവരെയെല്ലാമെടുത്ത് ഒന്നൊന്നായി ടാങ്കിലേക്ക് ഇടുന്നു, അവർ അതിനുള്ളിൽ പരസ്പരം വെള്ളം തേകി കളിക്കുന്നു. ടാങ്കിന് പുറത്തു വരുന്നവർ പിന്നീട് വരുന്നവരെ വെള്ളത്തിലെടുത്തിടാൻ കൂടുന്നു. ഇതാണ് രീതി.
ആളുകളെ കുറെയേറെ വെള്ളം കുടിപ്പിച്ചതിന് ശേഷം കയറിവരുന്പോൾ വലിയൊരു ചെന്പിൽ എന്തോ കലക്കി വച്ചിട്ടുണ്ട്. ബദാം മിൽക്ക് ആണെന്നാണ് പറഞ്ഞത്. എനിക്കാണെങ്കിൽ ഈ പാല് പണ്ടേ അലർജിയാണ്. അതുകൊണ്ട് അത് കുടിച്ചില്ല.
പിന്നെ ബ്രേക്ക് ഫാസ്റ്റിന് അന്ന് ജിലേബിയും തൈരുമാണ് വിഭവങ്ങൾ. എനിക്കീ ജിലേബി ബ്രേക്ക് ഫെസ്റ്റിന് കഴിക്കുന്നത് ചിന്തിക്കാൻ കൂടി വയ്യ!.
അതൊക്കെ കഴിഞ്ഞു പുറത്തിറങ്ങുന്പോൾ ആണ് ഞാൻ ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിയുന്നത്, അന്നേ ദിവസം പിന്നെ മെസ്സ് ഇല്ല !
കുട്ടികളെല്ലാം ഹോസ്റ്റലിലെ ആഘോഷം കഴിഞ്ഞാൽ നേരെ ലേഡീസ് ഹോസ്റ്റലിലേക്ക് പോകും, അതും കഴിഞ്ഞാൽ പിന്നെ പ്രൊഫസർമാരുടെ വീട്ടിലേക്ക്. അവരുടെ വീട്ടിൽ (പെൺ) കുട്ടികളുമായി ഹോളി കളിക്കാം. അവിടെ നിന്നും സ്വീറ്റ്‌സ് കിട്ടും.
സീനിയേഴ്സിന് ഹോളിദിവസം രാവിലെ കഴിഞ്ഞാൽ മെസ്സ് ഇല്ല എന്നറിയാമായതിനാൽ അവർ റൂമിൽ ബ്രെഡും പഴവും ഒക്കെ വാങ്ങിവെച്ചിട്ടുണ്ട്. എനിക്ക് അതുമില്ല.
കാന്പസിന് പുറത്തിറങ്ങിയാൽ ചിലപ്പോൾ ഭക്ഷണം കിട്ടിയേക്കാം, പക്ഷെ കാൺപൂരിലെ ഹോളി അല്പം വയലന്റ് മോഡിലാണ്. ഓരോ വർഷം ഹോളി കഴിയുന്പോഴും അടിപിടി ഉണ്ടാകും ആരെങ്കിലുമൊക്കെ കൊല്ലപ്പെടുകയും ചെയ്യും. അതുകൊണ്ട് ആ കളി വേണ്ട.
അങ്ങനെ രാവിലെ ജിലേബി മാത്രം കഴിച്ച് ബാക്കി പട്ടിണി ആയതാണ് ആദ്യത്തെ ഹോളി ഓർമ. അന്ന് തീർന്നതാ തീരുമേനി ഈ ഹോളിയോടുള്ള ഇഷ്ടം.
പിൽക്കാലത്ത് ഞാൻ എം ടെക് ചെയ്യുന്ന മുരളിയിൽ നിന്നും പി എച്ച് ഡി ചെയ്യുന്ന മുരളി ചേട്ടനും സീനിയർ സിറ്റിസണും ദാദയും ഒക്കെ ആയിക്കഴിഞ്ഞപ്പോൾ കുറച്ചു പേർക്കുള്ള ഭക്ഷണം എപ്പോഴും റൂമിൽ ഉണ്ടാകും, ബ്രേക്ക് ഫാസ്റ്റിന് പോലും മെസ്സിലേക്ക് പോകില്ല. മെസ്സിൽ പോയവരും പോകാത്തവരും എന്റെ മുറിയിൽ ഒത്തുകൂടി കൊച്ചു വർത്തമാനം പറഞ്ഞിരിക്കും.
അങ്ങനെ ഒരു ഹോളിയുടെ സമയത്താണ് എന്റെ ക്ലസ്സ്മേറ്റ് ആയ ശിവരാമൻ ഓടിക്കിതച്ച് വരുന്നത്, “മുരളി എനിക്കൊരു ട്രങ്ക് കോൾ ചെയ്യണം.”
ഇപ്പോഴത്തെ കുട്ടികൾക്ക് ട്രങ്ക് കോൾ എന്താണെന്ന് ഐഡിയ ഉണ്ടാകില്ല. 1990 കൾ വരെ ടെലിഫോൺ എന്നത് വലിയൊരു കിട്ടാക്കനി ആയിരുന്നു. ഒരു ഫോൺ കണക്ഷൻ കിട്ടണമെങ്കിൽ റെക്കമെൻഡേഷന്റെ പുറത്ത് പത്തു വർഷം വൈറ്റിംഗ് ലിസ്റ്റും ഉണ്ടായിരുന്നു. എങ്ങനെയും ഒരു ഫോൺ കിട്ടിയിട്ടും കാര്യമില്ല, അടുത്ത ജില്ലയിലേക്ക് വിളിക്കണമെങ്കിൽ പോലും ബുക്ക് ചെയ്ത് കാത്തിരിക്കണം. ചിലപ്പോൾ ഒരു ദിവസം, ചിലപ്പോൾ ഒരു ദിവസം മുഴുവൻ ഇരുന്നാലും കിട്ടിയെന്ന് വരില്ല. തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കാൻ ഞാൻ ആറുമണിക്കൂർ പെരുന്പാവൂരിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ കുത്തിയിരുന്നിട്ടുണ്ട്. അതൊരു കാലം.
ഐ ഐ ടി യിൽ എത്തിയപ്പോൾ പോലും ഫോൺ വിളികൾ അത്ര എളുപ്പമല്ല. എന്റെ അമ്മാവൻ മരിച്ചപ്പോൾ എനിക്ക് ടെലിഗ്രാമാണ് വന്നത്, അതും രണ്ടു ദിവസം കഴിഞ്ഞപ്പോൾ !. ആ കാലത്ത് ഫോൺ ചെയ്യുക എന്ന് പറഞ്ഞാൽ എന്തെങ്കിലും വലിയ ആപത്തുണ്ടായി എന്ന് തന്നെയാണ് അർത്ഥം. പക്ഷെ അന്നും ഇന്നത്തെ പോലെതന്നെ ഞാൻ നെറ്റ്‌വർക്കിന്റെ ആളാണ്. അവിടുത്തെ ഫോൺ എക്സ്ചേഞ്ചിലും ചില ബന്ധങ്ങൾ ഒക്കെയുണ്ട്. പകലോ രാത്രിയോ എവിടെയും എപ്പോഴും ഫോൺ ചെയ്യാൻ എനിക്ക് സാധിക്കും. അതുകൊണ്ടാണ് ശിവരാമൻ എന്നെത്തേടി എത്തിയത്.
“എന്ത് പറ്റി ശിവരാമാ?”
“എനിക്ക് അത്യാവശ്യമായി ശൃംഗേരി മഠത്തിലേക്ക് ഒന്ന് വിളിക്കണം”
തിരുവനന്തപുറത്തുനിന്നുള്ള ഒരു തമിഴ് ബ്രാഹ്മണനാണ് ശിവരാമൻ. സാത്വികൻ ആണ്, സുഹൃത്താണ്.
“നമ്മുടെ ശങ്കരസുബ്രമണ്യത്തിന് വെളിപാട് ഉണ്ടായിട്ടുണ്ട്, അദ്ദേഹം അടുത്ത ശങ്കരാചാര്യരാണെന്ന് പറയുന്നു. ഇക്കാര്യം മഠത്തിൽ മൂത്ത ആചാര്യരെ ഒന്ന് വിളിച്ചറിയിക്കണം.”
കൊട്ടാരം വിട്ടിറങ്ങി ബോധോദയം ഉണ്ടായ ശ്രീബുദ്ധന്റെ കഥ പഠിച്ചിട്ടുണ്ട്. എന്നാൽ നാലാം ക്ലാസിൽ വെച്ചേ ദൈവ വിശ്വാസം പോയ ആളാണ് ഞാൻ. അപ്പോൾ ഈ ബോധോദയത്തിലൊന്നും എനിക്ക് ഒരു വിശ്വാസവുമില്ല.
“അയാൾ വല്ല ഭാംഗും അടിച്ചുകാണും” അതായിരുന്നു എന്റെ ആദ്യത്തെ പ്രതികരണം.
അതിന് ഒരു കാരണമുണ്ട്. ഹോളിയുടെ അന്ന് മെസ്സിനുള്ളിൽ ചെന്പിലുണ്ടായിരുന്ന ബദാം മിൽക്ക് ഭാംഗ് കലക്കിയിരുന്നതാണെന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിയിരുന്നു. രാവിലെ മുതൽ വൈകീട്ട് വരെ ഹോളി കളിച്ചു നടക്കാനും രാത്രി ഭക്ഷണം കഴിക്കാതിരിക്കാനും ധൈര്യം പകരുന്നത് ആ ബദാം മിൽക്ക് ആണെന്നും എനിക്കപ്പോൾ അറിയാം.
“പോടാ, നിനക്ക് ശങ്കര സുബ്രഹ്മണ്യത്തെ അറിയില്ലേ ?”
ശരിയാണ്, എനിക്ക് ശങ്കര സുബ്രഹ്മണ്യത്തെ ശരിക്കറിയാം. തമിഴ് നാട്ടുകാരൻ, കണക്കിൽ മിടുക്കൻ, ശാന്ത ശീലൻ, പക്കാ വെജിറ്റേറിയനും. ഒരിക്കൽ ഐ ഐ ടി മെസ്സിൽ മാഗി നൂഡിൽസ് ഉണ്ടാക്കി. എല്ലാവരും സന്തോഷത്തോടെ കഴിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ആരോ അദ്ദേഹത്തോട് പറഞ്ഞു, “മാഗി നൂഡിൽസിന്റെ മസാലയിൽ ബീഫിന്റെ കൊഴുപ്പുണ്ട്”.
അത് കേട്ടതും ശങ്കര സുബ്രഹ്മണ്യം ഛർദ്ദിക്കാൻ തുടങ്ങി. അന്ന് കഴിച്ചതും തലേന്നത്തേതും കടന്ന് മൂന്നു ദിവസം പഴയ നൂഡിൽസ് വരെ പുറത്തെത്തിച്ചേ അദ്ദേഹം ഛർദ്ദിൽ നിർത്തിയുള്ളൂ. പിന്നീട് അദ്ദേഹത്തിന്റെ എതിർപ്പിനെ തുടർന്ന് മെസ്സിലെ മാഗി മെനു നിറുത്തലാക്കിയിരുന്നു.
ആ ശങ്കര സുബ്രമണ്യത്തെയാണ് ഞാൻ ഭാംഗ് കുടിക്കാരനാക്കിയത്. ശിവരാമനും എന്റെ കൂടെ ഉണ്ടായിരുന്നവർക്കും ദേഷ്യം വന്നു.
“എന്താണെങ്കിലും നമുക്ക് ഒന്ന് പോയി നോക്കാം, വേസ്റ്റ്” എന്റെ സുഹൃത്തായ തോമാച്ചൻ പറഞ്ഞു. (പരിചയമില്ലത്തവർക്ക് വേസ്റ്റ് എന്നത് എന്റെ ഐ ഐ ടി യിലെ വിളിപ്പേരാണ്.
ഞാൻ അന്ന് B ബ്ളോക്കിലാണ്, അവിടെ നിന്നും ദൂരെയുള്ള E ബ്ളോക്കിലാണ് ശങ്കരസുബ്രഹ്മണ്യത്തിന്റെ റൂം.
ഐ ഐ ടി യിലെ ഹോസ്റ്റലിൽ സിംഗിൾ റൂമും ഡബിൾ റൂമും ഉണ്ട്. പക്ഷെ എല്ലാ റൂമിലും ഒരാൾ മാത്രമേ ഉള്ളൂ. എന്റെ മുറി ഒരു ഡബിൾ റൂം ആയിരുന്നു, അതുകൊണ്ടാണ് സുഹൃത്തുക്കളെല്ലാം അവിടെ വരുന്നത്. ശങ്കരസുബ്രമണ്യത്തിന്റെ മുറിയും ഡബിൾ റൂമാണ്.
ഞങ്ങൾ ചെല്ലുന്പോൾ റൂമിന്റെ നടുക്ക് ഒരു കട്ടിലിൽ ശുഭ്രവസ്ത്രധാരിയായി കുറിയൊക്കെ തൊട്ട് ശങ്കരൻ ഇരിക്കുന്നു.
മുറിയിൽ ആരോ ചന്ദനത്തിരി കത്തിച്ചുവെച്ചിട്ടുണ്ട്.
മുറിയിൽ കണ്ട മറ്റൊരു കാഴ്ച എന്നെ അതിശയിപ്പിച്ചു.
മുറി നിറയെ ആളുകളാണ്, അവരെല്ലാം നിലത്താണ് ഇരിക്കുന്നത്. ശങ്കരസുബ്രഹ്മണ്യം സംസ്‌കൃതത്തിലാണ് സംസാരിക്കുന്നത്. ശ്ലോകം ചൊല്ലി അർത്ഥം പറയുകയാണെന്ന് തോന്നി. കർണ്ണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവരും അവിടെയുണ്ട്.
പക്ഷെ എന്നെ അതിശയിപ്പിച്ചത് അതല്ല.
ഐ ഐ ടി യിലെ തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പല അധ്യാപകരും താഴെ ആ മുറിയിൽ നിലത്തിരിപ്പുണ്ട്, തൊഴുകൈകളോടെ. മുകളിൽ കട്ടിലിൽ അക്ഷോഭ്യനായി ശങ്കരസുബ്രമണ്യൻ !
“എടാ, ഇവനെന്തോ കിട്ടിയിട്ടുണ്ട്” തോമാച്ചൻ പറഞ്ഞു.
“ഒവ്വ, ഇത് ഭാംഗ് തന്നെ, വൈകുന്നേരം ആകുന്പോൾ കെട്ടിറങ്ങിക്കോളും.” ഞാൻ പറഞ്ഞു.
ഇപ്പോൾ തോമാച്ചനും ശിവരാമനും എനിക്കെതിരായി.
“നിനക്ക് ഹോളിയുടെ സമയത്ത് പുറത്തിറങ്ങാൻ പേടിയാണ്” തോമാച്ചൻ പറഞ്ഞു.
“പോടാ മൈ (അല്ലെങ്കിൽ വേണ്ട, മത്തങ്ങാത്തലയാ, ഐ ഐ ടി യിൽ പഠിക്കുന്ന കാലത്ത് കിലുക്കം ഇറങ്ങിയിട്ടില്ല) എന്നാൽ അങ്ങനെ. അവിടെ പ്രൊഫസർമാർ ഉണ്ടല്ലോ, അവരുടെ വീട്ടിൽ ഫോണില്ലേ, വേണമെങ്കിൽ അവർ പോയി വിളിക്കട്ടെ.”
ഞാൻ സ്ഥലം വിട്ടു. ശിവരാമൻ മറ്റാരുടെയെങ്കിലും സേവ പിടിച്ച് ട്രങ്ക് കോൾ വിളിച്ചോ?, അതോ ഏതെങ്കിലും പ്രൊഫസർ നേരിട്ട് ശൃംഗേരിയിലേക്ക് വിളിച്ചോ എന്നൊന്നും എനിക്കറിയില്ല. ഞാൻ അന്വേഷിച്ചുമില്ല.
വൈകിട്ട് എട്ടുമണിക്ക് ശിവരാമൻ എന്റെ മുറിയിൽ എത്തി. അല്പം ചമ്മിയ മുഖമാണ്.
“എന്ത് പറ്റി രമണാ?”
“എടാ അത് ഭാംഗ് ആയിരുന്നു”
“അതെങ്ങനെ മനസ്സിലായി”
“ശ്ലോകവും ഭാഷ്യവും പറഞ്ഞു കട്ടിലിൽ ഇരുന്ന ശങ്കരസുബ്രഹ്മണ്യം പെട്ടെന്ന് കട്ടിലിൽ കമിഴ്ന്നു കിടന്ന് കട്ടിലിനെ വട്ടം പിടിച്ച്, സംസ്‌കൃതം ഒക്കെ കളഞ്ഞ് ഐ ആം ഫ്ലയിങ്ങ്, ഐ ആം ഫ്ലയിങ്ങ് എന്ന് ഉറക്കെ പറഞ്ഞു. ശ്ലോകങ്ങൾ അവസാനിച്ചതോടെ സീൻ ശോകമായി.”
കുറച്ചുനാളെങ്കിലും വടക്കേ ഇന്ത്യയിൽ താമസിച്ച് ചപ്പാത്തി കഴിച്ചവർക്കൊക്കെ കാര്യത്തിന്റെ കിടപ്പ് പിടികിട്ടി. ശങ്കര സുബ്രഹ്മണ്യത്തിന്റെ കിടപ്പ് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.
പ്രൊഫസർമാർ സ്ഥലം വിട്ടു, കൂട്ടുകാരും.
പുതിയ ശങ്കരാചാര്യരുടെ ഉദയവും നോക്കിയിരുന്ന ശിവരാമൻ തലയും കുന്പിട്ട് ഞങ്ങളുടെ അടുത്തേക്കും വന്നു.
രണ്ടു ദിവസം കഴിഞ്ഞ് ശങ്കരസുബ്രഹ്മണ്യം ആചാര്യപദവിയിൽ നിന്നും താഴെ ഇറങ്ങി വന്നപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
ഹോളി ദിവസം പതിവ് പോലെ ബ്രേക്ക് ഫാസ്റ്റിന് എത്തിയതാണ് ശങ്കരൻ. മെസ്സിലെ ജോലിക്കാർ അദ്ദേഹത്തെ വെള്ളത്തിൽ തള്ളിയിട്ടു. പുറത്തെത്തിയ അദ്ദേഹത്തെ ബദാം മിൽക്കിന്റെ ചെന്പ് കാണിച്ചു കൊടുത്തു.
സാധാരണയായി ഞങ്ങൾക്ക് ദിവസവും ഒരു ഗ്ലാസ് പാലാണ് തരുന്നത്. പക്ഷെ ചെന്പിൽ നിറയെ ബദാം മിൽക്ക് കിടക്കുന്നത് കണ്ട ശങ്കരസുബ്രമണ്യത്തിന്റെ കൺട്രോൾ പോയി. ഒന്നിന് പകരം രണ്ടോ മൂന്നോ നാലോ ഗ്ലാസ്സ് അകത്താക്കി. മെസ്സിലെ ജോലിക്കാരൊന്നും ഈ ബദാം മിൽക്ക് ഓവർ ആക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞുകൊടുത്തുമില്ല.
വെറുതെയിരുന്ന ശങ്കരനിൽ അങ്ങനെ ആചാര്യൻ പിറന്നു, കുറച്ചു കഴിഞ്ഞപ്പോൾ പറന്നു. അത്രേ ഉള്ളൂ കാര്യം.
കാള പെറ്റു എന്ന് കേട്ടാലുടൻ ട്രങ്ക് കോൾ വിളിക്കരുതെന്ന് ഗുണപാഠം !
മുരളി തുമ്മാരുകുടി
Leave a Comment