പൊതു വിഭാഗം

പത്രപ്രവർത്തകനായ ഒരു സുഹൃത്ത്!

ഡെക്കാൻ ക്രോണിക്കിളിലെ ജേർണലിസ്റ്റ് ആയ ശ്രീ കെ ജെ ജേക്കബിനെ (KJ Jacob) ഞാൻ പരിചയപ്പെട്ടിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. ഞാൻ വായിക്കാറുള്ള പത്രമല്ല ഡി സി, അതുകൊണ്ടായിരിക്കണം ശ്രദ്ധിക്കാതെ പോയത്. ഫേസ്ബുക്കിലെ എഴുത്തിലൂടെയാണ് ശ്രദ്ധിച്ചു തുടങ്ങുന്നത്. ഒരിക്കൽ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു. ഇപ്പോൾ അദ്ദേഹം എഴുതുന്ന കാര്യങ്ങൾ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്.
ഒന്നാമത് സമൂഹം ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ ശക്തമായ എഴുത്താണ്. പോലീസ് അതിക്രമങ്ങൾക്കെതിരെ തുടർച്ചയായും നന്നായും എഴുതും. ആരെയും പേടിയില്ലാതെ വിമർശിക്കും.
 
രണ്ടാമത് എഴുതുന്ന കാര്യത്തിൽ വസ്തുതകൾ ഉണ്ടെങ്കിൽ അവ നന്നായി പഠിച്ചിട്ടുണ്ടാകും. മൂന്നാമത് സമീപകാല ഇന്ത്യൻ / കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. പറയുന്ന അഭിപ്രായങ്ങൾ അന്നന്നത്തെ ഫാഷനായി പറയുന്നതല്ല, വസ്തുതകളുടേയും ചരിത്രത്തിന്റെയും പിൻബലത്തിലാണ്.
 
എൻറെ വായനക്കാരിൽ ഇദ്ദേഹത്തെ ഫോളോ ചെയ്യാത്തവരുണ്ടെങ്കിൽ തീർച്ചയായും ചെയ്യണം. ഞാൻ ഇങ്ങനെ ആളുകളെ ഫോളോ ചെയ്യാൻ പറയുന്പോൾ അവരുമായി എല്ലാ കാര്യത്തിലും എനിക്ക് അഭിപ്രായ ഐക്യമുണ്ടെന്ന് കരുതരുത്. വാസ്തവത്തിൽ എല്ലാ കാര്യത്തിലും അഭിപ്രായ ഐക്യമുള്ളവരെ ചുറ്റും കിട്ടിയിട്ട് എന്ത് കാര്യം? നമ്മളുമായി എപ്പോഴും യോജിക്കാത്ത അഭിപ്രായമുള്ളവരെയാണ് നാം ഫേസ്ബുക്കിൽ ചുറ്റും കൂട്ടേണ്ടത്. കാരണം അവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നമുക്ക് വായിക്കാമെന്നത് മാത്രമല്ല, നമ്മൾ ഇഷ്ടപ്പെടുന്ന അഭിപ്രായങ്ങൾ മാത്രമുള്ളവരെ നമ്മൾ ഫോളോ ചെയ്താൽ ഫേസ്ബുക്കിന്റെ അൽഗോരിതം നമ്മെ പതുക്കെപ്പതുക്കെ ഒരു കുമിളക്കുള്ളിൽ ആക്കും. നമ്മൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന് നമുക്ക് തോന്നാൻ തുടങ്ങും. അതുകൊണ്ടു തന്നെ ജേക്കബിന്റെ അഭിപ്രായങ്ങൾ പൊതുവെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും അദ്ദേഹത്തെ ഫോളോ ചെയ്യുന്നത് നല്ലതാണ്. ഒരു ഡൈവേഴ്സിറ്റി ആരാണ് ആഗ്രഹിക്കാത്തത്?
 
ഇതാണ് പ്രൊഫൈൽ. KJ Jacob
 
മുരളി തുമ്മാരുകുടി

Leave a Comment