പൊതു വിഭാഗം

പത്താമത്തെ കുട്ടി…

എന്റെ ‘അമ്മ പത്തു പ്രസവിച്ചതാണ്, പത്തും വീട്ടിൽ തന്നെയായിരുന്നു. സഹായത്തിന് ഒരു വയറ്റാട്ടി മാത്രം. എന്റെ അനിയനെ പ്രസവിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, സ്‌കൂളിൽ പോകാൻ വേണ്ടി ചേച്ചിമാരൊക്കെ കുളിക്കാൻ പോകുന്ന സമയത്താണ് വയറ്റാട്ടി വന്നത്, അവർ കുളി കഴിഞ്ഞു വന്നപ്പോഴേക്കും പുതിയ വാവ ഉണ്ടായിരുന്നു. തലേന്ന് വരെ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയത്, പിറ്റേന്നും.

മാതൃഭൂമിയിൽ പ്രസവാനന്ദം എന്ന ലേഖനം വായിച്ചപ്പോൾ ഓർത്തതാണ്. പഴമയെ പുകഴ്‌ത്തിപ്പാടുന്നത് എന്നും നാട്ടുനടപ്പാണ്. പഴയ കാലം ഇപ്പോഴത്തേക്കാൾ നല്ലതായിരുന്നുവെന്നും നന്മ നിറഞ്ഞതായിരുന്നുവെന്നും പറയുന്നത് എല്ലാക്കാലത്തും ഫാഷൻ ആണ്. എനിക്കും വേണമെങ്കിൽ അങ്ങനെ പറയാം, ഇതിന് ഒടുക്കത്തെ മാർക്കറ്റാണ് വിദ്യാഭ്യാസമുള്ളവരുടെ ഇടയിൽ പോലും. യാതൊരു തെളിവും ഇല്ലെങ്കിലും അത് വിശ്വസിക്കാനാണ് ഭൂരിഭാഗം പേർക്കും ഇഷ്ടം. അതിൽ അല്പം മതവും പാരമ്പര്യവും കൂടി മിക്സ് ചെയ്‌താൽ കൂടുതൽ ജോറാവും. പ്രസവം ഒരു രോഗം അല്ല എന്നും വീട്ടിൽ പ്രസവിച്ചാൽ ഒരു കുഴപ്പവും ഇല്ല എന്നും ഒക്കെ പറഞ്ഞാൽ അതിനും മാർക്കറ്റ് കിട്ടി തുടങ്ങിയിരിക്കുന്നു. മരുന്ന് വേണ്ട, വാക്സിൻ വേണ്ട, കാൻസർ ഒരു രോഗമല്ല എന്നൊക്കെ പറയുന്നത് ഈ പ്രാകൃത വാദത്തിന്റെ തുടർച്ചയാണ്.

പ്രസവം സ്വാഭാവികം ആണെന്നത് ശരിയാണ്, മരണവും സ്വാഭാവികം ആണല്ലോ. പത്തു പ്രസവിച്ച എന്റെ അമ്മയുടെ രണ്ടു കുട്ടികൾ ജനിച്ച് അധികനാൾ ജീവിച്ചിരുന്നില്ല. അതായത് പത്തിൽ രണ്ട് ആയിരുന്നു ശിശുമരണ നിരക്ക്. ആ കാലഘട്ടത്തിലെ ഇന്ത്യയിലെ ശരാശരി ശിശുമരണ നിരക്കും അത് തന്നെയായിരുന്നു (ആയിരത്തിന് ഇരുന്നൂറിന് അടുത്ത്). ഇപ്പോൾ കേരളത്തിൽ ഇത് ആയിരത്തിന് പത്തിൽ താഴെ ആയി. പ്രാകൃത രീതികൾ സ്വീകരിച്ച് ‘പ്രസവാനന്ദം’ ഉൾക്കൊണ്ടാണ് നമ്മുടെ നാട്ടിൽ സ്ത്രീകൾ പ്രസവിച്ചിരുന്നതെങ്കിൽ കേരളത്തിൽ ഇപ്പോഴും ശിശു മരണ നിരക്ക്‌ പത്തിന് രണ്ടിൽ തന്നെ നിന്നേനെ. ഇതിൽ സംശയമുണ്ടെങ്കിൽ ഇപ്പോഴും സ്ത്രീകൾ വീടുകളിൽ പ്രസവിക്കുന്ന നാടുകളിലെ കണക്കെടുത്തു നോക്കിയായിൽ മതി. അഫ്ഘാനിസ്ഥാനിയും ഛാഡിലും ഒക്കെ ഇപ്പോഴും ആയിരത്തിൽ നൂറിന് മീതെയാണ് ശിശുമരണ നിരക്ക്. എന്തോ ഭാഗ്യത്തിന് എന്റെ അമ്മ ഈ പ്രാകൃത രീതികളിൽ പെട്ടിട്ടും ജീവനോടെ ബാക്കിയായി. ഒരു ലക്ഷത്തിൽ ആയിരം അമ്മമാർ അക്കാലത്ത് പ്രസവത്തോടെ മരിച്ചിരുന്നു. ഇപ്പോൾ അത് കേരളത്തിൽ ഒരു ലക്ഷത്തിൽ അറുപത്തി ആറായി. പക്ഷെ പ്രസവാനന്ദം അനുഭവിക്കുന്ന നാടുകളിൽ ഇപ്പോഴും മാതൃമരണ നിരക്ക് ഒരു ലക്ഷത്തിൽ ആയിരത്തിനടുത്തോ അതിൽ കൂടുതലോ ആണ്.

ശാസ്ത്രം സാമൂഹ്യ നന്മക്ക് വേണ്ടി ഉപയോഗിച്ചതിലൂടെയും അധികാരം ഏകാധിപധികളിൽ നിന്നും ജനങ്ങളിലേക്ക് പിടിച്ചു മേടിച്ചതിൽ നിന്നും മാത്രമാണ് കേരളത്തിലും ലോകത്തിലും ഇന്ന് കാണുന്ന പുരോഗതി ഉണ്ടായിരിക്കുന്നത്. ഈ പുരോഗതിയുടെ തണലിൽ ഇരുന്ന് നമുക്ക് പഴമയുടെ നന്മയെ അയവിറക്കാം, രാജ ഭരണത്തെപ്പറ്റി ഓർത്ത് കോൾമയിർ കൊള്ളാം, പ്രസവാനന്ദം നഷ്ടപ്പെടുന്നതിനെ ഓർത്ത് നെടുവീപ്പിടാം, വാക്സിൻ ഇല്ലാതിരുന്ന ഒരു ലോകത്തിന്റെ സുഖത്തെപ്പറ്റി പ്രസംഗിക്കാം. പക്ഷെ ഇതിൽ ഏതെങ്കിലും ഒന്നിൽ തിരിച്ചു നടന്നാൽ പണിപാളും, സംശയം വേണ്ട. ഇതിനെല്ലാം ഉദാഹരണങ്ങൾ ചുറ്റും ഉണ്ട്, അവിടുത്തെ ഭരണരീതിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ലഭ്യതയും നോക്കിയാൽ എന്തുകൊണ്ടാണ് ഒഴിവാക്കാവുന്ന ലക്ഷക്കണക്കിന് മാതൃമരണങ്ങളും ശിശുമരണങ്ങളും അവിടെ നടക്കുന്നത് എന്ന് മനസ്സിലാകും.

ഞാൻ ഇഷ്ടപ്പെടുന്ന പുതിയ തലമുറയിലെ പ്രതീക്ഷ ഉള്ള ഒരു പത്രപ്രവർത്തകയാണ് നിലീന Nileena Atholi. അതുകൊണ്ട് തന്നെ ആ കുട്ടി ഇത്തരത്തിൽ, ആശാസ്ത്രീമായ (പഴവർഗ്ഗങ്ങൾ കഴിപ്പിച്ചു ഗർഭം ഉണ്ടാക്കിയ കഥ), സമൂഹത്തിന് മൊത്തവും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകിച്ചും, അപകടകരമായ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയെ പരിചയപ്പെടുത്തിയത് കണ്ടപ്പോൾ വിഷമമായി. ഞാൻ അറിയുന്നിടത്തോളം ഈ തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാളല്ല നിലീന, ഒരു വ്യത്യസ്ത വ്യക്തിത്വത്തെ പരിചയപ്പെടുത്തണം എന്നേ കരുതിക്കാണൂ. പക്ഷെ പ്രാകൃത ചികിത്സയും ജീവിതരീതികളും പ്രോത്സാഹിപ്പിക്കുന്നവർക്ക് ഇതൊക്ക വളമാകും. ഏതെങ്കിലും മണ്ടൻ ഭർത്താവ് ഭാര്യയെ നിർബന്ധിച്ച് ഇതിന് പ്രേരിപ്പിക്കും, ജീവിച്ചിരിക്കേണ്ട കുട്ടിയും അമ്മയും മരിക്കും, ഇതാണിതിന്റെ കുഴപ്പം.
ഒരു കാര്യം കൂടി ഈ അലോപ്പതി എന്ന പ്രയോഗം ശാത്രീയമല്ല ‘modern medicine’ എന്നതാണ് ശരി. Joseph Antony, please make standard protocol on this.
ഈ ‘പണ്ടൊക്കെ എന്തുവാരുന്നു’ എന്ന പുരാണത്തിന്റെ പൊള്ളത്തരം പൊളിച്ചു കാണിച്ച ‘നൂറു വർഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം’ എന്ന എന്റെ ലേഖനം ഒരിക്കൽ കൂടി ഓർക്കാൻ സമയമായി.
നൂറു വര്‍ഷം കഴിഞ്ഞെത്തിയതിന്റെ പുണ്യം

Leave a Comment