കഴിഞ്ഞ പതിനഞ്ചു വർഷമായി ജനീവയിലാണ് ജോലി ചെയ്യുന്നതെങ്കിലും എനിക്കവിടെ കാര്യമായി സുഹൃത്തുക്കളൊന്നുമില്ല. നാട്ടിൽ വന്നാൽ നിർത്താതെ ബെല്ലടിക്കുന്ന എന്റെ ഫോൺ ജനീവയിൽ ശബ്ദിക്കുന്നതു തന്നെ അപൂർവം. ജോലി ജനീവയിലാണെങ്കിലും മിക്കവാറും യാത്രയിലും, ജോലി സംബന്ധമായ ബന്ധങ്ങളൊക്കെ ഏതെങ്കിലും ദുഃഖ ദുരന്ത പ്രദേശങ്ങളിൽ ആയതുമൊക്കെയാണ് ഇതിനു കാരണം.
ഇതിനിടക്ക് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ജനീവയിൽ കോഫിഹൌസിൽ ഒത്തുകൂടുന്ന ഒരു ചെറിയ സംഘം മലയാളിസുഹൃത്തുക്കളുണ്ട്. ലോകാരോഗ്യസംഘടനയിൽ ജോലി ചെയ്യുന്ന ആനന്ദ് കുറുപ്പ്, കൺസൽട്ടൻറ് ആയി പ്രാക്ടീസ് ചെയ്യുന്ന മഹേഷ് സുഗതൻ, വിദ്യാർത്ഥിയായ റിച്ചാർഡ്, അഡ്വക്കേറ്റ് ദീപക് രാജു തുടങ്ങിയവരാണ് ഈ സംഘത്തിലെ സ്ഥിരാംഗങ്ങൾ. കേരളത്തിന്റെ പല ഭാഗത്തു നിന്നും പല വഴികളിലൂടെ ജനീവയിലെത്തിയവരാണിവരെല്ലാം. അവരവരുടെ കർമ്മമണ്ഡലങ്ങളിൽ പേരുകേട്ട ഉസ്താദുമാരും നാട്ടിലെ കാര്യങ്ങളെപ്പറ്റി വ്യക്തമായ അഭിപ്രായങ്ങൾ ഉള്ളവരുമാണ്. ഇവർ ഓരോരുത്തരുടെയും കരിയർ പാത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നാട്ടിലെ ഗ്രാമങ്ങളിൽ നിന്നും എങ്ങനെയാണ് ജനീവയിലെ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ഇവർ എത്തിപ്പറ്റിയത്, ലോകത്തെ ഒന്നാം കിട വിദഗ്ധരുമായി ഇവരെങ്ങനെ പിടിച്ചു നിൽക്കുന്നു, പുതിയതായി ഈ രംഗത്തേക്ക് വരുന്നവർക്ക് എന്തൊക്കെ നിർദ്ദേശങ്ങളാണ് ഇവർക്ക് നൽകാനുള്ളത് ഇതെല്ലാം പ്രധാന വിഷയങ്ങളാണ്.
ആദ്യം ദീപക് രാജുവിനെ പരിചയപ്പെടുത്താം. ജനീവയിലെ ഒരു സ്വകാര്യ നിയമ സ്ഥാപനത്തിലാണ് ജോലി. വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ രാജ്യങ്ങൾ പരസ്പരം നടത്തുന്ന കേസുകളിൽ ഏതെങ്കിലും രാജ്യങ്ങൾക്കു വേണ്ടിയാണ് വക്കാലത്ത് എടുക്കുന്നത്. കാര്യം ലോകവാണിജ്യസംഘടന ഉണ്ടാക്കിയ കാലത്ത് ഇന്ത്യയിലെ ‘പൊതുബോധം’ അതിനെതിരായിരുന്നെങ്കിലും ഇപ്പോൾ ലോകവാണിജ്യ സംഘടനയുടെ നയങ്ങളും നിയമങ്ങളും സ്വന്തം താല്പര്യത്തിനു വേണ്ടി നടപ്പാക്കുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഇന്ത്യയിൽ നിന്നും ധാരാളം വാക്കീലുമാർക്ക് ഈ രംഗത്ത് സാധ്യതയുണ്ടെങ്കിലും അപൂർവം പേരെ ഈ രംഗത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.
‘എങ്ങനെയാണ് നെടുങ്കണ്ടത്തെ കർഷകകുടുംബത്തിൽ ജനിച്ച ഒരാൾ ജനീവയിലെ ലോകവാണിജ്യസംഘടനയിൽ രാജ്യങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന പുലിയായി മാറുന്നത്?’ കഴിഞ്ഞ ദിവസത്തെ ചായ് പേ ചർച്ച ഇതായിരുന്നു.
‘1990-കളിൽ മലയാളമനോരമയിൽ വന്ന ബാബുപോൾ സാറിന്റെ ലോകവാണിജ്യസംഘടനയെപ്പറ്റിയുള്ള ഒരു ലേഖനത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. ഞാനന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. ആദ്യമായിട്ടാണ് ലോകവാണിജ്യസംഘടനയെപ്പറ്റി കേൾക്കുന്നത്. പക്ഷെ വീട്ടിൽ കൃഷിയുണ്ടായിരുന്നതിനാലും ലോകവാണിജ്യ രംഗത്ത് ഉണ്ടാകുന്ന ഉദാരവൽക്കരണം മൂന്നാം രാജ്യങ്ങളിലെ കൃഷിക്കാരെ മോശമായി ബാധിക്കുമെന്ന് ലേഖനത്തിൽ പറഞ്ഞതിനാലും ആ വിഷയത്തിൽ എനിക്ക് വലിയ താല്പര്യമുണ്ടായി. പിന്നീട് അതിനെപ്പറ്റി എന്ത് വാർത്തകൾ പാത്രത്തിൽ വന്നാലും ഞാനത് ശ്രദ്ധിച്ചു തുടങ്ങി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നാട്ടിൽ നടന്ന ഒരു ഉപന്യാസമത്സരത്തിന്റെ വിഷയം ‘ലോകവാണിജ്യ സംഘടനയും കർഷകരുടെ വെല്ലുവിളിയും’ എന്നതായിരുന്നു. അതിന് എന്നേക്കാൾ പ്രായമുള്ള ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നെങ്കിലും ഒന്നാം സമ്മാനം കിട്ടിയത് എനിക്കായിരുന്നു. അതോടെ വിഷയത്തിലെ താല്പര്യം ഇരട്ടിച്ചു.
പ്ലസ് ടു കഴിഞ്ഞ് ഇന്ത്യയിലെ തന്നെ ഒന്നാംകിട ലോ കോളേജുകളിൽ ഒന്നായ കൽക്കട്ടയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിൽ അഡ്മിഷൻ കിട്ടിയതോടെയാണ് അന്താരാഷ്ട്ര വാണിജ്യ രംഗത്ത് വക്കീലായി പ്രവർത്തിക്കണമെന്ന ആഗ്രഹമുറച്ചത്. പഠിക്കുന്ന കാലത്തു തന്നെ മൂട്ട് കോർട്ടുകളിൽ ഒക്കെ പങ്കെടുക്കാനുള്ള അവസരങ്ങളുണ്ടായി. ഈ വാണിജ്യ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോകത്ത് പലയിടത്തും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം എനിക്കു കിട്ടി.
‘നിയമബിരുദത്തിന് ഒരു കുഴപ്പമുണ്ട്. ഓരോ രാജ്യത്തെയും നിയമം ഓരോന്നാണ്. അതിനാൽ ഒരു രാജ്യത്തെ നിയമം പഠിച്ചാൽ മറ്റൊരു രാജ്യത്തു പോയി പ്രാക്ടീസ് ചെയ്യാൻ പറ്റില്ല. ന്യൂട്ടൺസ് ലോ ഒക്കെ ലോകത്തെവിടെയും ഒന്ന് തന്നെയായതിനാൽ എൻജിനീയർമാർക്കൊന്നും ഈ ബുദ്ധിമുട്ടില്ല. എന്നാൽ വിവാഹമോചനം മുതൽ കൊലപാതകക്കേസ് വരെയുള്ള വിഷയത്തിൽ ഓരോ രാജ്യത്തും വെവ്വേറെ നിയമമായതിനാൽ ഒരു രാജ്യത്തെ നിയമബിരുദം മറ്റൊരു രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നില്ല. നിയമരംഗത്തേക്ക് കടന്നു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
ഇതിന് ഒരു അപവാദമുണ്ട്. കടലും ബഹിരാകാശവും പോലെ മനുഷ്യൻ നിർമ്മിച്ച അതിരുകൾ ബാധകമല്ലാത്ത ചില കാര്യങ്ങളുണ്ട്. കപ്പലുകളും ദേശാടനപ്പക്ഷികളും ഇന്റർനെറ്റും പോലെ മനുഷ്യന്റെ അതിരുകൾ കടന്നുപോകുന്ന ചിലത്. ഇവയുടെ കാര്യത്തിലും ലോകം നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇത് പഠിക്കുന്നവർക്ക് ലോകത്തെവിടെയും സാധ്യതകളുണ്ട്. ലോകവാണിജ്യസംഘടനയിലെ കാര്യങ്ങളും ഇതുപോലെ ലോകവ്യാപകമായ നിയമമാണ്.
കൽക്കട്ടയിൽ നിന്നും ഞാൻ ഉപരിപഠനത്തിനായി കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലെത്തി. അവിടെ സ്പെഷ്യലൈസ് ചെയ്തത് ലോകവാണിജ്യനിയമങ്ങൾ ആയിരുന്നു. അവിടെനിന്നാണ് ജനീവയിലെത്തുന്നത്.
കേരളത്തിൽ ജനിച്ചുവളർന്ന ഭൂരിഭാഗം പേരുടെയും കരിയർ ഉണ്ടാകുന്നത് ഇതുപോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ നിന്നാണ്. അമ്മയോടൊപ്പം ഒരു ഔദ്യോഗിക ആവശ്യത്തിന് രാജീവ് സദാനന്ദൻ ഐ എ എസിനെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ നിന്നാണ് സിവിൽ സർവീസിലെത്തണമെന്ന മോഹമുണ്ടായതെന്ന് കളക്ടർ ബ്രോ പ്രശാന്ത് പറഞ്ഞിട്ടുണ്ട്. വീട്ടിലെ അകന്ന ബന്ധു, സ്കൂളിലെ ഒരു അധ്യാപകൻ, അല്ലെങ്കിൽ സ്കൂൾ വാർഷികത്തിന് അതിഥിയായെത്തുന്ന ഒരാൾ, അല്ലെങ്കിൽ ദീപക്കിനെ പോലെ പത്രത്തിൽ വന്ന ഒരു കുറിപ്പ് ഇതിൽ നിന്നൊക്കെയാണ് പുതിയ തൊഴിൽ മേഖലയെപ്പറ്റിയുള്ള ഒരു സ്പാർക്ക് കിട്ടുന്നത്. അത് പിന്നീട് മനസ്സിലിട്ട് വളർത്തി വലുതാക്കാൻ ചിലർക്ക് അവസരം കിട്ടുന്നു. ഇങ്ങനെ അവസരം കിട്ടാത്തവരാണ് പ്ലസ് ടു കഴിയുമ്പോൾ മൊത്തമായി എൻജിനീയറും ഡോക്ടറുമാകാൻ നെട്ടോട്ടമോടുന്നത്. കേരളത്തിന് പുറത്ത് എത്രയോ നല്ല സ്ഥാപനങ്ങൾ, അതിലൊക്കെ പുതുമയുള്ള എത്രയോ നല്ല കോഴ്സുകൾ ഇതൊന്നും സാധാരണ കുട്ടികളുടെ അറിവിൽ എത്തുന്നതേയില്ല.
ദീപക്കുമായി സംസാരിച്ചതിൽ നിന്നും ഒരു കാര്യം എനിക്ക് ബോധ്യമായി. കേരളത്തിലെ ഏതു ഗ്രാമത്തിൽ നിന്ന് തുടങ്ങിയാലും ലക്ഷ്യബോധം ഉണ്ടെങ്കിൽ ലോകത്തിന്റെ നെറുകയിലെത്താൻ ആർക്കും സാധിക്കും. പക്ഷെ, അതിനായി ചെറുപ്പകാലത്തേ കുട്ടികളിൽ താല്പര്യവും അറിവുമുണ്ടാകാനുള്ള സംവിധാനം നമുക്കുണ്ടാകണം. ഓരോ സ്കൂളിലും ഓരോ കരിയർ കൗൺസിലർമാരെ നിയമിക്കുന്നത് ഒരു നല്ല തുടക്കമായിരിക്കും. അങ്ങനെയാണ് വികസിതരാജ്യങ്ങളിൽ കാര്യങ്ങൾ നടത്തുന്നത്. മാനവശേഷി വികസനത്തിന്റെ അടിസ്ഥാനമായ കേരളത്തിൽ ഇത് എന്നേ നടപ്പിലാക്കേണ്ടതാണ്!
Leave a Comment