പൊതു വിഭാഗം

നിലൂഫറിനെക്കുറിച്ച് വീണ്ടും.

ഇപ്പോൾ ഇറാനിൽ ജയിലിൽ കഴിയുന്ന എൻറെ സുഹൃത്തും പണ്ട് സഹപ്രവർത്തകയുമായിരുന്ന നിലൂഫറിന്റെ കാര്യം എഴുതിയിരുന്നല്ലോ. അടച്ചിട്ട കോടതിക്കകത്ത് വിചാരണ നടക്കുകയാണ്. എന്തൊക്കെ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്, എന്ത് തെളിവുകളാണ് കോടതിയിൽ ഹാജരാക്കുന്നത് എന്നൊന്നും ആർക്കും അറിയില്ല. നിലൂഫറിന് സ്വന്തമായി വക്കീലിനെ വെക്കാനുള്ള അവകാശവുമില്ല. ഒരുപക്ഷെ, ഒരാഴ്ചക്കകം വിധി വരുമെന്നാണ് പറയപ്പെടുന്നത്.
 
എൻറെ തൊട്ടടുത്ത മുറിയിലാണ് നിലുഫർ ജോലി ചെയ്തിരുന്നത്. അവിടെ ഓരോ ആഴ്ചയിലും ഞങ്ങൾ അവരുടെ പുതിയ ഒരു ചിത്രം ഇടും. ലോകത്തെവിടെയെങ്കിലും ഒരു രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്ത ഏതെങ്കിലും പ്രൊജക്ടിൽ നിന്നായിരിക്കും അത്. ഇന്ന് വനിതാ ദിനത്തിൽ ഞങ്ങൾ ഒരിക്കൽ കൂടി അവിടെ നിന്നു, നിലൂഫറിനെ പറ്റി ചർച്ച ചെയ്തു. ഇപ്പോൾ അവർ ജയിലിൽ എന്ത് ചെയ്യുകയായിരിക്കും എന്ന് ആശങ്കപ്പെട്ടു. വധശിക്ഷ പോലും വിധിക്കപ്പെടാം എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ടെങ്കിലും ഇനി വീണ്ടും അവർ ഞങ്ങളോടൊപ്പം ജോലി ചെയ്യാൻ എത്തുമെന്നും ഇനി ഒരിക്കൽ കൂടി ഈ ഇടനാഴിയിൽ അവരുടെ ചിരി കേൾക്കുമെന്നും ഞങ്ങൾ പരസ്പരം പറഞ്ഞു.
 
ഈ വനിതാ ദിനത്തിൽ പരിസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കുന്നതിൻറെ പേരിൽ കുറ്റം ആരോപിക്കപ്പെടുകയും ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി.
 
മുരളി തുമ്മാരുകുടി

Leave a Comment