നാട്ടിൽ നിന്ന് വന്നിട്ട് ഒരാഴ്ചയായെങ്കിലും ഇന്നലെയാണ് തിരക്ക് അൽപം കുറഞ്ഞത്. അപ്പോഴാണ് നിപ്പയുടെ രണ്ടാം തിരയുടെ വാർത്ത കേൾക്കുന്നത്. പിന്നാലെ ഡോക്ടർമാരും സുഹൃത്തുക്കളും ഉൾപ്പെടെ ധാരാളം ആളുകൾ വിളിച്ചു. ആരോഗ്യമന്ത്രിയും വകുപ്പ് ഡയറക്ടറും ഉൾപ്പടെയുളളവർ കോഴിക്കോട് തന്നെ തങ്ങി കാര്യങ്ങൾ സംയോജിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇക്കാര്യത്തിൽ താല്പര്യമെടുക്കുന്നുണ്ട്. ഏറ്റവും നല്ല കാര്യമാണ്. ഇക്കാര്യത്തിൽ സാങ്കേതിക വിവരങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്. എന്നിട്ടും ആശങ്ക കുറയുന്നില്ല. ഇന്നിപ്പോൾ ചില റൂട്ടിലെ ബസിൽ ആളുകൾ കുറയുന്നതിനാൽ ബസുകൾ തന്നെ സർവീസ് നിറുത്തിയെന്നു കേൾക്കുന്നു. നിപ്പയേയും അതിനെപ്പറ്റിയുള്ള ആശങ്കയേയും നിയന്ത്രണത്തിലാക്കാൻ ചില നിർദ്ദേശങ്ങൾ പറയാം.
- ഇതൊരു സംസ്ഥാന തല പ്രശ്നമായി കാണണം: ഈ പ്രശ്നം തുടങ്ങിയതും പ്രധാനമായും നിലനിൽക്കുന്നതും കോഴിക്കോട്ട് ആണെങ്കിലും ഇതിപ്പോൾ ഒരു പ്രദേശത്ത് മാത്രം നിലനിൽക്കുന്ന ഒരു ആരോഗ്യപ്രശ്നം മാത്രമല്ല. കേരളമൊട്ടാകെയുള്ള ആളുകളെ ഭയപ്പെടുത്തുന്ന, സ്‌കൂളുകളെ മുതൽ ടൂറിസത്തെ വരെ ബാധിക്കുന്ന, ക്രമസമാധാന പ്രശ്നങ്ങളിലേക്ക് എളുപ്പത്തിൽ വളർന്നേക്കാവുന്ന ഒരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഇത് ആരോഗ്യവകുപ്പ് മാത്രം കൈകാര്യം ചെയ്യേണ്ടതോ നേതൃത്വം നല്കേണ്ടതോ അല്ല. മറിച്ച്, ഇത് ഒരു സംസ്ഥാന തല എമർജൻസി ആയി പരിഗണിച്ച് സംസ്ഥാനത്ത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഒരുമിപ്പിച്ചുള്ള ‘ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ്’ സക്രിയമാകണം. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം നൽകുന്നത് കാര്യത്തിന്റെ ഗൗരവം എല്ലാവരെയും ബോധ്യപ്പെടുത്താനും, എല്ലാ വകുപ്പുകളും കൂടുതൽ ഒത്തൊരുമയോടെ പ്രവർത്തിക്കാനും ഉപകരിക്കും.
- പുറമെ നിന്നും സഹായം തേടണം: കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ ഇന്ത്യയിൽ മറ്റെവിടുത്തേക്കാളും മികച്ചതാണ്. രോഗം വരുതിയിലാക്കാൻ നമ്മുടെ ആരോഗ്യ സംവിധാനത്തിലെ ആളുകൾ (ഹെൽത്ത് സെക്രട്ടറി മുതൽ ആശുപത്രി ജീവനക്കാർ വരെ) ആത്മാർഥമായി കഠിനാദ്ധ്വാനം ചെയ്യുന്നുമുണ്ട്. എന്നാൽ ഇവർക്കൊന്നും ഇത്തരം വലിയ ഒരു ആരോഗ്യ അടിയന്തരാവസ്ഥ നേരിട്ട മുൻപരിചയമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ലഭ്യമായ എല്ലാ സഹായവും ഏറ്റവും വേഗത്തിൽ തേടണം. ഇത് നമ്മുടെ കഴിവുകുറവോ പിടിപ്പുകേടോ ആയി കാണേണ്ടതില്ല. ഇത്തരം സാഹചര്യങ്ങൾ നേരിട്ട് പരിചയമുള്ളവരുടെ ഉപദേശം അത്രമാത്രം പ്രധാനമാണ്. 2011-ൽ ജപ്പാനിലെ സുനാമിക്ക് ശേഷം അവിടുത്തെ ഖരമാലിന്യ നിർമ്മാർജ്ജനത്തിൽ അന്താരാഷ്ട്ര ഉപദേശം ലഭിക്കാൻ ജപ്പാൻ ഗവൺമെന്റ് ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ലോകോത്തരമാണ് ജപ്പാനിലെ സംവിധാനങ്ങൾ. ഏകദേശം 15 ബില്യൺ ഡോളറാണ് (ഒരു ലക്ഷം കോടി രൂപ) അവർ മാലിന്യ സംസ്ക്കരണത്തിനായി ചെലവഴിച്ചത്. ഐക്യരാഷ്ട്രസഭയിൽ നിന്ന് പോയത് ഞങ്ങൾ ആറു പേരാണ്. അപ്പോൾ സാമ്പത്തിക സഹായമല്ല പ്രധാനം, വികസിത രാജ്യങ്ങൾ പോലും ആവശ്യം വരുമ്പോൾ പുറമെ നിന്ന് ഉപദേശം തേടാറുണ്ട് എന്നതാണ്. അതിനാൽ നമുക്ക് അധികം പരിചയമില്ലാത്ത ഒരു വിഷയം വരുമ്പോൾ കൂടുതൽ പരിചയമുള്ളവരുടെ സഹായം തേടാൻ നമ്മൾ മടിച്ചുനിൽക്കേണ്ട കാര്യമില്ല.
- നാട്ടുകാരെ വിശ്വാസത്തിലെടുക്കണം: നല്ല വിദ്യാഭ്യാസ നിലവാരവും ഏറ്റവും അധികം ആളുകൾ പത്ര മാധ്യമങ്ങൾ വായിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇപ്പോഴാണെങ്കിൽ ടി വി വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും ഏറ്റവും എളുപ്പത്തിൽ ആളുകളെ വിവരം അറിയിക്കാം. അപ്പോൾ രോഗപ്രതിരോധത്തിനായി സർക്കാർ എടുക്കുന്ന നടപടികളെപ്പറ്റി, ആളുകൾ സ്വയം ചെയ്യേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ച് എല്ലാം ആളുകളെ അറിയിക്കുവാൻ സാങ്കേതികമായ ഒരു ബുദ്ധിമുട്ടുമില്ല. ഇത്തരം അവസരങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിയിടേണ്ടി വന്നത് കഷ്ടമാണ്. വേണ്ട സമയത്ത് വേണ്ട വിവരങ്ങൾ ഔദ്യോഗികമായി കൊടുക്കാതെ, വാട്സ്ആപ്പിൽ വ്യാജസന്ദേശം പരക്കുന്നു എന്ന് പരിതപിച്ചിട്ട് കാര്യമില്ല. കഴിഞ്ഞ വാക്സിനേഷൻ കാലത്ത് കേരളത്തിലെ വാക്സിൻ വിരുദ്ധർക്കെതിരെ സമൂഹമാധ്യമങ്ങൾ ശക്തമായി ഉപയോഗിച്ച ഡോക്ടർമാരുടെ കൂട്ടായ്മ (ഇൻഫോ ക്ലിനിക്) കേരളത്തിലുണ്ട്. ജനങ്ങൾക്ക് വിശ്വാസ്യമായ വിവരങ്ങൾ അവരിലെത്തിക്കാൻ ഇൻഫോ ക്ലിനിക്കിന്റെ സഹായം തേടാവുന്നതാണ്.
- ആരോഗ്യപ്രവർത്തകരുടെ ഉപദേശം പ്രധാനം: നിപ്പ വൈറസ് ബാധയെ മുൻനിരയിൽ പ്രതിരോധിക്കുന്നത് ഡോക്ടർമാർ ഉൾപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരാണ്. ചികിത്സയെക്കുറിച്ച്, ഐസൊലേഷനെപ്പറ്റി, എപിഡെമിയോളജിയെക്കുറിച്ച് ഒക്കെയുള്ള അവസാനത്തെ വാക്ക് അവരുടേതായിരിക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സിസ്റ്റത്തിന്റെയും ഹയരാർക്കിയുടെയും ഉള്ളിൽ അവർ വേണ്ടത്ര ശക്തമായി അവരുടെ സാങ്കേതിക ഉപദേശങ്ങൾ നൽകാൻ മടിച്ചേക്കാം. പക്ഷെ, സാംക്രമിക രോഗം പോലുള്ള വിഷയത്തിൽ ഇത്തരം അധികാരക്രമം ഉചിതമല്ല. ഒരു പാലം അപകടത്തിലായാൽ മരാമത്ത് സെക്രട്ടറിയുടെയോ മന്ത്രിയുടെയോ ഉപദേശമല്ല, എൻജിനീയറുടെ ഉപദേശമാണ് പ്രധാനം. അതിനാൽ പരമ്പരാഗതമായ മനോഭാവം മാറ്റിവെച്ച് ഡോക്ടർമാർ അവലോകന മീറ്റിംഗുകളിൽ ശക്തമായി അഭിപ്രായം പറയണം. (ഇപ്പോൾ അവരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നല്ല പറയുന്നത്, സാങ്കേതിക വിദഗ്ദ്ധർ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ധൈര്യമായി പറയണം എന്ന് മാത്രം)
- ഇതൊരു ആരോഗ്യപ്രശ്നം മാത്രമല്ല: രോഗനിർണയവും ചികിത്സയും ആരോഗ്യപ്രശ്നമാണെങ്കിലും രോഗ നിയന്ത്രണം തൊട്ടുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം കൈയിൽ നിൽക്കുന്നതോ, അവർക്ക് പരിചയമുള്ളതോ അല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ടൂറിസം മുതൽ പോലീസ് വരെയുള്ള വകുപ്പുകൾ ഉൾപ്പെട്ട ടാസ്ക്ക് ഫോഴ്‌സ് ഉണ്ടായിരിക്കണം. അവർ ഒരുമിച്ച് വേണം തീരുമാനങ്ങളെടുക്കാൻ. ഓരോ വകുപ്പും അവരുടെ മനോധർമ്മമനുസരിച്ച് തീരുമാനമെടുക്കുന്നതും, ഏതെങ്കിലും വകുപ്പിന്റെ താൽപ്പര്യത്തിനനുസരിച്ച് മറ്റ് വകുപ്പുകൾ വിട്ടുവീഴ്ച ചെയ്യുന്നതും ശരിയല്ല. ഉദാഹരണത്തിന് ടൂറിസം രംഗത്തെ ബാധിക്കും എന്നതിനാൽ ആരോഗ്യവിവരങ്ങൾ പങ്കുവെക്കുന്നതിൽ ഉപേക്ഷ കാട്ടരുത്.
- പരിചയസമ്പന്നർ മുന്നിട്ടിറങ്ങണം: നമ്മുടെ ആരോഗ്യ സംവിധാനത്തിലെ മുൻനിരയിൽ നിൽക്കുന്നത് നഴ്സുമാരും യുവ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളുമാണ്. പരിമിതമായ സൗകര്യങ്ങളിൽ സ്വന്തം ജീവൻ പോലും പണയം വച്ച് ജോലി ചെയ്യുന്നവരുടെ കഥകളാണ് പുറത്തു വരുന്നത്. ഒരു നേഴ്സ് ഇപ്പോൾ തന്നെ ജീവൻ വെടിഞ്ഞു കഴിഞ്ഞു. ഇപ്പോഴത്തെ പോലത്തെ സാഹചര്യം ചെറുപ്പക്കാർക്ക് പരിചയമില്ലാത്തതും പേടിപ്പെടുത്തുന്നതുമാണ്. ഇത്തരം അവസരങ്ങളിൽ സർക്കാർ – സ്വകാര്യ ആശുപത്രികളിലുള്ള ഏറ്റവും മുതിർന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും മുന്നോട്ട് വരണം. ഫുക്കുഷിമയിലെ ന്യൂക്ലിയർ പ്ലാന്റ് കുഴപ്പത്തിലായപ്പോൾ സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അതിനെ നേരിടാൻ തയ്യാറായി വന്നത് റിട്ടയറായ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം നിമിഷങ്ങളും പ്രവർത്തികളുമാണ് ശരിക്കും മഹത്തരമായ പ്രൊഫഷനുകൾ സൃഷ്ടിക്കുന്നത്. അല്ലാതെ ചെറുപ്രായത്തിലുള്ളവരെ മുന്നിൽ നിർത്തിയ ശേഷം അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കഴിയുമ്പോൾ മാലാഖമാരാക്കുന്നതിലല്ല.
- ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം പരമ പ്രധാനം: മറ്റുള്ള എല്ലാ രംഗത്തും എന്നതുപോലെ കേരളത്തിൽ ആരോഗ്യരംഗത്തും സുരക്ഷാ ബോധം വളരെ കുറവാണ്. സാധാരണഗതിയിൽ പോലും ആരോഗ്യപ്രവർത്തകരുടെ ആരോഗ്യരക്ഷക്കുള്ള സംവിധാനങ്ങൾ പരിമിതമാണ്. അപ്പോൾ ഇത്തരം ഗുരുതരമായ സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളിലെ കാര്യം പറയാനുമില്ല. ഒന്നാം തിര കഴിഞ്ഞ് രണ്ടാം തിര വന്നിട്ടും, രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ പോലും ഇനിയും ഇവിടെ വേണ്ടത്ര ലഭ്യമല്ല. ഇതിൽ പലതും ഇന്ത്യയിൽ തന്നെ ലഭ്യമല്ല, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ പണം പ്രശ്നമല്ലെങ്കിൽ പോലും വിദേശനാണ്യവും കോൺട്രാക്ടിങ്ങ് പ്രശ്നങ്ങളും കസ്റ്റംസ് പ്രശ്നങ്ങളും ഒക്കെ പലപ്പോഴും തടസവുമാകുന്നു. അതുകൊണ്ടു കിട്ടുന്നവ വെച്ച് നമ്മുടെ ഡോക്ടർമാർ മാനേജ് ചെയ്യാൻ പാടുപെടുകയാണ്. ഇത് അടിയന്തിരമായി മാറണം. ഏത് തരം വ്യക്തി സുരക്ഷാ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശം തേടണം. എന്നിട്ട് അവരുടെ സഹായത്തോടെയോ ഗൾഫിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയോ ആവശ്യത്തിലും ഏറെ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ 24 മണിക്കൂറിനകം കേരളത്തിലെ വേണ്ട സ്ഥലങ്ങളിൽ എത്തിക്കണം.
- പ്ളേഗ് ഗ്രാമങ്ങൾ സൃഷ്ടിക്കരുത്: നൂറ്റാണ്ടുകൾക്ക് മുൻപ്, യൂറോപ്പിൽ പ്ളേഗ് പരന്ന കാലത്ത് ഏതെങ്കിലും ഗ്രാമത്തിൽ പ്ളേഗ് പടർന്നുപിടിച്ചാൽ ആ ഗ്രാമത്തെ മറ്റുള്ളവർ ഒറ്റപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ രോഗമില്ലാത്തവർ പോലും പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ എബോള കാലത്ത് ലൈബീരിയയിലും ഇതേ അവസ്ഥ ഉണ്ടായി. കേരളത്തിലെ ചില സ്ഥലങ്ങളിലേക്ക് ബസ് സർവീസ് കുറയുന്ന, ചില സ്ഥലത്തു നിന്നുള്ളവരെ കാണുമ്പോൾ ആളുകൾ സംശയത്തോടെ നോക്കുന്ന സാഹചര്യം നാട്ടിലുണ്ടാകുന്നു. അത് അനുവദിക്കരുത്. ഒന്നാമത് ഒരു ഗ്രാമത്തെ മുഴുവൻ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള രോഗനിയന്ത്രണം ആധുനിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമല്ല. രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതും, നിരീക്ഷണത്തിലുള്ളവരുടെ യാത്ര പരിമിതപ്പെടുത്തുന്നതും, ധാരാളം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കുന്നതും, കാണുമ്പോൾ കെട്ടിപ്പിടിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും ശരിയായ കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഒരു പ്രദേശത്തുള്ളവരെ വളച്ചു കെട്ടുന്നതോ ഒറ്റപ്പെടുത്തുന്നതോ ശരിയല്ല. കേരളം പോലെ ഒരു ഗ്രാമവും അടുത്ത ഗ്രാമവുമായി അതിരുകളില്ലാതെ കിടക്കുന്നിടത്ത് ഇതിന് യാതൊരു അർത്ഥവുമില്ല.
- ചികിത്സക്കും അപ്പുറം: രോഗികളെ ചികിൽസിക്കുന്നതിനപ്പുറം രോഗം തടയാനുള്ള ശ്രമങ്ങളാണ് ഇത്തരം സാംക്രമികരോഗങ്ങളെ വരുതിയിലാക്കാൻ പ്രധാനം. രോഗികളുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടുപിടിക്കുക, കൂടുതൽ പേരെ ബന്ധപ്പെടാൻ അനുവദിക്കാതിരിക്കുക, മരണാനന്തര ചടങ്ങായ – മൃതദേഹം കുളിപ്പിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക, ആരോഗ്യ പ്രവർത്തകർ ഉപയോഗിച്ച വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ശേഖരിച്ച് കത്തിച്ചുകളയാനുള്ള സംവിധാനമുണ്ടാക്കുക, രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക ഇതൊക്കെ പ്രധാനമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസിനറേറ്റർ ഇല്ലെങ്കിൽ ഏറ്റവും വേഗത്തിൽ ഒരു പോർട്ടബിൾ ഇൻസിനറേറ്റർ അവിടെയെത്തിക്കണം.
- മാധ്യമങ്ങളുടെ റോൾ പ്രധാനം: നിപ്പയുടെ കാര്യത്തിൽ മാധ്യമങ്ങൾ ഇതുവരെ വളരെ സംയമനത്തോടെയുള്ള സമീപനമാണ് എടുത്തിട്ടുള്ളത്. ഓഖിയുടെ സമയത്തുള്ളതു പോലെ സർക്കാരിനെ കുറ്റപ്പെടുത്തുന്നതായ സമീപനം ഇതുവരെ കണ്ടില്ല. പക്ഷെ കാര്യങ്ങൾ പെരുപ്പിച്ചു കാട്ടുന്നത് പോലെ തന്നെ കുഴപ്പമാണ് കാര്യങ്ങളെ ലഘൂകരിക്കുന്നതും. വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ അവർ അന്വേഷിക്കണം, അധികാരികളോട് ശരിയായ ചോദ്യങ്ങൾ ചോദിക്കണം. നമ്മുടെ ആശുപത്രികളിലുള്ള സംവിധാനങ്ങൾ ഇത്തരം സാഹചര്യം നേരിടാൻ സജ്ജമാണോ, ആവശ്യത്തിന് വ്യക്തിസുരക്ഷാ സംവിധാനം ആശുപത്രികളിൽ ലഭ്യമാണോ, അതുപയോഗിക്കാൻ വേണ്ടത്ര പരിശീലനം ആളുകൾക്ക് ലഭിച്ചിട്ടുണ്ടോ, ലോകാരോഗ്യ സംഘടനയുടെ സഹായം സർക്കാർ തേടുന്നുണ്ടോ, കേരളത്തിൽ നിന്നും പുറത്തേക്ക് പോകുന്ന മറുനാട്ടുകാരും മലയാളികളും വഴി ഇത്തരം രോഗങ്ങൾ പരക്കാതിരിക്കാൻ എന്ത് സംവിധാനങ്ങളാണ് ഇപ്പോൾ നിലവിലുള്ളത് എന്നിങ്ങനെ പ്രധാനമായ കാര്യങ്ങൾ ഏറെയുണ്ട്. ഈ വിഷയത്തെപ്പറ്റി കൂടുതൽ എഴുതിയാൽ നമ്മുടെ ടൂറിസത്തെ ബാധിക്കും എന്നോ, വിദേശത്തേക്കുള്ള യാത്രക്ക് തടസ്സം ഉണ്ടാകുമെന്നോ ഒക്കെ മാധ്യമങ്ങൾക്ക് തോന്നലുണ്ടാകാം, ഇതിൽ കുറച്ചൊക്കെ ശരിയുമാണ്. പക്ഷെ പൊതുജനങ്ങളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. സർക്കാരും മാധ്യമങ്ങളും ഒക്കെ വേണ്ട വിധത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥലത്തിനാണ് എപ്പോഴും മതിപ്പുണ്ടാകുന്നത്.
- മൂന്നാം തിരക്ക് വേണ്ടി തായാറെടുക്കുക: രണ്ടാം തിരയോടെ കാര്യങ്ങൾ നിയന്ത്രണത്തിലാകുമെന്ന് നമുക്ക് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. പക്ഷെ ഇത്തരം സാഹചര്യത്തിൽ നമ്മൾ ചെയ്യേണ്ടത്, കാര്യങ്ങൾ കൂടുതൽ വഷളാകാനുള്ള സാധ്യതകൾ എന്ത്, അപ്പോൾ എങ്ങനെയാണ് പ്രശ്നത്തെ നിയന്ത്രിക്കേണ്ടത് എന്നൊക്കെ മുൻകൂട്ടി ചിന്തിക്കുക എന്നതാണ് (Scenario planning). ഉദാഹരണത്തിന് ഏറെ മലയാളികളുടെ പേടി വിദേശയാത്രക്ക് നിയന്ത്രണങ്ങൾ വരുമോ എന്നതാണ്. ടൂറിസ്റ്റുകളുടെ പേടി ഇവിടെ എത്തി പ്രശ്നമുണ്ടായാൽ മെഡിക്കൽ ഇവാക്വേഷൻ സാധ്യമാകുമോ എന്നതാണ്. സ്‌കൂളുകൾ എത്ര നാൾ അടച്ചിടേണ്ടി വരും? ഇതുപോലെ ചോദ്യങ്ങൾ പലതുണ്ട്, ചിലതിന്റെ ഉത്തരം അല്പം പേടിപ്പിക്കുന്നതാകാം, പലതിന്റെയും ഉത്തരം നമുക്ക് അറിഞ്ഞില്ല എന്ന് വരാം. പക്ഷെ, പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു കൂട്ടർ ശ്രദ്ധിക്കുമ്പോൾ മറ്റൊരു കൂട്ടർ ഇത്തരം ഭാവി കാര്യത്തെപ്പറ്റി ചിന്തിച്ച് പദ്ധതികൾ തയ്യാറാക്കണം. നമ്മുടെ ആരോഗ്യമന്ത്രി കോഴിക്കോട് തന്നെ നിന്ന് കാര്യങ്ങൾ സംയോജിപ്പിക്കുന്നതിനാൽ ഭാവിയെപ്പറ്റി ചിന്തിക്കാനുള്ള ഒരു സ്ട്രാറ്റജി ഗ്രൂപ്പ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയോട് റിപ്പോർട്ട് ചെയ്യുന്നതാകാം.
- മൂന്നാം തിര വന്നില്ലെങ്കിലും പാഠങ്ങൾ പഠിക്കണം. മിടുക്കന്മാരായ ചില ഡോക്ടർമാർ സമയത്ത് കണ്ടു പിടിച്ചതുകൊണ്ടും, സ്വന്തം ജീവൻ പണയം വച്ചും ആരോഗ്യ പ്രവർത്തകർ പ്രശ്നത്തെ നേരിട്ടതുകൊണ്ടും, അവർക്ക് മന്ത്രിയുൾപ്പടെയുള്ള നമ്മുടെ ഭരണ സംവിധാനം വേണ്ടത്ര പിന്തുണ നൽകിയതും കൊണ്ടാണ് കാര്യങ്ങൾ ഇവിടെ നിൽക്കുന്നത്. ഇതുപോലെ ഒരു സാഹചര്യം നേരിടാനുള്ള പ്ലാനിങ്ങോ പരിശീലനമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സംഭവം ഒരു മുന്നറിയിപ്പായി എടുത്ത് നമ്മുടെ ആരോഗ്യ എമർജൻസി സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കണം.
- വിദേശമലയാളികളുടെ അറിവും കഴിവും ബന്ധങ്ങളും ഉപയോഗിക്കണം: അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിൽ പരിശീലനം ലഭിച്ചവരും എബോള ഉൾപ്പടെയുള്ള ആരോഗ്യ അടിയന്തിരാവസ്ഥകളിൽ ഇടപെട്ട പരിചയമുള്ളവരുമായ മലയാളികൾ കേരളത്തിന് പുറത്തുണ്ട്. ഞങ്ങൾക്ക് ഓരോരുത്തർക്കും ഈ രംഗത്തുള്ളവരുമായി വ്യാപകമായ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളുമുണ്ട്. കേരളത്തിൽ നേരിട്ട് ഇടപെടാൻ ഔദ്യോഗികമായ പരിമിതികളുണ്ടെങ്കിലും കേരളത്തിന്റെ ഒരാവശ്യത്തിനായി അറിവും സമയവും ചെലവിടാൻ ഞങ്ങൾ ഒക്കെ സദാ സന്നദ്ധരാണ്. ഒരു ഫോൺ കോളിന് അപ്പുറത്ത് ഞങ്ങളുണ്ട്. ആ കാര്യത്തിലെങ്കിലും മലയാളികൾക്ക് ആശങ്ക വേണ്ട.
മൂന്നു കാര്യങ്ങൾ കൂടി പറയട്ടെ.
- കേരളത്തിനകത്തും പുറത്തുമുള്ള ഏറെ ആളുകൾ ഈ ലേഖനം എഴുതുന്നതിൽ സഹായം ചെയ്തിട്ടുണ്ട്. പക്ഷെ ഈ അഭിപ്രായങ്ങൾ വ്യക്തിപരമാണ്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഭിപ്രായമായി കണക്കു കൂട്ടരുത്.
- കേരളത്തിന് പുറത്ത് ഈ രംഗത്ത് പരിചയമുള്ള മലയാളികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഷത്തിൽ ഏതെങ്കിലും തരത്തിൽ സാങ്കേതിക സഹായം ചെയ്യാൻ കഴിവുള്ളവർ ഗ്രൂപ്പിൽ ചേരാൻ താല്പര്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടുമല്ലോ.
- നമ്മുടെ ഡോക്ടർമാർക്കും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഈ വിഷയത്തെക്കുറിച്ച് ഏറെ സംശയങ്ങൾ ഉണ്ടാകുമല്ലോ. ഏറെ വിഷയങ്ങൾ ആരോഗ്യ വകുപ്പും മറ്റുള്ളവരും പങ്കുവെക്കുന്നുണ്ട്. എന്നാലും ഏതെങ്കിലും വിഷയത്തിൽ കൂടുതൽ കൃത്യമായ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ ഇവിടെ കമന്റ്റ് ചെയ്യാം അല്ലെങ്കിൽ മെസ്സേജ് ചെയ്താലും മതി. ശരിയായ വിവരങ്ങളുടെ അഭാവം കൊണ്ട് ആളുകൾ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകേണ്ട ആവശ്യമില്ല.
മുരളി തുമ്മാരുകുടി
Leave a Comment