പൊതു വിഭാഗം

നാം തിരഞ്ഞെടുക്കുന്ന ഭാവി

കേരളത്തിൽ കൃഷിക്ക് ഭാവി ഇല്ല

ഏറെ നാളായി ഞാൻ പറയുന്ന കാര്യമാണ്. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മാവനും  കൃഷിക്കാർ ആയിരുന്നത് കൊണ്ടോ, പാരന്പര്യമായി കൃഷിഭൂമി കിട്ടിയതിനാലോ  കൃഷിയിലേക്കിറങ്ങുകയും അവർ ചെയ്തിരുന്ന വിളയും രീതികളും തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന കൃഷിക്ക് ഭാവിയില്ല. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്ക് വേണ്ടി നമ്മുടെ നെൽപ്പാടങ്ങളിൽ നെല്ല് കൃഷി ചെയ്യണം എന്ന് ചിന്തിച്ച് സർക്കാർ നടത്തുന്ന കൃഷി പ്രോത്സാഹനം ഭാവി ഉള്ള ഒന്നല്ല. ഇങ്ങനെ കൃഷി നടത്തുന്നവർക്കും അതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കും ഭാവിയില്ല. ഈ അഭിപ്രായത്തിൽ മാറ്റമില്ല.

കൃഷിയാണ് കേരളത്തിന്റെ ഭാവി.

കൃഷി എന്നത് ധർമ്മമോ കർമ്മമോ ഒന്നുമല്ല, അടിസ്ഥാനപരമായി ഒരു ബിസിനസ്സ് ആണ്. തമിഴ്‌നാട്ടിൽ അവർ പച്ചക്കറി കൃഷി ചെയ്യുന്നത് മലയാളികൾക്ക് അവിയൽ ഉണ്ടാക്കാൻ വേണ്ടിയല്ല. കയ്യിലുള്ള വിഭവങ്ങൾ കൊണ്ട് (സ്ഥലം, അറിവ്, അദ്ധ്വാനം) കൂടുതൽ പണം ഉണ്ടാക്കാൻ വേണ്ടിയാണ്. അങ്ങനെ കൃഷിയെ ഒരു ബിസിനസ്സ് ആയി കണ്ട്, കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കി കൃഷി തുടങ്ങിയാൽ നമ്മുടെ സന്പദ്‌വ്യവസ്ഥയെ അതിവേഗം മേലോട്ട് ഉയർത്താനും നല്ല പ്രൊഡക്ടിവിറ്റിയും വരുമാനവുമുള്ള ലക്ഷക്കണക്കിന് തൊഴിൽ ഉണ്ടാക്കാനും കൃഷിക്ക് സാധിക്കും.

എന്താണ് നമ്മുടെ പ്രത്യേകതകൾ?

കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ, വെള്ളത്തിന്റെ ലഭ്യത, ഇപ്പോഴും പൂരിതമല്ലാത്ത പ്രാദേശിക വിപണി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കൃഷി ചെയ്യാനാകാത്തതും എന്നാൽ ഡിമാൻഡ് ഉള്ളതുമായ ഉൽപ്പന്നങ്ങൾ കൃഷി ചെയ്യാനുള്ള സാധ്യത, നാലു വിമാനത്താവളത്തിലൂടെയും കപ്പലിലൂടെയും ലോകവിപണിയുമായി ബന്ധപ്പെടാനുള്ള എളുപ്പം, ലോകമെന്പാടും പരന്ന് കിടക്കുന്ന മലയാളി വ്യാപാരികളുടെ ശൃംഖല, എവിടെയാണ് ലാഭകരമായി പണം നിക്ഷേപിക്കാൻ സാധിക്കുക എന്ന് നോക്കിയിരിക്കുന്ന ആളുകൾ, ഇതെല്ലാം കൂട്ടി യോജിപ്പിച്ചാൽ നെതർലാൻഡിനെക്കാൾ വലിയ കൃഷി വിപ്ലവം കേരളത്തിന് സാധ്യമാണ്.

കേരളത്തിന്റെ അത്ര തന്നെ വലിപ്പമുള്ള (40000 ചതുരശ്ര കിലോമീറ്റർ), വർഷത്തിൽ പകുതി സമയം കൃഷിക്ക് അനുകൂലമല്ലാത്ത, കേരളത്തിന്റെ പകുതി ജനസംഖ്യയുള്ള, നെതർലാൻഡ്‌സിലെ കൃഷി അനുബന്ധിത കയറ്റുമതി 135 ബില്യൺ ഡോളർ ആണ്, അതായത് പത്തുലക്ഷം കോടിയിലധികം രൂപ. ഇത് കേരളത്തിന്റെ മൊത്തം ജി.ഡി.പി. യുടെ അത്രയുംവരും.

കൃഷിയാണ് കേരളത്തിന്റെ ഭാവി.

ഈ രണ്ടു ഭാവിയും സാധ്യമാണ്, പക്ഷെ അതിൽ ഏത് വേണം എന്ന് നമ്മൾ തന്നെ തീരുമാനിക്കണം. കൃഷിയെ ഏറെ ഇഷ്ടപ്പെടുന്ന കൃഷിവകുപ്പ് മന്ത്രി ശ്രീ. പ്രസാദ്, ഏറെനാളായി കൃഷിവകുപ്പും കാർഷിക സർവ്വ കലാശാലയും കൈകാര്യം ചെയ്യുന്ന ഡോക്ടർ അശോക്, ഇവരോടൊപ്പം പ്രശാന്തിനെ പോലെ ക്രിയേറ്റീവ് ആയ ഒരാൾ കാർഷിക വകുപ്പിൽ എത്തുന്പോൾ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രശാന്തിൻറെ ഇന്റർവ്യൂ കണ്ടിരിക്കേണ്ടതാണ്. മണ്ണിൽ ചവിട്ടി, തോർത്തും തോളിലിട്ട് നടക്കുന്ന വാത്സല്യത്തിലെ രാഘവൻ നായർ എന്ന കർഷക സങ്കൽപ്പത്തിൽ നിന്നും നമ്മൾ മാറണം. ബെൻസിലും ഓഡിയിലും നടക്കുന്ന കർഷകരെ മാതൃകയാക്കണം. പുതിയ തലമുറ കൃഷിയിൽ സ്റ്റാർട്ട് അപ്പ് നടത്തി യൂണിക്കോൺ ആകുന്ന കാലം വരണം, വരും. അതാണ് നമ്മുടെ പുതിയ തലമുറ ആഗ്രഹിക്കുന്ന ഭാവി, അതാണ് നാം തെരഞ്ഞെടുക്കേണ്ട ഭാവി.

ലിങ്ക് – https://youtu.be/chr5nWq9-GQ?si=9ArbVLvpuhxikzY8

മുരളി തുമ്മാരുകുടി

Leave a Comment