പൊതു വിഭാഗം

നാം തയ്യാറാണോ?

കൃത്രിമ ബുദ്ധി, റോബോട്ടിക്‌സ്, റിന്യൂവബിൾ എനർജി, മറ്റു സാങ്കേതിക വിദ്യകൾ എന്നിവയിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ എങ്ങനെയാണ് ലോകത്തെ ബാധിക്കാൻ പോകുന്നതെന്ന് ഞാൻ പല പ്രാവശ്യം എഴുതിയിരുന്നല്ലോ.
 
സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ ഓരോ രാജ്യവും എത്രമാത്രം തയ്യാറാണ് എന്നതിനെ ആസ്പദമാക്കിയിരിക്കും ആ രാജ്യത്തിന്റെ ഇനിയുള്ള കാലത്തെ വികസനം. ഇത്തരം തയ്യാറെടുപ്പിനെ അടിസ്ഥാനപ്പെടുത്തി ഇക്കോണോമിസ്റ്റ് മാസിക ലോക രാജ്യങ്ങളെ റാങ്ക് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് നിങ്ങൾ ഒന്ന് വായിക്കേണ്ടതാണ്.
ഇന്റർനെറ്റ് കണക്ടിവിറ്റി, മൊബൈൽ ഫോൺ സബ്‌സ്‌ക്രിപ്‌ഷൻ, ഇ കോമേഴ്‌സ്, ഇ ഗവേണൻസ് എന്നിവക്കുള്ള സൗകര്യങ്ങൾ, സൈബർ സെക്യൂരിറ്റി, ഗവേഷണത്തിന് രാജ്യം ചിലവാക്കുന്ന തുക, രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന പേറ്റന്റ് ഇവയൊക്കെയാണ് റാങ്കിങ്ങിന് ആധാരം.
 
പ്രതീക്ഷ പോലെ ഫിൻലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്, തൊട്ടു പുറകിൽ സ്വീഡൻ, പിന്നെ ഓസ്ട്രിയ. ഇന്ത്യയുടെ സ്ഥാനം നാല്പത്തി ഏഴാണ്.
 
ഇങ്ങനെയുള്ള റാങ്കിങ്ങുകൾ കാണുമ്പോഴൊക്കെ കേരളം എവിടെ ആയിരിക്കും നിൽക്കുന്നതെന്ന് ചിന്തിക്കാറുണ്ട്. ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ, കേരളം ഒരു രാജ്യമായിരുന്നുവെങ്കിൽ ജനസംഖ്യ വച്ച് ലോകത്തെ നാല്പത്തി ഒന്നാമത്തെ വലിയ രാജ്യം ആകുമായിരുന്നു. ഇപ്പോൾ ഈ ഒന്നും രണ്ടും മൂന്നും റാങ്ക് കിട്ടിയവർ കേരളത്തേക്കാൾ കുറച്ചു ജനസംഖ്യയുള്ളവരാണ്. ആ അർത്ഥത്തിൽ അവരെക്കാൾ മുന്നിലെത്താൻ നമുക്ക് ആഗ്രഹിക്കാവുന്നതും ശ്രമിക്കാവുന്നതുമാണ്.
 
പക്ഷെ ഇപ്പോൾ അങ്ങനെയൊരു റാങ്കിങ്ങ് നടത്തിയാൽ ഇന്ത്യയുടെ റാങ്കിങ്ങ് ആയ നാല്പത്തി ഏഴിലും താഴെയായിരിക്കും കേരളത്തിന്റെ റാങ്ക്. കാരണം ഗവേഷണത്തിന് പണം മുടക്കുന്നതിലും പേറ്റന്റ് ഉണ്ടാക്കുന്നതിലുമൊക്കെ നാം ഏറെ പുറകിലാണ്. ഇന്ത്യയിൽ നമ്പർ വൺ ആയ ഇ – ഗവേർണൻസും ഇ – കോമേഴ്സും എല്ലാം നമുക്ക് കേരളത്തിൽ ഒരുക്കാവുന്നതേ ഉള്ളൂ, പക്ഷെ നമ്മുടെ പ്രയോറിറ്റി ഇപ്പോഴും ഗവേഷണത്തിലും ഇ – കോമേഴ്സിലും ഒന്നും എത്തിയിട്ടില്ല.
 
മക്കൾ രാഷ്ട്രീയവും പോലീസ് അക്രമങ്ങളും ദുരഭിമാനക്കൊലയും ഒക്കെയാണ് ഇപ്പോഴും മലയാളികളുടെ മാധ്യമങ്ങളിലും ചിന്തകളിലും ചർച്ചകളിലും നിറഞ്ഞു നിൽക്കുന്നത്. ലോകം മുന്നോട്ടു പോകുന്നതും സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമറിക്കാൻ പോകുന്നതുമൊന്നും ശ്രദ്ധിക്കാൻ നമുക്ക് സമയമില്ല.
 
എന്നാണ് നമ്മൾ ഈ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നത് ?
 
(https://www.eiu.com/public/topical_report.aspx?campaignid=TechReadiness).
 
മുരളി തുമ്മാരുകുടി.

Leave a Comment