പൊതു വിഭാഗം

നശിച്ചു പോകുന്ന യുവത്വങ്ങൾ…

ഒരു വർഷം നാല്പത്തിനായിരത്തോളം റോഡപകടങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്, അതിൽപ്പെട്ട് മരിക്കുന്ന നാലായിരത്തോളം പേരിൽ പകുതിയും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. അവരിൽ ഭൂരിഭാഗവും യുവാക്കളും. മരിക്കുന്നതിന്റെ എത്രയോ ഇരട്ടി ആളുകൾ ഗുരുതരമായ പരിക്കുപറ്റി ജീവിതകാലം മുഴുവൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു… ഒന്നും സ്വയം ചെയ്യാനാവാതെ കുടുംബത്തിന് പ്രായോഗികമായും സാമ്പത്തികമായും ഭാരമായി ജീവിക്കുന്നു. ഒരു ശരാശരി അപ്പർ മിഡിൽ ക്‌ളാസ് കുടുംബത്തെ പട്ടിണിയിലാക്കാൻ ഒരു റോഡപകടം മതി എന്ന് ഈ ബൈക്കിൽ ചെത്തുന്ന പയ്യന്മാരൊന്നും ആലോചിക്കാറില്ല, കാരണം അപകടം നമുക്കല്ലല്ലോ വരുന്നത്, മറ്റുള്ളവർക്കല്ലേ ?

പറവൂരിലെ Hforh Helpforhelpless എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയതിൽ പിന്നെ ഇങ്ങനെ എത്രയോ മരണങ്ങൾ, മരിച്ചു ജീവിക്കുന്നവർ, സാമ്പത്തികമായി തകർന്ന കുടുംബങ്ങൾ, ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കുടുംബങ്ങൾ ഇവയെല്ലാം ഞാൻ കാണുന്നു. പക്ഷെ എത്ര പറഞ്ഞാലും കുട്ടികൾ ശ്രദ്ധിക്കുന്നില്ല, ദിവസം അഞ്ചു വെച്ച് നമ്മുടെ യുവാക്കൾ ഇപ്പോഴും റോഡിൽ മരിക്കുന്നു. പത്തോ ഇരുപതോ എണ്ണം ആശുപത്രിയിലാകുന്നു.

ഇങ്ങനെയുള്ള കുട്ടികളെ കഴിഞ്ഞ മുപ്പതു വർഷമായി കാണുന്നതിന്റെയും ചികിൽസിക്കുന്നതിന്റെയും അനുഭവത്തിൽ ഏറെ ദുഖത്തോടെ ഡോക്ടർ ജേക്കബ് ആലപ്പാട്ട് സംസാരിക്കുന്നു. കൂപ്പുകൈകളോടെ അദ്ദേഹം അപേക്ഷിക്കുകയാണ്,

1. ദൂരം എത്ര ചെറുതാണെങ്കിലും ഹെൽമെറ്റ് ഉപയോഗിക്കണം.

2. ഹെൽമെറ്റ് തലയിൽ വച്ചാൽ മാത്രം പോരാ, നന്നായി സ്ട്രാപ്പ് ചെയ്യണം.

3. വണ്ടി ഓടിക്കുന്ന ആൾ മാത്രമല്ല പുറകിലിരിക്കുന്ന ആളും ഹെൽമെറ്റ് ധരിക്കണം.

4. ഇരുചക്ര വാഹനത്തിൽ കുട്ടികളെ ഇരുത്തിയാൽ അവർക്കും വേണം ഹെൽമെറ്റ്.
താങ്ക് യു ഡോക്ടർ, കൈ കൂപ്പേണ്ടത് ഞങ്ങളാണ്. താങ്കളുടെ സന്ദേശത്തിന് നന്ദി. അതുണ്ടാക്കാൻ ചിലവാക്കിയ സമയത്തിനും. ഇതുകൊണ്ട് ഒരുപാട് മാറ്റമുണ്ടായില്ലെങ്കിലും ഒരാളെങ്കിലും രക്ഷപ്പെട്ടാൽ ഡോക്ടർ ചിലവാക്കിയ സമയം സാർത്ഥകമായല്ലോ.

ഇതുവരെ വെറും അറുപത് പേരാണ് ഈ വീഡിയോ കണ്ടത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഓരോ മിനിറ്റിനും വിലയുള്ള ഡോക്ടർ സമയമെടുത്ത് ഒരു സന്ദേശം തരുന്നു. ഇതൊന്നു കാണാനും അത് പരമാവധി പേരിൽ എത്തിക്കാനും അൽപ സമയം നമ്മൾ ചിലവാക്കേണ്ടേ?

ദയവ് ചെയ്ത് കാണുക, ഷെയർ ചെയ്യുക, ജീവിതത്തിൽ ഈ നിർദേശങ്ങൾ പാലിക്കുക,
സുരക്ഷിതരായിരിക്കുക.

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിവരങ്ങള്‍.

Posted by Sony Thomas on Monday, February 12, 2018

മുരളി തുമ്മാരുകുടി.

Leave a Comment