ഞാൻ Suresh പിള്ളയെ പരിചയപ്പെട്ടിട്ട് കൂടിയാൽ രണ്ടുവർഷമേ ആയിട്ടുള്ളൂ. ആളെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഇതിനകം ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരാളായി മാറിക്കഴിഞ്ഞു സുരേഷ്.
കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും ഇംഗ്ലണ്ടിൽ എത്തി പാചകക്കാരനായി പേരെടുത്ത ആളാണ്. സാധാരണഗതിയിൽ നാട്ടിൽ അത്ര ഗ്ലാമറുള്ള ജോലിയല്ല പാചകക്കാരുടേത്. വിദേശത്ത് എല്ലാ ജോലികൾക്കും അതിന്റേതായ ബഹുമാനമുള്ളതു കൊണ്ട് നാട്ടിലെ പാചകക്കാർ വിദേശത്തേക്ക് പോകുന്നതല്ലാതെ വിദേശത്തു നിന്നും ആരും കേരളത്തിലേക്ക് വരാറില്ല, പ്രത്യേകിച്ചും വിദേശത്ത് പോയ മലയാളികൾ. ഇവിടെയാണ് സുരേഷിന്റെ മഹത്വം തുടങ്ങുന്നത്.
വിദേശത്ത് നല്ല ജോലിയും പ്രശസ്തിയുമുള്ള ഒരാളെ കേരളത്തിലെ ഒരു സ്ഥാപനം തിരിച്ചു വിളിച്ചു എന്ന് പറയുന്നത് തന്നെ എത്രയോ നല്ല കാര്യമാണ്. ഞാൻ ഉൾപ്പെടെ കേരളത്തിൽ നിന്നും പുറത്തുപോകുന്ന എല്ലാ പ്രൊഫഷനലുകളുടെയും സ്വപ്നമാണത്. പക്ഷെ അപൂർവ്വം പേർക്കേ അത് സാധിക്കാറുള്ളൂ.
രണ്ടാമത് ഒരു പാചകക്കാരനായി അടുക്കളയിൽ ഒതുങ്ങിക്കൂടുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. താൻ പാചകം ചെയ്യുന്ന കാര്യങ്ങൾ ആളുകളെ കാണിച്ചു കൊടുക്കുക, തന്റെയടുത്ത് വരുന്ന അതിഥികളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക, ദുരന്തത്തിൽ അകപ്പെട്ടവർക്കായി പാചകത്തിലൂടെ പണം കണ്ടെത്തുക, ഇതൊക്കെ ചെയ്ത് മാധ്യമങ്ങളുടെ ശ്രദ്ധ നേടുക. ഇതെല്ലാം പ്രധാനമാണ്. കാരണം എൻജിനീയറും ഡോക്ടറും ആകേണ്ട കാര്യമൊന്നുമില്ല, സമൂഹത്തിന് സേവനം ചെയ്യാനും, സെലിബ്രിറ്റി ആകാനും എന്ന് പുതിയ തലമുറക്ക് കാണിച്ചു കൊടുക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്.
ഒരു കാര്യത്തിൽ എനിക്ക് സുരേഷിനോട് പ്രത്യേക ബഹുമാനമുണ്ട്. സ്വന്തം പാചകത്തെക്കുറിച്ച് പറയുക മാത്രമല്ല, ആഴ്ചയിൽ ഒരിക്കലെങ്കിലും അധികമാരും അറിയപ്പെടാത്ത ഒരു ഹോട്ടലോ, വിഭവമോ, പാചകക്കാരനേയോ അദ്ദേഹം നമുക്ക് പരിചയപ്പെടുത്താറുമുണ്ട്. സ്വന്തം കഴിവിൽ വലിയ ആത്മവിശ്വാസം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെപ്പറ്റി ചിന്തിക്കാനും അവരെ പ്രമോട്ട് ചെയ്യാനും ധൈര്യമുണ്ടാകൂ.
ഇതുവരെ സുരേഷിനെ നേരിട്ട് കാണാനോ പാചകം രുചിക്കാനോ അവസരം ഉണ്ടായിട്ടില്ല. അദ്ദേഹം പല പ്രാവശ്യം വിളിച്ചതാണെങ്കിലും പല കാരണങ്ങളാൽ സാധിച്ചില്ല. ഇംഗ്ലണ്ടിൽ പ്രിയയും കേരളത്തിൽ സുധീറും എന്നോട് സുരേഷിന്റെ പാചകത്തെപ്പറ്റി ധാരാളം പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തെ പോയി കാണുന്നതും ഭക്ഷണം കഴിക്കുന്നതും ഞാൻ ഇപ്പോൾ സ്വപ്നം കാണാറുണ്ട്.
കേരളത്തിലെ ഏത് കുഗ്രാമത്തിൽ ജനിച്ചാലും ലോകത്തെവിടെയും പോയി ഏത് തൊഴിലും ചെയ്ത് പരിചയവും പേരും ഉണ്ടാക്കാനും, അതുമായി തിരിച്ചു നാട്ടിൽ വന്ന് ജോലി ചെയ്യാൻ ആത്മവിശ്വാസമുള്ള ആളുകളും, അതിനവസരമുണ്ടാകുന്ന കേരളവുമാണ് ഞാൻ സ്വപ്നം കാണുന്നത്. ആ നവകേരളത്തിന് ഒരു മാതൃകയാണ് സുരേഷ്.
സുരേഷിനെ ഫോളോ ചെയ്യാത്തവരുണ്ടെങ്കിൽ തീർച്ചയായും ചെയ്യണം, നഷ്ടം വരില്ല.
മുരളി തുമ്മാരുകുടി
Leave a Comment