പൊതു വിഭാഗം

നമ്മുടെ സർക്കാർ സ്ഥാപനങ്ങൾ മാറുന്നുണ്ടോ?

എന്റെ ചെറിയ അമ്മാവന് (കൊച്ചമ്മാവൻ എന്ന് ഞങ്ങളും ആശാൻ എന്ന് നാട്ടുകാരും വിളിക്കും), വെങ്ങോല കവലയിൽ ഒരു തയ്യൽക്കട ഉണ്ടായിരുന്നു. ഇടക്കൊക്കെ അമ്മാവന് ഉച്ചക്ക് ചോറുകൊണ്ട് കൊടുക്കാൻ ഞാൻ അവിടെ പോകും.

1970 കളിലെ കാര്യമാണ്. 

ഉച്ചക്ക് അമ്മാവൻ ഊണ് കഴിക്കുന്നത് വരെ ഞാൻ അവിടെ ഇരിക്കും. വഴിയിലൂടെ വാഹനങ്ങൾ പോകുന്നത് കാണുക എന്നതാണ് പ്രധാന താല്പര്യം. 

ഉച്ചയൂണ് കഴിഞ്ഞു വെങ്ങോല സർവ്വീസ് സഹകരണ സംഘത്തിലെ സെക്രട്ടറി  മുരളിച്ചേട്ടൻ  കടയിൽ വരും (പിൽക്കാലത്ത് എന്റെ സഹോദരിയെ വിവാഹം ചെയ്തു ബന്ധുവായി). വെങ്ങോല പഞ്ചായത്ത് ഓഫിസർ ഒരു ചാണ്ടി സാർ ആയിരുന്നു എന്നാണ് ഓർമ്മ, അദ്ദേഹവും വരും. അവർ രണ്ടുപേരും ശങ്കരപ്പിള്ളയുടെ കടയിലാണ് ഊണ് കഴിക്കുന്നത്. വീട്ടിൽ പോയി ഉച്ചയൂണ് കഴിഞ്ഞു തിരിച്ചു വരുന്പോൾ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസർ ചെറിയാൻ സാറും കടയിൽ വരും. പിന്നെ അനവധി ചർച്ചകൾ ആണ്.

അന്ന് വെങ്ങോലയിൽ കൃഷി ഓഫീസോ വൈദ്യുതി ഓഫീസോ ഇല്ല. അപ്പോൾ അന്നത്തെ വെങ്ങോലയിലെ സെക്രട്ടറിയേറ്റും ഹൈ കമാൻഡും അമ്മാവന്റെ കടയിൽ ആണ്. 

അക്കാലത്ത് ആ മൂന്ന് ഓഫിസുകളും ഏതാണ്ട് ഒരേ വലിപ്പത്തിൽ ആണ്. പഞ്ചായത്തിൽ ജോലിക്കാരായി മൂന്ന് പേരുണ്ട്, സഹകരണ സംഘത്തിൽ രണ്ടു പേർ, വില്ലജ് ഓഫീസിൽ ഓഫിസർ ഉൾപ്പടെ മൂന്നു പേർ. ഇതൊക്കെ അമ്മാവന്റെ കടയിൽ നിന്നും കഷ്ടി നൂറു മീറ്റർ ദൂരത്തിലാണ്.

പലപ്പോഴും എന്തെങ്കിലും കാരണത്തിനായി ആളുകൾ ഈ ഓഫിസുകൾ തേടി വരും. അവരെ സ്ഥലം കാണിച്ചു കൊടുക്കുന്നതൊക്കെ എന്റെ ജോലിയാണ്. അങ്ങനെ പലപ്പോഴും അവിടെ പോയിട്ടുണ്ട്.

1980 കൾക്ക് ശേഷം ഞാൻ വെങ്ങോലയിൽ നിന്നും പോയതോടെ പിന്നീട് ഈ ഓഫിസുകളിൽ ഒന്നും പോയിട്ടില്ല. (പത്തു വർഷം മുൻപ് സഹകരണ സംഘത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് അന്നത്തെ സഹകരണ ബാങ്ക്  പ്രസിഡന്റ് ആയിരുന്ന മാത്തപ്പൻ മുൻകൈ എടുത്ത് എനിക്ക് ഒരു സ്വീകരണം തന്നത് മറക്കുന്നില്ല).

ഈ തവണ നാട്ടിൽ പോയപ്പോൾ വർക്ക് ഫ്രം ഹോമിന്റെ സൗകര്യം ഉപയോഗിച്ച് രണ്ടാഴ്ച വെങ്ങോലയിൽ നിന്നു.  നാട്ടിൽ ഉച്ചക്ക് ഒന്നരക്കാണ് ജനീവയിലെ ഓഫീസ് പ്രവർത്തനം തുണ്ടങ്ങുന്നത്. അപ്പോൾ രാവിലെ കുറെ സമയം ഉണ്ട്.  അപ്പോഴാണ് ഏറെ നാൾ പെൻഡിങ്ങിൽ ആയിരുന്ന ഒരു ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുക്കാം എന്ന് ഓർത്തത്.  

എന്റെ തലമുറയിലെ ബഹുഭൂപരിപക്ഷം ആളുകൾക്കും ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല. ഏതാണ്ട് അഞ്ചു വയസ്സാകുന്പോൾ സ്‌കൂളിൽ ചേർക്കാൻ ആരെങ്കിലും കൊണ്ടുപോകും. അവിടെ പ്രധാന അധ്യാപകൻ ഒരു ഡേറ്റ് പറയും, മിക്കവാറും ഏപ്രിൽ – മെയ്  അടുപ്പിച്ച്, അതാണ് നമ്മുടെ ഡേറ്റ് ഓഫ് ബർത്ത്. പിൽക്കാലത്ത് പത്താം ക്ലാസ്സ് പാസ്സാകുന്പോൾ അന്ന് എസ്. എസ്. എൽ. സി. ബുക്കിൽ ആ ഡേറ്റ് ഓഫ് ബർത്ത് ഉണ്ടാകും. പിന്നെ അതാണ് ആധികാരിക രേഖ.

എന്റെ വീട്ടിലെ ഒരാളൊഴിച്ച് എല്ലാ സഹോദരങ്ങളുടെയും കാര്യം ഇത് തന്നെ. അവരൊക്കെ ജോലി ചെയ്തു റിട്ടയർ ആയി. ഒരിക്കലും ഒരു ബർത്ത് സർട്ടിഫിക്കറ്റിന്റെ ആവശ്യം വന്നില്ല. 

1989 ൽ എന്റെ ഒരു സഹോദരന് പാസ്സ്‌പോർട്ട് എടുക്കാൻ വേണ്ടി ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. അന്ന് അച്ഛനുള്ള കാലമാണ്, ഞാൻ നാട്ടിൽ ഇല്ല. കുറേ ഫോർമാലിറ്റി   ഉണ്ട്, അത്ര എളുപ്പമല്ല എന്ന് മാത്രം ചേട്ടൻ പറഞ്ഞ ഓർമ്മയുണ്ട്.

ഞാൻ 1986 ൽ തന്നെ പാസ്സ്‌പോർട്ട് എടുത്തിരുന്നു. അന്ന് എസ്. എസ്. എൽ. സി. ബുക്ക് ഉണ്ടെങ്കിൽ പാസ്സ്‌പോർട്ട് കിട്ടും. അതുകൊണ്ട് അന്നും എനിക്ക് ബർത്ത് സർട്ടിഫിക്കറ്റ് വേണ്ടി വന്നില്ല, ഇപ്പോൾ വരെ.

പക്ഷെ ഇപ്പോൾ പല ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നു. മിക്കയിടത്തും പാസ്സ്‌പോർട്ട് വച്ച് അഡ്ജസ്റ്റ് ചെയ്യും. എന്തുകൊണ്ടാണ് ഒരാൾക്ക് ബർത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തത് എന്നൊന്നും മറ്റു രാജ്യത്ത് ഉള്ളവർക്ക് മനസ്സിലാകില്ലല്ലോ. ഇനി പെൻഷൻ റെക്കോർഡിനൊക്കെ വേണ്ടി വരും എന്നതിനാൽ ബർത്ത് സർട്ടിഫിക്കറ്റ് വാങ്ങണം എന്നത് അഞ്ചു വർഷമായി മനസ്സിലുള്ള കാര്യമാണെങ്കിലും നൂലാമാലകൾ ഓർത്തിട്ട് പോകാതിരുന്നതാണ്.

ഈ കിട്ടിയ സമയം അതിനായി ചിലവാക്കാം എന്ന് വച്ചു. ആരെയെങ്കിലും  ഏൽപ്പിക്കുന്നതിന് പകരം സ്വന്തമായി ചെയ്യാമെന്നും അങ്ങനെ വെങ്ങോലയിലെ സർക്കാർ ഓഫീസുകൾ  ഒന്നുകൂടി കാണാം എന്നും തീരുമാനിച്ചു.

ഞങ്ങളുടെ വാർഡ് മെന്പർ ബേസിൽ കുരിയാക്കോസ് ആണ് ഫോർമാലിറ്റികൾ പറഞ്ഞു തന്നത്.

  1. ജനന മരണ രജിസ്‌ട്രാർക്ക് ഒരു അപേക്ഷ കൊടുക്കണം, അതിന് ഒരു ഫോം ഉണ്ട് 
  2. ജനനം ഇരുപത്തി എട്ടു ദിവസത്തിനകം രെജിസ്റ്റർ ചെയ്യണം എന്നാണ് ചട്ടം. എന്തുകൊണ്ട് അത് ചെയ്തില്ല എന്നതിന് കാരണം കാണിക്കുന്ന ഒരു ഫോം ഉണ്ട്, അത് പൂരിപ്പിക്കണം 
  3. ജനനം രെജിസ്റ്റർ ചെയ്യാൻ വൈകിയതിൽ ഖേദിക്കുന്നു എന്ന തരത്തിൽ ഒരു സത്യവാങ്മൂലം സ്റ്റാന്പ് പേപ്പറിൽ ഉണ്ടാക്കണം 
  4. എന്റെ ജനന ദിവസം ഇന്ന വർഷം ഇന്ന തിയ്യതിയാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു എന്നൊരു സത്യവാങ്മൂലത്തിന്റെ രണ്ടു കോപ്പികൾ ഉണ്ടാക്കി അത് രണ്ടു വ്യത്യസ്ത ഗസറ്റഡ് ഓഫീസർമാരുടെ മുന്നിൽ വച്ച് ഒപ്പിടണം. അവരും അവരുടെ ഉത്തമ ബോധ്യത്തിൽ ഈ വിവരം ശരിയാണെന്ന്  സാക്ഷ്യപ്പെടുത്തണം. 
  5. എന്റെ ജനന തിയതി ഞാൻ പറഞ്ഞ ദിവസം ആണെന്ന് എന്റെ അയൽക്കാരായവരും എന്നാൽ ബന്ധുക്കൾ അല്ലാത്തവരും ആയ രണ്ടു പേർ സാക്ഷ്യപ്പെടുത്തണം.

ഈ പറഞ്ഞതിന്റെ  രണ്ടു കോപ്പി ഉണ്ടാക്കണം. ഒന്നാമത്തെ കോപ്പി പഞ്ചായത്ത് ഓഫീസിൽ കൊടുക്കണം. രണ്ടാമത്തേത് റെവന്യൂ ഡിവിഷണൽ ഓഫീസിൽ കൊടുക്കാനാണ്.

ബേസിൽ തന്നെ ഫോം  എത്തിച്ച് തന്നു. എന്റെ സുഹൃത്ത് അഡ്വക്കേറ്റ് അനിൽ സത്യവാങ്മൂലങ്ങൾ റെഡി ആക്കി. ഞാൻ പഞ്ചായത്തിലേക്ക് പോയി.

ഇന്നത്തെ പഞ്ചായത്ത് ഓഫീസ് ഞാൻ കണ്ട പഞ്ചായത്ത് ഓഫീസ് ഒന്നുമല്ല. മൂന്നുപേരുണ്ടായിരുന്ന ഓഫീസിൽ രണ്ടു ഡസൻ ആളുകൾ ഉണ്ട്. കെട്ടിടം ഏറെ വലുതായി, രണ്ടാമത്തെ നിലയിലേക്ക് വളർന്നു. ഓഫീസും പരിസരവും ഒക്കെ വളരെ നന്നായി കൊണ്ട് നടക്കുന്നുണ്ട്. കയറി ചെല്ലുന്നിടത്ത്  തന്നെ “May I Help You” എന്ന പേരിൽ ഒരു ഹെല്പ്  ഡെസ്ക് ഉണ്ട്, എല്ലാ ഫോമുകളും അവിടെ ഉണ്ട്, വേണമെങ്കിൽ പൂരിപ്പിക്കാൻ സഹായവും. അതിനടുത്ത് തന്നെ അപേക്ഷകൾ സ്വീകരിക്കാനും ഉടൻ രസീത് കൊടുക്കാനും ഒരു ബാങ്ക് കൗണ്ടർ പോലെ വേറെ സ്റ്റാഫ് ഉണ്ട്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വേണ്ട രേഖകൾ ഉൾപ്പെട്ട വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരുടെയും പേര്, മൊബൈൽ നന്പർ, ഉത്തരവാദിത്തങ്ങൾ എല്ലാമുണ്ട്. കൈക്കൂലി കൊടുക്കരുതെന്നും അങ്ങനെ ആവശ്യപ്പെട്ടാൽ ഏത് ഓഫീസിലാണ് ബന്ധപ്പെടേണ്ടത് എന്നും എഴുതി വച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഫ്രീ വൈ ഫൈ സംവിധാനങ്ങളും അവിടെ ഉണ്ട്. മൊത്തം കണ്ടാൽ കിടു ആണ് !

രണ്ടു വർഷം മുൻപ് യു. എന്നും കിലയും (Kerala Institutet of Local Administration) ആയി ചേർന്ന് നടത്തുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി യൂറോപ്പിൽ നിന്നുള്ള എന്റെ ചില സുഹൃത്തുക്കൾ തൃശൂർ ജില്ലയിലെ ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്ദർശിച്ചിരുന്നു. അവർ തിരിച്ചു വന്ന് ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ജനപ്രതിനിധികളുടേയും കഴിവിനേയും കാര്യപ്രാപ്തിയെയും പറ്റി പുകഴ്ത്തി പറഞ്ഞിരുന്നു. 

“നിങ്ങളുടെ പഞ്ചായത്ത് ഓഫീസുകളിൽ ഉള്ള പോലുള്ള കോൺഫറൻസ് റൂമുകൾ ഒന്നും എന്റെ രാജ്യത്തെ ഗ്രാമത്തിൽ ഇല്ല” എന്നും അവർ പറഞ്ഞത് ഞാൻ ഓർത്തു.

ഞാൻ ഓഫീസിൽ എത്തി, പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു. വനിതയാണ്. കാര്യം പറഞ്ഞു, അപേക്ഷ കൊടുത്തു. അപേക്ഷ വച്ച കൂട്ടത്തിൽ എന്റെ എസ്. എസ്. എൽ. സി. ബുക്ക് വക്കാൻ മറന്നുപോയി.

“കുഴപ്പമില്ല, ഇമെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്താൽ മതി”

പഞ്ചായത്ത് ഓഫീസിൽ നിന്നും “എന്റെ ജനനം അവിടെ രേഖപ്പെടുത്തിയിട്ടില്ല” എന്നൊരു സർട്ടിഫിക്കറ്റ് റെവന്യൂ ഡിവിഷണൽ ഓഫീസിലേക്ക് നല്കുന്നതോടെയാണ് ഫയൽ ആരംഭിക്കുന്നത്. എന്റെ അമ്മ ജനിച്ചതും വിവാഹത്തിന് ശേഷം ജീവിച്ചതും വെങ്ങോല പഞ്ചായത്തിൽ ആയതിനാലും എന്നെ പ്രസവിച്ചത് വീട്ടിൽ ആയതിനാലും മറ്റുള്ള പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ പോകേണ്ട കാര്യമുണ്ടായില്ല. 

രണ്ടാമത്തെ സ്റ്റെപ്പ് പഞ്ചായത്തിൽ ജനനം രെജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഞാൻ നൽകിയ മറ്റു കാര്യങ്ങൾ ശരിയാണോ എന്ന് ആർ ഡി ഓ അന്വേഷിക്കുന്നതാണ്. ഈ അന്വേഷണം നടത്തുന്നത് വില്ലേജ് ഓഫീസർ ആണ്.

പഞ്ചായത്തിനും വില്ലേജിനും ഇടക്കാണ് പഴയ സർവീസ് സഹകരണ സംഘം. സംഘം ഇപ്പോൾ സഹകരണ ബാങ്ക് എന്നാണ് അറിയപ്പെടുന്നത്. അതിന്റെ മട്ടും ഭാവവും ഒന്നിലേറെ ബ്രാഞ്ചുകളും ഉണ്ട്. പോരാത്തതിന് പണ്ട് വളം മാത്രം കച്ചവടം ചെയ്തുകൊണ്ടിരുന്ന സംഘം ഇപ്പോൾ അടിപൊളി സൂപ്പർ മാർക്കറ്റ് നടത്തുന്നു. ഗ്രാമത്തിന്റെ സാന്പത്തിക സ്ഥിതിയിൽ ഉണ്ടായ ഉയർച്ച മുഴുവൻ ബാങ്കിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ വളർച്ചയിൽ ബാങ്കിനും പങ്കുണ്ട്, അത് സാന്പത്തിക വളർച്ചയിൽ മാത്രമല്ല, നമ്മുടെ സമൂഹത്തിലെ നേതൃത്വ പരിശീലന കേന്ദ്രങ്ങൾ കൂടിയാണ് സഹകരണ സംഘങ്ങൾ. കേരളത്തിലെ സഹകരണ സംഘങ്ങൾ ലോകോത്തര മാതൃകയാണെന്നും മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്ക് പോലെ നോബൽ പ്രൈസിനു പോലും അർഹമാണെന്നും ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ ചിന്തയിൽ മാറ്റമൊന്നുമില്ല.

മാറ്റമില്ലത്ത ഒന്ന് കൂടി ഉണ്ട്. വെങ്ങോലയിലെ വില്ലജ് ഓഫീസ്. 1970 കളുടെ അവസാനത്തിലോ എൺപതുകളുടെ ആദ്യത്തിലോ ആണ് പഴയ റോഡിന്റെ പുറന്പോക്കായി കിടന്ന സ്ഥലത്ത് രണ്ടു മുറി വില്ലേജ് ഓഫീസ് ഉണ്ടാക്കിയത്. അതിന് ഒട്ടും വളർച്ച ഉണ്ടായിട്ടില്ല. മിക്കവാറും വില്ലേജ് ഓഫീസുകളിൽ ഇത് തന്നെയാണ് അവസ്ഥ. 

പക്ഷെ ഓഫീസിന് അകത്തു ചെന്ന ഞാൻ അത്ഭുതപ്പെട്ടു. വില്ലേജ് ഓഫീസറുടെ മേശപ്പുറത്ത് ഒരു ഫയൽ പോലും ഇല്ല. സാധാരണ വലിയ ഫയലുകളുടെയും ലെഡ്ജറുകളുടെയും സ്കെച്ചുകളുടെയും നടുവിലാണ് വില്ലേജ് ഓഫീസർമാരെ കാണുന്നത്. പക്ഷെ ഇദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു ലാപ്പ് ടോപ് മാത്രമേ ഉള്ളൂ. ആളുകൾ ഓരോ തരത്തിലുള്ള ആവശ്യങ്ങളുമായി വരുന്നു. അതിൽ കോവിഡ് മരണ സഹായം തൊട്ട് സ്ഥലത്തിന്റെ സ്കെച്ച് പോലുള്ള വിഷയങ്ങൾ വരെ ഉണ്ട്. അദ്ദേഹം അതിലെ റഫറൻസ് നന്പറുകൾ കന്പ്യൂട്ടറിൽ നോക്കി അവർക്ക് വേണ്ടത്ര നിർദ്ദേശങ്ങൾ നൽകുന്നു. 

നമ്മുടെ സർക്കാർ സംവിധാനത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വേണം എന്നൊക്കെ ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. പക്ഷെ എത്രമാത്രം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വന്നു കഴിഞ്ഞു എന്ന് ഞാൻ ഇത് വരെ കണ്ടിരുന്നില്ല. സ്ഥലത്തിന്റെ കരമടക്കൽ ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാം എന്ന് ചേട്ടൻ പറഞ്ഞിരുന്നെങ്കിലും ഞാൻ ഇത് വരെ അത് ചെയ്ത് നോക്കിയിരുന്നും ഇല്ല. പക്ഷെ നേരിട്ട് കാര്യങ്ങൾ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി.

“മിക്കവാറും കാര്യങ്ങൾ  ഇപ്പോൾ ഓൺലൈൻ ആയി ചെയ്യാം, പക്ഷെ ഇന്റെർനെറ്റിന് പലപ്പോഴും വേണ്ടത്ര സ്പീഡ് ഇല്ല, അഞ്ചു മിനുട്ട് കൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ അര മണിക്കൂർ എടുക്കും” അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ആയി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന ഡേറ്റയും വർക് ഫ്ളോയും ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ ലാസ്റ്റ് മെയിൽ കണക്ടിവിറ്റി എന്നുള്ളത് പ്രാധാന്യമുള്ളതാണെങ്കിലും ബുദ്ധിമുട്ടുള്ളതല്ല. ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ വരികയും ജനാധിപത്യം താഴെ തട്ടിലേക്ക് ഇറങ്ങി വരികയും ചെയ്തപ്പോൾ പഞ്ചായത്ത് സംവിധാനത്തിനുണ്ടായ ഒരുണർവ്വ് വില്ലേജ് സംവിധാനത്തിന് ഇനിയും ഉണ്ടായിട്ടില്ല. ഇത് മാറ്റിയെടുക്കണം. അനവധി വിഷയങ്ങളാണ് വില്ലേജ് ഓഫീസ് കൈകാര്യം ചെയ്യുന്നത്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവിടെ എത്തിയാൽ നമ്മുടെ സമൂഹത്തിലെ എല്ലാവർക്കും അത് അറിയാനാകും, ഗുണമുണ്ടാവുകയും ചെയ്യും. നല്ല കണക്ടിവിറ്റി കൊടുക്കുകയും ചട്ടങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ സർവ്വീസ് ഡെലിവറി മെച്ചപ്പെടുത്താൻ നമ്മുടെ ബ്യൂറോക്രസി തയ്യാറാണ്.

വില്ലേജ് ഓഫീസറുടെ അന്വേഷണം കഴിഞ്ഞാൽ റിപ്പോർട്ട് വീണ്ടും ആർ. ഡി. ഓ. യുടെ അടുത്ത് എത്തും. മുവാറ്റുപുഴ ഡിവിഷണൽ ഓഫീസ് ആണ് വെങ്ങോല പഞ്ചായത്തും വില്ലേജ് ഓഫീസും കൈകാര്യം ചെയ്യുന്നത്. മുവാറ്റുപുഴയിൽ നിന്നും അല്പം മാറിയിട്ടാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇപ്പോൾ സിവിൽ സ്റ്റേഷനുകളും മിനി സിവിൽ സ്റ്റേഷനുകളും ഒക്കെ ആയല്ലോ. അതുപോലൊന്ന് മുവാറ്റുപുഴയിലും ഉണ്ട്. വിവിധ സർക്കാർ ഓഫീസുകളെ ഒരേ കെട്ടിടത്തിൽ കൊണ്ടുവന്നിട്ടുള്ള സംവിധാനമാണ്. പണ്ട് ആർ. ഡി. ഓ. ഓഫിസ് ഒരു ചെറിയ കെട്ടിടമായിരുന്നു, ഇന്നിപ്പോൾ വലിയൊരു ഓഫീസ് സമുച്ചയത്തിന്റെ ഭാഗമാണ്. കൊറോണക്കാലം ആയതിനാലാകണം വലിയ തിരക്കുണ്ടായിരുന്നില്ല. ആർ. ഡി. ഓ. യെ നേരിട്ട് കണ്ട് അപേക്ഷകൾ സമർപ്പിച്ചു. ഓഫീസിലെ മറ്റു സ്റ്റാഫിനെ പരിചയപ്പെടുകയും ചെയ്തു.

വില്ലേജ് ഓഫീസറുടെ എൻക്വയറി റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ജനനം രെജിസ്റ്റർ ചെയ്യാൻ വൈകിയത് മാപ്പാക്കി അതിനുള്ള ഫൈനും സ്വീകരിച്ച് ജനനം രെജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് ഇടാൻ ആർ. ഡി. ഒ. ക്ക് ബുദ്ധിമുട്ടുണ്ടായില്ല. പ്രളയത്തെ പറ്റിയും കാലാവസ്ഥ വ്യതിയാനത്തെ പറ്റിയും ഒക്കെ ഏറെ സംസാരിക്കുകയും ചെയ്തു.

നാല്പത് വർഷത്തിനിപ്പുറം നാട്ടിലെ  സർക്കാർ സംവിധാനങ്ങൾ  ഒന്നുകൂടി അടുത്ത് കാണുന്പോൾ ഏറെ സന്തോഷമാണ്. നമ്മുടെ ഓഫീസുകളിൽ കാര്യങ്ങൾ നന്നായി മാറുന്നുണ്ട്. മാറ്റങ്ങൾ ഭൗതികമായി മാത്രമല്ല. ഇത്തവണ പഞ്ചായത്ത് ഓഫീസും ആർ. ഡി. ഓ. ഓഫീസും ഒക്കെയാണ് കണ്ടതെങ്കിലും നമ്മുടെ ആശുപത്രികളിലും സ്‌കൂളുകളിലും  ഈ മാറ്റങ്ങൾ നിങ്ങളും കാണുന്നുണ്ടാകുമല്ലോ. സർക്കാർ ഓഫീസുകൾ ഒരു കെട്ടിടത്തിൽ ആക്കുന്ന സിവിൽ സ്റ്റേഷൻ സംവിധാനം നല്ല കാര്യമാണ്. ഇപ്പോൾ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും കോവിഡ് കൊണ്ടുവന്ന “എവിടെ നിന്നും ജോലി ചെയ്യാവുന്ന” സാഹചര്യവും ഉപയോഗിച്ച് കേരളത്തിൽ എവിടേയും ഉള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് കേരളത്തിൽ എവിടെ നിന്ന് വേണമെങ്കിലും ജോലി ചെയ്യാം എന്നും കേരളത്തിലോ വിദേശത്തോ ഉള്ള ആർക്കും ഏതൊരു ഓഫീസിൽ എത്തിയാലും മറ്റെവിടെയും ഉള്ള കാര്യത്തെ പറ്റി അറിയുകയോ കാര്യങ്ങൾ നടത്തിക്കിട്ടുകയോ ചെയ്യാം എന്നൊക്കെയുള്ള സാഹചര്യം ഉണ്ടാക്കിയെടുത്താൽ ഇന്ത്യക്ക് മാതൃകയായി അത് മാറും.

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഏറ്റവും നന്നായി നടക്കുന്ന എസ്റ്റോണിയയിൽ നിന്നുള്ള ഒരു തത്വം ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. അവിടുത്തെ എല്ലാ സർക്കാർ വകുപ്പുകളിലും ഉള്ള വിവരങ്ങൾ പരസ്പര ബന്ധിതമാണ്. അതുകൊണ്ട് തന്നെ നമ്മൾ ഒരു വിവരം ഒന്നിൽ കൂടുതൽ പ്രാവശ്യം സർക്കാരിന് നൽകേണ്ട ആവശ്യം വരില്ല എന്നുള്ള ഉറപ്പാണത്. ഇത് നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ല, അതുകൊണ്ട് തന്നെ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും നമുക്ക് പൂരിപ്പിക്കേണ്ടി വരുന്നു. ഉദാഹരണത്തിന് കൊറോണക്കാലത്ത് നാട്ടിലേക്ക് വരാനായി പൂരിപ്പിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് (പേര്, അഡ്രസ്സ്, വാർഡ് നന്പർ, ഫോൺ നന്പർ എന്നിങ്ങനെ). പക്ഷെ ഒരിക്കൽ എഴുതിയ കാര്യങ്ങൾ വീണ്ടും വീണ്ടും ഒരേ വകുപ്പിന് തന്നെ നൽകേണ്ടി വരുന്നു. കേന്ദ്രത്തിൽ നൽകുന്ന വിവരങ്ങൾ വീണ്ടും കേരള സർക്കാരിന് വേണ്ടി നൽകേണ്ടി വരുന്നു. ഒരു വകുപ്പിന് നൽകുന്ന വിഷയങ്ങൾ അടുത്ത വകുപ്പിന് നൽകേണ്ടി വരുന്നു. ഇത് അനാവശ്യമാണ്, ഒഴിവാക്കേണ്ടതുമാണ്. ഇതിനൊക്കെയുള്ള സാദ്ധ്യതകൾ നമുക്ക് ചുറ്റുമുണ്ട്. അതിനെപ്പറ്റി പിന്നീടൊരിക്കൽ എഴുതാം.

ജനിച്ച് അന്പത്തേഴ് വർഷത്തിന് ശേഷം ഇപ്പോൾ എനിക്ക് ഒരു ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ട്. ഇനി ഇടക്കിടക്ക് അതിനെ പറ്റി എഴുതി വെറുപ്പിക്കാം ! 

മുരളി തുമ്മാരുകുടി

May be an image of outdoors

Leave a Comment