പൊതു വിഭാഗം

നമ്മുടെ യുവജനങ്ങൾ, നമ്മുടെ അഭിമാനം മാത്രമല്ല, ഭാവി കൂടിയാണ്.

ചൈനയിൽ ഒരു കുടുംബത്തിൽ ഒരു കുട്ടി മാത്രം എന്ന സർക്കാർ നിയമം വന്നതിന് ശേഷം അവിടെ ഉണ്ടായ തലമുറയെ ‘കൊച്ചു ചക്രവർത്തിമാർ’ (little emperors) എന്നാണ് വിളിച്ചിരുന്നത്. ഒറ്റ കുട്ടി ആയിരുന്നതിനാൽ അച്ഛനും അമ്മയും ഗ്രാൻഡ് പേരന്റസും ലാളിച്ചു വഷളാക്കുന്നു, സമൂഹത്തിൽ താല്പര്യമില്ല, ആരുമായും ഒന്നും ഷെയർ ചെയ്തു പഠിച്ചിട്ടില്ല, കമ്പ്യൂട്ടർ ഗെയിം കളിച്ചു നടക്കുകയാണ്… എന്നൊക്കെയായിരുന്നു ആ തലമുറ നേരിട്ടിരുന്ന ആരോപണങ്ങൾ.
 
രണ്ടായിരത്തി ഏട്ടിലെ ഭൂമികുലുക്കം ആ ചിന്തകൾ മാറ്റിമറിച്ചു. ചൈന സമീപകാലത്തൊന്നും കാണാത്ത തരത്തിൽ ഭൂമി കുലുങ്ങി, ഒരു ലക്ഷത്തോളം പേർ മരിക്കുകയും പത്തുലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തപ്പോൾ പഴയ തലമുറ സ്തബ്ധരായിപ്പോയി. ആ ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിട്ടിറങ്ങിയത് സ്വാർത്ഥന്മാരാണെന്ന് സമൂഹം വിലയിരുത്തുകയും എഴുതി തള്ളുകയും ചെയ്ത കൊച്ചു തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും ആയിരുന്നു. ഇത് ഞാൻ മുൻപൊരിക്കൽ എഴുതിയിട്ടുണ്ട്.
 
കേരളം ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്നതിൽ നമ്മുടെ പുതിയ തലമുറ കാണിച്ച താല്പര്യം, ഇടപെടൽ, മനോധൈര്യം, ഇതെല്ലാം ലോകോത്തരമാണ്. ഞാൻ എപ്പോഴും പറയുന്നത് പോലെ ലോകത്തെ തൊണ്ണൂറു ശതമാനം രക്ഷാ പ്രവർത്തനവും നടത്തുന്നത് ഔദ്യോഗിക സംവിധാനങ്ങളോ സേനയോ ഐക്യരാഷ്ട്ര സഭയോ അല്ല. നമ്മുടെ ചുറ്റും ഉള്ളവരാണ്. അത് തന്നെയാണ് കേരളത്തിലും സംഭവിച്ചത്. മുൻപ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു മഹാപ്രളയം മുന്നിലെത്തിയിട്ടും നമ്മുടെ കുട്ടികൾ പേടിച്ചില്ല എന്ന് മാത്രമല്ല ആൺകുട്ടികളും പെൺകുട്ടികളും, ദുരന്തം ബാധിച്ച പ്രദേശത്ത് ഉള്ളവരും ദുരന്തം കേട്ടറിഞ്ഞവരും, പകലും രാത്രിയും ദുരിത ബാധിതർക്കായി മുന്നിട്ടിറങ്ങി.
 
ചുറ്റുമുള്ളവർ ആളുകളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ അമേരിക്ക, സിംഗപ്പൂർ, ഗൾഫ്, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ ഉറക്കം കളഞ്ഞും നമ്മുടെ പുതിയ തലമുറ രക്ഷാപ്രവർത്തനത്തിനുള്ള വെബ്സൈറ്റ് ഉണ്ടാക്കുന്നതിലും, ആവശ്യമായ പണം സംഘടിപ്പിക്കുന്നതിലും ഇടപെട്ടു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള നഗരങ്ങളിൽ രാത്രികളിലും ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും സംഭരിക്കാനുള്ള ഇടങ്ങളിൽ, സാധാരണഗതിയിൽ വൈകിട്ട് ഏഴു കഴിഞ്ഞാൽ പുറത്തിറങ്ങാത്ത നമ്മുടെ പെൺകുട്ടികൾ ഉറക്കമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.
 
വലിയ ദുരന്തങ്ങൾ വരുമ്പോൾ സർക്കാർ സംവിധാനങ്ങൾ വരെ പകച്ചു നിൽക്കുന്ന സമയത്ത് ആരും വിളിക്കാതെ, സമചിത്തതയോടെ നമ്മുടെ കുട്ടികൾ മുന്നിട്ടിറങ്ങി എന്നതും, ജാതിയും മതവും പാർട്ടിയും ഒന്നും അവരെ വിഭജിച്ചില്ല എന്നതും നമ്മുടെ സമൂഹത്തിന്റെ ഭാവിയിൽ വലിയ പ്രത്യാശ തരുന്ന ഒന്നാണ്.
 
ദുരന്തകാലത്ത് ഉണ്ടായ ഈ അറിവും ഉണർവും ദുരന്തം കഴിഞ്ഞു രണ്ടാഴ്ച കഴിയുന്നതോടെ നഷ്ടപ്പെടരുത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ പഴയ കേരളം അല്ല നമ്മൾ പുനർനിർമ്മിക്കേണ്ടത്. നാളത്തെ കേരളം നമ്മുടെ യുവാക്കളുടെ കേരളം ആണ്. അപ്പോൾ അതെന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് തിരുവനന്തപുരത്തിരിക്കുന്ന എൻറെ തലമുറയിലെ മുതിർന്ന രാഷ്ട്രീയക്കാരും എൻറെ തലമുറയിലെ ബ്യൂറോക്രാറ്റുകളും മാത്രമല്ല. ലോകത്തെമ്പാടുമുള്ള നമ്മുടെ പുതിയ തലമുറയുടെ അറിവും ചിന്തകളും ഉൾപ്പെടുത്താനുള്ള ഒരു സംവിധാനം നമുക്ക് വേണം. പുനർ നിർമ്മാണത്തിൽ നമ്മുടെ പുതിയ തലമുറക്ക് ഒരു സ്ഥാനം കണ്ടിട്ട് വേണം പദ്ധതികൾ രൂപീകരിക്കാൻ.
 
ഇതിലും വലിയ മറ്റൊരു കാര്യം കൂടിയുണ്ട്. ബന്ദും ഹർത്താലും നടത്താൻ റോഡിലിറങ്ങിയില്ലെങ്കിലും നമ്മുടെ സമൂഹത്തിൽ പുതിയ തലമുറക്കും വേണ്ടത്ര താല്പര്യമുണ്ടെന്ന് മനസ്സിലായ സ്ഥിതിക്ക് നമ്മുടെ രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും അധികാര സ്ഥാനങ്ങളിലും യുവാക്കൾക്കും യുവതികൾക്കും അർഹമായ സ്ഥാനം തീർച്ചയായും നൽകണം. ഇല്ലെങ്കിൽ കുട്ടികൾ അത് ചോദിച്ചു വാങ്ങണം. അതായിരിക്കണം ഈ ദുരന്തത്തിന്റെ ബാക്കി പത്രം.
 
മുരളി തുമ്മാരുകുടി

Leave a Comment