പൊതു വിഭാഗം

നമ്മുടെ ജീവനും അവരുടെ ജീവനും…

ദുരന്തകാലത്ത് മലയാളികളുടേയും മറുനാട്ടുകാരുടേയും കാര്യത്തിൽ മലയാളികൾ (പൊതു സമൂഹവും അധികാരികളും) കാണിക്കുന്ന ഇരട്ടത്താപ്പ് വിഷമം ഉണ്ടാക്കുന്നു.
 
ഒന്നാമത് കഴിഞ്ഞ ദിവസം ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു, ഒൻപത് പേരെ കാണാതായി. കാണാതായവരിൽ ഒരാൾ ഒഴിച്ച് എല്ലാവരും മറുനാട്ടുകാരാണ്. ഇത് നമുക്ക് ഒരു വാർത്തയല്ല. ഒൻപത് മലയാളികളാണ് കടലിൽ കാണാതായതെങ്കിൽ ഇതായിരിക്കുമോ നമ്മുടെ പ്രതികരണം ?
 
ഓഖിയുടെ സമയത്ത് കടലിൽ കാണാതായവരുടെ ലിസ്റ്റ് കണ്ടു. നൂറ്റി നാല്പതോളം പേർക്ക് പേരുണ്ട്. അവരെല്ലാം മലയാളികളും തമിഴരുമാണ്. അതിനു ശേഷം എഴുതിവെച്ചിരിക്കുന്നത് ബംഗാളി -1, ബംഗാളി – 2. എന്നിങ്ങനെ ആണ്. അവരുടെ പേര് അവരെ കൊണ്ടുപോയ ബോട്ടുമുതലാളിക്ക് പോലും അറിയില്ല.
 
ഓഖി ദുരന്തത്തിൽ കണ്ടെടുത്ത പല മൃതദേഹവും തിരിച്ചറിയാൻ കഴിയാതിരുന്നത് അതുകൊണ്ടാണ്. കാണാതായവരുടെ ബന്ധുക്കളുടെ ഡി എൻ എ വെച്ചാണ് പഴകിയ – അഴുകിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നത്. അപ്പോൾ ഒരാളുടെ പേര് പോലും അറിയില്ലെങ്കിൽ എങ്ങനെ അവരെ തിരിച്ചറിയും.
 
ഓഖിയുടെ സാഹചര്യത്തിൽ ദുരന്തസമയത്ത് മറുനാട്ടുകാരുടെ പ്രശ്നങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നാം ചിന്തിക്കേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. ദുരന്ത കാലത്തെ മുന്നറിയിപ്പും സന്ദേശവും ഇപ്പോഴും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പുറത്തു വരുന്നത്. ലക്ഷക്കണക്കിന് മറുനാട്ടുകാർ ജീവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് നമ്മൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. മറുനാട്ടുകാരുടെ ജീവിതമോ ജീവനോ നമുക്കത്ര പ്രശ്നവും അല്ല.
 
മറുനാടുകളിൽ ജീവിക്കുന്ന ഞങ്ങൾ ഏത് ദുരന്തകാലത്തും ഈ നാട്ടുകാർക്ക് കിട്ടുന്ന സംരക്ഷണം ഞങ്ങൾക്കും കിട്ടണമെന്ന ആഗ്രഹക്കാർ ആണ്. സാധാരണകാലത്തും ദുരന്തകാലത്തും കേരളത്തിലും കരുതലും സംരക്ഷണവും എല്ലായിടത്തും എത്തണം – മലയാളികളിലും മറുനാട്ടുകാരിലും. എല്ലാവരുടെ ജീവനും ഒരുപോലെ വിലയുള്ളതാണ്, ജീവിതവും.
 
മുരളി തുമ്മാരുകുടി

Leave a Comment