പൊതു വിഭാഗം

ദൈവത്തെയോർത്ത്…

ദിവസവും വെബ്ബിനാറുകൾക്കുള്ള ആവശ്യം വരുന്നുണ്ട്. ആഴ്ചയിൽ രണ്ടും മൂന്നുമൊക്കെ ചുരുങ്ങിയത് നടത്തുന്നുമുണ്ട്. പണ്ടൊക്കെ നാട്ടിൽ എത്തുന്പോൾ മാത്രമാണ് കുട്ടികളുമായി സംവദിക്കാൻ പറ്റാറുള്ളൂ, ഇപ്പോൾ അത് മാറി, എവിടെയിരുന്നും കുട്ടികളുമായി സംസാരിക്കാം. കോളേജുകളിൽ ചെന്ന് ഒരു മണിക്കൂർ സംസാരിച്ചു കഴിയുന്പോൾ എഴുന്നേറ്റ് നിന്ന് ഒരു ചോദ്യം ചോദിക്കാൻ കുട്ടികൾക്ക് വലിയ മടിയാണ്. ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് എവിടെയെങ്കിലും ചെന്ന് ഒരാൾ പോലും ചോദ്യം ചോദിക്കാതെ വരുന്പോൾ ദേഷ്യവും നിരാശയും വരും. പക്ഷെ വെബ്ബിനാറുകൾ അത് മാറ്റുകയാണ്. ചോദ്യങ്ങൾ എഴുതി ചോദിക്കാം എന്നായതോടെ ചോദ്യങ്ങളുടെ എണ്ണത്തിൽ പതിന്മടങ്ങ് വർധനയാണ്. എല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്.
 
സന്തോഷം തരാത്ത കാര്യങ്ങളുമുണ്ട്. ഒരു വെബ്ബിനാർ നടത്തുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി തന്നെ എഴുതിയിരുന്നു. കൃത്യ സമയത്ത് തുടങ്ങണം, പാനലിൽ സ്ത്രീകൾ ഉണ്ടാകണം, സംസാരിക്കാൻ വിളിക്കുന്ന എല്ലാവർക്കും മുൻ‌കൂർ അനുവദിച്ച സമയം ഉണ്ടാകണം, ആരെങ്കിലും ഒരാൾ കൂടുതൽ സംസാരിച്ചാൽ അത് നിയന്ത്രിക്കണം, വെബ്ബിനറിന് വരുന്നവർക്ക് ചോദ്യം ചോദിക്കാൻ അവസരം കൊടുക്കണം എന്നെല്ലാം പറഞ്ഞിരുന്നു. പക്ഷെ ഇതൊന്നും ഇപ്പോഴും നടക്കുന്നില്ല.
 
പഴയ മീറ്റിങ്ങിന്റെ കാലത്തെ രീതികൾ ഓൺലൈനിലേക്കും (അനാവശ്യമായി) മാറുന്നുണ്ട്. പതിനഞ്ചു മിനുട്ട് നീളുന്ന സ്വാഗത പ്രസംഗങ്ങൾ, ആശംസാ പ്രസംഗങ്ങൾ, ഉൽഘാടനം എന്നിവ ഇവിടെയും തുടരുന്നു. കഴിഞ്ഞ ദിവസം ഒരു കോളേജ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെബ്ബിനാറിന് പോയി. “ആദ്യമായി ഈശ്വര പ്രാർത്ഥന” എന്ന് കേട്ട് കിളി പോയി.
 
ഒരു ഗുണമുണ്ട്. ഇത്തരം കാര്യങ്ങൾ നേരിട്ട് സംഭവിക്കുന്പോൾ മിണ്ടാതെ പോരുന്നതാണല്ലോ നല്ല പെരുമാറ്റമായി കണക്കാക്കുന്നത്, അതായിരുന്നു പതിവും. ഓൺലൈൻ ലോകത്ത് അങ്ങനെയല്ല. ഇതൊക്കെ കാണുന്പോൾ അപ്പോൾ തന്നെ കണക്കിന് കൊടുക്കുന്നുണ്ട്. ഇനി ഒരു വരവുണ്ടാവില്ല എന്ന് ഞാനും അവരും കണക്കു കൂട്ടിക്കൊളും, കുഴപ്പമില്ല. ഇനി പറയാനുള്ളത് പറഞ്ഞിട്ടേ പോരുന്നുള്ളൂ.
വെബ്ബിനാറുകൾ സംഘടിപ്പിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉള്ള ലേഖനത്തിന്റെ ലിങ്ക് ഒന്നാമതായി കൊടുത്തിരിക്കുന്നു. സയൻസ് ക്ലബ്ബ് പരിപാടിക്ക് ഈശ്വര പ്രാർത്ഥന വേണോ എന്ന് ചിന്തിക്കണം എന്ന് നിർദ്ദേശങ്ങളിൽ ഇല്ല. എന്നാലും ദൈവത്തെയോർത്ത് അക്കാര്യത്തിൽ ഒക്കെ അല്പം ശ്രദ്ധയും ഔചിത്യവും വേണം.
 
മുരളി തുമ്മാരുകുടി

Leave a Comment