പൊതു വിഭാഗം

ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ കോപ്പി

2018 കേരളത്തിന് ദുരന്തങ്ങളുടെ വർഷമായിരുന്നു. ഓഖിയുടെ നിഴലിലാണ് വർഷം തുടങ്ങിയതു തന്നെ. പിന്നാലെ നിപ്പ, കുട്ടനാട്ടിലെ പ്രളയം, ഹൈറേഞ്ചിലെ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും, അവസാനം സർവ്വനദികളിലും ഉണ്ടായ പ്രളയം. ഇംഗ്ലീഷിൽ Annus Horribilis എന്നൊക്കെ പറയുന്നത് ഈ തരം വർഷങ്ങളെയാണ്.
 
2015 മുതൽ ഓരോ വർഷാവസാനവും ആ വർഷം ലോകത്തും, ഇന്ത്യയിലും, കേരളത്തിലും ഉണ്ടായ ദുരന്തങ്ങളെക്കുറിച്ച് വിശദമായ ഒരു ലേഖനം എഴുതി എല്ലാ മാധ്യമങ്ങൾക്കും ഞാൻ നൽകാറുണ്ട്. സുനാമിയുടെ വാർഷികമായ ഡിസംബർ 26 നാണ് അവ പബ്ലിഷ് ചെയ്യാറ്. വാസ്തവത്തിൽ ഡിസംബർ ഇരുപത്തി ആറിനെ കേരളം ദുരന്തത്തിന്റെ ഓർമ്മ ദിവസമായി പ്രഖ്യാപിക്കണമെന്നും നാട്ടിൽ ഉണ്ടായതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ദുരന്തങ്ങളെ സമൂഹത്തിന്റെ ഓർമ്മയിൽ നിർത്താൻ അതുപകരിക്കുമെന്നും ഞാൻ ഓരോ വർഷവും പറയാറുണ്ട്. പ്രളയ പശ്ചാത്തലത്തിൽ ഈ വർഷം കൂടുതൽ പേർ ശ്രദ്ധിച്ചേക്കാം.
 
ഈ വർഷത്തെ ദുരന്തങ്ങളെ, പ്രത്യേകിച്ചും പ്രളയത്തെ തുടർന്ന് ധാരാളം പഠനങ്ങളും പേപ്പറുകളും എഴുതപ്പെട്ടിട്ടുണ്ട്, പത്ര റിപ്പോർട്ടുകൾ കൂടാതെ. അവയെല്ലാം ശേഖരിക്കാനും, അവയിലെ പ്രധാന വിവരങ്ങൾ ക്രോഡീകരിക്കാനുമുള്ള ശ്രമത്തിലാണ് ഞാൻ. സെൻട്രൽ വാട്ടർ കമ്മീഷൻറെയും ലോക ബാങ്കിന്റെയും യു എന്നിന്റെയും കഴിഞ്ഞ ദിവസം പുറത്തിറക്കിയ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റിപ്പോർട്ടുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അനവധി റിപ്പോർട്ടുകൾ വേറെയും കാണും. കേരളത്തിലെ പ്രളയത്തെപ്പറ്റി അനവധി ശില്പശാലകളും മറ്റു മീറ്റിങ്ങുകളും ഓരോ പ്രദേശത്തും നടക്കുന്നതായി നിങ്ങൾക്ക് അറിയാമല്ലോ. എനിക്ക് തന്നെ ഒരു ഇരുപത് ക്ഷണങ്ങൾ എങ്കിലും കിട്ടിയിട്ടുണ്ട്. ഇവയിൽ ചിലതെങ്കിലും ശില്പശാലക്ക് ശേഷം ഒരു ചെറിയ റിപ്പോർട്ട് എങ്കിലും ഉണ്ടാക്കിക്കാണും. അവയും ക്രോഡീകരിക്കേണ്ടത് ആവശ്യമാണ്.
 
വായനക്കാരോടുള്ള ഒരു സഹായാഭ്യർത്ഥന ആണ്.
 
1. ഓഖി മുതൽ പ്രളയം വരെയുള്ള ദുരന്തങ്ങളെക്കുറിച്ച് എന്തെങ്കിലും പഠന റിപ്പോർട്ടുകൾ നിങ്ങളുടെ കൈയിലുണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യണം (thummarukudy@gmail.com). ഈ പഠനങ്ങൾ സ്വകാര്യമോ, വ്യാപകമായി ഷെയർ ചെയ്യാത്തതോ, ചെയ്യാൻ താല്പര്യം ഇല്ലാത്തതോ ആണെങ്കിൽ മുൻ‌കൂർ പറഞ്ഞാൽ മതി. അതനുസരിച്ച് കൈകാര്യം ചെയ്യാം.
 
2. ഇത്തരം പഠനങ്ങൾ എവിടെയെങ്കിലും നടന്നതായിട്ടോ നടക്കുന്നതായിട്ടോ വിവരമുണ്ടെങ്കിൽ ആ വിവരവും ദയവായി അറിയിക്കണം. വേണ്ടപ്പെട്ടവരെ ടാഗ് ചെയ്യണം.
 
3. ഓഖി, നിപ്പ, മണ്ണിടിച്ചിൽ, പ്രളയം എന്നിവയെപ്പറ്റി ഒറ്റക്കോ കൂട്ടായോ ചർച്ചകളോ സെമിനാറുകളോ ശില്പശാലകളോ പരിശീലനങ്ങളോ സംഘടിപ്പിച്ചവർ അതിൻറെ റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ പങ്കുവെക്കണം. പുതിയതായി അത്തരം പരിപാടികൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരവും.
 
ഇത്തരം വിവരങ്ങൾ സ്വന്തം കൈയിൽ ഇല്ലാത്തവരും ഈ മെസ്സേജ് ഷെയർ ചെയ്യണം, പ്ലീസ്.
 
ഓരോ ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്പോളാണ് നമ്മൾ അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നത്. ഞാൻ പഠിക്കുന്ന പാഠങ്ങൾ തീർച്ചയായും നിങ്ങളുമായി ഡിസംബർ ഇരുപത്തിയാറിന് പങ്കുവെക്കും.
 
മുരളി തുമ്മാരുകുടി
 

Leave a Comment