Uncategorized പൊതു വിഭാഗം

ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനം.

ഈ നൂറ്റാണ്ടിൽ സമാനതകൾ ഇല്ലാത്ത ഒരു മഴക്കാലമാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്. നാല്പത്തി നാല് നദികളും കരകവിഞ്ഞൊഴുകുന്നു, മുപ്പത്തി മൂന്ന് അണക്കെട്ടുകൾ തുറന്നു വിടേണ്ടി വരുന്നു, പന്ത്രണ്ട് ജില്ലകളിലും റെഡ് അലേർട്ട്, ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാംപിൽ.

 

കേരളത്തിന് പരിചയമില്ലാത്തതാണെങ്കിലും ലോകത്ത് സമാനതകൾ ഇല്ലാത്തതോ, വൻ ദുരന്തമോ അല്ല ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അതുകൊണ്ട് അകാരണമായ ഭീതി വേണ്ട. വേണ്ടത് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ്. ഇക്കാര്യത്തിൽ കേരളത്തെ പോലെ സാധ്യതകളുള്ള  ഒരു നാട് ഞാൻ കണ്ടിട്ടില്ല. നമ്മുടെ സമൂഹം അത്രമേൽ സംഘടിതമാണ്. രാഷ്ട്രീയമായി, മതപരമായി, കുടുംബശ്രീ ആയി, ലൈബ്രറി ആയി, വാട്ട്സ്ആപ്പ് ഗ്രൂപ് ആയി, ക്ലബുകൾ ആയി, റെസിഡന്റ് അസോസിയേഷൻ ആയി കേരളത്തിലെ എല്ലാവരും ചുരുങ്ങിയത് ഒരു സംഘത്തിലെങ്കിലും അംഗമാണ്. ഇവർക്കൊരുത്തർക്കും ദുരന്ത നിവാരണത്തിന് വേണ്ടി ഒരുമിച്ച് വരാൻ ഒരു ബുദ്ധിമുട്ടുമില്ല. പോരാത്തതിന് എന്ത് സാമ്പത്തിക സഹായവും നൽകാൻ തയ്യാറായി മറുനാടൻ മലയാളികൾ വിളിപ്പുറത്തുണ്ട്. കേരളത്തിലെ ജനപ്രതിനിധികൾ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ പ്രാപ്യരാണ്.  ഇതുകൊണ്ടൊക്കെ തന്നെ ലോകത്തിന് മാതൃകയായ ഒരു ദുരന്ത നിവാരണ സംവിധാനം അടുത്ത ഇരുപത്തി നാലുമണിക്കൂറിനകം ഉണ്ടാക്കാൻ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോൾത്തന്നെ നിങ്ങളിൽ പലരും നാട്ടിൽ ഇത്തരം സന്നദ്ധ സംഘങ്ങളിൽ അംഗം ആയിരിക്കും, അല്ലെങ്കിൽ പ്ലാൻ ചെയ്യുന്നുണ്ടായിരിക്കും. അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

 

  1. കേരളം അഭൂതപൂർവ്വമായ ഒരു മഴക്കാലത്തെ നേരിടുന്നതിനാൽ ഈ സമയത്ത് സ്വയ രക്ഷ, കുടുംബത്തിന്റെ രക്ഷ, സമൂഹത്തിന്റെ രക്ഷ ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ചിന്തിക്കുക. നിങ്ങൾ ആരായാലും, എവിടെ ആയാലും എന്തെങ്കിലും ഒക്കെ നിങ്ങൾക്ക് ചെയ്യാൻ പറ്റും.

 

  1. നിങ്ങളുടെ വീടിൻ്റെ അല്ലെങ്കിൽ ഫ്ലാറ്റിന്റെ അടുത്തുള്ള പ്രദേശത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ് ഏറ്റവും ശരി. കാരണം അതാണ് നിങ്ങൾക്ക് ഏറ്റവും അറിയാവുന്ന സ്ഥലം. ദുരന്തനിവാരണ രംഗത്ത് പ്രത്യേക പരിചയമില്ലാത്തവർ ആത്മാർത്ഥത മാത്രം കൈമുതലാക്കി ടി വി ന്യൂസ് കണ്ട് ദൂരദേശത്തേക്ക് ഓടരുത്. കേരളത്തിൽ എല്ലായിടത്തും ആളുകളുണ്ട്, അവർക്ക് കൈകാര്യം ചെയ്യാൻ പറ്റാതെ വരുമ്പോൾ ഔദ്യോഗിക സംവിധാനങ്ങളുണ്ട്, അതും കഴിഞ്ഞിട്ട് മതി മറ്റുള്ള സ്ഥലത്തുനിന്നുള്ള ആളുകളുടെ വരവ്. വിദേശത്തും ബാംഗ്ലൂരും ഉള്ള മലയാളികൾ ഒന്നും നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങൾ ഇല്ലെങ്കിൽ ദുരന്തനിവാരണത്തിന് വേണ്ടി നാട്ടിലേക്ക് ഓടിയെത്തേണ്ട ഒരു കാര്യവുമില്ല.

 

  1. ഓരോ റെസിഡന്റ് അസോസിയേഷനും അടിയന്തിര യോഗം ചേർന്ന് ഒരു ദുരന്ത നിവാരണ കമ്മിറ്റി ഉണ്ടാക്കണം. അതിന് ചുരുങ്ങിയത് താഴെ പറയുന്ന ഉപവിഭാഗങ്ങൾ വേണം

 

(എ)  കമ്മൂണിക്കേഷനും മുന്നറിയിപ്പും നൽകാൻ

(ബി) രക്ഷാ പ്രവർത്തനം

(സി) രോഗികൾ, വൃദ്ധർ ഭിന്നശേഷി ഉള്ളവർ, മറുനാട്ടുകാർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കാൻ

(ഡി) ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കാൻ

(ഇ) കുടിവെള്ളവും കക്കൂസ് കാര്യങ്ങളും ശ്രദ്ധിക്കാൻ

(ഫ്) സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കാൻ

(ജി) സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കാൻ

(എച്ച്) ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ

(ഐ) സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ

(ജെ ) നമ്മുടെ റെസിഡന്റ് അസോസിയേഷന് പുറത്തുള്ളവരുമായി കാര്യങ്ങൾ സംയോജിപ്പിക്കുവാനുള്ള സംഘം

 

നിങ്ങളുടെ അസോസിയേഷന്റെ വലുപ്പവും പ്രശ്നങ്ങളുടെ വലുപ്പവും അനുസരിച്ച് ഓരോ സംഘത്തിലും രണ്ടാളോ അതിൽ കൂടുതലോ ആകാം. സംഘത്തിന് ഒരു തലവൻ വേണം. മൊത്തം പ്രസ്ഥാനത്തിന്റെ തലപ്പത്ത് റെസിഡന്റ് അസോസിയേഷന്റെ തലപ്പത്ത് ഉള്ളവർ തന്നെ ആകാം. പക്ഷെ അവർ പേടിച്ചിരിക്കുകയാണെങ്കിൽ / മുൻകൈ എടുക്കുന്നില്ലെങ്കിൽ വേറെ ആളെ നിയമിക്കാം. കമ്മിറ്റി അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പും, മൊത്തം റെസിഡന്റ് അസോസിയേഷന്റെ വേറൊരു ഗ്രൂപ്പും ഉണ്ടാക്കണം.

 

  1. അസോസിയേഷനിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ എന്തെങ്കിലും റോൾ നൽകണം.   ഓരോരുത്തർക്കും അറിയാവുന്ന സ്‌കിൽ അനുസരിച്ചുള്ള റോളാണ് കൊടുക്കേണ്ടത്. ഫ്ലാറ്റിലുള്ള ഡോക്ടർ റോഡിൽ ഇറങ്ങിനിന്ന് കാറ് തള്ളിക്കൊടുക്കുന്നതും, പാചകത്തിൽ പരിചയമുള്ളവർ രോഗിയെ പരിചരിക്കാൻ പോകുന്നതും നല്ല രക്ഷാ പ്രവർത്തനം അല്ല.

 

  1. ദുരന്തകാലത്ത് ഏറ്റവും പ്രധാനം സുതാര്യമായ കമ്മൂണിക്കേഷനാണ്. മഴ മൂലമുള്ള പ്രശ്നത്തെപ്പറ്റി, അത് എങ്ങനെ നിങ്ങളെ എങ്ങനെ ബാധിക്കാം എന്നതിനെപ്പറ്റിയൊക്കെ തുറന്ന് ചർച്ച നടത്തണം. കിട്ടുന്ന വിവരങ്ങൾ എല്ലാവരുമായി പങ്കുവെക്കണം, അങ്ങനെ പങ്കുവെക്കുന്നുണ്ടെന്ന് എല്ലാവർക്കും തോന്നണം. ഓരോ ദിവസവും വൈകിട്ട് ആറുമണിക്ക് മുൻ പറഞ്ഞ സംഘത്തലവന്മാരുടെ മീറ്റിംഗ് കൂടണം, പൊതുവായി പങ്കുവെക്കേണ്ട വിവരങ്ങൾ തീരുമാനിക്കണം, അവ ഉടൻ തന്നെ റെസിഡന്റ് അസോസിയേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അപ്‌ഡേറ്റ് ചെയ്യണം.

 

  1. അസോസിയേഷൻ അംഗങ്ങളിൽ ആരോഗ്യം കൊണ്ടോ സാമ്പത്തിക സ്ഥിതികൊണ്ടോ ബുദ്ധിമുട്ടുള്ളവരുണ്ടോ എന്ന് പരസ്പരം ആലോചിച്ച് അറിയണം. മഴ കാരണം ഏറെ ദിവസമായി തൊഴിലിനു പോകാത്തവരോ അസുഖം ഉണ്ടെങ്കിലും ഡോക്ടറെ കാണാൻ പോകാത്തവരോ അഭിമാനം കാരണം അവരുടെ പ്രശ്നങ്ങൾ പങ്കുവച്ചില്ലെന്ന് വരും. നിങ്ങളുടെ അയൽക്കാരുടെ ആരോഗ്യത്തിലും അടുക്കളയിലും നിങ്ങളുടെ കണ്ണ് പ്രത്യേകം വേണം. സ്ത്രീകളുടെ കൂട്ടായ്മകൾക്ക് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാൻ പറ്റും

 

  1. നിങ്ങളുടെ അസോസിയേഷനിൽ വിദേശത്തുള്ളവർ മിക്കവാറും കാണും. അവരെയും നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തണം. അവരുടെ ബന്ധുക്കൾ നാട്ടിലുണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

 

  1. ദുരന്ത നിവാരണത്തിനുള്ള സാമ്പത്തിക ചിലവുകൾ കഴിവ് പോലെ പങ്കിട്ടെടുക്കുക, വിദേശത്ത് ഉള്ളവരോട് ഇക്കാര്യം പറഞ്ഞാൽ അവർ തീർച്ചയായും സഹായിക്കും. നമുക്ക് അറിയാവുന്നവർക്കും പണം ശരിയായി വിനിയോഗിക്കുമെന്ന് ഉറപ്പുള്ളവർക്കും പണം കൊടുക്കാനാണ് എല്ലാവർക്കും താല്പര്യം. അതുകൊണ്ട് തന്നെ റെസിഡന്റ് അസോസിയേഷനുകൾക്ക് പണം ഒരു ബുദ്ധിമുട്ടാവില്ല. നിങ്ങൾ ഇപ്പോൾ വിദേശത്താണ്, കേരളത്തിൽ ദുരന്ത നിവാരണത്തിന് കുറച്ചു പണം കൊടുക്കണം എന്ന് പദ്ധതി ഉണ്ടെങ്കിൽ ആദ്യം തന്നെ നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ വിളിച്ചു ചോദിക്കുക.

 

  1. ദുരന്ത നിവാരണ സംഘത്തിൽ ഉള്ളവരുടെ സുരക്ഷ ഏറ്റവും പ്രധാനമാണ്. ഒരു കാരണവശാലും ഇരുപത്തി നാല് മണിക്കൂറൊന്നും പണിയെടുക്കരുത്, പരിചയമില്ലത്ത പണിക്ക് പോയി മറ്റുള്ളവർക്ക് പണിയുണ്ടാക്കരുത്.

 

  1. സ്ത്രീകളും കുട്ടികളും റിട്ടയർ ചെയ്തവരും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം. ദുരന്ത നിവാരണം യുവാക്കളുടെ മാത്രം ജോലിയല്ല.

 

  1. നിങ്ങളുടെ വീടിൻറെ അടുത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ദുരിത ബാധിതരോ, കൂടുതൽ ബുദ്ധിമുട്ടുള്ളവരോ, മറുനാട്ടുകാരോ ഉണ്ടെങ്കിൽ അവരെയും നിങ്ങളുടെ കഴിവും സംവിധാനങ്ങളും ഉപയോഗിച്ച് സഹായിക്കണം.

 

  1. എല്ലാ സമയത്തും സ്ഥലം പഞ്ചായത്ത് മെമ്പർ, എം എൽ എ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുകൊണ്ടേ ഇരിക്കുക. നിങ്ങൾക്ക് സഹായം വേണമെങ്കിൽ പറയുക. എന്തെങ്കിലും സഹായം അവർക്ക് നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുമെങ്കിൽ അക്കാര്യവും പറയുക.

മഴയും വെള്ളപ്പൊക്കവും ഒന്നും നമുക്ക് തടയാൻ പറ്റില്ല. പക്ഷെ കേരളത്തിൽ ഒരു ദുരന്തം ഉണ്ടായപ്പോൾ അത് മാതൃകാപരമായിട്ടാണ് നാം നേരിട്ടതെന്നുള്ള ആശ്വാസമെങ്കിലും നമുക്ക് ഉണ്ടായിരിക്കണം. റെസിഡന്റ് അസോസിയേഷനാണ് ദുരന്ത നിവാരണത്തിന് ഏറ്റവും നല്ല യൂണിറ്റ് എന്ന് പറഞ്ഞുവെങ്കിലും മറ്റുള്ള ഏത് സംഘടനയുടെ കീഴിലും നിങ്ങൾക്ക് ദുരന്ത നിവാരണ സംഘങ്ങൾ ഉണ്ടാക്കാം, പാർട്ടിയാണെങ്കിലും മതമാണെങ്കിലും. പക്ഷെ ആശ്വാസം നൽകുന്ന കാര്യത്തിൽ പാർട്ടിയും മതവും വിഷയമാക്കരുത്.

മുൻപ് പറഞ്ഞതൊക്കെ വെള്ളം കയറി വരുന്ന സമയത്തും വെള്ളപ്പൊക്കം നിൽക്കുന്ന സമയത്തും ഉള്ള കാര്യങ്ങളാണ്.  വെള്ളം ഇറങ്ങിക്കഴിയുമ്പോൾ ചെയ്യേണ്ട വേറെ കാര്യങ്ങൾ ഉണ്ട്. വീടുകൾ വൃത്തിയാക്കുക, മാലിന്യങ്ങൾ മാറ്റിക്കളയുക, കിണർ ശുചീകരിക്കുക എന്നൊക്കെ, അതൊക്കെ ഞാൻ പതുക്കെ പറയാം.

സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെ സഹായിക്കുക. Let this be our finest hour.

മുരളി തുമ്മാരുകുടി

 

Leave a Comment