പൊതു വിഭാഗം

ദുരന്തകാലത്തെ ക്യാംപുകൾ

കേരളത്തിൽ പത്തുലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്നാണ് വായിച്ചത്. ഒറ്റപ്പെട്ട പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെങ്കിലും പൊതുവെ അതെല്ലാം നന്നായി നടക്കുന്നു.
 
കേരളത്തിലെ ക്യാംപുകൾ എങ്ങനെ ഏറ്റവും നന്നായി നടത്താം എന്നതിനേക്കാൾ എങ്ങനെ ഏറ്റവും വേഗത്തിൽ ഈ ക്യാംപുകളിലുള്ളവർക്ക് തിരിച്ച് അവരുടെ സാധാരണ ജീവിതത്തിലേക്ക് എത്താനുള്ള സാഹചര്യം ഉണ്ടാക്കാം എന്നതിലാണ് സർക്കാരും പൊതു സമൂഹവും താല്പര്യം എടുക്കേണ്ടത്. ഇതിന് പല കാരണങ്ങൾ ഉണ്ട്.
 
1. ആളുകൾ ക്യാംപുകളിൽ താമസിക്കുന്നത്രയും കാലം ദുരന്തം മാത്രമാണ് അവരുടെ ചിന്തയിലെ പ്രധാന വിഷയം. ചുറ്റുമുള്ളവരെല്ലാം ദുരിതബാധിതർ ആയിരിക്കുമ്പോൾ ചിന്തയും സംസാരവും അതിനെപ്പറ്റി തന്നെ ആയിരിക്കും. ദുരന്തത്തിന്റെ ‘അന്തരീക്ഷം’ മാറണമെങ്കിൽ ആളുകൾ ക്യാംപിൽ നിന്നും തിരിച്ചുപോകണം.
 
2. കേരളത്തിലെ ഭൗതിക സാഹചര്യത്തിൽ ക്യാംപുകളിൽ ശുചിത്വം നിലനിർത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പകർച്ചവ്യാധികൾ വരാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കണം.
 
3. ദുരന്തത്തിൽ അകപ്പെട്ടവരെ ഇരകൾ (victims) ആയിട്ടല്ല അതിജീവിച്ചവർ (survivors) ആയിട്ടാണ് കാണേണ്ടതെന്നാണ് ദുരന്തനിവാരണ രംഗത്തെ പുതിയ ചിന്താഗതി. ദുരന്ത ബാധിതർ ഏറെ നാൾ ക്യാംപുകളിൽ കഴിയുകയും സമൂഹം അവർക്ക് വേണ്ടതെല്ലാം, പുതിയ വീടുവക്കുന്നത് ഉൾപ്പടെ ചെയ്തുകൊടുക്കുന്നതും ശരിയായ നടപടിയല്ല. സ്ഥലം കണ്ടെത്തുന്നതും വീട് പുനർനിർമ്മിക്കുന്നതും അടക്കമുള്ള എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കേണ്ടതും മുൻകൈ എടുക്കേണ്ടതും അതിജീവിച്ചവർ തന്നെയാണ്. അങ്ങനെ ചെയ്യാതിരുന്നത് ലാത്തൂരിൽ ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
 
ക്യാംപ് നടത്തിപ്പ് ചിലർക്കെങ്കിലും ലാഭകരമായി മാറുന്നതും ക്യാംപിലെ ജീവിതം പതിവാകുന്നതും ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുണ്ട്. ദുരന്തങ്ങൾക്ക് ശേഷം താൽക്കാലികമായി ഉണ്ടാക്കിയതും പിന്നെ വർഷങ്ങളോളം നിലനിൽക്കുന്നതുമായ ക്യാംപുകൾ ലോകത്തുണ്ട്. കേരളത്തിൽ അത് സംഭവിക്കാനുള്ള സാധ്യതയില്ല, എങ്കിലും അങ്ങനെ സംഭവിക്കാതെ നോക്കണം.
ഇക്കാര്യത്തിൽ സർക്കാരും പൊതു സമൂഹവും താല്പര്യമെടുക്കണം. ചില നിർദ്ദേശങ്ങൾ പറയാം.
 
1. നഷ്ടപരിഹാരം ഉൾപ്പടെ ദുരന്തശേഷമുള്ള എന്ത് സഹായത്തിനുമുള്ള അർഹത ക്യാംപിലെ താമസമല്ല എന്ന് സർക്കാർ ഓർഡർ ഇറക്കണം, അത് വ്യാപകമായി പ്രചരിപ്പിക്കണം. മുഖ്യമന്ത്രി വാക്കാൽ ഉറപ്പു നൽകിയായാലും രണ്ടു മാസം കഴിഞ്ഞു നമ്മുടെ വില്ലേജ് ഓഫിസർ എന്ത് പറയുമെന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല.
 
2. ക്യാംപിൽ നൽകുന്ന സഹായങ്ങൾ ബന്ധുവീടുകളിൽ താമസിക്കുന്നവർക്കും തിരിച്ചു വീട്ടിൽ എത്തുന്നവർക്കും കൂടി നൽകാനുള്ള ഒരു പദ്ധതി ഉണ്ടാക്കണം. ഉദാഹരണത്തിന് ബന്ധുക്കളെ വീട്ടിൽ താമസിക്കുന്ന ഓരോ കുടുംബത്തിനും ഒരാൾക്ക് ദിനം പ്രതി അമ്പതോ നൂറോ രൂപ നൽകുന്ന ഒരു സംവിധാനം നമുക്കുണ്ടാക്കാം. ക്യാംപിലുള്ളവരെ ഒരു മാസത്തേക്ക് ദത്തെടുക്കുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന രീതി ഉണ്ടാക്കാം (ഇതെല്ലാം ലോകത്ത് ചെയ്തിട്ടുള്ളത് തന്നെയാണ്).
 
3. വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ ഉണ്ടാകുന്നത് വരെ വാടകക്ക് വീടെടുക്കാനുള്ള സംവിധാനത്തെ പറ്റി ചിന്തിക്കണം. ലക്ഷക്കണക്കിന് വീടുകൾ വെറുതെ കിടക്കുന്ന കേരളത്തിൽ ഇതൊരു വിഷയമാവില്ല. ഇവിടേയും സർക്കാർ ഒരു വീടോ ഫ്ലാറ്റോ കണ്ടുപിടിച്ച് അതിന് വാടകയും കൊടുത്ത് ആളുകളെ മൊത്തമായി അങ്ങോട്ട് മാറ്റുന്ന രീതി കൂടുതൽ കുഴപ്പമേ ഉണ്ടാക്കൂ. ഇതെല്ലാം ആളുകൾ അവകാശമായി കാണാനും ദുരുപയോഗം ചെയ്യാനും പിന്നീട് ഇറങ്ങി പോകാതിരിക്കാനും സാധ്യതകളുണ്ട്. പകരം ചെയ്യേണ്ടത് വാടക വീടുകൾ കണ്ടു പിടിക്കാനും അതിലേക്ക് മാറാനും ആളുകളെ സഹായിക്കുകയാണ്.
 
4. ക്യാംപുകളിൽ താമസിക്കുന്ന ഓരോരുത്തരുടെയും വീടുകൾ ക്യാമ്പുമായി ബന്ധപ്പെട്ടവർ സന്ദർശിക്കുക. അതിനുശേഷം ഒരു കുടുംബവുമായി ചർച്ച നടത്തുക. ക്യാംപുകൾ ഒറ്റയടിക്ക് നിർത്തുന്നതിന് പകരം ഓരോ കുടുമ്ബത്തിനും ഒരു ‘എക്സിറ്റ് സ്ട്രാറ്റജി’ ഉണ്ടാക്കണം. അത് (എ) വീടുകളിലേക്ക് തിരിച്ചു പോകുന്നവർ (ബി) ബന്ധുഗൃഹങ്ങളിലേക്ക് മാറാൻ പറ്റുന്നവർ (സി) വാടകക്ക് വീടുകൾ എടുത്ത് പോകാൻ സാധ്യത ഉള്ളവർ എന്നിങ്ങനെ. ഇങ്ങനെ ചെയ്താൽ അടുത്ത ആഴ്ച ക്യാംപിൽ എത്ര പേർ ബാക്കിയുണ്ടാകും എന്നറിയാം. നാലോ അഞ്ചോ ക്യാംപുകളിൽ ബാക്കിയുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പ്രദേശത്ത് ഒരു ക്യാംപ് നടത്തുന്നതാകും കൂടുതൽ കാര്യക്ഷമം. ഒരു മാസത്തിനകം ബഹു ഭൂരിപക്ഷം ആളുകളേയും ക്യാംപിൽ നിന്നും മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം.
 
5. സ്വന്തമായി വീടില്ലാത്തവരും വാടക ഭാഗികമായി പോലും കൊടുക്കാൻ പറ്റാത്തവരുമായ ഒരു ചെറിയ കൂട്ടം ആളുകൾ ഉണ്ടാകും. ഇവർക്കൊക്കെ നമ്മുടെ പ്രശാന്ത് ബ്രോ ചെയ്തതു പോലെ മറ്റൊരു കുടുംബം വാടക നൽകുന്ന ഒരു സംവിധാനം ഉണ്ടാക്കണം. ഇതും സർക്കാർ സംവിധാനത്തിൽ നിന്നും ആകാതിരിക്കുന്നതാണ് നല്ലത്. സർക്കാർ മൊത്തമായി വീടെടുക്കും എന്ന് വന്നാൽ പതിവുപടി വാടക കൂടും, അത് സമയത്തിന് കിട്ടുമോ, സമയം കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞു പോകുമോ എന്നൊക്കെ വീട് വാടകക്ക് കൊടുക്കുന്നവർക്ക് ആശങ്ക ഉണ്ടാകും. അതുകൊണ്ട് ഇത് ദുരന്തത്തിൽ പെട്ടവരുടെ നിയമപരമായ ഉത്തരവാദിത്തം ആക്കുക, സാമ്പത്തിക സഹായം സമൂഹം ചെയ്യുക.
 
6. വീടുകൾ ക്ളീൻ ചെയ്യാൻ, വൈദ്യുതി/വെള്ളം പ്രശ്നങ്ങൾ ശരിയാക്കാൻ സന്നദ്ധ പ്രവർത്തകർ ഇടപെടണം. അടുത്ത കമ്പുമായി / കാമ്പ് നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ക്യാംപിലുള്ളവരുടെ കാര്യം മുൻഗണനാ ക്രമത്തിൽ ചെയ്യണം. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അവർക്ക് ജീവിതം തുടങ്ങാനുള്ള ഒരു സ്റ്റാർട്ട് അപ്പ് കിറ്റ് കൊടുക്കണം.
ഒരു ദുരന്തം ഉണ്ടാകുമ്പോൾ വീട് വിട്ട് ക്യാംപിൽ പോകേണ്ടി വരുന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. പറ്റുന്നത്ര വേഗത്തിൽ തിരിച്ചു വീട്ടിലെത്തണം എന്നും സ്വന്തം ജീവിതം തിരിച്ചു പിടിക്കണം എന്നുമാണ് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. നമ്മൾ തെറ്റായ ഇൻസെൻറ്റീവ്‌ കൊടുത്ത് ആ ചിന്താഗതി മാറ്റരുത്. ഏറ്റവും വേഗം ആരോഗ്യത്തോടെ, അഭിമാനത്തോടെ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വന്തം കൈകളിൽ എത്തിക്കുന്ന നടപടികളാണ് ദുരന്തകാലത്ത് സർക്കാരും സന്നദ്ധ പ്രവർത്തകരും ചെയ്യേണ്ടത്.
 
മുരളി തുമ്മാരുകുടി
 

Leave a Comment