പൊതു വിഭാഗം

തൊണ്ടിപ്പഴത്തിന്റെ കാലം..

രണ്ടോ മൂന്നോ മാസം മുൻപ് ഞാൻ ആരോടോ തൊണ്ടിപ്പഴത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. ‘ഇതെന്ത് പഴം’ എന്ന മട്ടിൽ അവർ എന്നെ നോക്കി.
 
ചെറുപ്പകാലത്ത് തുമ്മാരുകുടിയിൽ രണ്ടിടത്ത് തൊണ്ടിപ്പഴങ്ങൾ ഉണ്ടാകുന്ന ചെടി ഉണ്ടായിരുന്നു. ചുവപ്പ് നിറമാണ് തൊണ്ടിപ്പഴത്തിന്, തൊലി മാറ്റിക്കഴിഞ്ഞാൽ അതിലും ചുവപ്പാണ്. രണ്ടോ മൂന്നോ പഴം കഴിച്ചാൽ ചുണ്ടും നാക്കും ചുവന്നു വരും.
ഈ പഴം ഒരിക്കലും ഒരു കടയിലും വിറ്റു കണ്ടിട്ടില്ല.
 
അതുകൊണ്ടാണ് തൊണ്ടിപ്പഴം എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകാത്തത്. അതൊരു കഷ്ടമാണ്, കാരണം നമ്മുടെ ജൈവ വൈവിധ്യത്തിന്റെ ഭാഗമായ ഒരു ചെടിയാണ് പുതിയ തലമുറ അറിയാതെ പോകുന്നത്. നാട്ടിൽ അഞ്ഞൂറ് രൂപക്ക് വിൽക്കുന്ന റംബുട്ടാൻ മലേഷ്യയിലും ബ്രൂണൈയിലും ഇതുപോലെ കാട്ടു ചെടിയാണ്. ജനീവയിൽ ചെറിമരത്തിന്റെ കാര്യവും അങ്ങനെ തന്നെ. കാര്യം കാട്ടുചെടി ആണെങ്കിലും ആരെങ്കിലുമൊക്കെ അത് പറിച്ചു വിൽക്കുന്നുണ്ട്. ധാരാളം പേർ കൃഷി ചെയ്യുന്നുമുണ്ട്.
 
വെങ്ങോലയിൽ കുറച്ചു സ്ഥലത്തുള്ള റബ്ബർ വെട്ടി മാറ്റി പഴങ്ങൾ ഉണ്ടാകുന്ന മരങ്ങളും ചെടികളും വള്ളികളും മാത്രമുള്ള സ്ഥലം ആക്കാനുള്ള ഒരു പദ്ധതി പറഞ്ഞിരുന്നുവല്ലോ. അത് പുരോഗമിക്കുകയാണ്. റബ്ബർ വെട്ടി തടി പ്ലൈവുഡ് കന്പനിയിൽ എത്തി. പാഷൻ ഫ്രൂട്ട് വള്ളി കയറ്റിവിടാൻ പാകത്തിന് കന്പി കൊണ്ട് അതിരുകളുണ്ടാക്കി, മരങ്ങൾക്കുള്ള കുഴി എടുക്കുന്നു.
 
ഇതിന്റെ ഒക്കെ ഇടക്കാണ് ആ പറന്പിൽ ഒരു തൊണ്ടിച്ചെടി നിൽക്കുന്നത് കാണുന്നത്. അത് സന്തോഷമായി, അടുത്ത തലമുറക്കായി ഒരെണ്ണമെങ്കിലും ബാക്കി അവിടെ നിൽക്കട്ടെ. തൊടലി മുതൽ കാരക്ക വരെ കണ്ടുപിടിച്ച് പങ്കിലക്കാട്ടിൽ എത്തിക്കണമെന്നുണ്ട്. നാടൻ പഴങ്ങളുടെ നേഴ്സറി എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പറയണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment