പൊതു വിഭാഗം

തുമ്മാരുകുടിയുടെ ‘ഗ്രൂപ്പ് ഇൻട്രോ’!

ലോക്ക് ഡൌൺ കാലം പ്രൊഡക്ടീവ് ആയിരിക്കുമെന്നും കുറച്ചു നാൾ കഴിഞ്ഞാൽ ഒരു ബേബി ബൂം വരെ പ്രതീക്ഷിക്കാമെന്നും വരെ പ്രവചനങ്ങളുണ്ടായിരുന്നു.
 
അതെന്താവുമെന്ന് കാത്തിരുന്ന് കാണാം, എന്തായാലും ഈ ലോക്ക് ഡൌൺ കാലം കേരളത്തിൽ പുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഉണ്ടാകുന്ന കാലമാണ്. പല ഗ്രൂപ്പുകളിലും അംഗങ്ങൾ അതിവേഗം ആയിരവും പതിനായിരവും കടന്നു. ലക്ഷം കടന്നവയും ഉണ്ട്. ഇനി ഒരു പക്ഷെ അത് പത്തുലക്ഷം ആയേക്കാം.
 
കേരളരാഷ്ട്രീയം അടുത്തറിയുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിന്റെ ഗുണം. ഗ്രൂപ്പുകൾ ഉണ്ടാകുന്നതും അതിൽ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകുന്നതും ഗ്രൂപ്പുകൾ ഉണ്ടാക്കുന്നവർക്ക് നല്ല കാര്യമാണ്. ഗ്രൂപ്പ് നേതൃത്വത്തിനാണ് ഏറ്റവും ഗുണം. ഭാവിയിൽ മന്ത്രിയും മുഖ്യമന്ത്രിയും വരെ ആകാം. തൊട്ടടുത്തുളളവർക്ക് എം എൽ എ യും എം പിയും ആകാം. ഗ്രൂപ്പും അതിന്റെ ആളെണ്ണവും ആണ് വീതം വെയ്‌പ്പിൽ പ്രധാനം. അത്രയും പ്രാധാന്യം ഇല്ലത്തവർക്ക് കോർപ്പറേഷൻ ചെയർ പേഴ്സൺ തൊട്ട് പഞ്ചായത്ത് മെന്പർ വരെ ആകാം. കാര്യങ്ങൾ എങ്ങനെ പോയാലും ഗ്രൂപ്പിലെ ഒരു ശതമാനം അംഗങ്ങൾക്ക് മാത്രമേ അതുകൊണ്ട് പ്രായോഗിക ഗുണം ഉണ്ടാവുകയുള്ളൂ, എന്നാൽ ഇത് എല്ലാവരുടേയും നന്മക്കാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിലാണ് ഗ്രൂപ്പുകളിയുടെ ഗുട്ടൻസ് ഇരിക്കുന്നത്.
 
ഫേസ്ബുക്കിൽ പേജ് ഉണ്ടാക്കി നോക്കിയിട്ടുളളവർക്ക് അറിയാവുന്ന ഒരു കാര്യമാണ് ആയിരം പേരോട് പറഞ്ഞാൽ പത്തുപേരാണ് പേജിൽ ചേരുന്നത് എന്നത്. അപ്പോൾ ഒരു ലക്ഷം പോയിട്ട് പതിനായിരം പേരെങ്കിലും ഉള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയെടുക്കുക നിസ്സാരമല്ല. അതുകൊണ്ട് ഒരിക്കലും ഗ്രൂപ്പുകൾ ഉണ്ടാക്കുന്നവരെ വില കുറച്ചു കാണരുത്.
ഞാൻ എഴുതി തുടങ്ങിയ നാളുകളിൽ പ്രത്യേക പത്രങ്ങൾക്ക് വേണ്ടി മാത്രം എഴുതാറുണ്ട്. ഇപ്പോൾ അത് നിർത്തി. ഞാൻ എഴുതാനുള്ളത് ഇവിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും, പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതാണെന്ന് തോന്നിയാൽ എന്റെ കൈവശം അഡ്രസ്സ് ഉള്ള എല്ലാ പത്രങ്ങൾക്കും ഇമെയിലിൽ അയച്ചു കൊടുക്കും. അവർ പബ്ലിഷ് ചെയ്താൽ സന്തോഷം. ഇല്ലെങ്കിൽ ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ട്, എന്നെ വായിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളും.
 
എന്നെ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്നവരോടും അത്രയേ പറയാനുള്ളൂ. ഗ്രൂപ്പുകൾ ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ, കൂടുതൽ ഉണ്ടാകട്ടെ, ഓരോന്നും വളരട്ടെ. പക്ഷെ ഞാനായിട്ട് ഗ്രൂപ്പുകളിലേക്ക് ഒന്നും വരുന്നില്ല, ഇനി നിങ്ങൾ എന്നെ അങ്ങോട്ട് എടുത്താൽ സന്തോഷം.
ഇത്രയും അഹംഭാവിയായ ഒരാളെ ഗ്രൂപ്പിൽ എടുക്കാൻ ആരെങ്കിലും സാഹസം കാണിച്ചാൽ അവർക്ക് പോസ്റ്റാനുള്ള ഇൻട്രോ കൊടുക്കുന്നു.
 
ഞാൻ രണ്ടാമൻ..
പേര് മുരളി തുമ്മാരുകുടി, വെങ്ങോല സ്വദേശം, ജനീവയിൽ താമസം. ദുരന്ത നിവാരണം ആണ് ജോലിയെങ്കിലും പരിസ്ഥിതി, ധനസ്ഥിതി, വിദ്യാഭ്യാസം മുതലങ്ങോട്ട് ലൈംഗികം വരെയുള്ള ഏതൊരു വിഷയത്തെപ്പറ്റിയും അഭിപ്രായം പറയും. പേര് രണ്ടാമൻ എന്നൊക്കെ പറയുമെങ്കിലും ഒന്നാമൻ തന്നെയാണെന്നാണ് ഭാവം. അങ്ങനെയാണ് സ്വയം വിശ്വസിക്കുന്നതും.
 
പൊങ്ങച്ചമാണ് മുഖമുദ്ര. ‘ഈ വണ്ടി തള്ളാൻ എനിക്ക് വേറൊരു തെണ്ടിയുടേയും ആവശ്യമില്ല’ എന്ന് പറഞ്ഞ സി ഐ ഡി മൂസയിലെ ക്യാപ്റ്റൻ രാജുവും സ്വന്തം പണം കൊടുത്ത് സ്വീകരണം സംഘടിപ്പിക്കുന്ന അഴകിയ രാവണനിലെ മമ്മൂട്ടിയും ആണ് റോൾ മോഡൽസ്.
 
നേരിട്ട് കാണുന്നവരെക്കൊണ്ട്, ആൾ ഡീസന്റ് ആണ്, സിംപിൾ ആണ് എന്നൊക്കെ ചിന്തിപ്പിക്കാനുള്ള പൊടിക്കൈകൾ അറിയാം. നിങ്ങൾ വീണുപോകരുത്, പരമാവധി ദൂരം പാലിക്കുക. എഴുത്തുകാർ വായിക്കപ്പെടാനുള്ളതാണ്, അറിയാനോ ആരാധിക്കാനോ ഉളളവർ അല്ല.
 
ഒരേ തരം ലേഖനങ്ങൾ എഴുതിയപ്പോൾ അതിന് ഹാസ്യ സാഹിത്യത്തിനും ഗൗരവതരമായ എഴുത്തിനുമുള്ള സാഹിത്യ അക്കാദമി അവാർഡുകൾ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പറയുന്നത് സീരിയസ് ആണോ ഹാസ്യമാണോ എന്ന് കണ്ടുപിടിക്കാനുള്ള നിയോഗം ഓരോ വായനക്കാരന്റേതുമാണ്.
 
ടി വി ചർച്ചക്ക് വിളിക്കരുത്, വരില്ല. പ്രസംഗിക്കാൻ വിളിക്കരുത്, ബോറാണ്. രണ്ടു ചിത്രങ്ങൾ അയക്കുന്നു. ഒന്ന് ഫ്രണ്ട് ഷോട്ടും അടുത്തത് സൈഡ് ഷോട്ടും. ഏതും ഉപയോഗിക്കാം.
 
മുരളി തുമ്മാരുകുടി
Image may contain: Sasikumar Thummarukudy, close-up

Leave a Comment