പൊതു വിഭാഗം

തിരിച്ചുവരാനാകാത്ത വാതിലുകൾ ?

പശ്ചിമ ആഫ്രിക്കയിലെ ബെനിൻ എന്ന രാജ്യം കേരളത്തിൽ അത്ര പ്രശസ്തമല്ലെങ്കിലും നമ്മുടെ ഫാക്ടറികളിലേക്കുള്ള കശുവണ്ടി ഏറെയും വരുന്നത് ഇവിടെനിന്നാണ് എന്ന് ഞാൻ മനസ്സിലാക്കിയത് അവിടെ എത്തിയതിന് ശേഷമായിരുന്നു.

ഒരുകാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന ബെനിൻ, അതിനുമുൻപ് പോർച്ചുഗീസുകാരുടെ വാണിജ്യ കേന്ദ്രമായിരുന്നു. കൊളോണിയൽ കാലത്ത് തെക്കും വടക്കും അമേരിക്കൻ രാജ്യങ്ങളിലേക്ക് അടിമകളെ കടത്തുന്ന പ്രധാന കേന്ദ്രമായിരുന്നു ഇത്.

ബെനിൻ തീരത്തിന്റെ മധ്യഭാഗത്ത് വിധ (Ouidha) എന്ന നഗരത്തിലാണ് “തിരിച്ചുവരാനാകാത്ത വാതിൽ” (La Porte Du Non Retour) എന്ന പേരിൽ പ്രശസ്തമായ കവാടം സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയിൽ നിന്നും അടിമകളെ കയറ്റി അയച്ചുകൊണ്ടിരുന്ന തുറമുഖമായിരുന്നു ഇത്.

ലോകചരിത്രത്തിലെ ഏറ്റവും നാണിപ്പിക്കേണ്ട ഒരു ഏടാണ് കൊളോണിയൽ
കാലത്തെ അടിമവ്യാപാരം. ഒരു രാജ്യത്ത് കടന്നുകയറി അവിടുത്തെ നാട്ടുകാരെ പിടിച്ചുകെട്ടി ബലമായി കടൽകടത്തി ജീവിതകാലം മുഴുവൻ അടിമപ്പണി ചെയ്യിച്ചിരുന്നത് ചരിത്രാതീത കാലത്തൊന്നുമല്ല. ഇരുന്നൂറു വർഷമേ ആയിട്ടുള്ളൂ ഈ പണി ഒക്കെ നിർത്തിയിട്ട്.

മതത്തിലും ദൈവത്തിലും ഉളള വിശ്വാസമാണ് മനുഷ്യനെ തെറ്റിൽനിന്ന് മാറ്റി
ശരി ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നൊക്കെ മതാചാര്യന്മാരും വിശ്വാസികളും ഗീർവാണം പറയുമ്പോൾ നാം ചിന്തിക്കേണ്ടത്, ലോകത്ത് ഇന്ന് നാം കാണുന്ന എല്ലാ പ്രമുഖ മതങ്ങളും അടിമവ്യവസ്ഥിതിയെ അംഗീകരിച്ചിരുന്നു എന്നതാണ്. അടിമത്തത്തെ അംഗീകരിക്കുന്ന “ദൈവ വചനങ്ങൾ” മിക്കവാറും മതങ്ങളിൽ ഉണ്ട്. എല്ലാ മനുഷ്യരും തുല്യരാണ്, അടിമത്തം അധമമാണ് എന്നൊക്കെ ഉള്ള നമ്മുടെ ഇപ്പോഴത്തെ ചിന്താഗതി നന്മ തിന്മകളെ വേർതിരിക്കുന്ന മതത്തിന്റെ അളവുകോലുകൾ നമുക്ക് തന്നതല്ല. മത വിശ്വാസികൾ അല്ലാത്ത പുരോഗമന ചിന്താഗതിക്കാർ മതങ്ങൾക്ക് കൊടുത്തതാണ്.

അടിമ വ്യാപാരത്തിന്റെ കാര്യത്തിൽ മതത്തെ മാത്രം കുറ്റം പറയേണ്ട കേട്ടോ. യൂറോപ്പിലെ ഇരുണ്ട കാലഘട്ടം കഴിഞ്ഞു പുനരുദ്ധാനം വന്നിട്ടും, ഫ്രാൻസിൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന മുദ്രാവാക്യം വന്നിട്ടും ഇംഗ്ലണ്ടിൽ ജനാധിപത്യം വന്നിട്ടും ഇതിലൊന്നും അടിമകൾ ഉൾപ്പെട്ടിരുന്നില്ല. “We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights”, എന്നൊക്കെ പറഞ്ഞ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ “all men” എന്നതിൽ അടിമകൾ ഉൾപ്പെട്ടിരുന്നില്ല.

അടിമകൾക്ക് ആത്മാവില്ലെന്നും അതുകൊണ്ടു തന്നെ അവർ നമ്മളെ പോലെ സാധാരണ മനുഷ്യർ അല്ലെന്നും മതവും അന്നത്തെ ശാസ്ത്രവും എല്ലാം തന്നെ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് അവർക്ക് എതിരെയുള്ള എന്തക്രമവും സമൂഹത്തിന് “പൊതു സമ്മതവും” ആയിരുന്നു.

അടിമത്തം ഇല്ലാതായത് മതവിശ്വാസങ്ങൾക്കും പുസ്തകങ്ങൾക്കും അതീതമായി മനുഷ്യന് ചില അവകാശങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന, കാലത്തിന് മുൻപേ നടന്ന നേതാക്കൾ ഉണ്ടായതുകൊണ്ടാണ്, അല്ലാതെ ദൈവത്തിനോ പൊതു സമൂഹത്തിനോ അവരുടെ ജീവിതത്തിൽ കഷ്ടം തോന്നിയിട്ടല്ല. നമ്മൾ എന്തെങ്കിലും ഒക്കെ “ശരിയാണ്”, “നമ്മുടെ പാരമ്പര്യമാണ്”, “നമ്മുടെ സംസ്കാരമാണ്” എന്നൊക്കെ പറയുമ്പോൾ അത്ര വിദൂരമല്ലാതിരുന്ന കാലത്ത് അടിമകളെ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഒക്കെ തന്നെ ശരിയായിരിന്നു, നമ്മുടെ വിശ്വാസത്തിന് അനുരൂപം ആയിരുന്നു, നമ്മുടെ സംസ്കാരമായിരുന്നു എന്നൊക്കെ നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു എന്ന് നാം ഓർക്കണം.

ആഫ്രിക്കയിലെ അടിമകളെ ഭൂരിഭാഗവും കൊണ്ടുപോയത് അമേരിക്കയിലേക്കും മധേഷ്യയിലേക്കും ആയതിനാൽ “ആ രക്തത്തിൽ നമുക്ക് പങ്കില്ല” എന്നൊക്കെ നിങ്ങൾ വിചാരിക്കുന്നുണ്ടാകും. ഇത് ശരിയല്ല. നമ്മുടെ നാട്ടിലും ആഫ്രിക്കൻ അടിമകൾ എത്തിയിരുന്നു കേട്ടോ. കൊച്ചി തുറമുഖത്ത് വരുന്ന കപ്പലുകളിൽ അടിമകളുണ്ടായിരുന്നു. ശക്തൻ തമ്പുരാന്റെ കാലത്ത് ആഫ്രിക്കൻ അടിമകളെ കപ്പിത്താന്മാരോട് വിലപേശി വാങ്ങുന്നതിന്റെ രേഖകളുണ്ട്. സഹസ്രാബ്ദങ്ങളായി
നമ്മുടെ തന്നെ നാട്ടുകാരെ മറ്റൊരു മനുഷ്യാവകാശവും അനുവദിച്ചുകൊടുക്കാതെ അടിമകളേക്കാൾ കഷ്ടമായി പണിയെടുപ്പിച്ചിരുന്ന നമ്മുടെ സമൂഹത്തിന് അതൊരു വലിയ പ്രശ്നമൊന്നും അല്ലായിരുന്നു, വാസ്തവത്തിൽ ഇവിടെ തന്നെ അടിമകളെപ്പോലെ വലിയ ഒരു സമൂഹം ഉള്ളതിനാൽ പുറത്തുനിന്ന് കൊണ്ടുവരേണ്ട ആവശ്യം ഇല്ലാതിരുന്നു എന്നതാണ് സത്യം.

പഴയരീതിയിലുള്ള അടിമപിടുത്തവും കയറ്റുമതിയും കച്ചവടവുമൊക്കെ ലോകത്ത് മിക്കവാറും അവസാനിച്ചു. എന്നാൽ അടിമവ്യവസ്ഥിതിയുടെ പല രൂപങ്ങളും ഇപ്പോഴും ലോകത്ത് പലയിടത്തുമുണ്ട്. Global Slavery Index പ്രകാരം ഇന്ത്യയിൽ ഒരു കോടി എൺപത് ലക്ഷം പേർ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അടിമത്തത്തിൽ ജീവിക്കുന്നു എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ അടിമകളുള്ളത് ഇന്ത്യയിലാണത്രെ!

തിരിച്ചുവരാത്ത വാതിലിൽക്കൂടി അടിമസമ്പ്രദായം എന്നെന്നേക്കുമായി ഇല്ലാതായി എന്ന് ചിന്തിച്ചിരിക്കുന്ന മലയാളികളുടെ അറിവിലേക്ക് ഒരുകാര്യം കൂടി പറയാം. വടക്കേ ഇന്ത്യയിലെ നിർമ്മാണരംഗത്തൊക്കെ ഒരു പ്രത്യേകരീതിയുണ്ട്. ഒരു കോൺട്രാക്ടറോട് അനുബന്ധമായി പത്തുനൂറ് കുടുംബങ്ങൾ കാണും. കോൺട്രാക്ടർക്ക് എവിടെയാണോ പണികിട്ടുന്നത് അതനുസരിച്ച് ഈ കുടുംബങ്ങൾ ഭാര്യമാരും കുട്ടികളുമൊക്കെയായി അങ്ങോട്ട് നീങ്ങും. ഇത്തരം യാത്രകളിലാണ് അവർക്ക് കുട്ടികളുണ്ടാകുന്നതും മറ്റും. ഒരിടത്തു സ്ഥിരമല്ലാത്തതിനാൽ അവരുടെ കുട്ടികൾ സ്‌കൂളിൽ പോകാനൊന്നും മെനക്കെടാറില്ല. അതിനാൽത്തന്നെ ചെറുപ്രായത്തിൽ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്ത് അവർ അച്ഛനമ്മമാരെ നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുന്നു. അസുഖം വരുമ്പോഴോ മറ്റാവശ്യങ്ങൾക്കോ അവർ കോൺട്രാക്ടറുടെ കൈയിൽനിന്ന് പണം കടം വാങ്ങുകയും, ഈ കടം വീടാതെ അവർക്ക് കോൺട്രാക്ടറെ വിട്ടുപോകാനാകാതെയും വരുന്നു. “Bonded Labour” എന്നൊക്കെ പറയാവുന്ന, ചങ്ങലക്കിട്ടിട്ടില്ലെങ്കിലും കുടുംബമായി അടിമകളാണ് ഈ തൊഴിലാളികൾ, തലമുറകളായി പലപ്പോഴും അവർക്ക് മോചനവും ഇല്ല.

കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ഇപ്പോൾ ഭൂരിഭാഗവും മറുനാട്ടിൽ നിന്നാണ്. കോൺട്രാക്ടർമാരുടെ കൂടെ യാത്രചെയ്യുന്ന തൊഴിലാളി സംഘങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്. അവരുടെ കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ പോകുന്നുണ്ടോ എന്നുറപ്പിക്കാനുള്ള സംവിധാനം ഒന്നും നമുക്കില്ല. ഇന്ത്യയിലെ ഒരുകോടി എൺപത് ലക്ഷം അടിമകളിൽ എത്ര പേർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്, തിരിച്ചുവരില്ലെന്ന് നാം ഉറപ്പിച്ച വാതിലുകളിലൂടെ അടിമത്തത്തിന്റെ രൂപങ്ങൾ വീണ്ടും നമുക്കുചുറ്റും വ്യാപിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാനുള്ള സമയമോ സംവിധാനമോ തല്ക്കാലം നമുക്കില്ല.

Leave a Comment