മുൻ വർഷങ്ങളിലെ പോലെതന്നെ ഇത്തവണയും കേരളത്തിൽ തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാൻ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഇരുപതിൽ ഒരു എംപി യാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്, അതായത് അഞ്ചു ശതമാനം. വോട്ടു ചെയ്യുന്നവരിൽ അൻപത് ശതമാനത്തിന്റെ മുകളിലും സ്ത്രീകളായ സംസ്ഥാനം ആണെന്ന് ചിന്തിക്കണം.
മുൻപ് പല പ്രാവശ്യം പറഞ്ഞിട്ടുള്ള കാര്യമാണ്. നാം ജനപ്രതിനിധികളേയും നേതാക്കളേയും തിരഞ്ഞെടുക്കുന്പോൾ സ്ത്രീകളെ മൊത്തമായി ഒഴിവാക്കിയാൽ നഷ്ടം പറ്റുന്നത് സ്ത്രീകൾക്ക് മാത്രമല്ല. മറ്റെല്ലാ ഗുണങ്ങളെ പോലെ നേതൃത്വ ഗുണവും സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ തന്നെയാണ്. അപ്പോൾ അൻപത് ശതമാനം ആളുകളിൽ നിന്നും തൊണ്ണൂറ്റി അഞ്ചു ശതമാനം പ്രതിനിധികളെ തിരഞ്ഞെടുക്കുന്പോൾ നമ്മുടെ സമൂഹത്തെ നയിക്കാൻ ഏറ്റവും പ്രാപ്തിയുള്ളവർ ആരാണോ അവരല്ല സമൂഹത്തെ നയിക്കുന്നത്. അതിൻറെ നഷ്ടം സമൂഹത്തിന് മൊത്തം ആണ്.
സ്ത്രീകളെ തിരഞ്ഞെടുക്കുന്ന കാര്യം വരുന്പോൾ ആണുങ്ങൾ പൊതുവെ ഉന്നയിക്കുന്ന രണ്ടു തടസ്സ വാദങ്ങൾ ഉണ്ട്.
ഒന്നാമതായി സ്വന്തമായി കഴിവ് തെളിയിച്ചവർ ആകണം നേതൃരംഗത്തേക്ക് വരേണ്ടത്, അല്ലാതെ സ്ത്രീ ആയത് കൊണ്ട് മാത്രം ആരെയും തിരഞ്ഞെടുക്കരുത്. ശരിയായ കാര്യമാണ്. പക്ഷെ കേരളത്തിൽ ത്രിതല പഞ്ചായത്ത് രംഗത്ത്, കുടുംബശ്രീയിൽ, പ്രൊഫഷണൽ രംഗത്ത്, സന്നദ്ധ സംഘടനകളുടെ തലപ്പത്ത് ഒക്കെ കഴിവ് തെളിയിച്ച അനവധി സ്ത്രീകളുണ്ട്. കേരളത്തിൽ തിരഞ്ഞെടുപ്പിന് നിൽക്കുന്ന ഏത് ആണുങ്ങളോടും കിടപിടിക്കാൻ പറ്റിയ സ്ത്രീകൾ നാട്ടിലുണ്ട്. അവർക്ക് നമ്മൾ അവസരങ്ങൾ കൊണ്ടുക്കുന്നുണ്ടോ, കൊടുക്കാൻ തയ്യാറാണോ എന്നതാണ് വിഷയം, അല്ലാതെ നേതൃത്വ ഗുണമുള്ള സ്ത്രീകളുടെ അഭാവം അല്ല.
രണ്ടാമതായി, നേതൃരംഗത്തേക്ക് വരുന്ന സ്ത്രീകൾ അവരുടെ ബന്ധുക്കളുടെ ബലത്തിലാണ് അവിടെ എത്തുന്നത്. ഈ ചോദ്യം ശരിയാണെങ്കിലും ഈ ചോദ്യം ചോദിക്കപ്പെടുന്നത് സ്ത്രീകൾ മത്സരിക്കുന്പോൾ മാത്രമാണെന്ന ഒരു വിഷയമുണ്ട്. ഒരു നേതാവിൻറെ മകനോ പുരുഷ ബന്ധുവോ മത്സരിക്കുന്പോൾ ഇത്തരം ചോദ്യമൊന്നുമില്ല. ഇത്തവണ നമ്മുടെ തിരഞ്ഞെടുപ്പ് രംഗത്തുള്ള പ്രധാനപ്പെട്ടവരുടെ കാര്യത്തിലൊന്നും ഇത് സത്യമല്ല. സ്വന്തമായി നേതൃത്വ ഗുണം തെളിയിച്ചവർ തന്നെയാണ് തിരഞ്ഞെടുപ്പിന് നിൽക്കുന്നത്.
കേരളത്തിൽ നിന്നുള്ള എം പി മാരിൽ പരമാവധി സ്ത്രീ സാന്നിധ്യം ഉണ്ടാകണമെന്നാണ് എൻറെ ആഗ്രഹം. അതുകൊണ്ടു തന്നെ പാർലിമെന്റ് തിരഞ്ഞെടുപ്പിന് നിൽക്കുന്ന സ്ത്രീകൾക്ക് എൻറെ എല്ലാ വിജയാശംസകളും.
മുരളി തുമ്മാരുകുടി
Leave a Comment