പൊതു വിഭാഗം

തായ് സുന്ദരിയുടെ കഥ!

കാര്യം ഞാൻ സ്വിറ്റ്‌സർലൻഡിൽ താമസിച്ചു തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും സ്വിസ്സുകാരായ അധികം സുഹൃത്തുക്കൾ എനിക്കില്ല. ഓഫീസിൽ ഒന്നോ രണ്ടോ പേരുണ്ട്, അവരോട് ഔദ്യോഗികമായ സൗഹൃദവും ഉണ്ട്. പക്ഷെ ശരിക്കും സ്വിറ്റ്‌സർലൻഡിൽ ഒരു കൂട്ടുകാരൻ എന്ന് പറയാൻ എനിക്ക് ഒറ്റ ആളേ ഉള്ളൂ. നമുക്ക് അയാളെ അന്റോണിയോ എന്ന് വിളിക്കാം. അദ്ദേഹത്തിന് എഴുപത് വയസ്സുണ്ട്.
 
സ്വിറ്റ്‌സർലൻഡ് – ജർമ്മൻ സംസാരിക്കുന്ന ജർമ്മനി, ഓസ്ട്രിയ, ലിച്ചെൻസ്റ്റൈൻ എന്നീ രാജ്യങ്ങൾക്കും ഫ്രാൻസിനും ഇറ്റലിക്കും നടുക്ക് കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യമാണ്. അവിടുത്തെ ജനങ്ങൾ ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ സംസാരിക്കുന്നു. പോരാഞ്ഞിട്ട് സ്വിറ്റ്‌സർലണ്ടിൽ ഉള്ളവർ മാത്രം സംസാരിക്കുന്ന റൊമാൻഷ് എന്നൊരു ഭാഷയും ഉണ്ടെന്ന് പറയപ്പെടുന്നു. അപൂർവ്വം ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയാണത്. എന്റെ സുഹൃത്ത് അന്റോണിയോ ഇറ്റാലിയൻ സംസാരിക്കുന്ന ആളാണെങ്കിലും താമസിക്കുന്നത് ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശത്താണ്.
 
ഇപ്പോൾ ഞാൻ അദ്ദേഹത്തെ മാസത്തിൽ ഒരിക്കൽ കാണും. അത് ഞാൻ തന്നെ തീരുമാനിച്ചതാണ്. കാരണം, ഞാൻ അദ്ദേഹത്തെ എപ്പോൾ ഫോൺ ചെയ്താലും ഉടൻ അദ്ദേഹം ഫോൺ എടുക്കും, “ഹെലോ മൈ ഫ്രണ്ട്, ആർ യു ഇൻ സ്വിസ്സ്”
ഞാൻ സ്വിറ്റ്‌സർലണ്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ ഉടൻ അടുത്ത വാചകമായി
“വെൻ ആർ യു കമിങ് ഫോർ ഡിന്നർ?”
ഡിന്നറിനു ഞാൻ ചെല്ലാം എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ കൂട്ടുകാരെ സംഘടിപ്പിക്കും. വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയാൽ രാത്രി ഏറെ നീളും. പതിനൊന്നു കഴിയുന്പോൾ ഞാൻ സ്ഥലം വിടും.
 
ഇപ്പോൾ അന്റോണിയോക്ക് എന്നെ ഏറ്റവും ഇഷ്ടമാണെങ്കിലും ഞങ്ങൾ പരിചയപ്പെട്ടത് അല്പമൊന്ന് ഉടക്കിയാണ്.
ആദ്യമായി സ്വിറ്റ്‌സർലണ്ടിൽ എത്തിയപ്പോൾ ഒരു പഴയ കാറു വാങ്ങാനായി ഞാൻ ആ നാട്ടിലെ പരസ്യങ്ങൾ എടുത്തു നോക്കി ഒരു നന്പർ കണ്ട് വിളിച്ചു. കാണാൻ സമയവും സമ്മതിച്ചു.
ഒരു ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. അന്ന് ഇന്നത്തെപ്പോലെ ഗൂഗിൾ മാപ്പൊന്നുമില്ല. ഞാൻ അവിടേക്ക് പോയപ്പോൾ വഴി തെറ്റി. ഞാൻ സ്ഥലം കണ്ടുപിടിച്ച് എത്തിയപ്പോഴേക്കും അരമണിക്കൂർ വൈകി.
 
സമയം പാലിക്കുന്നതിൽ സ്വിറ്റ്സർലണ്ടുകാർ മുന്നിലാണ്. ഞാൻ വൈകിയെത്തിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.
അദ്ദേഹം വർക്ക് ഷോപ്പ് നടത്തുകയാണ്, സ്വിസ്സ്‌കോമിൽ നിന്നും പഴയതായപ്പോൾ വാങ്ങിയ കുറെ കാറുകൾ അവിടെയുണ്ട്. അതിലൊന്ന് അദ്ദേഹം എനിക്ക് കാണിച്ചു തന്നു. ഞാൻ അത് ഓടിച്ചു നോക്കാൻ പോയി.
 
വാസ്തവത്തിൽ എനിക്ക് ഈ കാറുകളെപ്പറ്റി ഒരറിവുമില്ല. പിന്നെ ഒന്നുമറിയില്ല എന്ന് അയാളെ അറിയാക്കണ്ടല്ലോ എന്ന് കരുതി ഓടിച്ചതാണ്. പത്തു മിനുട്ട് ഓടിച്ചതിന് ശേഷം തിരിച്ചെത്തി ഞാൻ അയാളോട് പറഞ്ഞു.
“ഇത് വലിയ കുഴപ്പമില്ല, പക്ഷെ ഞാൻ അടുത്ത വണ്ടി കൂടി ഓടിച്ചു നോക്കട്ടെ”
പുള്ളിയുടെ കൺട്രോൾ പോയി.
“ഇവിടെ പതിനഞ്ചു കാറുണ്ട്, അതൊക്കെ നിങ്ങൾ ഓടിച്ചിട്ട് അഭിപ്രായം പറയുന്നത് കേൾക്കാൻ എനിക്ക് സമയമൊന്നുമില്ല. വേണമെങ്കിൽ ഈ കാർ എടുത്തോ, ഇല്ലെങ്കിൽ സ്ഥലം വിട്ടോ.”
വേറെ മാർഗ്ഗം ഒന്നുമില്ലാത്തതിനാൽ ഞാൻ വില ഉറപ്പിച്ച് കാർ വാങ്ങി.
 
കാർ എന്റെ പേരിലേക്ക് മാറ്റിയതിന്റെ പേപ്പർ വാങ്ങാൻ ചെന്ന ദിവസം അദ്ദേഹം എന്നോട് പറഞ്ഞു.
“അന്ന് ഞാൻ അത്ര നല്ല മൂഡിലല്ലായിരുന്നു, അല്പം മോശമായി പെരുമാറി, എനിക്ക് ആയിരം ഫ്രാങ്ക് കുറച്ചു തന്നാൽ മതി.”
അതിൽ ഞാൻ വീണു !
 
പിന്നീട് ആ കാറിന്റെ സർവീസിങ്ങിന് ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലും.
 
അന്റോണിയോയെപ്പോലെ കഠിനാധ്വാനിയായ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏത് തണുപ്പുകാലത്തും രാവിലെ അഞ്ചുമണിക്ക് എണീക്കും, കൊണ്ടുവന്നിട്ടുള്ള വാഹനങ്ങളിൽ സർവീസിംഗും റിപ്പയറിങ്ങും നടത്തും. രാവിലെ പത്തുമണിയായാൽ കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനുള്ള ആളുകൾ വരും. ഉച്ച കഴിഞ്ഞാൽ മോട്ടോർ വെഹിക്കിൾ ഓഫീസിൽ പോയി പേപ്പർ വർക്ക് ചെയ്യും. അതിനിടക്ക് രാവിലെയും വൈകീട്ടും അദ്ദേഹത്തിന്റെ വർക്ക്ഷോപ്പിന്റെ പാർക്കിങ്ങിൽ അടുത്തുള്ള സ്‌കൂളിലേക്കുള്ള കുട്ടികളെ ഇറക്കാൻ ആളുകൾ വരും. അവരെ സുരക്ഷിതമായി ഇറക്കാനും കയറ്റിവിടാനും യെല്ലോ വെസ്റ്റ് ഇട്ട് സന്നദ്ധ പ്രവർത്തനം നടത്തും. തിരിച്ചു വന്നാൽ വീണും വണ്ടിപ്പണി. രാത്രി ഏഴുമണിക്ക് പണി നിർത്തി ഒരു കുപ്പി വീഞ്ഞുമായി അന്റോണിയോ ഡിന്നറിനിരിക്കും.
 
ഓരോ തവണ കാണുന്പോഴും അദ്ദേഹം എന്തെങ്കിലും തമാശയും കാര്യവും സംസാരിക്കും. പതുക്കെപ്പതുക്കെ ഞങ്ങൾ സുഹൃത്തുക്കളായി. ഇപ്പോൾ മാസത്തിലൊരിക്കൽ ഡിന്നറുമായി കൂടുന്നു. എനിക്ക് ലോകത്തിലെന്തു വിഷയവും, അത് സാന്പത്തികമോ, രാഷ്ട്രീയമോ, ലൈംഗികമോ, സിനിമയോ, സ്പോർട്ട്സോ, എന്തും സംസാരിക്കാവുന്ന ഒരാളാണ് അദ്ദേഹം. അനുഭവത്തിന്റെ വെളിച്ചത്തിൽ യാതൊരു വളച്ചുകെട്ടലുമില്ലാതെ അദ്ദേഹം കാര്യങ്ങൾ പറയും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദുരന്ത പ്രദേശങ്ങളിൽ കറങ്ങി നടക്കുന്ന ഒരു വിചിത്ര ജീവിയാണ് ഞാൻ. കൂട്ടുകാരോടൊപ്പമിരുന്ന് ഓരോരോ രാജ്യങ്ങളുടെ കഥകൾ കേൾക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്.
 
അന്റോണിയോ കല്യാണം കഴിച്ചിരിക്കുന്നത് തായ്‌ലൻഡിൽ നിന്നാണ്. ഒരിക്കൽ അദ്ദേഹം തായ്‌ലൻഡിൽ എത്തിച്ചേർന്ന കഥ പറഞ്ഞു.
 
1970 കളിൽ ഓട്ടോമൊബൈൽ ഡിപ്ലോമ കഴിഞ്ഞ് ഒരു വർക്ക് ഷോപ്പ് തുടങ്ങിയതാണ് അദ്ദേഹം. ഒരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു. പക്ഷെ എന്തോ കാര്യത്തിന് അവർ തമ്മിൽ ഉടക്കി. അവൾ അവളുടെ പാട്ടിനു പോയി.
 
അന്റോണിയോക്ക് അത് വലിയ വിഷമായി. കോംപ്രമൈസ് ചെയ്യാൻ നോക്കിയെങ്കിലും പെൺകുട്ടി അടുക്കുന്നില്ല.
പുള്ളി പിന്നെ മറ്റൊന്നും നോക്കിയില്ല, വർക്ക് ഷോപ്പും പൂട്ടിയിട്ട് ലോക സഞ്ചാരത്തിനിറങ്ങി.
 
1970 ന്റെ ആദ്യകാലഘട്ടമാണ്. ഹിപ്പി കൾച്ചർ അന്ന് പ്രചാരത്തിലുണ്ട്. ബാങ്കോക്കിൽ എത്തി ഒരു ബൈക്കും വാങ്ങി ദക്ഷിണ പൂർവ്വ ഏഷ്യ മുഴുവൻ അദ്ദേഹം കറങ്ങിയടിച്ചു. കൂട്ടത്തിൽ തായ് ഭാഷ പഠിച്ചു, അവിടെ ഒരു തായ് ഗേൾഫ്രണ്ടും ആയി.
 
ഒരു വർഷം കഴിഞ്ഞാണ് പുള്ളി തിരിച്ചു വീട്ടിലെത്തുന്നത്. ഹിപ്പി വേഷവും തായ് വാസവും കാണുകയും കേൾക്കുകയും ചെയ്തപ്പോൾ വീട്ടുകാർക്ക് ആകെ വിഷമമായി. മോൻ കൈവിട്ടു പോയി എന്നവർക്ക് തോന്നി.
മോനെ നേരെയാക്കിയെടുക്കാൻ അവർ മരുമകനെ (അന്റോണിയോയുടെ സഹോദരിയുടെ ഭർത്താവിനെ) ചുമതലപ്പെടുത്തി.
 
“ഈ ജീവിതം എന്ന് പറയുന്നത് വളരെ പ്രധാനമായ ഒന്നാണ്, ഇങ്ങനെ കറങ്ങി നടന്നു കളയാനുള്ളതല്ല” – അളിയൻ
“ഈ ലോകം എന്നത് വളരെ വലുതാണ്, അളിയൻ ഈ നാട്ടിൽ നിന്നും പുറത്തുപോകാത്തതുകൊണ്ടാണ് ഇതൊന്നും അറിയാത്തത്” – അന്റോണിയോ
“ബന്ധങ്ങൾ ഏറെ പ്രധാനമാണ്, വെറുതെ ഗേൾ ഫ്രണ്ട് ഉണ്ടായത് കൊണ്ട് കാര്യമില്ല” – അളിയൻ.
“സ്നേഹമാണ് ഏറ്റവും പ്രധാനം, ബന്ധം എല്ലാവർക്കും ഉണ്ടാകും” – അന്റോണിയോ.
 
ഇവനെ തന്നെക്കൊണ്ട് നന്നാക്കി എടുക്കാൻ പറ്റില്ല എന്നുറപ്പിച്ച് ഗ്രാമത്തിലെ സൈക്കോളജി കൗൺസലറുടെ അടുത്തെത്തിച്ചു.
വാഗ്വാദങ്ങൾ അവിടെയും തുടർന്നു.
 
വ്യത്യസ്ത സംസ്കാരങ്ങളിൽ ഉള്ളവർ തമ്മിലുള്ള ബന്ധങ്ങളുടെ ബുദ്ധിമുട്ടുകളെപ്പറ്റി കൗൺസലർ, ഏഷ്യയിലെ കെട്ടുറപ്പുള്ള കുടുംബങ്ങളെപ്പറ്റി എന്റെ സുഹൃത്ത്. ലൈംഗികതക്കപ്പുറത്തും ബന്ധങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് കൗൺസലർ, ലൈംഗികബന്ധം ഇല്ലാത്ത വരണ്ട വിവാഹങ്ങളുടെ അർത്ഥശൂന്യതയെപ്പറ്റി എന്റെ സുഹൃത്ത്.
 
മാസത്തിൽ ഓരോ സെഷൻ ആണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നെ അത് രണ്ടാഴ്ചയിൽ ഒരിക്കലായി. പിന്നെ ആഴ്ചയിൽ ഒരിക്കൽ.
 
ഒരിക്കൽ ബാബുമോൻ (കൗൺസലർ) എന്നോട് ചോദിച്ചു
“അങ്കിൾ ഇനി എന്നാണ് തായ്‌ലണ്ടിന് പോകുന്നത്”
“എന്തിനാണ്?”
“ഞാനും വരട്ടെയോ നിന്റെ കൂടെ”
പോരേണ്ട പോരേണ്ട എന്നൊന്നും അന്റോണിനോയോ പറഞ്ഞില്ല. അടുത്ത യാത്രയിൽ അന്റോണിയോയോടൊപ്പം അയാളുടെ കൗൺസലറും ഉണ്ടായിരുന്നു.
 
അന്നത്തെ തായ് ഗേൾ ഫ്രണ്ടിനെയും കല്യാണം കഴിച്ച് അന്റോണിയോ തിരിച്ചു സ്വിറ്റ്സർലണ്ടിലെത്തി വർക്ക്‌ഷോപ്പ് തുടങ്ങി അത്യധ്വാനം ചെയ്തു കോടീശ്വരനായി. ഇപ്പോഴും അദ്ധ്വാനം ചെയ്യുന്നു, വൈകീട്ടാകുന്പോൾ ഒരു കുപ്പി വീഞ്ഞ് അകത്താക്കുന്നു. സന്തോഷമായി ജീവിക്കുന്നു.
 
തായ്‌ലൻഡിൽ എത്തിയ കൗൺസലർ നാട്ടിലെ കുടുംബത്തെ ഉപേക്ഷിച്ച് അവിടെ പുതിയൊരു ഗേൾ ഫ്രണ്ടുമായി കൂടി.
 
ഇനി ഒരിക്കലും അന്റോണിയോവും ആയി സംസാരിക്കരുതെന്നും അവനുമായി കൂട്ടുകൂടരുതെന്നും അന്റോണിയോയുടെ സഹോദരി അളിയനെ താക്കീത് ചെയ്തു.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment