പൊതു വിഭാഗം

തറയിൽ നിന്നു വീണ്ടും  തുടങ്ങുന്പോൾ..

രണ്ടാഴ്ച കേരളത്തിലും ഡൽഹിയിലും ചിലവഴിച്ചതിന് ശേഷം ജനീവയിലേക്ക് മടങ്ങുകയാണ്. ദുരന്തത്തെക്കുറിച്ച് U N നടത്തിയ പഠനവിവരങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറുന്ന ചടങ്ങിൽ തുടങ്ങി, ന്യൂഡൽഹിയിൽ വിദ്യാർത്ഥികളുമായി ദുരന്ത നിവാരണത്തിന്റെ ആഗോള മാതൃകകൾ പങ്കുവെക്കുന്ന ഒരു പ്രഭാഷണം നടത്തി ഇത്തവണ കാര്യങ്ങൾ അവസാനിപ്പിച്ചു. സിദ്ധാർത്ഥിന്റെ പെയിന്റിങ്ങ് എക്സിബിഷൻ എന്ന പ്രധാന ലക്ഷ്യം ഭംഗിയായി നടന്നത് വലിയ സന്തോഷം.

 

മുപ്പത്തിഒരായിരം കോടി രൂപ വേണം കേരളത്തെ പുനർ നിർമ്മിക്കാൻ എന്നാണ് U N റിപ്പോർട്ട്. പുനർ നിർമ്മാണം എന്നാൽ പഴയ കേരളം ഉണ്ടാക്കുകയല്ല, പകരം ദുരന്തത്തിൽ നിന്നും പാഠങ്ങൾ പഠിച്ച, ദുരന്ത സാധ്യതകൾ കുറവുള്ള, കാലാവസ്ഥ വ്യതിയാനത്തിനു തയ്യാറെടുത്ത ഒരു കേരളമാണ് ഉണ്ടാക്കേണ്ടത് എന്നതിൽ ആർക്കും സംശയമില്ല. അതിന് പണം മാത്രം പോരാ. പുതിയ നിയമ നിർമ്മാണങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, പുതിയ തൊഴിലുകൾ, ഭൂവിനിയോഗത്തിൽ നിയന്ത്രണങ്ങൾ, മലനാട്ടിലും കുട്ടനാട്ടിലും പുതിയ തരത്തിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളും മാതൃകകളും എന്നിവ കൂടി വേണം. റിസർവോയറുകളുട മാനേജ്‌മെന്റിൽ ശരിയായ ശാസ്ത്രീയ രീതികൾ വരണം, കാലാവസ്ഥ മുന്നറിയിപ്പുകൾ കൂടുതൽ വിശ്വാസയോഗ്യമാക്കണം. ഇതിനൊക്കെ ആവശ്യമായ പണവും സാങ്കേതികവിദ്യയും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും കണ്ടെത്തണം.

 

ഇവയെല്ലാം നടപ്പിലാക്കാൻ സമയമെടുക്കും. അതിനിടക്ക് വീടുകൾ പൂർണ്ണമായി തകർന്ന ഇരുപതിനായിരം ആളുകൾക്ക് ഏറ്റവും വേഗത്തിൽ താമസ സൗകര്യങ്ങൾ ഒരുക്കണം. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം തുടരാൻ സാന്പത്തിക സഹായങ്ങൾ വേണ്ടത്. പ്രളയം മാനസികമായി ബാധിച്ച ലക്ഷക്കണക്കിന് മലയാളികൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കണം.   

 

ഇതൊക്കെയാണ് ഈ സമയത്ത് എൻറെയും കേരളത്തിലെ എല്ലാ ആളുകളുടെയും മനസ്സിലും ഭരണസംവിധാനത്തിൽ മുകൾത്തട്ട് മുതൽ താഴെ വരെയും ഉണ്ടാകേണ്ടത്. നിർഭാഗ്യവശാൽ നമ്മളെല്ലാം ഇപ്പോൾ പന്പമുതൽ സന്നിധാനം വരെ, നടതുറക്കുന്നത് മുതൽ ഹരിവരാസനം വരെ ലൈവ് ആയി ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ അവസാനിക്കുമെന്ന് വിശ്വാസികളും ഇതിൽ നിന്ന് എങ്ങനെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാമെന്ന് പാർട്ടികളും ചിന്തിക്കുന്നു.

 

ഒന്നോ അതിൽ കൂടുതലോ മരണത്തിലേ ഈ സംഭവം തീരൂ എന്നാണ് എൻറെ ചിന്ത. എന്നാൽ അതല്ല എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഇന്ത്യയിൽ നന്പർ വൺ ആയ, ഒരു തലമുറ കൊണ്ട് ശിശുമരണനിരക്കിൽ വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന തരത്തിൽ വളർന്ന, ശുചിത്വത്തിലും സന്പൂർണ്ണ സാക്ഷരതയിലും ഇന്ത്യക്ക് മാതൃകയായ ഒരു സംസ്ഥാനം എത്ര പെട്ടന്നാണ് ഈ വിഷയങ്ങളിൽ നിന്നും, നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിച്ച് ‘വിശ്വാസ സംരക്ഷണത്തിനായി’ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ഏറെ രാഷ്ട്രീയ സാക്ഷരത ഉണ്ടെന്ന് ചിന്തിച്ചിരുന്ന ഒരു ജനതയിൽ എത്ര പെട്ടെന്നാണ് തീവ്രവാദരാഷ്ട്രീയക്കാർക്ക് വിളവെടുക്കാൻ പാകത്തിന് മണ്ണൊരുക്കാൻ പറ്റിയത്.

 

ഈ സാഹചര്യത്തെപ്പറ്റി എന്നെ ഏറ്റവും ചിന്തിപ്പിച്ച വിലയിരുത്തൽ നടത്തിയത് എൻറെ യുവസുഹൃത്തായ ദേവ ആണ്.

“സാർ, ഒരു കണക്കിന് ഇത് നന്നായി. നമ്മൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുൻപിലാണെന്നോ വ്യത്യസ്തമാണെന്നോ ഉള്ള മിഥ്യാഭിമാനം നമുക്കിനി മാറ്റിവെക്കാം. മതം ജീവിതത്തിൽ ഏറെ പ്രധാനമായ, രാഷ്ട്രീയക്കാർക്ക് എളുപ്പത്തിൽ ഇളക്കിവിടാനും മുതലെടുക്കാനും കഴിയുന്ന, ഭൗതിക സാഹചര്യത്തിൽ ഉണ്ടായ പുരോഗതികളും വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ കുതിച്ചു കയറ്റവും ഒന്നും ചിന്താഗതികളിൽ ഒരു മാറ്റവും വരുത്താത്ത ഒരു ജനതയാണ് നമ്മൾ എന്ന് അംഗീകരിക്കാം. എന്നിട്ട് ഏതു തരം സമൂഹമാണ് നാളേക്ക് നമുക്ക് വേണ്ടത് എന്നതിനെപ്പറ്റി ആത്മാർത്ഥമായ ചർച്ചകൾ നടത്താം.”

 

അതേ, ശബരിമല നമ്മുടെ സമൂഹത്തിന്റെ നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്. അതിൽ കാണുന്ന ആളുകളെ നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് നമ്മൾ തന്നെയാണ്. അതറിഞ്ഞ്, ആ നിലയിൽ നിന്നാണ് നാളത്തെ കേരളത്തെ നമ്മൾ നിർമ്മിക്കേണ്ടത്.

 

മുരളി തുമ്മാരുകുടി

  

 

Leave a Comment