പൊതു വിഭാഗം

തണുത്തിരുണ്ട പകലിൽ  ജനീവയിലെ ഒരു  പെൺകുട്ടി ചെയ്‌തത്‌ വായിച്ചാൽ നിങ്ങൾ ഞെട്ടും…

നാട്ടിലേക്ക് വരുന്നതിന് ഒരാഴ്ച്ച മുൻപ് മുതൽ  സ്വിറ്റ്‌സർലൻഡിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. തണുപ്പുകാലം തുടങ്ങുന്പോൾ ഇത് പതിവാണ്. ഒരാഴ്ചയല്ല, ഒരു മാസം തന്നെ സൂര്യനെ കാണാത്ത സമയങ്ങളുണ്ടായിട്ടുണ്ട്. തണുപ്പ് കൂടിവരുന്നതോടെ മനുഷ്യരുടെ മൂഡ് ആകെ മാറി ഗ്ലൂമിയാകും. 

ഇത്തവണ യൂറോപ്പിലാകെ കൊറോണയുടെ രണ്ടാം തരംഗ സാഹചര്യം കൂടിയുള്ളതിനാൽ സ്ഥിതി കൂടുതൽ വഷളാണ്. ഫ്രാൻസിൽ സന്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനീവയിലും കേസുകൾ കൂടുന്നതിനാൽ ആശുപത്രികളിൽ നിന്ന്  റിട്ടയറായ ജോലിക്കാർ ഉൾപ്പെടെയുള്ളവരോട് വാളണ്ടിയർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ വളർച്ച ഈ കണക്കിന് പോയാൽ അടുത്തയാഴ്ചയാകുന്പോഴേക്കും ആശുപത്രികളിൽ കൊറോണക്കാർക്ക് വേണ്ടത്ര ബെഡുകൾ ഉണ്ടാകില്ല  എന്ന സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സീൻ മൊത്തത്തിൽ ശോകമാണ്. 

കൊറോണയില്ലെങ്കിൽ പോലും ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലം യൂറോപ്പിൽ നമുക്ക് തീരെ ഇഷ്ടപ്പെടില്ല.  തണുപ്പ് കൂടിവരും, സൂര്യനെ വല്ലപ്പോഴും മാത്രമേ കാണൂ, ഇലകൾ കൊഴിയുന്നു, ചെടികളിൽ പൂവില്ലാതാകുന്നു, കൃഷിഭൂമികൾ വരണ്ടുണങ്ങി കിടക്കുന്നു. ആളുകൾ ഇതിനിടയിൽ ക്രിസ്തുമസിന് തയ്യാറെടുക്കുന്നു. ന്യൂ ഇയറിന് ലൈറ്റുകൾ ഇട്ടും, അത്യാവശ്യം സ്മാൾ അടിച്ചും ഒക്കെയാണ് ഒരു കണക്കിന്  ഓരോ വിന്ററും ഇവിടെ ആളുകൾ  കടന്നുകൂടുന്നത്. 

ഏപ്രിൽ തൊട്ടുള്ള കാലം സ്വിറ്റ്‌സർലൻഡ് മനോഹരമാണ്. വസന്തകാലം വരുന്നു, ചെടികളിൽ ഇലയും പൂവും  ഉണ്ടാകുന്നു. സൂര്യൻ വീണ്ടും വരുന്നു. പകലുകളുടെ നീളം എട്ട് മണിക്കൂറിൽ  നിന്നും പതിനാലും പതിനഞ്ചും മണിക്കൂറാകുന്നു. ഞാൻ എപ്പോഴും സുഹൃത്തുക്കളെ സ്വിറ്റ്സർലണ്ടിലേക്ക് ക്ഷണിക്കുന്നത് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ്. 

ഇങ്ങനെ സ്വിസ് സമ്മർ ഒന്ന് ആഘോഷിക്കാമെന്ന് കരുതിയാണ് മേരി ഷെല്ലിയും സഹോദരിയും കൂടി 1816 ൽ  മെയ് മാസത്തിൽ ജനീവയിലെത്തുന്നത്. ഭർത്താവും കവിയുമായ കവിയായ പേഴ്സി ഷെല്ലിയും കൂടെയുണ്ട്. കുടുംബസുഹൃത്തും കവിയുമായ ബൈറണുമായി മേരിയുടെ സഹോദരിക്ക് പ്രേമമുണ്ട്, ബൈറനിൽ നിന്നും അവൾ ഗർഭിണിയുമാണ്. സഹോദരിയെ ബൈറന്റെ അടുത്തെത്തിക്കുക, കുറച്ചു ദിവസം ജനീവയിൽ അടിച്ചുപൊളിച്ച് താമസിക്കുക, തിരിച്ച് ഫ്രാൻസിലേക്ക് മടങ്ങുക  എന്നതാണ് മേരിയുടെ പ്ലാൻ. 

പക്ഷെ ആയിരത്തി എണ്ണൂറ്റി പതിനാറും ആളുകളുടെ പ്ലാനുകൾ തലകുത്തി പോയ വർഷമായിരുന്നു. കൊറോണ 2020 നെ തകർത്തതുപോലെ 1816 നെ തകർത്തത് ഒരു അഗ്നിപർവ്വതമാണ്. ഇൻഡോനേഷ്യയിലെ ടംബോറാ എന്ന  അഗ്നിപർവതം ആയിരത്തി എണ്ണൂറ്റി പതിനഞ്ചിൽ  പൊട്ടിത്തെറിച്ചു. അന്തരീക്ഷത്തിലെവിടെയും പൊടിപടലമായി. അങ്ങകലെ യൂറോപ്പിലെ കാലാവസ്ഥയെ പോലും അത് ബാധിച്ചു. വേനൽക്കാലമില്ലാത്ത വർഷം എന്നാണ് 1816 നെ കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. സൂര്യപ്രകാശം ഇല്ലാത്തത് കൃഷിയെ ബാധിച്ചു, യൂറോപ്പിൽ പട്ടിണിയുണ്ടായി.

ഇത്തരത്തിൽ സുന്ദരമായ സ്വിസ് സമ്മറിൽ തടാകത്തിന്റെ തീരത്ത് അവധി ആഘോഷിക്കാൻ വന്ന മേരിയും, പേഴ്സിയും  സൂര്യനില്ലാത്ത മെയ് മാസത്തിൽ തണുത്തുവിറച്ച് പുറത്തുപോകാനാകാതെ  ബൈറന്റെ വീട്ടിൽ കൂടി.

ബോറടി മാറ്റാനായി അവർ ഒരുമിച്ച്  അപസർപ്പക കഥകൾ വായിച്ച് സമയം ചെലവാക്കി. എന്നിട്ടും കാലാവസ്ഥ മാറുന്നില്ല. അപ്പോൾ ബൈറൺ ഒരാശയം  മുന്നോട്ടുവെച്ചു. 

“നമുക്ക് ഓരോരുത്തർക്കും ഓരോ അപസർപ്പക കഥ ഉണ്ടാക്കി പറയാം”. ഏറ്റവും നല്ല കഥ പറയുന്ന ആൾക്ക് ഒരു സമ്മാനവും നൽകാം.

രണ്ടു ദിവസം ചിന്തിച്ചിട്ടും മേരിക്ക് ഒരു കഥ  കിട്ടിയില്ല. “കഥ ശരിയായോ” എന്ന് കൂടെയുള്ളവർ

ചോദിക്കുന്നത് അവളെ അലോസരപ്പെടുത്തുന്നുമുണ്ട്. മൂന്നാം ദിവസം രാത്രി അവർ പേടിപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടു. അതൊരു കഥയായി. 

പിന്നെല്ലാം ചരിത്രമാണ്. ബൈറനും സംഘവും മാത്രമല്ല, പിൽക്കാലത്ത് ആ കഥ വായിച്ചവരെല്ലാം ഞെട്ടിവിറച്ചു. ഹൊറർ കഥകൾക്ക് അതൊരു അളവുകോലായി. സയൻസ് ഫിക്ഷൻ എന്ന വംശത്തിന്റെ  പിറവിയായി. ഇന്നും ശാസ്ത്രം ഓരോന്ന് പുതിയതായി കണ്ടുപിടിക്കുന്പോൾ അതിന്റെ നിയന്ത്രണം ശാസ്ത്രത്തിന്റെ പിടിയിൽ നിന്ന് വിട്ടുപോകുമോ എന്ന് ചിന്തിപ്പിക്കാനുള്ള അടിസ്ഥാനമായി ആ കഥ. ആ ഒറ്റ പുസ്തകത്തിന്റെ പേരിൽ അവൾ ലോകപ്രശസ്തയായി. ആ കഥ പറയുമ്പോൾ  മേരി ഷെല്ലിയുടെ വയസ് പതിനെട്ട്!

പറഞ്ഞുവന്നത് ഫ്രാങ്കെൻസ്റ്റീൻ എന്ന പുസ്തകത്തെ കുറിച്ചാണ്. എട്ട് അടി പൊക്കവും വികൃത രൂപവുമുള്ള  – സൃഷ്ടാവിന്റെ ബന്ധുക്കളെ എല്ലാം കൊന്നൊടുക്കിയ – സൃഷ്ടാവിനെ തന്നെ മരണത്തിലേക്ക് വലിച്ചെത്തിച്ച കഥാപാത്രത്തിന്റെ പേരാണ് ഫ്രാങ്കെൻസ്റ്റീൻ എന്നാണ് ആളുകൾ പൊതുവെ വിചാരിക്കുന്നത്. പക്ഷെ അങ്ങനെ അല്ല. 

ജനീവയിലെ പഴയ നഗരത്തിനടുത്ത് ഈ രൂപത്തിന്റെ ഒരു പൂർണകായ പ്രതിമയുണ്ട്. അതിന് ഫ്രാങ്കെൻസ്റ്റീൻ  പ്രതിമ എന്നാണ് പറയുന്നത്. പക്ഷെ, വാസ്തവത്തിൽ വികൃതരൂപിയുടെയല്ല, അതിന്റെ സൃഷ്ടാവായ ശാസ്ത്രജ്ഞന്റെ പേരാണ് ഫ്രാൻങ്കെൻസ്റ്റീൻ. 

അതിസമർത്ഥനായ ശാസ്ത്രജ്ഞനായിരുന്നു ഫ്രാൻങ്കെൻസ്റ്റീൻ, അതുപോലെ വലിയ ആഗ്രഹങ്ങൾ ഉള്ള ആളും.  ജീവൻ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന രഹസ്യം  അദ്ദേഹം കണ്ടെത്തി. മനുഷ്യനെപ്പോലെ ഒരാളെ ഉണ്ടാക്കാം എന്നാണ് അദ്ദേഹം തീരുമാനിച്ചത്. പക്ഷെ, മനുഷ്യന്റെ ശരീരഭാഗങ്ങൾ ചെറുതാക്കി ഉണ്ടാക്കാനുള്ള  ബുദ്ധിമുട്ട് കാരണം അദ്ദേഹം ഉണ്ടാക്കിയ മനുഷ്യരൂപിക്ക് എട്ട് അടി പൊക്കവും അതിനൊത്ത വണ്ണവുമുണ്ടായിരുന്നു. തൊലിയുടെ ഘടനയൊന്നും  അത്ര ശരിയാകാത്തതുകൊണ്ട് മഞ്ഞ തൊലിയുടെ താഴെ ചുവന്ന രക്തക്കുഴലുകൾ കാണാമായിരുന്നു. വെളുത്ത കണ്ണുകൾ, വിരൂപമായ മുഖം. ജനീവയിലെ വെങ്കല പ്രതിമ കണ്ടാൽ പോലും കുട്ടികൾ ഭയക്കും. അപ്പോൾ പിന്നെ മങ്ങിപ്പോയ മഞ്ഞ നിറത്തിലുള്ള ഈ സത്വത്തെ കണ്ടാൽ ആളുകൾ പേടിച്ചതിൽ  അത്ഭുതമുണ്ടോ?

ഇവിടെയാണ് കാര്യങ്ങൾ പാളിയത്. സത്വത്തെ ഉണ്ടാക്കി ജീവൻ നൽകി അത് ഉണർത്തെഴുന്നേറ്റ് വന്നപ്പോൾ  അതിന് ജീവൻ കൊടുത്ത വിക്ടർ ഫ്രാൻങ്കെൻസ്റ്റീൻ തന്നെ പേടിച്ചുപോയി. അദ്ദേഹം വീട് ഉപേക്ഷിച്ച് ഓടി. പിന്നെ  കുറെ സമയം കഴിഞ്ഞാണ് അദ്ദേഹത്തിന് ധൈര്യം തിരിച്ചു കിട്ടിയത്, തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും സത്വം  സ്ഥലം വിട്ടിരുന്നു. 

പാവമായിരുന്നു ആ സത്വം. എന്തിനാണ് ആളുകൾ തന്നെ പേടിക്കുന്നതെന്ന് അതിന് അറിയില്ലായിരുന്നു.  അന്ധനായ ഒരു കർഷകന് വിറകൊക്കെ കൊണ്ടുക്കൊടുത്ത് സഹായിച്ച് അയാൾ കുറച്ചു നാൾ ജീവിച്ചു. അവരിൽ നിന്ന് ഭാഷ പഠിച്ചു. പക്ഷെ അന്ധന്റെ കുടുംബം അയാളെ നേരിട്ട് കണ്ടതോടെ അവർ വീട് വിട്ട് ഓടിപ്പോയി. സത്വം വീണ്ടും ഒറ്റക്കായി. 

സത്വം തിരിച്ചു വിക്ടറിനെ തേടി എത്തുന്നു. ശേഷം  വിക്ടറിന് ചുറ്റുമുള്ളവരെ ഒന്നൊന്നായി കൊന്നൊടുക്കുന്നു.  തനിക്ക് ഒരു പങ്കാളിയെ  ഉണ്ടാക്കിത്തന്നാൽ എവിടെയെങ്കിലും പോയി സമാധാനമായി ജീവിച്ചുകൊള്ളാമെന്നും ഇല്ലെങ്കിൽ വിക്ടറിന്റെ വിവാഹദിവസം തന്നെ താനും അവിടെ കാണുമെന്നും സത്വം ഭീഷണിപ്പെടുത്തുന്നു. വിക്ടർ ധർമ്മ സങ്കടത്തിലായി. ഒരു പങ്കാളിയെ ഉണ്ടാക്കിക്കൊടുത്താൽ അങ്ങനെ അവരുടെ സന്തതി പരമ്പരകൾ ലോകത്തുണ്ടായാൽ അവർ ലോകം തന്നെ കീഴടക്കും. അതെ സമയം പങ്കാളിയെ ഉണ്ടാക്കിക്കൊടുത്തില്ലെങ്കിൽ സത്വം വിക്ടറിന്റെ ജീവിതം നശിപ്പിക്കും. എന്നാലും വിക്ടർ വഴങ്ങുന്നില്ല. തോക്കും കത്തിയുമായി തയ്യാറെടുത്തിരുന്നിട്ടും വിക്ടറുടെ നവവധുവിനെ കൊന്ന്

 സത്വം രക്ഷപ്പെടുന്നു. 

സത്വത്തെ കണ്ടുപിടിച്ച് കൊന്നുകളഞ്ഞ് മനുഷ്യരാശിയെ രക്ഷിക്കാൻ വിക്ടർ ശ്രമിക്കുന്നതാണ് പിന്നീട്  കാണുന്നത്. കഥ തുടരുന്നു. 

എന്നാൽ എന്റെ കഥ അതല്ല.

തണുത്തുവിറച്ച് ബൈറന്റെ ജനീവയിലെ താമസസ്ഥലമായ ഡിയോഡറ്റി ഭവനത്തിലിരുന്ന് ബൈഡനും കൂട്ടരും മേരിയുടെ  കഥ കേട്ട് ഞെട്ടി. അത് എഴുതി പ്രസിദ്ധീകരിക്കാൻ അവർ മേരിയോട് ആവശ്യപ്പെട്ടു. അവർ അത് 1818 ൽ പ്രസിദ്ധീകരിച്ചു. ഇന്നും ലോകം വായിക്കുന്ന പ്രധാന ഹൊറർ സ്റ്റോറികളിൽ ഒന്നാണ് ഫ്രാങ്കെൻസ്റ്റീൻ. 

ഫ്രാങ്കെൻസ്റ്റീൻറെ പ്രതിമ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ കഥ പിറന്ന വീട് കണ്ടിട്ടില്ല. അത് കാണാനാണ് കഴിഞ്ഞയാഴ്ച്ച പോയത്. മൂന്നു നിലയുള്ള വീടാണ്, ജനീവ, അതിൽ എവിടെയിരുന്നാലും ജനീവ തടാകം കാണാം. ഇന്നും അതൊരു സ്വകാര്യം ഭവനമാണ്, അതുകൊണ്ട് അകത്തു കയറാൻ പറ്റില്ല. പക്ഷെ ജനീവ നഗരം കാണാൻ ഇത്രയും സൗകര്യമുള്ള ഒരു സ്പോട്ട് ഇല്ല. വിന്ററിന്റെ പുകമഞ്ഞായതിനാൽ ആ വ്യൂ എനിക്ക് പകർത്താൻ പറ്റിയില്ല, മറ്റൊരിക്കൽ ആകാം. പക്ഷെ ഫ്രാങ്കൻസ്റ്റൈൻ പ്രതിമയും വീടും, ചുറ്റുപാടും ഒക്കെ ഞാൻ ഇവിടെ പകർത്തി വെക്കുന്നു.

നാട്ടിൽ എത്തിയതിനാൽ സ്വിസ്സിലെ യാത്ര കഥകൾ തൽക്കാലം അവസാനിപ്പിക്കുകയാണ്. ഇനി നാട്ടിൽ കുറച്ചു യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ട്, ക്വാറന്റൈൻ ഒക്കെ ഒന്ന് കഴിഞ്ഞോട്ടെ. ഇനി നാട്ടിലെ നിങ്ങൾ കേട്ടിട്ടില്ലാത്ത കഥകൾ പറയാം.

#വീണ്ടുംയാത്രചെയ്യുന്നകാലം

മുരളി തുമ്മാരുകുടി

 

Leave a Comment