കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഒരു നൂറു പേരെങ്കിലും എന്നോട് ഈ ചോദ്യം ചോദിച്ചു. ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങുമെന്നും സുനാമി ഉണ്ടാകുമെന്നും കൊടുങ്കാറ്റടിക്കും എന്നൊക്കെ പ്രവചിച്ച ഒരു വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടിട്ടാണ് ചോദ്യം.
ആദ്യം വായിച്ചപ്പോൾ ചിരി വന്നു. ഓൺലൈൻ ആയി വ്യാജ ജോലി ഓഫർ കിട്ടിയിട്ടുള്ളവർക്കറിയാം ഇതിന്റെ നിജസ്ഥിതി. ലണ്ടനിൽ നിന്നും പ്രതിമാസം പത്തു ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഓഫർ ചെയ്തുള്ള എഴുത്തു കണ്ടാൽ ഇംഗ്ലണ്ട് കണ്ടിട്ടില്ലാത്ത ആരോ എഴുതിയതാണെന്ന് വ്യക്തമാകും. അതുപോലെയാണ് ഈ മുന്നറിയിപ്പിലെ ഭാഷയും വിഷയാവതരണവും. ഇത് ശരിക്കുള്ള സ്ഥാപനം ആണോ, എന്തിന് അതിൽ പറഞ്ഞിരിക്കുന്ന ആൾ തന്നെ യഥാർത്ഥമാണോ എന്നുപോലും എനിക്കറിയില്ല, അറിയണമെന്ന് ആഗ്രഹവും ഇല്ല. കാരണം ഈ മുന്നറിയിപ്പിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. “ശുദ്ധ മണ്ടത്തരം” ആണെന്ന് ചോദിച്ചവരോടെല്ലാം പറഞ്ഞു.
അതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടാലോ എന്ന് ആദ്യം ചിന്തിച്ചു. പിന്നെ അതുപോലൊന്ന് എന്റെ ടൈംലൈനിൽ ഷെയർ ചെയ്യുന്നത് എന്ത് കാരണം കൊണ്ടാണെങ്കിലും ഇതുപോലെ ശുദ്ധ വിഡ്ഢിത്തരം എഴുന്നുള്ളിക്കുന്നവർക്ക് പബ്ലിസിറ്റി കൊടുക്കാനേ ഉപകരിക്കൂ എന്നു തോന്നിയതിനാൽ ഷെയർ ചെയ്തില്ല. പക്ഷെ ഒന്നിന് പുറകേ ഒന്നായി മണിക്കൂറുകളായി ആളുകൾ ഇതുമായി പ്രൈവറ്റ് മെസ്സേജിലും പോസ്റ്റിലും വരികയാണ്.
സത്യം പാന്റ് ഇട്ടു വരുമ്പോഴേക്കും നുണ പാതി ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. ഭൂമികുലുക്കമോ സുനാമിയോ ഒന്നും നാല് മാസം പോയിട്ട് നാല് ദിവസം മുന്നേ പോലും പ്രവചിക്കാനുള്ള ഒരു ശാസ്ത്രവും ഇപ്പോൾ നിലവിലില്ല. കൊടുങ്കാറ്റുകൾക്ക് നാല് മാസം മുൻപ് പേരിട്ട് വേഗത പ്രവചിക്കാനും ഇപ്പോൾ ഒരു കാലാവസ്ഥ ശാസ്ത്രജ്ഞനും കഴിയില്ല. അപ്പോൾ ഈ വന്നിരിക്കുന്ന മുന്നറിയിപ്പിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ഇതിനെപ്പറ്റി ഞാൻ രണ്ടാമതൊന്നു ചിന്തിക്കുകയോ ഉറക്കം കളയുകയോ ഇല്ല. നിങ്ങളും പേടിക്കേണ്ട കാര്യമില്ല.
ഇത്തരം മുന്നറിയിപ്പുകൾ ആദ്യമായിട്ടല്ല ഞാൻ കാണുന്നത്. സാധാരണഗതിയിൽ ചെറിയ എന്തെങ്കിലും ദുരന്തമുണ്ടായിട്ടുള്ള നാടുകളിലാണ് പിന്നീട് ഇത്തരം കരക്കമ്പികൾ പരക്കുന്നത്. ആളുകൾ ചെറുതായിട്ടൊന്നു പേടിച്ചതിനു പുറകെ ആര് എന്ത് പറഞ്ഞാലും ഏൽക്കും. സാധാരണ ഗതിയിൽ ‘നാസ’ പറഞ്ഞു എന്നാണ് പറയാറ്. ഇതിപ്പോൾ നമ്മുടെ തിരോന്തോരത്തെ തന്നെ ഗവേഷണം ആണ്. മുഷിയില്ല. ഇങ്ങനെ ദുരന്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങൾ ലോകത്ത് പലയിടത്തും നിലവിലുണ്ട്.
കേരളത്തിൽ ഇന്ത്യക്ക് അഭിമാനമായ ഒരു ദുരന്തനിവാരണ അതോറിറ്റി ഉണ്ട്. ഏതു ദുരന്തത്തെപ്പറ്റിയും ശാസ്ത്രീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായ മുന്നറിയിപ്പ് തരാൻ അവർക്ക് കഴിവുണ്ട്. അവരത് ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം പോസ്റ്റുകൾ കിട്ടിയാൽ ഉടൻ അവരെ അറിയിക്കുക, അല്ലാതെ സ്വയം പേടിക്കുകയോ വിശ്വസിച്ചില്ലെങ്കിലും “shared as received” എന്ന തരത്തിൽ കൈകഴുകി മറ്റുള്ളവരെ പേടിപ്പിക്കുകയോ ചെയ്യരുത്. പുതിയ ദുരന്തനിവാരണ നിയമം അനുസരിച്ച് ഇത് കുറ്റകരമാണ്.
Sekhar Lukose Kuriakose പോസ്റ്റ് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ഇങ്ങനൊരു സ്ഥാപനം ഉണ്ടോ അതോ ലെറ്റർപാഡ് പോലും തട്ടിപ്പാണോ എന്ന് ഒന്നന്വേഷിക്കണം. പുതിയ നിയമം അനുസരിച്ച് വല്ലപ്പോഴും എങ്കിലും ആരെയെങ്കിലുമൊക്കെ പ്രോസിക്യൂട്ട് ചെയ്ത് ഒന്ന് പേടിപ്പിക്കുന്നതും നല്ലതാണ്.
അപ്പോൾ സുഖമായി ഉറങ്ങിക്കോ.
മുരളി തുമ്മാരുകുടി
Leave a Comment