പൊതു വിഭാഗം

ഡിപ്ലോമസിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ഒരാൾ!

എന്റെ ചെറുപ്പത്തിൽ വീട്ടിൽ സ്ഥിരമായി ജോലിക്ക് വന്നിരുന്ന പലരും ഉണ്ടായിന്നു. അവരോരുത്തരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എനിക്കൊരസുഖം ഉണ്ടായപ്പോൾ രാത്രിയിൽ എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടിയ പാലമൂപ്പനെ പറ്റി ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇന്ന് മറ്റൊരാളെ പറ്റി പറയാം.
 
കുഞ്ഞിരാമൻ എന്നാണ് അദ്ദേഹത്തിന്റെ ഒറിജിനൽ പേര്. എല്ലാവരും അദ്ദേഹത്തെ “ഇൻഡ്രാൻ” എന്നാണ് വിളിച്ചിരുന്നത്. എന്താണ് ആ പേരിന്റെ അർത്ഥം, എന്നാണ് എങ്ങനെയാണ് അദ്ദേഹത്തിന് ആ പേര് ഉണ്ടായത് എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ.
 
പക്ഷെ ഒന്നറിയാം. മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു അദ്ദേഹം. കൃത്യസമയത്ത് ജോലിക്ക് വരും. പണിയായുധങ്ങളെല്ലാം ഏറ്റവും നല്ലതും കാച്ചി മൂർച്ച കൂട്ടിയതും ആയിരിക്കും. ഓരോ ജോലിയും എങ്ങനെ ചെയ്യണം എന്ന് ആദ്യം അമ്മാവനോട് പറയും, അങ്ങനെ ഒരു പ്ലാൻ അനുസരിച്ചു മാത്രമേ ജോലി ചെയ്യൂ. മറ്റുള്ളവർ മൂന്നു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലികൾ അദ്ദേഹം ഒറ്റ ദിവസം കൊണ്ട് തീർക്കും, കൃത്യ സമയത്ത് തന്നെ ജോലി അവസാനിപ്പിക്കും, തിരിച്ചു പോകും. “കുഞ്ഞിരാമൻ വരുന്നത് നോക്കിയാൽ മതി, വാച്ചൊന്നും വേണ്ട” എന്ന് അമ്മ പറയും. അത്ര കൃത്യമായിരുന്നു, ഒരിക്കലും വച്ചുകെട്ടി കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ സമയ നിഷ്ഠ.
പാടത്തും പറന്പിലും ജോലി ചെയ്യുന്നവരോടൊപ്പം അമ്മാവനും ജോലി ചെയ്യും. അവർക്ക് ചായയും പുഴുക്കും ഒക്കെ കൊണ്ടുക്കൊടുക്കുന്ന ജോലിയാണ് ചെറുപ്പത്തിൽ ഞങ്ങൾക്ക് ഉള്ളത്. അപ്പോഴാണ് അവരോട് സംസാരിക്കാൻ സമയം കിട്ടുന്നത്. ഉച്ചഭക്ഷണത്തിന് അവർ വീട്ടിൽ വരും, അപ്പോളാണ് അമ്മക്ക് അവരോട് സംസാരിക്കാൻ സമയം.
 
സംസാരത്തിന്റെ കാര്യത്തിൽ അദ്ദേഹം വളരെ പിശുക്കനായിരുന്നു. എന്നാൽ പറയുന്നത് വളരെ അർത്ഥവത്തായ കാര്യങ്ങളും, എപ്പോഴും തമാശ കലർത്തിയാണ് പറയുക. ആനുകാലികമായ കാര്യങ്ങളിൽ വലിയ അറിവും കൃത്യമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. “പഠിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ എവിടെ എത്തേണ്ട ആളാണ്” എന്ന് അമ്മ പറയും (വീട്ടിലെ ജോലിക്ക് സഹായിക്കാൻ വേണ്ടി നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന അമ്മയെ കുറിച്ചും ഞാൻ അങ്ങനെ ചിന്തിക്കാറുണ്ട്).
 
അമ്മാവൻ മരിച്ച് പറന്പിലെ കൃഷിയൊക്കെ നിറുത്തിയതിൽ പിന്നെ അദ്ദേഹത്തെ ഞാൻ അധികം കണ്ടിട്ടില്ല. ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു “വെങ്ങോലയിൽ ഇപ്പോൾ കൃഷിയൊന്നുമില്ല, കുന്നിടിച്ചു മണ്ണെടുക്കലും പാറപൊട്ടിക്കലും ഒക്കെയാണ് പ്രധാന ജോലികൾ. അങ്ങനെ കുന്നിടിച്ചുണ്ടാക്കുന്ന പണം ഒന്നും എനിക്ക് വേണ്ട” എന്ന്. താൽക്കാലിക ലാഭത്തിനുള്ള ഈ കുന്നിടിക്കൽ പരിസ്ഥിതിയെ കൊല്ലുന്നതാണെന്നും ദുരന്തങ്ങൾ ഉണ്ടാക്കുന്നതാണെന്നും ആളുകൾ മനസ്സിലാക്കാൻ രണ്ടു ദുരന്തങ്ങൾ വേണ്ടി വന്നു. പ്രകൃതിയോട് അടുത്തുനിൽക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ അറിയാൻ പ്രത്യേകിച്ച് പരിശീലനത്തിന്റെ ഒന്നും ആവശ്യമില്ല.
 
ഡിപ്ലോമസിയിലെ ഒരു വിലപ്പെട്ട പാഠം അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. വീട്ടിൽ ഉച്ചക്ക് ചോറുണ്ണാൻ വരുന്പോൾ കറിയൊക്കെ നന്നായിട്ട് ഉണ്ടെങ്കിൽ അദ്ദേഹം പറയും
“കറിയൊക്കെ നന്നായിട്ട് ഉണ്ടാക്കി”
ചില ദിവസങ്ങളിലെ കറി ഫ്ലോപ്പായാൽ ഒരു ചിരിയോടെ അദ്ദേഹം പറയും
“കറിയൊക്കെ ഉണ്ടാക്കിയത് നന്നായി, കഴിക്കാമല്ലോ”
സത്യമായ അഭിപ്രായമാണ്, വാക്കുകളുടെ മനോഹരമായ ഒരു കളിയാണ്. അമ്മ ഒരിക്കൽ പറഞ്ഞപ്പോളാണ് ഞാൻ ആ വ്യത്യാസം മനസ്സിലാക്കിയത്. അതിന് ശേഷം ആവശ്യമുള്ളപ്പോൾ ഞാനും ഇത് തന്ത്രപൂർവ്വം ഉപയോഗിക്കാറുണ്ട്.
 
ഇന്ന് രാവിലെ കുഞ്ഞിരാമൻ മരിച്ചു എന്ന വാർത്ത അറിഞ്ഞാണ് ഉണർന്നത്. നഷ്ടങ്ങളുടെ വീക്കെൻഡ് ആണെന്ന് തോന്നുന്നു.
ആദരാഞ്ജലികൾ..!
 
മുരളി തുമ്മാരുകുടി

Leave a Comment