പൊതു വിഭാഗം

ടെക്സസ്സിലെ ദുരന്തം, കേരളത്തിനുള്ള പാഠങ്ങൾ..

ഹാർവി കൊടുങ്കാറ്റും അതുണ്ടാക്കിയ മഴയും വരുത്തിയ പ്രളയം ടെക്സസ്സിനെ ഇപ്പോഴും വലക്കുകയാണ്. എന്റെ കുറെ സുഹൃത്തുക്കൾ സുരക്ഷിതരാണെന്ന് എഴുതിയിരുന്നു. മറ്റുള്ളവരും സുരക്ഷിതരാണെന്ന് കരുതട്ടെ.

പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ പരിചയമുള്ള, അത് നേരിടാൻ ജനങ്ങളും ഔദ്യോഗിക സംവിധാനവും അമേരിക്കയിലെ ദുരന്ത നിവാരണ അതോറിറ്റിയും ഒക്കെ സജ്ജമാണ് താനും. എന്നാലും പ്രകൃതി അതിന്റെ യഥാർത്ഥ ശക്തി പുറത്തെടുക്കുമ്പോൾ മനുഷ്യർ പൊതുവെ നിസ്സഹായരാകും. സൂപ്പർ പവറുകളുടെ ശക്തി ഒന്നും പ്രകൃതിയോട് മത്സരിക്കുമ്പോൾ ഒന്നുമല്ല.

ഇക്കാലത്ത് ഓരോ കൊടുങ്കാറ്റും വരുമ്പോൾ ചോദിക്കുന്ന ചോദ്യം “ഇത് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടതാണോ” എന്നാണ്. ഒരു മഴയോ ഒരു കാറ്റോ ഒക്കെ നേരിട്ടതു കൊണ്ട് അതിന് കാരണം കാലാവസ്ഥ വ്യതിയാനം ആണോ എന്ന് പറയാൻ സാധിക്കില്ല. പക്ഷെ ആഗോള താപനത്തിന്റെ പ്രവചിക്കപ്പെട്ട പ്രത്യാഘാതങ്ങളിൽ പ്രധാനമാണ് കൂടുതൽ സാന്ദ്രത ഉള്ള മഴയും, കൂടുതൽ ശക്തിയുള്ള കാറ്റും. ഇതൊക്ക വലിയ മഴയും കാറ്റും പതിവില്ലാത്ത സ്ഥലങ്ങളിൽ കൂടി വരാം എന്നതാണ് മറ്റൊരു പ്രവചനം. അത് കൊണ്ട് തന്നെ ലോകത്തെവിടെയും നടക്കുന്ന കാലാവസ്ഥ ബന്ധിതമായ ദുരന്തങ്ങൾ നാം ശ്രദ്ധിക്കണം.

കഴിഞ്ഞയാഴ്ച്ച കേരളത്തിലെ എം എൽ എ മാർക്ക് വേണ്ടി നടത്തിയ പ്രഭാഷണത്തിലും ഞാൻ പറഞ്ഞത് ഇത് തന്നെയാണ്. കാലാവസ്ഥ മാറുകയാണ്, പലയിടത്തും അതിന്റെ പ്രത്യാഘാതങ്ങൾ കണ്ടു തുടങ്ങി. വൻ മഴയും (1924) വലിയ കാറ്റും (1939) ഉണ്ടായിട്ടുള്ള നാടാണ് നമ്മുടേത്. ഇതൊക്കെ നാം മറന്നു തുടങ്ങിയെങ്കിലും അവർ വീണ്ടും വരും, പൂർവ്വാധികം ശക്തിയോടെ. അതോടൊപ്പം സമുദ്രജലത്തിന്റെ നിരപ്പുയരുക കൂടി ചെയ്യുമ്പോൾ ദുരന്തം ഉറപ്പാണ്. എറണാകുളം ഒക്കെ സ്ഥിരം കുളമാകും.

ഈ വിഷയത്തെ ദുരന്ത നിവാരണം എന്ന നിലക്കല്ല, ദീർഘവീക്ഷണത്തോടെ ഉള്ള സ്ഥല/വിഭവ വിനിയോഗ പ്രശ്നം ആയി വേണം കാണാൻ. കേരളത്തിന്റെ വികസനത്തിന് തത്കാലം വലിയ തടസ്സമായി നിൽക്കുന്നത് ഭൂമിയെ വസ്തുവായി കണ്ട് അതിൽ നിക്ഷേപിക്കുന്ന അവസ്ഥയാണ്. ഇതിൽ നിന്നും സ്ഥലവിനിയോഗം പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പ്ലാനിങ്ങിന് ഉപയോഗിക്കാനുള്ള ഒരവസരം ആയി കാലാവസ്ഥ വ്യതിയാനത്തെ നമുക്ക് കാണാം.

നമ്മൾ തയ്യാറാണോ ?

(എം എൽ എ മാർക്ക് നടത്തിയ പ്രഭാഷണത്തിന്റെ പ്രധാന വിഷയങ്ങളും, അവരുടെ ചോദ്യങ്ങളും, അനുഭവങ്ങളും ഒക്കെ വരും ദിവസങ്ങളിൽ എഴുതാം)
http://www.bbc.com/news/science-environment-41082668

Leave a Comment