പൊതു വിഭാഗം

ജല സുരക്ഷാ യാത്ര…

ആയിരത്തിലേറെ ആളുകളാണ് പ്രതിവർഷം കേരളത്തിൽ മുങ്ങി മരിക്കുന്നത് എന്ന് അറിയാമല്ലോ. ഇതിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബോട്ടപകടത്തിലൊക്കെ ഉണ്ടാകുന്നത്. ബാക്കി ബഹുഭൂരിപക്ഷം അപകടങ്ങളും ഉണ്ടാകുന്നത് ആളുകൾ ഒന്നും രണ്ടും ആയി വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ ഇറങ്ങുമ്പോൾ ആണ്. കുറെ കുട്ടികൾ മുതിർന്നവർ ശ്രദ്ധിക്കാത്ത സമയത്ത് വെള്ളത്തിൽ വീഴുന്നു, അത് ഫ്ളാറ്റിലെ ബക്കറ്റിൽ ആകാം, വീട്ടിന് മുന്നിലെ തോട്ടിലാകാം. ജല സുരക്ഷയെ പറ്റി അല്പമെങ്കിലും അറിവ് കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടെങ്കിൽ ഒരു വർഷം കൊണ്ട് തന്നെ മരണസംഖ്യ ഇപ്പോഴത്തേതിന്റെ പകുതിയാക്കാം.

മുങ്ങി മരണങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ഒരു കേരളയാത്ര കഴിഞ്ഞ ഒരു വർഷമായി പ്ലാൻ ചെയ്യുന്നു. പല കാരണങ്ങളാൽ അത് നടന്നില്ലെങ്കിലും ഐഡിയ വിട്ടിട്ടില്ല. ഈ വർഷം നാട്ടിൽ എത്തിയപ്പോൾ ഇതിന്റെ കുറച്ചു പ്ലാനിങ് ഒക്കെ നടന്നു.

ഇക്കാര്യത്തിൽ നിങ്ങളുടെ ഒരു സഹായം വേണം. കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്ഥിരമായി ആളുകൾ മുങ്ങി മരിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. പെരുമ്പാവൂരിനടുത്ത പണിയേലി പോരിൽ നൂറിലേറെ ആളുകൾ മരിച്ചിട്ടുണ്ട്, പല ബീച്ചുകളും ഇങ്ങനെ തന്നെ. ജലസുരക്ഷാ യാത്രയുടെ ഭാഗമായി ഈ സ്ഥലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യുക, അവിടെ വെള്ളത്തിൽ വീണവരെ പുറത്തെടുക്കുന്നതിലും പ്രഥമ ശുശ്രൂഷ നടത്തുന്നതിലും പരിശീലനം നൽകുക എന്ന ഒരു പദ്ധതി മനസ്സിലുണ്ട്.

നിങ്ങളുടെ നാട്ടിൽ കഴിഞ്ഞ പത്തു വർഷത്തിനിടക്ക് ഒന്നിൽ കൂടുതൽ തവണ ആളുകൾ മുങ്ങി മരിച്ച തോട്, പുഴ, കുളം, തടാകം, ബീച്ച് എന്നിവ ഉണ്ടെങ്കിൽ അതിന്റെ ലൊക്കേഷൻ ഇവിടെ പറയാമോ. സ്ഥലപ്പേര്, ഗ്രാമത്തിന്റെ/നഗരത്തിന്റെ/പുഴയുടെ പേര്, ജില്ലയുടെ പേര് ഇത്രയെങ്കിലും വേണം. ഒരു ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്ത് ഇട്ടാൽ അത്യുഗ്രൻ, അല്ലെങ്കിൽ അത് Viswa Prabha ഒറ്റയടിക്ക് ചെയ്തോളും !!

ഈ സംരംഭത്തോട് ഏതെങ്കിലും തരത്തിൽ സഹകരിക്കാൻ തയ്യാറുള്ളവരും കൈ പൊക്കണം.

നന്ദി മുൻ‌കൂർ, നന്ദി മാത്രമേ ഉള്ളൂ…

Leave a Comment