പൊതു വിഭാഗം

ജന്മം എന്ന ലോട്ടറി..!

ഷെർലോക്ക് ഹോംസിന്റെ കഥകൾ എനിക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ടതാണെണെന്ന് പറഞ്ഞല്ലോ. 1997 ൽ ലണ്ടനിൽ എത്തിയ ഞാൻ കെട്ടും ഭാണ്ഡവും ഹോട്ടലിൽ വെച്ചിട്ട് നേരെ ഓടിയത് 221 B ബേക്കർ സ്ട്രീറ്റ് കാണാനാണ്. അതിനെ പറ്റി പിന്നീടൊരിക്കൽ പറയാം. അദ്ദേഹത്തിന്റെ ഒരു കഥയിൽ നിന്നാണ് ഇന്നത്തെ തുടക്കം.
 
‘A Man with Twisted Lips’ – ഭിക്ഷക്കാരനായി വേഷം കെട്ടുന്ന ഒരു പത്രപ്രവർത്തകന്റെ കഥയാണ് പറയുന്നത്. ഒരിക്കൽ ഭിക്ഷക്കാരെപ്പറ്റിയുള്ള ഗവേഷണത്തിന്റെ ഭാഗമായി അദ്ദേഹം അവരുടെ വേഷം കെട്ടി കുറച്ചു നാൾ തെരുവിലിരുന്നു. ഭിക്ഷക്കാർക്ക് കിട്ടുന്ന വരുമാനം കണ്ട് പുള്ളിയുടെ കണ്ണ് തള്ളി. പിൽക്കാലത്ത് വിവാഹം കഴിച്ചു സുഖമായി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് സാന്പത്തിക ബുദ്ധിമുട്ട് നേരിട്ടു. അദ്ദേഹം ഭാര്യ അറിയാതെ വീണ്ടും ഭിക്ഷക്കാരന്റെ വേഷം കെട്ടി. രാവിലെ കോട്ടും സൂട്ടും ഇട്ട് പത്രപ്രവർത്തകനായി ഇറങ്ങുന്ന ആൾ നഗരത്തിലെ ഒരു ക്ലബ്ബിൽ പോയി വേഷം മാറി ഭിക്ഷാടനത്തിനിറങ്ങുന്നു. വൈകീട്ട് തിരിച്ച് കോട്ടും സൂട്ടുമിട്ട് വീട്ടിൽ എത്തുന്നു. അങ്ങനെ പോകുന്നു കഥ.
 
ബോംബെയിൽ മാലിന്യം പെറുക്കി ജീവിക്കുന്നവരെക്കുറിച്ച് പഠിക്കാൻ പോയി ഞാൻ ഒരിക്കൽ ഇങ്ങനെ അത്ഭുതപ്പെട്ടിട്ടുണ്ട്. ബോംബയിൽ മാലിന്യം നിക്ഷേപിക്കുന്ന ഒരു വലിയ ലാൻഡ്‌ഫിൽ ഉണ്ട്, ചെന്പൂരിൽ. എന്റെ ഓർമ്മ ശരിയാണെങ്കിൽ ദിവസവും അയ്യായിരം ടൺ മാലിന്യമാണ് അവിടെ എത്തുന്നത്. അവിടെ മാലിന്യക്കൂന്പാരത്തിൽ നിന്നും പ്ലാസ്റ്റിക്കും ലോഹവും ഗ്ലാസും പെറുക്കി ജീവിക്കുന്ന ആയിരങ്ങൾ ഉണ്ട്. അവരെ കുറിച്ചറിയാനാണ് ഗവേഷണത്തിനിറങ്ങിയത്. രണ്ടു തട്ടിലായാണ് ഈ ആളുകൾ പ്രവർത്തിക്കുന്നത്. ഒന്നാമത്തെ തട്ടിൽ ഓരോ ട്രക്കും വരുന്പോൾ അതിൽ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിക്കുന്നവർ. ഇവർക്ക് സ്പെഷ്യലൈസേഷനും ഷിഫ്റ്റും ഉണ്ട്. ലോഹം പെറുക്കുന്നവർ ഗ്ലാസ് എടുക്കില്ല, ഗ്ലാസ് എടുക്കുന്നവർ പ്ലാസ്റ്റിക്ക് എടുക്കില്ല അങ്ങനെ. അടുത്ത കണ്ണി ഇവരിൽ നിന്നും അവ വിലയ്‌ക്ക് വാങ്ങുന്നവരാണ്. ഇവർ രാവിലെ തൊട്ടു വൈകിട്ട് വരെ അവിടെയുണ്ട്. ഇവരുടെ തലത്തിലും സ്പെഷ്യലൈസേഷൻ ഉണ്ട്. അന്നന്ന് കിട്ടുന്ന വസ്തുക്കൾ അവർ മൊത്തവ്യാപാരികൾക്ക് പുറത്തു കൊണ്ടുപോയി വിൽക്കും. ഇതാണ് അവിടുത്തെ രീതി.
 
ഈ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തർക്കും കിട്ടുന്ന പണം എത്ര എന്നതാണ് ഞങ്ങൾ ഗവേഷണം ചെയ്ത ഒരു വിഷയം. സാധാരണ നിലയിൽ സാധനം പെറുക്കുന്നവർക്ക് (പൊതുവെ സ്ത്രീകളും കുട്ടികളുമാണ് ഈ ജോലി ചെയ്യുന്നത്) മൂവായിരം മുതൽ അയ്യായിരം വരെ രൂപ മാസം കിട്ടും (1993 ൽ). അതിൽ നിന്ന് ഒരു വിഹിതം ഗുണ്ടാ പിരിവ് കൊടുക്കണം, ഈ മാലിന്യ സംഭരണിയിലെ ഉദ്യോഗസ്ഥർക്ക് കുറച്ച് കൈക്കൂലി കൊടുക്കണം (അല്ലെങ്കിൽ അകത്തേക്ക് കയറ്റില്ല), കുറച്ചു പണം പോലീസിനും കൊടുക്കണം. അഞ്ഞൂറ് രൂപ അങ്ങനെ പോയതിന്റെ ബാക്കിയാണ് അവർക്ക് കിട്ടുന്നത്. സാധനം ഇവരിൽ നിന്നും സംഭരിക്കുന്നവർക്കും ഇതേ കൈക്കൂലി ചിലവുകളുണ്ട്, തുക അവിടെ കൂടിവരും. എന്നാലും അവർക്ക് മാസം പതിനയ്യായിരം രൂപ കൈയിൽ കിട്ടും.
 
അന്ന് ഞാൻ റിസർവ്വ് ബാങ്കിന് കീഴിലുള്ള ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്റ് റിസേർച്ചിലെ ഫാക്കൽറ്റി മെന്പർ ആണ്. മാസം 7500 രൂപയാണ് ശന്പളം. ഗവേഷണം നിർത്തി ആക്രി കച്ചവടത്തിന് പോയാലോ എന്ന് ഒരു ദിവസം ഞാൻ ആലോചിച്ചു !
 
കേരളത്തിലെ വേസ്റ്റ് മാനേജമെന്റ് വിഷയത്തിൽ ഞാൻ അഭിപ്രായം പൊതുവെ പറയാറില്ല (ഇവിടെ എല്ലാവരും അഭിപ്രായം പറഞ്ഞു കുളമാക്കിയിട്ടിരിക്കയാണ്). വേസ്റ്റുമായിട്ടുള്ള എന്റെ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഐ ഐ ടിയിൽ എന്റെ ഇരട്ടപ്പേര് വേസ്റ്റ് എന്നായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ലോകത്തെ അനവധി രാജ്യങ്ങളിൽ മാലിന്യനിർമ്മാർജ്ജനം പഠിക്കാനും ഉപദേശം നൽകാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അവിടങ്ങളിൽ ചെല്ലുന്പോൾ ഞാൻ ബോംബയിലെ ആക്രിക്കച്ചവടക്കാരനെ ഓർക്കും.
 
മാലിന്യക്കൂന്പാരങ്ങളിൽ പണിയെടുക്കുന്ന ആളുകളുടെ ജീവിതം പണമുണ്ടെങ്കിൽ പോലും ഒട്ടും സുരക്ഷിതമല്ല. ഇത്തരം മാലിന്യക്കൂന്പാരമുള്ള രാജ്യങ്ങളിൽ ഗുണ്ടാപ്പിരിവും അഴിമതിക്കാരായ പോലീസും ഉണ്ട്. അവർ പണം കൂടാതെ ഈ പണിയെടുക്കുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് അപൂർവ്വമല്ല. യാതൊരു വ്യക്തി സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. പല നഗരങ്ങളിലും ആശുപത്രിയിലെയും അറവുശാലയിലെയും ഹോട്ടലിലെയും സൂപ്പർമാർക്കറ്റിലെയും മാലിന്യങ്ങൾ ഒരുമിച്ചാണ് വരിക. അവിടെ പണിയെടുക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും രോഗങ്ങൾ ഉണ്ടാകാം, മരണം സംഭവിക്കാം. ഇപ്പോഴത്തെ കൊറോണ വിഷയത്തിൽ എന്റെ ഉറക്കം കെടുത്തുന്നത് ഇത്തരം സാഹചര്യങ്ങളാണ്.
 
2010 ൽ ഹൈത്തിയിലെ ഭൂകന്പത്തിന് ശേഷം ഞാൻ അവിടെ പോയിരുന്നു. ജോലിയുടെ ഭാഗമായി തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിലെ ഏറ്റവും വലിയ മാലിന്യക്കൂന്പാരത്തിൽ (ട്രൂട്ടിയെ) പോയി. നൂറുകണക്കിന് ആളുകൾ, സ്ത്രീകൾ, കുട്ടികൾഎല്ലാമാണ് അവിടെ മാലിന്യത്തിൽ നിന്നും എന്തെങ്കിലും പരതിയെടുക്കാൻ പോകുന്നത്. ഓരോ വാഹനവും മാലിന്യക്കൂന്പാരത്തിലേക്ക് വരുന്പോൾ ഇവർ അതിന്റെ പുറകെ ഓടി, വാഹനം നിർത്തിയാൽ അതിൽ ചാടിക്കയറി വാഹനത്തിൽനിന്നും മാലിന്യം പുറത്തേക്ക് തട്ടുന്പോൾ അതിന്റെ കൂടെ എടുത്തു ചാടും. ബോംബയിലെപ്പോലെ സ്പെഷ്യലൈസേഷനോ സഹകരണമോ അവിടെയില്ല. അടിയും തെറിയും കൂട്ടിനുണ്ട്. വാഹനങ്ങൾ പുറകോട്ടെടുക്കുന്പോൾ അപകടങ്ങളും മരണങ്ങളും ഉണ്ടാകാറുണ്ട്. ഭൂകന്പം കഴിഞ്ഞ സമയത്ത് വരുന്ന ഓരോ വാഹനത്തിലും മാലിന്യങ്ങൾ കൂടാതെ മൃതശരീരങ്ങൾ കൂടിയുണ്ട്. അതിന്റെയും മുകളിലാണ് പിടിയും വലിയും.
 
ലോകത്ത് ഏതൊരു ജോലി ചെയ്യുന്നവരെയും ഞാൻ നിസ്സാരരായി കാണാറില്ല. ഒരു മൃതദേഹം തള്ളിമറിച്ചിട്ട് അതിന്റെ താഴെ അലുമിനിയം കാൻ തിരയുന്ന ഒരു കുട്ടി, ലോകത്തെ മറ്റേതൊരു കുട്ടിയേക്കാളും ഏതെങ്കിലും തരത്തിൽ മോശമായ മനസ്സുള്ള ആളായി ഞാൻ വിചാരിക്കാറില്ല. ഓരോരുത്തരും ജനിച്ചു വീഴുന്ന സാഹചര്യം, അതാണ് അവർ എന്ത് ചെയ്യുന്നു, എവിടെ എത്തുന്നു എന്നെല്ലാം തീരുമാനിക്കുന്നത്.
 
ജന്മം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ലോട്ടറിയാണ്. വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയാവുന്ന അച്ഛന്റെയും അമ്മയുടെയും മകനായി തുമ്മാരുകുടിയിൽ ജനിച്ചതിൽ എനിക്ക് യാതൊരു പങ്കുമില്ല. ബോംബയിലെ തെരുവിലോ ഹൈത്തിയിലെ മാലിന്യക്കൂന്പാരത്തിലോ എനിക്ക് തെമ്മാടികളോട് മല്ലിട്ട് ജീവിക്കേണ്ടി വരാതിരുന്നത് ജന്മം എന്ന ലോട്ടറി എനിക്ക് വിജയം സമ്മാനിച്ചതിനാൽ മാത്രമാണ്. ലോട്ടറിയല്ലാത്ത – ലോകത്തിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും വീട്ടിൽ സുരക്ഷയും ആവശ്യത്തിന് വിദ്യാഭ്യാസവും അന്തസുള്ള തൊഴിലും ഉള്ളൊരു ലോകമാണ് ഈ കൊറോണക്കാലത്തും ഞാൻ സ്വപ്നം കാണുന്നത്.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment