പൊതു വിഭാഗം

ജനാധിപത്യത്തിലെ ഉത്സവം!

ജനാധിപത്യം ഒരു മതമാണെങ്കിൽ അതിന്റെ ഉത്സവക്കാലമാണ് തിരഞ്ഞെടുപ്പ്. ജനാധിപത്യം ഉള്ളതും ഇല്ലാത്തതും ആയ രാജ്യങ്ങളിൽ ഞാൻ ജീവിച്ചിട്ടുണ്ട്. ജനാധിപത്യം ഇല്ലെങ്കിലും പേരിനൊക്കെ തിരഞ്ഞെടുപ്പുള്ള രാജ്യങ്ങളും ഉണ്ട്. പക്ഷെ കേരളം പോലെ “കളർഫുൾ” ആയി തിരഞ്ഞെടുപ്പ് ഉത്സവങ്ങൾ നടക്കുന്ന നാട് ഞാൻ കണ്ടിട്ടില്ല.
 
കാൺപൂരിലും ബോംബെയിലും തിരഞ്ഞെടുപ്പ് വന്നാൽ നമ്മുടെ നാട്ടിൽ കാണുന്ന ഒരു കോലാഹലവും ഇല്ല. വല്ലപ്പോഴും വലിയ നേതാക്കൾ വരും, വലിയ റാലി ഉണ്ടാകും, കഴിഞ്ഞു കാര്യം. സ്വിറ്റ്‌സർലൻഡിൽ തിരഞ്ഞെടുപ്പിന് നിശബ്ദ പ്രചാരണമാണ്. വഴിയരികിൽ വലിയ പോസ്റ്ററുകൾ ഒട്ടിക്കാനുള്ള ഫ്രേമുകൾ ഉണ്ട്. അതിലൊക്കെ വിവിധ പാർട്ടികളുടെ ഫോട്ടോയോ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ കാണും.
 
അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ പണ്ട് ടെലിവിഷനിൽ ആയിരുന്നു. ഓരോ സ്ഥാനാർത്ഥികളും അവർ അവതരിപ്പിച്ച ബില്ലുകൾ, സപ്പോർട്ട് ചെയ്തവ, മുഖ്യമായ വിഷയങ്ങളിൽ അവർ എന്ത് സ്റ്റാൻഡ് എടുത്തു എന്നൊക്കെ കാണിച്ച് ടി വി പരസ്യങ്ങൾ വരും. ടൌൺ ഹാൾ മീറ്റിംഗുകൾ ആണ് അവിടുത്തെ സാധാരണ തിരഞ്ഞെടുപ്പിന് മുഖ്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പാകുന്പോൾ അവിടവിടെ റാലികൾ കാണും. പക്ഷെ നമ്മുടെ നാട്ടിലെ പോലെ നാടിളക്കിയുള്ള പ്രചാരണം ഒന്നുമില്ല.
 
ജനാധിപത്യം എത്ര മാത്രം ആഴത്തിൽ നമ്മുടെ നാട്ടിൽ വേരോടിയിട്ടുണ്ട് എന്ന സന്തോഷമാണ് നാട്ടിലെ തിരഞ്ഞെടുപ്പുത്സവങ്ങൾ കാണുന്പോൾ എനിക്ക് തോന്നുന്നത്. ജനാധിപത്യത്തിന് കേരളത്തിൽ നൂറു വയസ്സ് പോലും തികഞ്ഞിട്ടില്ല. അപ്പോൾ തെരെഞ്ഞടുപ്പുത്സവത്തിന് വലിയ പഴക്കം ഒന്നുമില്ലെങ്കിലും നാം കൊഴുപ്പിക്കുന്നുണ്ട്.
 
ഈ കൊഴുപ്പിക്കൽ തന്നെയാണ് എന്നെ വിഷമിപ്പിക്കുന്നതും. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഇപ്പോൾ വലിയ ചിലവുള്ള പണിയാണ്. ഓരോ സ്ഥാനാർത്ഥിയും ഒന്നോ രണ്ടോ കോടി രൂപ ചെലവാക്കേണ്ടി വരും. കുറേയൊക്കെ പാർട്ടി കണ്ടെത്തുമെന്ന് പറഞ്ഞാൽ പോലും മിക്കവാറും സ്ഥാനാർത്ഥികൾക്ക് സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് തിരഞ്ഞെടുപ്പ്. അത് രണ്ടു തരത്തിൽ കുഴപ്പമാണ്. ഒന്നാമത് തിരഞ്ഞെടുപ്പ് കാലത്ത് പണം തന്ന് സഹായിച്ചവരോടുള്ള വിധേയത്വം എങ്ങനെയാണ് വീട്ടാൻ പോകുന്നതെന്ന് മുൻ‌കൂർ പറയാൻ പറ്റില്ല. അതൊക്കെയാണ് പിന്നീട് സർക്കാർ നയങ്ങളായും വ്യക്തിപരമായ ഫേവറുകളായിട്ടും മാറുന്നത്. രണ്ടാമത് പണം ഇല്ലാത്തവർക്ക് തിരഞ്ഞെടുപ്പിന് നിന്ന് പണം ഉള്ളവരോട് മത്സരിച്ചു ജയിക്കാൻ സാധിക്കാതെ വരുന്നു. രണ്ടും ജനാധിപത്യത്തിന് നല്ലതല്ല.
 
സത്യം എന്തെന്ന് പറഞ്ഞാൽ കേരളത്തിൽ ഫ്ലെക്സ് കണ്ടിട്ടും, ജാഥ കണ്ടിട്ടും ഒന്നുമല്ല ആളുകൾ വോട്ട് കൊടുക്കുന്നത്. ഇതൊക്കെ സ്ഥാനാർത്ഥികൾക്കും അറിയാം. പക്ഷെ ഒരാൾ ഫ്ളക്സ് വച്ചിരിക്കുന്നിടത്ത് അടുത്ത സ്ഥാനാർഥിയും വെച്ചില്ലെങ്കിൽ അവരുടെ പ്രചരണം സീരിയസ് അല്ല എന്ന് ആളുകൾ കരുതുമോ എന്ന് സ്ഥാനാർത്ഥികൾ ഭയക്കുന്നു. ഇതൊക്കെ നിൽക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം, പക്ഷെ ആർക്കും ഏകപക്ഷീയമായി നിർത്താനും സാധിക്കുന്നില്ല.
 
ആളുകളും ജാഥയും മൈക്ക് സെറ്റും ഇത്ര വ്യാപകമായിട്ടുള്ള പഴഞ്ചൻ രീതിയിലുള്ള അവസാനത്തെ അസംബ്ലി തിരഞ്ഞെടുപ്പായിരിക്കും ഇത് എന്നാണ് എന്റെ ചിന്തവിശ്വാസം. 2026 ആകുന്പോൾ കേരളത്തിലെ വോട്ടേഴ്‌സിന്റെ ശരാശരി പ്രായം കുറഞ്ഞു വരും, ഭൂരിപക്ഷം ആളുകളും ഓൺലൈൻ ആയി ഉണ്ടാകും, മൊബൈൽ ഡേറ്റാക്ക് വിലയില്ലാതാകും. പ്രചാരണം റോഡിൽ നിന്നും ഓൺലൈൻ ആകും.
 
അപ്പോൾ പണം ഇല്ലെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നൊരു കാലം വരും. പ്രചാരണ രീതികൾ മാറും, മൈതാന പ്രസംഗങ്ങളിൽ നിന്ന് മാറി കാര്യമാത്ര പ്രസക്തമായ ചർച്ചകൾ വരും.
 
അന്ന് ഞാൻ ഒരു കലക്ക് കലക്കും.
 
#സ്വപ്നംകാണുന്നകിനാശ്ശേരി
 
മുരളി തുമ്മാരുകുടി

Leave a Comment