പൊതു വിഭാഗം

ജനാധിപത്യത്തിന്റെ ഭാവി!

ജനാധിപത്യത്തിന്റെ കാര്യത്തിൽ താല്പര്യമുള്ളവർ ശ്രദ്ധിക്കുന്ന കുറച്ചു കാര്യങ്ങൾ ചുറ്റും നടക്കുന്നുണ്ട്.
 
തൊട്ടടുത്ത് കർണ്ണാടകയിൽ ഏറെ നാടകങ്ങൾക്കൊടുവിൽ നിയമസഭയിൽ വിശ്വാസ വോട്ട് കിട്ടാതെ മുഖ്യമന്ത്രി രാജിവെച്ചു. നാടകം മൊത്തമായി ഇപ്പോഴും കഴിഞ്ഞിട്ടില്ല.
 
ദൂരെ ലണ്ടനിൽ ബ്രെക്സിറ്റ്‌ സീരിയൽ പ്രധാനമന്ത്രിയുടെ കസേര തെറിപ്പിച്ചു. പുതിയ പ്രധാനമന്ത്രി ഇന്ന് ചാർജ്ജ് എടുക്കുകയാണ്. ബ്രെക്സിറ്റ്‌ ഇനിയും എങ്ങും എത്തിയിട്ടില്ല.
 
നമ്മുടെ പത്രങ്ങളുടെ കണ്ണുകൾക്കും വളരെ അകലെ സുഡാനിൽ മുപ്പതു വർഷം നീണ്ട ഒരു ഏകാധിപതിയുടെ ഭരണം അവസാനിപ്പിച്ച് അവർ ജനാധിപത്യത്തിലേക്കുള്ള പാതയിലാണ്.
ജനാധിപത്യത്തിന്റെ രൂപഭാവങ്ങളാണ് മൂന്നും. ജനാധിപത്യത്തിൽ നിയമം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രശസ്തമായ ഒരു പ്രയോഗമുണ്ട്. സോസേജുണ്ടാക്കുന്നതും നിയമം ഉണ്ടാക്കുന്നതും നോക്കിനിൽക്കരുത്, മടുപ്പുണ്ടാക്കും എന്ന്. ചില ജനാധിപത്യ പ്രക്രിയകൾ കാണുന്നതും അതുപോലെ തന്നെയാണ്.
 
പൊതുവെ ഈ നൂറ്റാണ്ട് ജനാധിപത്യത്തിന് നല്ല കാലമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനാധിപത്യ രാജ്യങ്ങളുള്ള കാലമാണിപ്പോൾ. പട്ടാള വിപ്ലവങ്ങൾ പൊതുവെ കുറഞ്ഞുവരികയാണ്. ദീർഘനാൾ ഭരണത്തിലിരിക്കുന്ന ഏകാധിപതികളുടെ എണ്ണവും കുറയുന്നു. പാരന്പര്യമായി ഭരണം കിട്ടിയ കുറച്ചുപേർ ഏഷ്യയിലും ആഫ്രിക്കയിലും പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും കാലത്തിന്റെ ഒഴുക്കിൽ അതും മാറും.
ഇനി വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ നല്ലകാലമാണെന്ന് പറയാൻ സാധിക്കില്ല. ഒരു കണക്കിന് ജനാധിപത്യരാജ്യങ്ങളുടെ എണ്ണം കൂടിയെങ്കിലും ഒരു ഭരണസംവിധാനം എന്ന നിലക്ക് ജനാധിപത്യത്തിന്റെ മേന്മ കൂടിവരുന്നില്ല. ഇതിന് പല ഉദാഹരണങ്ങളുമുണ്ട്.
 
1. എല്ലാ ആളുകളും തുല്യർ, വോട്ടിങ്ങ് പ്രായമായ എല്ലാവർക്കും ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന തത്വം, കൂടുതൽ വോട്ടു കിട്ടുന്ന ആൾ അല്ലെങ്കിൽ പാർട്ടി ഭരിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാനം. അമേരിക്കയിൽ ഉൾപ്പെടെ ഈ അടിസ്ഥാന തത്വം ലംഘിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങൾ കാരണം കൂടുതൽ വോട്ടു കിട്ടുന്ന ആൾ തോൽക്കുന്നു, കുറഞ്ഞ വോട്ടുകൾ കിട്ടിയ ആൾ/പാർട്ടികൾ ഭരിക്കുന്നു.
 
2. ജനാധിപത്യ ബോധമില്ലാത്ത ആളുകളേയും പ്രസ്ഥാനങ്ങളേയും അധികാരത്തിൽ എത്തിക്കാനുള്ള ലെജിറ്റിമൈസേഷൻ എക്സർസൈസ് ആയി ജനാധിപത്യം മാറ്റാൻ വ്യക്തികൾക്കും പാർട്ടികൾക്കും സാധിക്കുന്നു. ഭരണത്തിൽ എത്തിയതിന് ശേഷം തീരെ ജനാധിപത്യബോധമില്ലാതെ അവർ പെരുമാറുന്നു.
 
3. ഒരു രാജ്യത്തെ ജനാധിപത്യ പ്രക്രിയ വിദേശത്തിരുന്നു പോലും സമൂഹ മാധ്യമങ്ങളെ മാനിപ്പുലേറ്റ് ചെയ്യുന്നതിലൂടെ ജനഹിതം മാറ്റിമറിക്കാൻ മറ്റുള്ളവർക്ക് പറ്റുന്നു.
 
4. വികസിതമായ ജനാധിപത്യ രാജ്യങ്ങളിൽ പുതിയ തലമുറ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നില്ല. അൻപത് ശതമാനത്തിലും താഴെയാണ് പലപ്പോഴും അവരുടെ പോളിംഗ് ശതമാനം.
 
5. ചില രാജ്യങ്ങളിൽ (ഉദാഹരണം ഇന്ത്യ), അൻപത് ശതമാനം വോട്ടില്ലെങ്കിലും പോൾ ചെയ്തതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആൾ ജയിക്കുന്നു. അപ്പോൾ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ഇല്ലെങ്കിലും ഒരു പാർട്ടിക്ക് അധികാരത്തിലെത്താൻ സാധിക്കുന്നു.
 
6. ജനാധിപത്യ സംവിധാനത്തിൽ നേതൃസ്ഥാനത്തേക്ക് മുൻപ് യാതൊരു ഭരണ പരിചയവുമില്ലാത്തവർ എത്തിപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ആധുനിക ലോകത്തെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നത് പോയിട്ട്, അത് മനസ്സിലാക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല. ഓൺലൈൻ സെക്യൂരിറ്റിയും ക്രിപ്റ്റോ കറൻസിയും കാലാവസ്ഥ വ്യതിയാനവും ചില ഉദാഹരണങ്ങൾ മാത്രം.
 
ഇതെല്ലാം മാത്രമല്ല ജനാധിപത്യത്തിന്റെ പ്രശ്നം.
 
ഭരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം നല്കാൻ ജനാധിപത്യ വ്യവസ്ഥക്ക് പലപ്പോഴും കഴിയുന്നില്ല. മറ്റുള്ള സംവിധാനങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന്റത്ര വേഗതയും നടപ്പിലാക്കുന്നതിന്റെ ശുഷ്കാന്തിയും പല ജനാധിപത്യ സാഹചര്യത്തിലും കാണുന്നില്ല. വേഗത്തിൽ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യങ്ങളിലുള്ളവർക്ക് ജീവിതത്തിൽ പ്രായോഗികമായ പുരോഗതികൾ ഉണ്ടാകുന്നത് (നല്ല ആരോഗ്യം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം) ആളുകൾ ശ്രദ്ധിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ലോകത്ത് അനവധി ഭരണമാതൃകകൾ ഉള്ളതിൽ ഭരിക്കപ്പെടുന്നവർക്ക് ഏറ്റവും ഗുണകരമാണ് ജനാധിപത്യം എന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ജനാധിപത്യ വാദികൾക്ക് പോലും കഴിയാതെ വരുന്നു. ഇതൊക്കെ ജനാധിപത്യത്തെ എവിടെ എത്തിക്കും?
 
ജനാധിപത്യത്തിന് ശോഭനമായ ഭാവി ഉണ്ടാകാതിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. എല്ലാ മനുഷ്യരും തുല്യരാണ് എന്നൊരു ചിന്തയിൽ നിന്നാണ് ഒരാൾക്ക് ഒരു വോട്ട് തുടങ്ങിയ ആശയങ്ങൾ ഉണ്ടായത്. കൃത്രിമ ബുദ്ധിയുടെയും അൽഗോരിതങ്ങളുടെയും വളർച്ച ഈ തുല്യത മാറ്റുകയാണ്. തൊഴിലുകൾ ഇല്ലാതാവുന്നത് ധാരാളം മനുഷ്യരെ സാന്പത്തികമായി അപ്രസക്തരാക്കും.
 
സർക്കാരിൽ നിന്നും ‘തൊഴിൽ വേണ്ടാ’ വേതനം മേടിച്ചു ജീവിക്കുന്നവർ ആകാം പകുതിയിൽ അധികം മനുഷ്യരും. അവർക്ക് തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കുമോ?, ഒരു കാലത്ത് കേരളത്തിൽ പോലും ഭൂസ്വത്ത് ഉള്ളവർക്ക് മാത്രമായിരുന്നു വോട്ടുണ്ടായിരുന്നത്. ലോകത്ത് പലയിടത്തും സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇനിയും അതുപോലെ പണവും പണിയും ഉള്ളവർ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന കാലം വരുമോ?
 
മുരളി തുമ്മാരുകുടി
ജനീവ, ജൂലൈ 24, 2019

Leave a Comment