കഴിഞ്ഞ ഒരു മാസത്തിലേറെയായി ജോസഫ് സാറിന്റെ ‘ചരിത്രം എന്നിലൂടെ’ കാണുന്നു.
പല എപ്പിസോഡുകളും കണ്ണീരോടെ, കുറ്റബോധത്തോടെ മാത്രം കേട്ടിരിക്കാൻ പറ്റുന്ന ഒന്നാണ്.
പക്ഷെ എന്നെ ഏറ്റവും വിഷമിപ്പിച്ചത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പറ്റാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ പുത്രനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിച്ചതിന്റെ നേർ ചിത്രമാണ്
കഴുത്തിൽ തൂക്കിയെടുത്ത് നിലത്തുനിന്നുയർത്തി ശ്വാസം മുട്ടി പിടയുന്പോൾ താഴെ ഇടുക, നഗ്നനാക്കി കാൽമുട്ടുകൾക്കിടയിൽ കുരുക്കിയിട്ട് മർദ്ദിക്കുക… ഇത്തരത്തിൽ ഉള്ള പീഡന മുറകൾ, ഒരു കുറ്റവും ചെയ്യാത്ത ഒരു കുട്ടിയോടാണെന്നോർക്കണം.
പീഡിപ്പിക്കപ്പെടുന്ന ആൾ ഒരു കുറ്റവും ചെയ്യാത്ത ആളാണെന്ന് ഇത്തരം അക്രമങ്ങൾ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പൂർണ്ണ അറിവും ബോധ്യവുമുള്ള സാഹചര്യമാണെന്ന് ഓർക്കണം.
പോലീസ് മൂന്നാം മുറയൊക്കെ ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇത് കേട്ട് ഞാൻ ഒന്ന് നടുങ്ങി.
ഇത്തരത്തിൽ തികച്ചും നിരപരാധികളോട് പെരുമാറാൻ സാധിക്കുന്നത് ഒരു പക്ഷെ മനുഷ്യർക്ക് മാത്രമാകും. മൃഗങ്ങൾ ഒന്നും ഇങ്ങനെ ചെയ്ത് കണ്ടിട്ടില്ല.
ഇത്തരം പീഡന മുറകൾ ഇപ്പോഴും പോലീസ് പരിശീലനത്തിന്റെ ഭാഗമാണോ?
ഇത്തരം പീഡനങ്ങൾ നടത്തിയവർ ഇപ്പോഴും സർവ്വീസിൽ തുടരുന്നുണ്ടെങ്കിൽ മറ്റുള്ള എത്ര ആളുകളെ അവർ പീഡിപ്പിച്ചിട്ടുണ്ടാകും?
മൂന്നാം മുറയില്ലാത്ത ഒരു പോലീസ് സംവിധാനം എന്റെ ജീവിതകാലത്ത് കേരളത്തിൽ ഉണ്ടാകുമോ?
മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ പോലീസ് സ്റ്റേഷനിൽ മാത്രമല്ല. അദ്ദേഹം പറയുന്ന ജയിലിലെ അനുഭവങ്ങളും കേട്ടിരിക്കേണ്ടതാണ്.
രാത്രി വൈകി ജയിലിൽ എത്തിക്കുന്പോൾ ധരിക്കാനുള്ള വസ്ത്രം അടങ്ങിയ ബാഗ് കൈമാറാതിരിക്കുന്നതിൽ ആനന്ദം കാണുന്ന വാർഡൻ. പ്രൊഫസറെ നടയടി കൊടുത്ത് സ്വീകരിക്കണം എന്ന് നിർദ്ദേശിക്കുന്ന മേസ്തിരി. കിടക്കാൻ പായയോ, ഭക്ഷണം കഴിക്കാൻ പാത്രമോ നൽകാതിരുന്ന വാർഡന്മാർ.
ഇതൊക്കെ കഴിഞ്ഞു ജാമ്യം കിട്ടി പോകുന്പോൾ (ചെയ്യാതിരുന്ന) സഹായങ്ങൾക്ക് പ്രതിഫലമായി രണ്ടു ഫുൾ ചോദിക്കുന്ന വാർഡൻ!
തിന്മയുടെ കൂടാരമായ ഈ സാഹചര്യത്തിലും മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് നമുക്ക് വിശ്വാസം നൽകുന്നത് അവിടുത്തെ കള്ളന്മാരും തട്ടിപ്പുകാരും ഒക്കെയായ സഹ തടവുകാരുടെ പെരുമാറ്റമാണ്.
ഇത്തരം സാഹചര്യത്തിലും നിർദ്ദേശം ഉണ്ടായിട്ടും നടയടി കൊടുക്കാതെ, പ്രൊഫസറെ സെല്ലിൽ സ്വീകരിച്ച്, മാറാൻ വസ്ത്രം നൽകി, ഭക്ഷണം പകുത്തു നൽകി, കിടക്കാൻ പായ പങ്കിട്ടു നൽകുന്ന സഹ തടവുകാർ.
സാറിന്റെ അനുഭവങ്ങൾ കേട്ടിരിക്കുക വലിയ ബുദ്ധിമുട്ടാണ്. പക്ഷെ കേട്ടിരിക്കേണ്ടതാണ്.
ജീവിതം മാറ്റിമറിച്ച ദുഃഖാനുഭവങ്ങൾക്കിപ്പുറവും കൃത്യമായി പലപ്പോഴും അല്പം ഹാസ്യം കലർത്തി ചരിത്രം പറഞ്ഞ സാറിന് നന്ദി!
മുരളി തുമ്മാരുകുടി
Leave a Comment